തിരുവനന്തപുരത്തെ തിരക്കേറിയ എംസി റോഡിൽവെച്ച് യാത്രക്കാരിക്ക് പ്രസവവേദന തുടങ്ങിയെന്ന വിവരം ലഭിച്ചപ്പോൾ കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്കു പോയ കെഎസ് ആർ ടിസി ബസ്സിലെ ഡ്രൈവർ ഗിരീഷ് പിന്നെ ഒന്നും ആലോചിച്ചില്ല 100–110 ൽ വണ്ടി ചവിട്ടിവിട്ടു. ഒപ്പം കണ്ടക്ടർ സാജന്റെ പിന്തുണയും കൂടിയായപ്പോൾ 12 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്ക് ഗർഭിണിയെ എത്തിച്ചു.
വെഞ്ഞാറാമൂട്- കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംക്ഷനില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന കലശലായത്. ഒന്നും ചിന്തിച്ചില്ല, യാത്രക്കാരുടെ പിന്തുണയോടെ കെഎസ്ആര്‍ടിസി ബസ് നേരെ ആശുപത്രിയിലേക്ക് പാഞ്ഞു. പൊലീസിനെയും വിവരമറിയിച്ചു. കേശവദാസപുരത്ത് കാത്തുനിന്ന പോലീസ് തുടര്‍ന്നുള്ള യാത്രയ്ക്ക് വഴിയൊരുക്കി. ഗതാഗതക്കുരുക്കുപോലും മറികടന്ന് 12 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയില്‍ മിനിറ്റുകള്‍ക്കുള്ളിൽ ഗര്‍ഭിണിയെ എത്തിച്ചു.
‘കെഎസ്ആർടിസി ബസ് ഡ്രൈവറായി ജോലി നോക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വളവും തിരിവും താണ്ടി ആന വണ്ടിയെ ‘മേയ്ച്ചു നടന്ന’ അനുഭവ പരിചയം ആവോളമുണ്ട്. ഏതു പാതിരാത്രിയിലും എത്രവലിയ ഹൈറേഞ്ചിലും വണ്ടിയോടിച്ചിട്ടുണ്ട്. യാത്രക്കാരുടെ ജീവൻ നമ്മുടെ വളയത്തിലാണെന്ന ഉത്തമ ബോധ്യവുമുണ്ട്’. എന്നാലും ഇത്തരമൊരു യാത്ര സ്വപ്നം പോലും കണ്ടിട്ടില്ല. അപകട ഘട്ടം തരണം ചെയ്ത് ഗർഭിണിയെ അതിവേഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് ഒരു നിയോഗമാണ്. ദൈവത്തിന്റെ തുണ.–ഗീരിഷിന്റെ വിനയം നിറഞ്ഞ വാക്കുകൾ.
ട്രാഫിക്ക് സിനിമയിലെ കോൺസ്റ്റബിൾ സുദേവനെപ്പോലെ ഒറ്റദിവസം കൊണ്ട് ഹീറോയായതിന്റെ പെരുമയൊന്നും ഗിരീഷിനില്ല. മറിച്ച് ഒരു ജീവൻ രക്ഷിക്കാൻ തങ്ങൾ നിമിത്തമായി എന്ന ചാരിതാർത്ഥ്യം മാത്രം. ‘മുന്നിൽ പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നു. ആംബുലൻസും സൂപ്പർഫാസ്റ്റുകളും ചീറിപ്പായുന്ന മെഡിക്കൽ കോളേജ് റോഡിൽ ആനവണ്ടിയെ ആംബുലൻസാക്കി മാറ്റുന്നതിന്റെ റിസ്ക്കും വളരെ വലുതാണെന്നറിയാം. പക്ഷേ എന്തോ ദൈവം എന്നെക്കൊണ്ട് അത് ചെയ്യിച്ചു.’– ‘വനിത ഓൺലൈനി’ൽ നിന്നു വിളിക്കുമ്പോൾ ചടയമംഗലം–തൃശ്ശൂർ ട്രിപ്പ് കഴിഞ്ഞുള്ള ഇടവേളയിലാണ് കക്ഷി. ഒറ്റദിവസം കൊണ്ട് ചടയമംഗലത്തിന്റെ മാത്രമല്ല കേരളക്കരയുടെ മൊത്തം ഹീറോയായ കഥ ഗിരീഷ് ആ കഥ പങ്കുവയ്ക്കുകയാണ്, വനിത ഓൺലൈൻ വായനക്കാർക്കായി.
സമയം മാറ്റിയെഴുതിയ ആ ട്രിപ്പ്
‘എ.ടി.ഇ 174 എസ്.എഫ് ഫാസ്റ്റ് പാസഞ്ചർ, കൊല്ലം ചടയമംഗലം ഡിപ്പോയിലെ ഞാൻ സ്ഥിരം ഓടുന്ന വണ്ടി. ആയൂർ നിന്നും തിരുവനന്തപുരത്തേക്കാണ് ഫസ്റ്റ് ട്രിപ്പ്. സമയം രാവിലെ 8.30. ഓഫീസ് സമയം ആയയു കൊണ്ടു തന്നെയാണ് സാമാന്യം നല്ല യാത്രക്കാരുണ്ടാകും വണ്ടിയിൽ. സെക്രട്ടേറിയേറ്റ് ജീവനക്കാർ ഉൾപ്പെടെ പലരും സ്ഥിരം യാത്രക്കാർ. അവരെ 9.45നു മുമ്പ് തിരുവനന്തപുരത്തെത്തിക്കുക എന്നതാണ് ശ്രമകരമായ ജോലി. ബ്ലോക്കു നിറഞ്ഞ എം.സി റോഡിൽ ബെല്ലും ബ്രേക്കുമില്ലാതെ പോകാനൊന്നും എന്നെ കിട്ടില്ല. പക്ഷേ ടൈമിംഗിന്റെ ‘ബലം ഒന്നു കൊണ്ടു മാത്രം നമ്മൾ ഷാർപ്പ് ടൈമാണ്. കുതിരവട്ടം പപ്പുച്ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ‘കടുകുമണി വ്യത്യാസത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ പോകില്ല’–ഗിരീഷ് ചിരിക്കുന്നു. ഇനി അഥവാ അൽപമെങ്കിലും നമ്മൾ വൈകുന്നുവെന്നു കണ്ടാൽ പിന്നിൽ നിന്നും കമന്റെത്തും, ‘ഗിരീഷേട്ടാ ഉരുട്ടല്ലേ’.... ‘വെമ്പായത്തു നിന്നൊരു യൂ ടേൺ’
എന്റെ ഓർമ്മ ശരിയാണെങ്കിൽ വെമ്പായത്തും നിന്നാണ് ആ യുവതിയും ഭർത്താവും കയറിയത്. തിരക്ക് നിറഞ്ഞ ബസിൽ ഒരു സീറ്റുപോലുമില്ല. ഗർഭണിയായ അവരെ കണ്ട മാത്രയിലാകണം പിന്നില്‍ നിന്നും കണ്ടക്ടർ സാജന്റെ ഉത്തരവ്– ‘ആരെങ്കിലും ഒരു സീറ്റ് വിട്ടു കൊടുക്കണം...’യുവതിയുടെ ഭർത്താവ് അവരെ സീറ്റിലിരുത്തി.
യാത്ര തുടരുകയാണ്, ബസ് വട്ടപ്പാറ സ്റ്റോപ്പിൽ നിർത്തി ആളെടുത്ത ശേഷം മുന്നോട്ടു പോകുകയാണ്, പൊടുന്നനെയാണ് ബസിന്റെ പുറകിൽ നിന്നും അടക്കിപ്പിടിച്ച ഒരു കരച്ചിൽ ഉയർന്നു. കാരണം തിരക്കിയപ്പോൾ അന്തിച്ചു പോയി, ഈ കരയുന്ന യുവതി എട്ടുമാസം ഗർഭിണിയാണത്രേ. ചെക്കപ്പിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് പോകുകയാണ്. ഉറക്കെയുള്ള അവരുടെ കരച്ചിൽ ഒന്നു കൂടി ബസിനെ നിശബ്ദമാക്കിയപ്പോൾ വൃദ്ധയായ ഒരു സ്ത്രീ വിളിച്ചു പറയുന്നത് ഞാൻ കേട്ടു. ‘ഇത് പ്രസവ വേദനയാണ് എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.’–സന്തോഷ് പറഞ്ഞു നിർത്തി.