രാധാമണിയുടെ കൈവളക്കിലുക്കമാണ് ആകാശവാണിയിൽ ആദ്യം മുഴങ്ങിയത്

T P Radhamani AIR artiste - 10 09 2017 - Thiruvananthapuram - Photo @ Rinkuraj Mattancheriyil

രുവനന്തപുരം∙ ആകാശവാണിയിലൂടെ മലയാളിശ്രോതാക്കളുടെ പ്രിയപ്പെട്ട കലാകാരി ടി.പി രാധാമണി ഓർമ്മയാകുമ്പോൾ ആരാധകരുടെ മനസ്സിൽ ഇന്നും മുഴങ്ങുന്നുണ്ട് റേഡിയോ നാടകങ്ങളിലൂടെ പ്രിയശബ്ദം. റേഡിയോ പ്രോഗ്രാമുകളുടെ അവതാരക, അഭിനേത്രി, ഗായിക,ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയായിരുന്നു ടി.പി രാധാമണിക്ക്. 1950 ൽ 43 വർഷം ആകാശവാണിയുടെ ശബ്ദസാന്നിധ്യമായി രാധാമണിയുണ്ടായിരുന്നു. 1993ലായിരുന്നു വിരമിച്ചത്.

2017 ഒക്ടോബറിൽ ഭാഷോപോഷിണി ടി.പി രാധാമണിയെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം

ഈ ശബ്ദം കേട്ടാൽ നിങ്ങൾ ആളിനെ അറിയും. ഈ ശബ്ദത്തിന്റെ ഉടമയെ അന്വേഷിച്ച് ഒരുപാട് ആരാധകർ തിരുവനന്തപുരം ആകാശവാണിയിൽ എത്തിയിട്ടുണ്ട്. അറുപതുകൊല്ലം ശബ്ദംകൊണ്ടുമാത്രം നമ്മുടെ ഇടയിൽ ജീവിച്ചുപോന്ന ടി.പി. രാധാമണിയാണത്. 1950 ൽ ഗാനഭൂഷണം പാസായി ആകാശവാണിയിൽ കരാർ ജീവനക്കാരിയായി തുടങ്ങി 1993 ൽ വിരമിക്കുമ്പോഴേക്കും അഭിനയപാടവമുള്ള ആ സ്ഫുടശബ്ദം മലയാളികൾക്കു പ്രിയങ്കരമായിക്കഴിഞ്ഞിരുന്നു. 

രാധാമണിയുടെ കൈവളക്കിലുക്കമാണ് ആകാശവാണിയിൽ ആദ്യം മുഴങ്ങിയത്. ഒരു നാടകത്തിൽ സ്ത്രീയുടെ ചലനങ്ങൾ ധ്വനിപ്പിക്കാൻവേണ്ടി കലാകാരിതന്നെ പശ്ചാത്തല ശബ്ദവുമാകുന്നു. എൻ. കൃഷ്ണപിള്ളയുടെ ഒരു നാടകത്തിൽ ക്രൂരയായ അമ്മായിയമ്മയായി അഭിനയിച്ചുകൊണ്ടാണു നാടകത്തിൽ സജീവമാകുന്നത്. ആ നാടകത്തിൽതന്നെ മകന്റെ ഭാഗം അഭിനയിച്ച പി. ഗംഗാധരൻ നായർ പിന്നീടു രാധാമണിയുടെ ജീവിതസഖാവായി. 

തിരുവനന്തപുരം നിലയത്തിലെ ഏറ്റവും ശ്രദ്ധേയമായ ശബ്ദത്തിന്റെ ഉടമയ്ക്ക് ഇപ്പോൾ എൺപത്തിനാലു വയസ്സു കഴിഞ്ഞു. ശബ്ദത്തിന്റെ സ്ഫുടതയ്ക്ക് ഇപ്പോഴും മാറ്റമില്ല. ആകാശവാണിയുടെ പ്രതാപകാലം ഇപ്പോഴും രാധാമണിയുടെ ഓർമകളിലുണ്ട്. ആ ഓർമകൾ രേഖപ്പെടുത്തുന്നത് ടി.പി. രാധാമണിയുടെ മകനും മലയാള ടെലിവിഷനിലെ ആദ്യത്തെ വാർത്താ വായനക്കാരനും  ചലച്ചിത്രസംവിധായകനുമായ ജി. ആർ. കണ്ണനാണ്. 

സ്വാതി തിരുനാൾ സംഗീത അക്കാദമിയിലാണല്ലോ പഠിച്ചത്? ആ പഠനകാലം ഓർമയുണ്ടോ? 

‘ഗാനഭൂഷണം’ പഠിക്കാനാണ് ഞാൻ അവിടെ ചെന്നത്. അന്നു കുട്ടികൾക്ക് അധ്യാപകരെ വലിയ ബഹുമാനമായിരുന്നു. കുട്ടികൾ തമ്മിലും നല്ല അടുപ്പം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയാണോ എന്നറിയില്ല. അന്ന് അധ്യാപകർ ക്ലാസിൽ വന്നാൽ ആരും ഇരിക്കില്ല. നിലത്തു പായിട്ട് അതിൽ ജമുക്കാളം വിരിച്ചിട്ടാണ് എല്ലാ കുട്ടികളും ഇരിക്കുന്നത്. ഞങ്ങൾക്ക് ഇരിക്കാനും എഴുന്നേൽക്കാനുമേ സമയമുണ്ടായിരുന്നുള്ളൂ. അവരും അങ്ങനെയൊരു സ്വഭാവത്തിലാണ് ഞങ്ങളോടു പെരുമാറിയിരുന്നതും. അന്ന് അവിടെയുണ്ടായിരുന്ന പ്രിൻസിപ്പലിന്റെ പേര് ഞാൻ മറന്നു. അദ്ദേഹം ഞങ്ങൾ ചെന്ന വർഷം മരിച്ചു. പിന്നീടു പ്രിൻസിപ്പൽ ശെമ്മാങ്കുടിയായിരുന്നു. 

ഞാൻ ചെന്ന വർഷം അവിടെ വലിയ ഒരു പരിപാടി നടന്നു. വിശാലമായ ഹാൾ തയാറാക്കിയിട്ടുണ്ട്. ശെമ്മാങ്കുടി പാടുകയാണ്. അതു കാണാനായി ഞാൻ വരാന്തയിൽ നിൽപുണ്ട്. പെട്ടെന്നു കറന്റ് പോയി. ഓരോരുത്തരായി എഴുന്നേറ്റുപോകാൻ തുടങ്ങി. പലരെയും വിളിക്കുന്നു. കാർനമ്പർ വിളിച്ചു പറയുന്നു. ഇറങ്ങിപ്പോയ കൂട്ടത്തിൽ അമ്മമഹാറാണിയുമൊക്കെയുണ്ട്. ചിലർ കസേരയുടെ മുകളിൽക്കൂടി എടുത്തുചാടുന്നു, ഓടുന്നു. മൊത്തത്തിൽ പരിപാടി അലങ്കോലപ്പെട്ടു. 

സി.പി. രാമസ്വാമി അയ്യർ പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞ് ഒടുവിലാണ് അദ്ദേഹം ഇറങ്ങിയത്. ഇരുന്ന സീറ്റിൽനിന്ന് എഴുന്നേറ്റ് ഗേറ്റിന്റെ അടുത്തേക്കു പോകാനായി പോർട്ടിക്കോയിലെത്തിയതും ലൈറ്റ് പോയി. എല്ലാം പ്ലാൻഡ് ആയിരുന്നു. എന്തോ സം ഭവിക്കാൻ പോകുന്നു എന്ന് എല്ലാവർക്കും മനസ്സിലായി. ഞാനൊരു വിഡ്ഢി. കച്ചേരി ഇനിയും ഉണ്ടാകും എന്നു കരുതി വരാന്തയിൽ നോക്കിനിന്നു. ശെമ്മാങ്കുടിയുടെ കച്ചേരിയൊക്കെ ആസ്വദിക്കാൻ അവസരം കിട്ടുന്നത് അപൂർവമായാണ്. വലിയ വലിയ ആളുകളൊക്കെ ഇറങ്ങിപ്പോകുന്നു. 

അപ്പോഴൊന്നും എനിക്ക് എന്തെന്നും ഏതെന്നും മനസ്സിലായില്ല. സംഗീത കോളജിന്റെ പിറകിലാണ് അരിസ്റ്റോ ജംക്‌ഷൻ. അരിസ്റ്റോയുടെ അടുത്ത് റോഡിലേക്കിറങ്ങാൻ ഒരു ചെറിയ വാതിലുണ്ട്. ആ വഴി ഞാൻ പുറത്തിറങ്ങി (ആളുകൾ അപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്നുണ്ട്). പിന്നെ എങ്ങോട്ടു പോകണമെന്നറിയില്ല. ദൈവാധീനംപോലെ എന്റെ അച്ഛൻ എന്നെ വിളിക്കാൻ വരുന്നുണ്ടായിരുന്നു. അച്ഛനെ കണ്ടതു സമാധാനമായി. ആ ചടങ്ങിൽ വച്ചാണ് രാമസ്വാമി അയ്യർക്കു വെട്ടുകൊണ്ടത്. സിപിയെ വെട്ടിയ മണി ഇവിടടുത്ത് ഒരു വീട്ടിലെ സന്ദർശകനായിരുന്നു. നമുക്ക് ആളെ അറിയില്ലായിരുന്നു. ഒരിക്കൽ മണിതന്നെ അതു വെളിപ്പെടുത്തി. അവസാനകാലം വലിയ കഷ്ടമായിരുന്നു. സ്വാതിതിരുനാൾ സംഗീത അക്കാദമിയുടെ എതിർവശത്താണ് കെ.സി.എസ്. മണിയുടെ സ്മാരകം. ഒരു കല്ലു മാത്രം. ചെറിയൊരു ലോൺ. അവിടൊരു സ്തൂപം. അതിലൊരു കല്ല്. പഠനം കഴിഞ്ഞ് സിപി താമസിച്ചിരുന്ന ഭക്തവിലാസത്തിലാണ് –ആകാശവാണി–ഞാൻ കൂടുതൽ കാലം ചെലവഴിച്ചത്. 

ആകാശവാണിയിൽ എത്തിപ്പെട്ടതെങ്ങനെയാണ്? 

മണക്കാട്ടാണു ഞാൻ താമസിച്ചിരുന്നത്. നടന്നാണ് അക്കാദമിയിൽ പോകുന്നത്. ഒരു ദിവസം നടന്നുപോകുമ്പോൾ കലാനിലയം കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ ട്രൂപ്പ് അംഗങ്ങളും എവിടെയോ പോകാൻ വണ്ടി കാത്തുനിൽക്കുകയാണ്. എന്റെ അച്ഛൻ കുറച്ചുനാൾ കലാനിലയത്തിൽ മാനേജരായിരുന്നു. എന്നെ കണ്ടിട്ടുണ്ട്. രാധയല്ലേ പോകുന്നത് എന്നു ചോദിച്ചുകൊണ്ട് എന്റെ പിറകേ വന്നു. എനിക്കവിടെ റോഡിൽ നിൽക്കാൻ പേടി. അക്കാദമിയിൽ അവസാന വർഷം പഠിക്കുകയാണെന്നു പറ‍ഞ്ഞപ്പോൾ അവിടെ വന്നു കണ്ടോളാം എന്നു പറഞ്ഞു. എനിക്കാകെ പേടിയായി. വന്നു കണ്ടോളാം എന്നു നിശ്ചയമായിട്ടു പറയുകയും ചെയ്യുന്നു. ഒരു പീരിയഡ് കഴിഞ്ഞപ്പോൾ ഒരു വിസിറ്ററുണ്ട് എന്നു പറഞ്ഞ് ഞാൻ വെളിയിൽ ചെന്നു. ചെന്നപ്പോൾ കൃഷ്ണൻ നായരാണ്. റേഡിയോയിൽ കൊച്ചുകൊച്ചു പരിപാടികളുണ്ട്. ചോദ്യോത്തരം, മഹിളാലയം അങ്ങനെ. സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാനാണു ക്ഷണം. അവരെന്തെങ്കിലും ചോദിക്കും. ഉത്തരം പറയണം. ഏതെങ്കിലും ഒരു വിഷയം വിവരിച്ചു പറയണം. അത്രേയുള്ളൂ. 

‘അയ്യോ, ഞാനെന്താ ചെയ്ക?’

 

‘നീയവിടെ വീട്ടിൽ വാ.’

 

‘വരൂല്ല.’ ഞാൻ പറഞ്ഞു. 

 

‘എന്റെ ഭാര്യയുണ്ടവിടെ, മക്കളുണ്ട്. പേടിക്കുകയൊന്നും വേണ്ട. പാങ്ങോടു മിലിട്ടറി ക്യാംപിന്റെ അടുത്താണ് എന്റെ വീട്.’

 

ഞാൻ പോയില്ല. പിറ്റേന്ന് അദ്ദേഹം വീട്ടിൽ വന്നു.

അച്ഛനോടു പരാതി പറഞ്ഞു. റേഡിയോ എന്നു കേട്ടപ്പോൾ അച്ഛനും താൽപര്യം. സ്ക്രിപ്റ്റ് എഴുതുന്നത് തിരുനൈനാർകുറിച്ചി മാധവൻ നായരാണ്. റിഹേഴ്സൽ അദ്ദേഹവും ഇരുന്നു കേൾക്കും. റിഹേഴ്സൽ കഴിഞ്ഞ് അടുത്ത ദിവസം റേഡിയോ നിലയത്തിൽ പോണം. അന്നാണ് ബ്രോഡ്കാസ്റ്റിങ്. ഒരു അഡ്വക്കറ്റ് ആയിരുന്നു പ്രോഗ്രാം കണ്ടക്ട് ചെയ്തത്. അവരു തുടങ്ങിവയ്ക്കും. ബാക്കി ഞങ്ങൾ കൈകാര്യം ചെയ്യും. തയ്യലിനെക്കുറിച്ചാണു പറയുന്നതെങ്കിൽ ആരു തയ്ച്ചു, എങ്ങനെ കണ്ടു, എന്തു നൂലാണ് എന്നൊക്കെ ഇടപെടും. 

നാടകത്തിലേക്കെത്തിയതെങ്ങനെ? 

ചർച്ച ചെയ്യാൻ വന്നവരിൽ ഒരാൾ കഥകളിപ്പദം പാടുമായിരുന്നു. അവരുടെ നിർബന്ധത്തിൽ അതിൽ പങ്കാളിയായി. അങ്ങനെ ഓരോരോ ഐറ്റങ്ങളിൽ പങ്കെ ടുക്കുമായിരുന്നു. എനിക്കു നാടകം വലിയ ഇഷ്ടമാണ്. ഒരിക്കൽ മറ്റൊരു വീട്ടിലെ സ്പീക്കറിൽനിന്ന് ഒരു റേഡിയോ നാടകം കേട്ടു. ഒരാളെ കൊന്നിട്ട് ഒരു സ്ത്രീ അട്ടഹസിച്ചു ചിരിക്കുന്നു. ഞാനതു കാതുകൊടുത്തു കേട്ടു. ഇത്രയും ഒച്ചയിൽ ചിരിക്കാൻ പറ്റുമോ? കേട്ടപ്പോൾ കൊള്ളാം. പട്ടം സരസ്വതിയമ്മയായിരുന്നു അത്. ഇതെങ്ങനെ സാധിക്കുന്നു എന്ന് അച്ഛനോടു ചോദിച്ചു. കഥാപാത്രമായി മാറുമ്പോൾ അതു സാധിക്കും എന്ന് അച്ഛൻ പറഞ്ഞു. 

പി.കെ. വിക്രമൻ നായർ

പി.കെ. വിക്രമൻ നായർ വലിയ നാടകനടനാണ്. അദ്ദേഹം കൂടെ അഭിനയിക്കുന്നു എന്നു പറഞ്ഞാൽത്തന്നെ വലിയ അന്തസ്സാണ്. അവർ ഒരു ചെറിയ നാടകം റേഡിയോയിൽ അവതരിപ്പിക്കുന്നു. ഞാൻ കേട്ടോണ്ടു നിൽക്കുകയാണ്. ഒരു നഴ്സ്, ഒരു പേഷ്യന്റ്, ഒരു ഡോക്ടർ. ഡോക്ടർക്കും നഴ്സിനും അറിഞ്ഞുകൂടാ അവരെ വെള്ളത്തിൽനിന്നു രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണെന്ന്. അതു സ്ത്രീയാണ്. റേഡിയോയിൽ അതു സ്ത്രീയാണെന്നു കാണിച്ചു കൊടുക്കാൻ പറ്റില്ലല്ലോ. പറയാനും പറ്റില്ല. സ്ത്രീയാണെന്നതിനുള്ള തെളിവുകൾ കാണിച്ചുകൊടുക്കണം. 

എന്റെ കൈ നിറയെ വളകൾ ഉണ്ടായിരുന്നു. ഈ സ്ത്രീ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു എന്ന ധാരണയിൽ ഡോക്ടർ ചോദിക്കും. 

‘നഴ്സ് ആരാണ് ഈ സ്ത്രീ?’

‘അറിഞ്ഞുകൂടാ സാർ’, എന്നു നഴ്സ്. അത്രേയുള്ളൂ നഴ്സിന്റെ ക്യാരക്ടർ.  രണ്ടു പ്രാവശ്യമോ മൂന്നു പ്രാവശ്യമോ ചോദിക്കും. ഡോക്ടർ ഓരോന്നു ചെയ്തുകൊണ്ടിരിക്കുമ്പോൾ. അപ്പോഴൊക്കെ അറിഞ്ഞുകൂടാ സാർ എന്നു പറയും. അങ്ങനെ ഒരു നാടകം. നാടകത്തിൽ കൊച്ചുകൊച്ചു റോളുകൾ പറഞ്ഞുകൊ ണ്ടിരുന്ന ഒരു സ്ത്രീയാണ് ഇതും പറയുന്നത്. കേട്ടുകൊണ്ടിരിക്കുമ്പോൾ ‘േഹ... അതു ശരിയാകുന്നില്ല’ എന്ന് എന്റെ മനസ്സിൽ തോന്നി. പക്ഷേ, എനിക്കു വെളിയിൽ പറയാനുള്ള അധികാരം ഇല്ലല്ലോ. അങ്ങനെയിരുന്നപ്പോൾ  ഈ നാടകം റിപ്പീറ്റ് ചെയ്തു. 

സ്റ്റേജിലാണെങ്കിലും വിക്രമൻ നായർ ഉണ്ടെന്നറിഞ്ഞാൽ വലിയൊരു ഓഡിയൻസ് ഉണ്ടാകും. അവർ റിപ്പീറ്റിനു റേഡിയോയിൽ വന്നപ്പോൾ പണ്ടു നഴ്സിന്റെ ക്യാരക്ടർ ചെയ്ത സ്ത്രീ അവധിയിൽ പോകുകയോ മറ്റോ ചെയ്തു. അപ്പോൾ അവിടാരോ പറഞ്ഞു, ‘ദേണ്ടേ, രാധാമണി നിൽക്കുന്നു. രാധാമണിയെക്കൊണ്ടു പറയിപ്പിക്കാം.’ ഇതെങ്ങാണ്ട് ഒരുപാടു പഠിച്ചു പറയേണ്ട സബ്ജക്റ്റാണെന്നാണ് എല്ലാവരുടെയും ധാരണ. എന്നോടു ചോദിച്ചു പറയാമോ എന്ന്. ഞാൻ പറയാം എന്നു സമ്മതിച്ചു. അന്ന് ഞാൻ സ്റ്റുഡിയോയ്ക്കകത്തു പോകാൻ കാരണം വളകിലുക്കാനാണ്. കാരണം, കിടക്കുന്ന സ്ത്രീ ബോധമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു, അതൊരു സ്ത്രീയാണ് എന്നറിയിക്കാനാണ് വള. ഡോക്ടർ നഴ്സിനോട് ആരാ ണീ സ്ത്രീ എന്നു ചോദിക്കുന്നതിന്റെ മുൻപേ മൈക്കിന്റെ മുന്നിൽ പോയിനിന്നു വള കിലുക്കണം. കിലുക്കുമ്പോൾ അറിയും ആ സ്ത്രീ അങ്ങോട്ടോ ഇങ്ങോട്ടോ ചെരിയുന്നു അല്ലെങ്കിൽ നിവരുന്നു. എല്ലാം ശബ്ദത്തിൽക്കൂടെ വേണമല്ലോ അറിയിക്കാൻ. അങ്ങനെ ചെയ്തു കഴിഞ്ഞപ്പോഴാണ് രണ്ടാമതും അവർ ഓർമിച്ചത്, ഇനിമുതൽ രാധാമണിയെ വിളിച്ചാൽ മതി. 

കയ്യിൽ ധാരാളം വളകൾ കിടപ്പുണ്ട്. ഞാൻ പോയി. ചെന്നപ്പോൾ നഴ്സിന്റെ ഡയലോഗും പറയണം. മൈക്കിന്റെ മുൻപിൽ എന്നെക്കൊണ്ടു നിർത്തിയാൽ എനിക്കറിഞ്ഞുകൂടാ സാർ എന്നു ഞാൻ പറയും. അതിനകത്ത് ഒരു വിഷമമൊക്കെ വേണം. അങ്ങനെയാണ് നാടകം എന്നു പറയുന്ന രീതിയിൽ ആദ്യം എന്റെ ശബ്ദം പോയത്. നാടകം അറിയാവുന്ന ചിലർക്കൊക്കെ അത് ഇഷ്ടപ്പെട്ടു. ഒരു വാക്കല്ലേ പറയാനുള്ളൂ. എനിക്കു വലിയ ക്രെഡിറ്റുമായി. അങ്ങനെയിരുന്നപ്പോൾ നാടകവാരം വന്നു. കോഴിക്കോട്ടും സ്റ്റേഷൻ തുടങ്ങി. കോഴിക്കോട്ടും തിരുവനന്തപുരത്തും നാടകവാരം തുടങ്ങി. അവിടെ ഒരു നാടകം, ഇവിടെ ഒരു നാടകം എന്നാണെന്നു തോന്നുന്നു. ഓരോരുത്തർക്കും ഓരോ നാടകം വീതിച്ചു നൽകി. എഴുതാനും അഭിനയിക്കാനും. പ്രോഗ്രാം എക്സിക്യൂട്ടീവ് റഷീദ് എന്ന ആളുടെ നാടകം ബ്രോഡ്കാസ്റ്റ് ചെയ്യണം. തമിഴാണത്. 

അദ്ദേഹം പറഞ്ഞു, ‘അന്ത രാധാമണിയെ കൂപ്പിടലാമെ.’

 

എനിക്കാണെങ്കിൽ തുള്ളലും വിറയലും. റേഡിയോയിൽ അഭിനയിക്കാൻ പോവുകയല്ലേ. 

 

‘അയ്യോ സാർ ഞാൻ...’

‘ഒന്നൂലാ, നന്നാവും. രാധാമണി അഭിനയിക്കണം’ എന്നു പറഞ്ഞു. അങ്ങേരുടെ നാടകമല്ലേ. അയാൾ തമിഴനാണ്. ജാനമ്മ ഡേവിഡിന്റെ സഹോദരിയോ മറ്റോ ആണ് തൃശ്ശിനാപ്പള്ളിയിൽ ഈ റോളെടുത്തത്. എപ്പോഴും അവരുടെ പേര് സ്തുതിക്കും. അവരിങ്ങനെ ചെയ്തു, അവരങ്ങനെ ചെയ്തു എന്നൊക്കെ. ആ നാടകം എന്നെക്കൊണ്ട് അഭിനയിപ്പിച്ചു. ഒരുപാടു കത്തുകൾ വന്നു. അഭിനയസാധ്യതയുള്ള റോളായിരുന്നു. 

സത്യൻ, മിസ് കുമാരി 

സത്യൻമാഷുമായുള്ള അഭിനയ വിശേഷങ്ങൾ? 

സിനിമയിൽ വരുന്നതിനു മുൻപാണ് നാടകത്തിൽ വരുന്നത്. അന്നു സത്യൻ ഇൻസ്പെക്ടറാണ്. ആ വേഷത്തിൽ വന്ന് എന്നെ വഴക്കൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ മണക്കാട്ടുനിന്നു ബസിൽ ആകാശവാണിയിൽ എത്തണ്ടേ. കുറച്ചു ദൂരമുണ്ട്. അപ്പോൾ താമസിക്കും. ഇങ്ങേര് വളരെ കറക്ടാണ്. കൃത്യസമയത്തു വന്നിട്ട് വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഞാൻ ഇദ്ദേഹത്തെ കാണാതെ പതുങ്ങിപ്പതുങ്ങി അകത്തു കയറാൻ ശ്രമിക്കുമ്പോഴേക്കും ‘ഇവിടെ വാ’ എന്നു വിളിക്കും.

ഞാൻ പറയും. ‘ഇന്നേ താമസിച്ചു പോയി.’ 

‘അതു ഞാൻ കണ്ടല്ലോ. അതിനെപ്പറ്റി വിവരണമൊന്നും വേണ്ട.’

എന്നിട്ടെന്റെ അച്ഛനെ കുറ്റം പറയും. ‘ആ സാറ് ഉള്ളതെല്ലാം കുത്തിക്കേറ്റി ഇങ്ങോട്ടു വിടും. റേഡിയോയിൽ മോള് അഭിനയിക്കാൻ വരുന്നതുകൊണ്ട്.’ പിന്നെ ചുമ്മാ എന്തെങ്കിലുമൊക്കെ പറയും. അദ്ദേഹത്തിന്റെ വീട്ടിലെ കഥകളൊക്കെ പറയും എന്നെ സമാധാനിപ്പിക്കാൻ. അദ്ദേഹത്തിന്റെ വീടും മണക്കാട്ടാണ്. 

സത്യന്റെ കൂടെ സ്റ്റേജിൽ ഒന്നുരണ്ടു തവണ അഭിനയിച്ചു. ടെലിഫോൺ ഡിപ്പാർട്ട്മെന്റിന്റെ വകയായുള്ള നാടകം. അതിൽ പട്ടം സരസ്വതിച്ചേച്ചിയും ഞാനുമാണു സ്ത്രീകളായിട്ടുള്ളത്. അതിന്റെ കഥയെന്താണെന്നുവച്ചാൽ ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു. പ്രേമിക്കുന്നതെങ്ങനെയെന്നു വച്ചാൽ ആ വീട്ടിലെ റിക്ഷാക്കാരനാണു സത്യൻ. കുട്ടിയെ എന്നും കോളജിൽ കൊണ്ടുപോയി വിടുക, കൊണ്ടുവരിക. അന്ന് നല്ല സ്റ്റേജ് ആണ്. എന്നെ വിളിച്ചു ‘ഇങ്ങുവാ.’

ഞാൻ ചോദിച്ചു ‘എന്താ?’

 

‘റിക്ഷയിൽ കയറി ഇരിക്കാമോ?

 

’റിക്ഷയിൽ ഇരിക്കുകയൊക്കെ ചെയ്യാം. പക്ഷേ ഇപ്പോ എന്തിന്?’

‘ആ അതൊരു സൂത്രമുണ്ട്’ എന്നു പറഞ്ഞിട്ട് ഒരു രംഗത്ത് എന്നെ പിടിച്ച് റിക്ഷയിലിരുത്തിയിട്ട് സ്റ്റേജിൽ വന്നു. ഞാൻ പറഞ്ഞു, ‘യ്യോ... എനിക്കു പേടിയാകുന്നു.’ എവിടെ ആരു കേൾക്കാൻ. അങ്ങേരതു കേട്ടതേയില്ല എന്ന മട്ടിൽ കുറച്ചു കഴി‍ഞ്ഞപ്പോൾ പറഞ്ഞു ‘ഇറങ്ങൂ.’ ഇറക്കമൊക്കെ ഗംഭീരമായി ഇറങ്ങി. നന്നായി അഭിനയിച്ചിട്ടുണ്ട് ഞാനും സത്യനും സ്റ്റേജിൽ. 

നാടകവാരത്തിൽ മുൻപൊക്കെ സിനിമാനടന്മാരും നടിമാരും അഭിനയിക്കുന്ന ഒരു നാടകം ഉണ്ടായിരുന്നു. സത്യൻ ഉണ്ടായിരുന്നോ അതിൽ? 

സിനിമാനടന്മാരും നടിമാരുമുള്ള നാടകമുണ്ടായിരുന്നു. പക്ഷേ, അതിൽ സത്യൻ ഉണ്ടായിരുന്നില്ല. പിന്നീടു വിളിച്ചാലൊന്നും വരില്ല. ‘ഓ.. നാടകം’ എന്നു പറയും. നസീർ, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവരൊക്കെ വരുമായിരുന്നു.

അവരോടൊക്കെ അടുപ്പമുണ്ടായിരുന്നോ? 

നാടകത്തിലൂടെയല്ലാതെ തന്നെ എനിക്കു കൊട്ടാരക്കരയുമായി അടുപ്പമുണ്ടായിരുന്നു. കൊച്ചുപെൺകുട്ടീടെ അ ടുത്തു പെരുമാറുംപോലെ ‘ഇവിടെ വാ ടീ’ എന്നൊക്കെയാണു വിളിക്കുന്നത്. ‘രാധയെന്ന പെൺകുട്ടി’ എന്ന സിനിമയിൽ ഞാൻ ഡബ് ചെയ്തിട്ടുണ്ട്. അതു ഡബ് ചെയ്യാൻ പോകുമ്പോൾ കട്ടിലിൽ കിടപ്പുണ്ട്. അഴിയുള്ള കട്ടിൽ. അഴിയുടെ ഇടയിൽക്കൂടെ തല കാണാം. അതിൽ എന്തോ ഒരു ഡയലോഗ് പറയുമ്പോൾ ഞാൻ പറയും ‘അച്ഛാ, അച്ഛനങ്ങനെ ചെയ്യരുത്. മദ്യപിച്ച് ബോധമില്ലാതെ കിടക്കുകയാണെന്നാണു തോന്നുന്നത്. അപ്പോൾ പുള്ളി പറയുകയാണ്, ‘നീ പറയുവാനുള്ളതു പറഞ്ഞോ, ഞാനിവിടെ കുടിച്ചും പെടുത്തും ഒക്കെ കിടക്കും.’ വീണ്ടും ചോദിക്കുകയാണ്, ‘എന്റെ തല കൊള്ളാമോ?’ മുടിയില്ല. മുഴുവൻ കഷണ്ടിയാണ്. അപ്പോൾ ഞാൻ പറഞ്ഞു.

‘തലയെവിടെ, ഇവിടെ കാണാൻ വയ്യല്ലോ.’

 

‘ആ അഴിയുടെ ഇടയിൽക്കൂടെ നോക്ക്.’

 

‘അഴിയിൽക്കൂടി എന്തു കാണാൻ?’

 

‘ഹ...ഒരു തല കാണുന്നില്ലേ കൊച്ചേ.’

 

‘ആ... ഒരു തല കാണുന്നുണ്ട്.’

‘അതാണ് എന്റെ തല.’ എനിക്കതു കേട്ടിട്ടു ചിരി വന്നു. ചലച്ചിത്രലോകത്തുനിന്നു ബഹിഷ്കൃതനാകുന്നതിന്റെ സങ്കടം ഉണ്ടായിരുന്നു.

ആകാശവാണിയിൽ അക്കാലത്തൊക്കെ ശബ്ദം ഡബ് ചെയ്യാൻ നടികൾ വരുമായിരുന്നില്ലേ? 

മിസ് കുമാരി വരുമായിരുന്നു. വേറെ ഓർമയില്ല. താമസപരിധി ഒരു പ്രശ്നമായിരുന്നു. എവിടെ താമസിക്കുന്നോ അവർ അവിെടയുള്ള റേഡിയോ സ്റ്റേഷനിലായിരിക്കും പോകുക. കോഴിക്കോടൊക്കെ കെ.പി. ഉമ്മർസാറും വരുമായിരുന്നു. 

അഗ്നിസാക്ഷിയെക്കുറിച്ച്?

അഗ്നിസാക്ഷിയിൽ ഞാൻ അഭിനയിച്ചിട്ടില്ല. അഗ്നിസാക്ഷി ബ്രോഡ്കാസ്റ്റ് ചെയ്യാൻ എടുക്കുന്നുവെന്ന് വിമൻസ് പ്രോഗ്രാം പ്രൊഡ്യൂസർ സരസ്വതിയമ്മ പറഞ്ഞയുടനെ ഞാൻ പറഞ്ഞു, ‘തേതിക്കുട്ടിയുടെ റോൾ ഞാൻ ചെയ്യാം.’ സാധാരണ ഞാനങ്ങനെ പറയാറില്ല. നാണക്കേടാണ്. ഇതെനിക്കു ചെയ്യാൻ കഴിയും എന്നറിയാവുന്നതുകൊണ്ടാണ് പറഞ്ഞത്. പക്ഷേ, അവരു പറഞ്ഞു വേണ്ട, അതു വേറെ ആളുകൾ ചെയ്തോളും.’ ‘അത്രയ്ക്കു ഞാൻ കൊള്ളൂലേ?’  ഞാൻ ചോദിച്ചു. രാധാമണി കൊള്ളാം. അതുകൊണ്ടാണ് തരൂല്ല എന്നു പറഞ്ഞത്. അതിൽ നരേഷൻ ഫലിപ്പിച്ചു വായിക്കണം. കൂടുതലും നരേഷനാണ്. ഡയലോഗ് കുറച്ചേയുള്ളൂ. അതു പോരാ. ആ കഥ വായിച്ചു കേൾപ്പിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. അതു രാധാമണി വായിക്കണം. അതുകൊണ്ടാണ് മറ്റേ റോൾ തരാഞ്ഞത് എന്നു പറഞ്ഞു. കഥ വായിച്ചതു ഞാനാണ്. 

ആകാശവാണിയിലെ പ്രതാപകാലം ഓരോരോ പരിപാടികൾ ഉദയം ചെയ്തിരുന്നത്, അതൊക്കെ എങ്ങനെയാണ്? 

ആകാശവാണിയുടെ പ്രതാപകാലം എന്നു പറയാൻ അന്ന് ആകാശവാണിയേ ഉണ്ടായിരുന്നുള്ളൂ. ആകാശവാണി ജനങ്ങളിലേക്കെത്തിച്ച പുതിയ ആവിഷ്കാരങ്ങളുണ്ട്. നാട്ടിൻപുറം എടുത്തു പറയേണ്ടതാണ്. ഇതു കൃഷിസംബന്ധമായ പരിപാടിയാണെങ്കിലും ലൈവ് ആയിരുന്നു. അതിനകത്തു ചില സ്കിറ്റുകളും ഉണ്ടായിരുന്നു. റെക്കോർഡിങ്ങിന് സ്റ്റുഡിയോയിൽ കയറുന്നതിനു പതിനഞ്ചു മിനിറ്റ് മുൻപ് ഒരു വിഷയം കിട്ടും. ചിലപ്പോൾ വളത്തിന്റെ സബ്സിഡിയാകും വിഷയം. അത്രമാത്രമേ പറയൂ. ബാക്കിയെല്ലാവരുംകൂടി സംസാരിച്ച് ഒരു സാധനം ഉണ്ടാക്കിയെടുക്കുകയാണ്. സ്ഥിരം കഥാപാത്രങ്ങളാണ് ഇതിനുണ്ടായിരുന്നത്. 

ആരൊക്കെയായിരുന്നു അത്? അവരുടെ പേരുകൾ എന്തൊക്കെയാണ്? എ ന്താണു നാട്ടിൻപുറം? 

കൃഷികാര്യങ്ങളെപ്പറ്റി വിശദീകരിച്ചു പറയും. അതിൽ ഒരാൾ അതിനെക്കുറിച്ചു നല്ല വിവരമുള്ള ആളായിരിക്കും. ഇവരെല്ലാവരും കൂടി വായനശാലയിൽ കൂടും. എന്നിട്ട് ഏതെങ്കിലും ഒരു സബ്ജക്റ്റ്, ഉദാഹരണത്തിന് തെങ്ങിനു വളം ചേർക്കാറായി, മഴ സമയം വന്നു. അപ്പോഴേക്കും ‘എടേ വളം ചേർക്കുന്നതെങ്ങനെയാണെന്നറിയാമോ ’എന്നു ചോദിച്ചു തുടങ്ങും. പറഞ്ഞുവരുമ്പോൾ ദേവകിയമ്മ കുഞ്ഞിപ്പെണ്ണ് എന്ന പേരിലുള്ള ക്യാരക്ടർ ആണ്. വായനശാലയിൽ വരും. മറ്റുള്ളവരെക്കാളും ഇത്തിരി വിവരംകൂടിയുണ്ട്. ജഗതി എൻ.കെ. ആചാരി,    ഭാർഗവൻ പിള്ള, കെ.ജി. സേതുനാഥ്, വീരരാഘവൻ നായർ, കെ.ജി. മേനോൻ– പിന്നെ അച്ഛനുമുണ്ട്. എല്ലാം സ്ഥിരം കഥാപാത്രങ്ങളാണ്. രാമൻകുട്ടിനായർ സ്ക്രിപ്റ്റിന്റെ കോപ്പിറൈറ്റർ ആയിരുന്നു. പിന്നെ ഞങ്ങൾ മൂന്നു പേർ. രാധാദേവി, ദേവകിയമ്മ, ഞാൻ. ഞാൻ കന്നിപ്പാടത്തെ കൈമളുടെ മകൾ (ഭർത്താവ് അഭിനയിച്ച കഥാപാത്രത്തിന്റെ മകളായിട്ടാണു ഞാൻ).

 പോപ്പുലാരിറ്റിയുള്ള പരിപാടിയായിരുന്നു അത്. ലൈവായിട്ടായിരുന്നു ഇതെല്ലാം ചെയ്തിരുന്നത് എന്നതാണ് അതിന്റെ ചലഞ്ച്. സ്ക്രിപ്റ്റില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ സംഭവം. ഒരു പോയിന്റ് ഡിസ്കസ് ചെയ്യുന്നു. അതിനെ ഒരു കഥാരൂപത്തിൽ ആക്കിയെടുത്തിട്ട് പ്രസന്റ് ചെയ്യുക എന്നുള്ളത് എന്തൊരു ചലഞ്ചാണ്? 

‘നാട്ടിൻപുറം’ എന്ന പ്രോഗ്രാമിനകത്ത് സ്കിറ്റുണ്ടാകുമല്ലോ. ലൈവായിട്ടാണല്ലോ അവതരിപ്പിക്കുന്നത്. അതെങ്ങനെയാണു രൂപപ്പെട്ടുവരുന്നത്? അതായത്, നിങ്ങൾക്കു തരുന്ന ആശയത്തെ നിങ്ങൾതന്നെ ചർച്ച ചെയ്ത് സ്കിറ്റ് ആക്കുന്നതാണോ?

അങ്ങനെയുമുണ്ട്. അങ്ങനെയല്ലാത്ത ഒരാശയം ഉള്ളിൽ വച്ചുകൊണ്ട് അതിനെപ്പറ്റി അങ്ങു തുടങ്ങുകയാണ്. നേരം പുലരുംവരെ വേണമെങ്കിലും വീരരാഘവൻ നായർ സംസാരിക്കും. അത്രയ്ക്കു സ്കിൽ ഉള്ള ആളുകളാണ് അവർ. വിഷയം നന്നായി പഠിച്ച ഒരാളുണ്ടാകും. അതിനെ ബാക്കിയുള്ളവർ സപ്പോർട്ട് ചെയ്താൽ മതി.

നന്നായും ശുദ്ധമായും മലയാളം സംസാരിക്കുന്നവരും അത്യാവശ്യം ലോകപരിചയമുള്ളവരുമായിരുന്നു അന്ന് റേഡിയോയിൽ. അതെങ്ങനെയാണു സാധിച്ചത്? 

ചുറ്റുപാടുമുള്ള കാര്യങ്ങളെക്കുറിച്ച് അറിവ് പുസ്തകങ്ങൾ വായിച്ചുണ്ടാക്കും. അങ്ങനെയുള്ളവരെയേ ആ ക്യാരക്ടർ ഏൽപിക്കുകയുള്ളൂ. പിന്നെ ഭാഷ. നാട്ടിൻപുറത്തുകാരൻ ഗ്രാമ്യഭാഷയിൽ സം സാരിക്കും. പ്രോഗ്രാമിന്റെ ഇടയിൽത്തന്നെ ഛെ... അങ്ങനെ പറയാതെ എന്നു പറഞ്ഞ് കുട്ടികളുടെ അച്ഛൻ തിരുത്തും. ആരെങ്കിലും തെറ്റു പറഞ്ഞാൽ ഹേയ്... ഇങ്ങനാണോ പറയുന്നത് എന്നു പറഞ്ഞു തിരുത്തും. അദ്ദേഹം നോക്കിക്കൊണ്ടിരുന്നത് ബാലലോകമാണ്. പിള്ളേര് ‘അയ്യോ എടിയേ അച്ചൻ’ എന്നു പറയുമ്പോൾ എന്തോന്ന് അച്ചൻ? അച്ചൻ വേണ്ട അവിടെ എണീറ്റു നിൽക്ക്. അച്ഛൻ എന്നു പറ എന്നു പത്തു പ്രാവശ്യം പറയിപ്പിക്കും. അങ്ങനെ തിരുത്തിക്കൊടുക്കുമായിരുന്നു. 

അങ്ങനെ സംസാരിക്കാൻ കഴിവുള്ളവർ പ്രധാനമായും ആരൊക്കെയായിരുന്നു? 

ഒന്ന് വീരരാഘവൻ നായർ ആയിരുന്നു. വലിയ ഗൗരവക്കാരനാണ്. പക്ഷേ, നാടകം എന്നു പറയുന്ന സംഭവത്തിൽ സ്ക്രിപ്റ്റ് കയ്യിൽ കിട്ടിയാൽ അതു മാറും. ആ കഥാപാത്രമായിട്ടങ്ങു മാറും. പിന്നെ നമ്മളെയൊക്കെ എടീ, പോടീ എന്നൊക്കെ വിളിക്കും. ഞാൻ ‘ങേ...’എന്നു ചോദിക്കുമ്പോൾ ‘ഓ.... ഇതിനകത്തല്ലേ കൊച്ചേ, പേടിക്കേണ്ട കാര്യമൊന്നുമില്ല’ എന്നു പറയും. ഇത്തിരി വടക്ക് എവിടെയോ ആയിരുന്നു താമസവും ജീവിതവുമെല്ലാം. അപ്പോൾ  അതിന്റെ ചുവയുണ്ട് ഭാഷയിൽ. ജഗതി എൻ.കെ. ആചാരി ഭയങ്കര തമാശക്കാരനായിരുന്നു. എനിക്കൊക്കെ ഇരട്ടപ്പേരുണ്ട്. എല്ലാവരോടും അങ്ങനെയാണ്. 

ഈ പരിപാടികൾ എങ്ങനെയാണുണ്ടായത്? ഗവൺമെന്റ് നിർദേശിച്ചതോ അതോ ഇവിടെത്തന്നെ തീരുമാനിച്ചുള്ള ആവിഷ്കാരമായിരുന്നോ? 

ഓരോന്നും നിശ്ചയിച്ച് ചുമതലപ്പെട്ട ആളുകളെ ഏർപ്പാടാക്കിയിരുന്നു. പ്രോഗ്രാം എക്സിക്യൂട്ടീവ് –നാടകത്തിന് സരസ്വതിയമ്മ വിമൻ ആൻഡ് ചിൽഡ്രൻ, എജ്യൂക്കേഷൻ–നാഗവള്ളി ഇങ്ങനെ ഓരോരുത്തർക്ക് ഭാഗിച്ചുകൊടുത്തിരുന്നു. അവർ തയാറാക്കിക്കൊള്ളും അവരുടെ പരിപാടി. കൈനിക്കര കുമാരപിള്ള സാറായിരുന്നു തുടക്കത്തിൽ എജ്യൂക്കേഷൻ പ്രോഗ്രാം ചെയ്തിരുന്നത്. കൈനിക്കര പദ്മനാഭപിള്ള സാർ ഡയറക്ടറായിരുന്നു എന്നാണെന്റെ ഓർമ. അപ്പോൾ ഞാനില്ല. പിന്നീടാണു ഞാൻ ചെല്ലുന്നത്. അവരുണ്ടായിരുന്നത് ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ് ഉണ്ടായിരുന്ന കാലത്താണ്. അതിനുശേഷം ഓൾ ഇന്ത്യാ റേഡിയോ ആയി പ്രവർത്തനം നടന്നുകൊണ്ടിരുന്ന സമയത്ത് കുമാരപിള്ള സാറുണ്ട്. പദ്മനാഭൻ സാറില്ല. ഞാനവിടെവച്ച് നേരെ കണ്ടിട്ടില്ല. 

വ്യക്തിപരമായ അടുപ്പം ആരോടെങ്കിലും ഉണ്ടായിരുന്നോ? 

ഇല്ല. ഇവരോടൊക്കെ എനിക്കു വലിയ ബഹുമാനമാണ്. അവർ ഏണിപ്പടി ഇറങ്ങിവരുന്നൂന്നു പറഞ്ഞാൽത്തന്നെ നമ്മൾ നാലു വാക്കിനു പിന്നിൽ മാറിനിൽക്കും. അതല്ലാതെ വേറെ പ്രത്യേകത ഒന്നുമില്ല. 

അന്നു സ്ത്രീകൾക്കു വലിയ സ്വാതന്ത്ര്യ മുണ്ടായിരുന്നോ? 

പ്രഭാഷണത്തിനൊക്കെ വിവരമുള്ള സ്ത്രീകൾ വരണം. സ്കൂളിലും കോളജിലുമൊക്കെ പോയി മാനസികമായിട്ട് അറിവുള്ളവരെ ഇവർതന്നെ ബുക്ക് ചെയ്യുകയാണ്. പ്രൊഡ്യൂസറോ, പെക്സോ (പ്രോഗ്രാം എക്സിക്യൂട്ടീവ്)  ആരെങ്കിലും. അവരുടെ നാടകം, അല്ലെങ്കിൽ ഡിസ്കഷൻ ഒക്കെയാണ് അവിടെ കൊണ്ടുവന്നു വായിപ്പിക്കുന്നത്. ടോക്കാണെങ്കിലും അവർ ഒരു സബ്ജക്ട് കൊടുക്കും. വിഷയം അവരെഴുതി ഇവിടെ കൊണ്ടുവന്നു വായിക്കും. നാട്ടിൻപുറം, മഹിളാലയം ഒത്തിരി ചെയ്തിട്ടുണ്ട്. ഒരുപാടു വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. സ്ത്രീകളെ സംബന്ധിക്കുന്ന കാര്യങ്ങളായിരിക്കും. ഞാൻ സരസ്വതിയമ്മയുടെ കൂടെ ആയിരുന്നു ഒരുപാടു കാലം വിമൻസ് പ്രോഗ്രാം ചെയ്യാനായിട്ട്. സ്വാതന്ത്ര്യത്തിന്റെ കാര്യം ചോദിച്ചില്ലേ. അവരുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് അവർക്ക്  ഇഷ്ടമുള്ള ഒരാൾ ആ ഫീൽഡിൽ വൈദഗ്ധ്യമുള്ള ആളാെണന്നു തോന്നിയാൽ അവരെ വിളിക്കാം. പ്രഭാഷണം നടത്തി ബ്രോഡ്കാസ്റ്റ് ചെയ്യാം. അങ്ങനെയൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 

റേഡിയോ മാത്രമല്ലേ അന്നുള്ളൂ എല്ലാറ്റിനും, സമയം അറിയാനും പരിപാടി കേൾക്കാനും. 

പരിപാടികൾ കേട്ടിട്ട് ശ്രോതാക്കളുടെ കത്തുകൾ ധാരാളം വരുമല്ലോ–പ്രശംസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും. രസകരമായ സംഭവം ഓർമയുണ്ടോ? 

അഗ്നിസാക്ഷി ഓരോ ആഴ്ച പ്രോഗ്രാം കഴിയുമ്പോഴും ധാരാളം കത്തുകൾ വരും. നല്ല അടുപ്പമാണ് ലളിതാംബികാ അന്തർജനവും സരസ്വതിയമ്മയും തമ്മിൽ. സരസ്വതിയമ്മ ഇവിടെ നിന്നു വിളിച്ചുചോദിക്കും. ‘അമ്മാ, അമ്മ ഈ കഴിഞ്ഞയാഴ്ചത്തെ അഗ്നിസാക്ഷി കേട്ടോ.’ ‘കേട്ടല്ലോ’ എന്നവർ പറയും. 

ഒരുപാട് എഴുത്തുകൾ ഉണ്ട്. വിമൻസ് പ്രോഗ്രാമിനുതന്നെയായി ധാരാളം എഴുത്തുകൾ വരും. എല്ലാം വായിക്കുകയും ചെയ്യും. ചവറ്റുകൊട്ടയിൽ ഇടൂല്ല. ചിലപ്പോൾ ഞങ്ങളെയൊക്കെ വിളിച്ച് ഇതങ്ങു വായിക്ക് എന്നു പറഞ്ഞ് തുറന്നുതരും. അങ്ങനെ വായിച്ചുകൊണ്ടിരുന്നപ്പോൾ സരസ്വതിയമ്മ ലളിതാംബിക അന്തർജനത്തെ വിളിച്ചു. ‘അമ്മേ, ഈ പ്രോഗ്രാമിനെപ്പറ്റി ഒരുപാട് അഭിനന്ദനക്കത്തുകൾ വന്നിട്ടുണ്ട്.’

അമ്മ അതിനു വളരെ ഈസിയായിട്ട് പറഞ്ഞു, ‘ആ...അതാ രാധാമണിക്കു വന്നതായിരിക്കും. എന്റെ മഹത്വംകൊണ്ട് ആരും എഴുതി അറിയിക്കത്തക്കതായി അതിലൊന്നുമില്ല. രാധാമണി വായിച്ച ഗുണംകൊണ്ടു കത്തുകൾ വന്നിരിക്കുന്നു.’ 

ആരാധകരുമായി ബന്ധപ്പെട്ടു തമാശകളുണ്ടല്ലോ? 

ആരാധകർ കത്തയയ്ക്കുക മാത്രമല്ല, ആകാശവാണിയിൽനിന്ന് ഒരു ദിവസം ജോലി കഴിഞ്ഞ് വരുന്നവഴി ഒരാൾ ഞങ്ങളുടെ കൂടെ വീട്ടിലേക്കുപോന്നു. കൂടുതൽ വിവരങ്ങൾ അറിയാനാണത്രേ. ഞാൻ പറഞ്ഞു റേഡിയോയിൽ കേൾക്കുന്നില്ലേ? അതിൽക്കൂടുതൽ വിവരങ്ങളൊന്നുമില്ല. ‘അങ്ങനല്ല മാഡം’, എന്നു പറഞ്ഞ് ഇവിടെ വന്നിരിപ്പായി. ഒരിക്കൽ ജോലി കഴിഞ്ഞു വൈകുന്നേരം ഇറങ്ങാൻ തുടങ്ങിയപ്പോൾ മറ്റൊരാൾ വന്നു സംസാരിച്ചു. ഞാൻ അറിയാതെ പറഞ്ഞുപോയി, ‘വീട് പൂജപ്പുരയാണ്. ഇനി ബസ് പിടിച്ച് എത്തണം’ എന്ന്. അപ്പോൾ അയാൾ പറഞ്ഞു, പോകണ്ട, പോകുന്നത് ഇഷ്ടമല്ല. ഞങ്ങളെയങ്ങ് ഭ്രമിപ്പിച്ചിട്ടു കടന്നുകളയാൻ പറ്റില്ല.’ 

ഇതെന്റെ തൊഴിലാണ്. അവര് സ്ക്രിപ്റ്റ് തരുന്നു, നോക്കി വായിക്കുന്നു, ഞാൻ തിരിച്ചെന്റെ വീട്ടിൽ പോകുന്നു. ‘അതു പോരല്ലോ, വിശ്വാസമുള്ള ശ്രോതാക്കൾക്കും ഒരു വില കൊടുക്കണം. അവർക്കും സമയം കൊടുക്കണം.’ ഞാൻ എങ്ങനെയൊക്കെയോ അവിടുന്നു വീട്ടിലെത്തി. ഇവിടെയെത്തിയപ്പോൾ അയാൾ ഇവിടിരിക്കുന്നു. വലിയ അദ്ഭുതമായിപ്പോയി. ആ സമയത്ത് കുട്ടികളുടെ അച്ഛൻ ഇവിടെയുണ്ട്. അദ്ദേഹം അയാളെ സമാധാനിപ്പിച്ചു. അങ്ങനെ എത്രയോ പേരു വരും. ഞാനും സ്ക്രിപ്റ്റ് റൈറ്റർ ആണ്. എഴുതുമ്പോൾ ഭംഗിക്കുവേണ്ടി എഴുതും. അങ്ങനെ ചെയ്താലല്ലേ ആർട്ടിസ്റ്റിനു പേരുള്ളൂ. അങ്ങനെയാണ് രാധാമണി എന്നൊക്കെ സമാധാനപ്പെടുത്തി പറഞ്ഞയച്ചു. പിന്നെ ഒരാൾ ഒരിക്കൽ ആകാശവാണിയിൽ വന്ന്, അവിടെയൊക്കെ അന്വേഷിച്ചു. അയാൾ പറഞ്ഞു, ‘ടി.പി. രാധാമണിയെ കാണണമല്ലോ.’ ഞാനതിലൂടെ എങ്ങോട്ടോ നടന്നുപോകുകയായിരുന്നു. അവർ പറഞ്ഞു. ‘ദാ... ആ പോകുന്ന താണു രാധാമണി.’ ഞാനപ്പോൾ നരച്ച തലമുടീം ഒക്കെയായിട്ടാണ്. അയ്യോ ഇതാണോ, അയാൾ അദ്ഭുതപ്പെട്ടു. 

പിന്നെ ഒരോർമ. കോഴിക്കോട് സ്റ്റേഷനിൽനിന്ന് നാല് ആർട്ടിസ്റ്റുകൾ, വീണ, ഫ്ലൂട്ട് തുടങ്ങിയവ തൃശൂരുനിന്നു രണ്ടുപേർ. ഇവിടെനിന്നുള്ള പ്രധാനപ്പെട്ടവർ. ഇവിടുള്ളവരാണു കണ്ടക്ട് ചെയ്യുന്നത്. ജുഗൽബന്ദി പോലൊരു പരിപാടി. ‘വാദ്യവൃന്ദം’ ആണെന്നു തോന്നുന്നു. ഫ്ലൂട്ട് വായിക്കുന്നത് കോഴിക്കോട്ടുനിന്നുള്ള ഗുരുവായൂർ പി. ശ്രീകൃഷ്ണൻ ആണ്. കുട്ടികളുടെ അച്ഛൻ സ്റ്റുഡിയോയുടെ നടയിൽ നിൽക്കുകയാണ്. ശ്രീകൃഷ്ണൻ ഇറങ്ങിവന്നു. ആ.... ഗംഗാധരൻ നായരല്ലേ? ഞാൻ കോഴിക്കോട്ടുനിന്നു വന്നതാണ്. ഞാൻ ശ്രീകൃഷ്ണൻ എന്നു പറഞ്ഞു. 

സാക്ഷാൽ ശ്രീകൃഷ്ണൻ. നല്ല കറുപ്പ്. അച്ഛൻ ധാരാളം ചിരിച്ചു. ശ്രീകൃഷ്ണൻ പറഞ്ഞു,  ‘മാഷേ... രാധാമണിയെ ഒന്നു കാണിച്ചുതരണം.’

‘കാണിച്ചു തരാമല്ലോ,’  അദ്ദേഹം പറഞ്ഞു.

 

 അവരഭിനയിക്കുന്നത് കാണാനൊക്കുമോ?

 

 റിക്കോർഡിങ് ഉണ്ടെങ്കിലേ കാണാൻ പറ്റൂ. അല്ലെങ്കിലും ഞാൻ കാണിച്ചുതരാം’ എന്നു പറഞ്ഞു. ഞാൻ പിറകേനിന്ന് എല്ലാം കഴിഞ്ഞ് ഇറങ്ങിവരികയാണ്. 

 

‘ദാ പോണു രാധാമണി.’

 

‘ങ്ഹാ?’

 

‘രാധാമണിയെ കാണണമെന്നല്ലേ പറഞ്ഞത്. ദാ പോണു രാധാമണി.’ 

 

എന്നോടായി വിളിച്ചു പറഞ്ഞു. ‘ഒന്നു നിൽക്ക്. ശ്രീകൃഷ്ണനൊന്നു കാണണമെന്ന്.’‘ശ്രീകൃഷ്ണൻ നല്ല ഭംഗിയായി വായിക്കും. ശ്രീകൃഷ്ണനെപ്പോലെ വായിക്കും.’ 

 

‘ഇതാ...? നിങ്ങളെന്താണ് തമാശ പറയുന്നോ?

 

‘രാധാമണി എന്റെ ഭാര്യയാണ്. അതാണ് ടി.പി. രാധാമണിയെന്ന് ഞാൻ ഉറപ്പു തരുന്നു.’ 

 

അപ്പോൾ ‘അയ്യോ... വിചാരിച്ചിരുന്നത് ഇങ്ങനെയല്ല.’ അതുപോലെ മറ്റൊരു സംഭവം. 

 

ജഗതി എൻ.കെ. ആചാരിയാണ് പെക്സ്. (പ്രോഗ്രാം എക്സിക്യൂട്ടീവ്) അദ്ദേഹത്തിന്റെ മുറിയിൽ ചെന്ന് ബുക്ക് ഒന്നു മറിച്ചുനോക്കിയിട്ട് ഒപ്പിട്ടു. അപ്പോൾ അ വിടിരുന്നോണ്ടു പറയുകയാണ് ‘പാവം.’ 

 

ഞാൻ ചോദിച്ചു ‘ആരെയാ പറഞ്ഞത്?’

 

 

‘നിങ്ങളെത്തന്നെ.’

 

ഞാൻ ചോദിച്ചു, ‘എന്തോന്നു പാവം?’

‘ഉണങ്ങി ഈർക്കിലിപോലായിപ്പോയി. സാനിട്ടോജൻ വാങ്ങി കഴിക്കണം കേട്ടോ.’ ഞാൻ നന്നായി വണ്ണം വച്ചിരിക്കുകയാണ്. അവിടുത്തെ പടികൾ ചെറുതാണ്. കേറിവരുന്ന ബുദ്ധിമുട്ട് കണ്ടു കളിയാക്കിയതാണ്. 

സ്റ്റേജും റേഡിയോയും

റേഡിയോ നാടകത്തിൽ അഭിനയിക്കുന്നതും സ്റ്റേജിൽ അഭിനയിക്കുന്ന നാടകവും തമ്മിലുള്ള വ്യത്യാസം പറയാമോ? 

വ്യത്യാസം ഉണ്ട്. സ്ക്രിപ്റ്റ് തരുമെങ്കിലും സിറ്റ്വേഷൻ നമ്മുടെ ഉള്ളിൽ ഉണ്ടാകുമല്ലോ. അവനെയങ്ങു പിടി. അവനിട്ടു രണ്ടെണ്ണം കൊടുക്കണം എന്ന് ഞങ്ങൾ പറയുന്നതു കേട്ടാൽ അവനിട്ട് ഇപ്പോ തല്ലും എന്നു തോന്നും. മാറ്റിപ്പറഞ്ഞാൽ അടി കൊടുക്കണം എന്നു മാത്രമാകും അർഥം. റേഡിയോ നാടകങ്ങൾ കേൾക്കുക മാത്രമാണ്. അതുകൊണ്ട് സാഹചര്യം ഉൾക്കൊണ്ട് നമ്മുടെ സ്വരത്തിന് ഊ ന്നൽ കൊടുത്തുകൊണ്ടുവേണം പറയാൻ. 

കണ്ണകിയെക്കുറിച്ചു പറയാമോ? 

രമേശൻ നായരുടെ ചിലപ്പതികാരം ആണ് നാടകം. രമേശൻ പറഞ്ഞു, ‘ചേച്ചി കണ്ണകിയായിട്ട് അഭിനയിക്കണം.’ രമേശൻ നായർ നാടകം എഴുതി പ്രൊഡ്യൂസറെ ഏൽപിക്കുന്നു. പ്രൊഡ്യൂസർ ഡയറക്ടറെ ഏൽപിക്കുന്നു. ‘ചേച്ചിയാണു കണ്ണകി’,രമേശൻ നായർ പറയുകയാണ്.

‘അതെങ്ങനെ ഒക്കും? അവർക്കു വേറെ ആൾ ഉണ്ടെങ്കിലോ?’ 

‘വേറെ കൊടുക്കൂലെ. നമുക്കു ചെയ്യാലോ. കണ്ണകിയായിട്ടു തന്നെ വേണം. ഇങ്ങനെ പറഞ്ഞൊക്കെ ഇരിക്കുന്ന സമയത്ത് തൃശൂരിൽ സ്റ്റേഷനിൽനിന്നു ഡയറക്ടർ എഴുതി. ‘ജരാസന്ധന്റെ പുത്രി’ അഭിനയിക്കാൻ രാധാമണിയെ വേണം. ചരിത്ര നാടകങ്ങളിൽ ഡയലോഗ് പ്രസന്റ് െചയ്യുന്നത് ഒരു പ്രത്യേക രീതിയിൽ വേണം. കലപിലാന്ന് പറഞ്ഞാൽ ശരിയാവില്ല. ഇവിടെനിന്നു പറഞ്ഞു. ‘അയയ്ക്കാലോ.’ 

അതിന്റെ ബാക്കിയുള്ള ഏടാകൂടങ്ങളൊന്നും ഡയറക്ടർ നോക്കിയില്ല. അയയ്ക്കാം എന്നു പറഞ്ഞു അത്രമാത്രം. കൃഷ്ണമൂർത്തിയാണു ഡയറക്ടർ. നോക്കിയപ്പോൾ ഇന്ന് ഇവിടെ കണ്ണകി രാധാമണി. നാളെ തൃശൂരിൽ ജരാസന്ധന്റെ പുത്രി രാധാമണി– അത്രയ്ക്കെന്ത്? നാട്ടിൽ പെണ്ണുങ്ങളില്ലേ? ആർട്ടിസ്റ്റായ പെണ്ണുങ്ങളില്ലേ നാട്ടിൽ? 

ഇവിടെ രാധാമണി വേണ്ട. കാരണം, തൃശൂരിൽ വാക്കു പറഞ്ഞുപോയി. എനിക്കും എന്റെ ഭർത്താവിനും വരെ ഓർഡർ ഇട്ടു. കൂട്ടിനു വേണ്ടി അപ്പോൾ ഞാൻ രമേശനോടു പറഞ്ഞു, ‘ഞാൻ അല്ല കേട്ടോ കണ്ണകി.’ 

പിന്നാര്?’

 

‘അവിടെ പോയി അന്വേഷിക്കണം.’ 

രമേശൻ നേരെ പോയി. ഡയറക്ടറെ കണ്ടു. ‘സാറിതു മാറ്റിയോ?’ ‘അത്... ഞാൻ വാക്കു പറഞ്ഞുപോയി. തൃശൂര് അയയ്ക്കേണ്ടി ഇരിക്കുന്നു’ എന്നു പറഞ്ഞു. അപ്പോഴേക്കും രമേശൻ കൈ നീട്ടി. രമേശൻ വലിയ വാശിക്കാരനാണ്. 

‘എന്താ’, ഡയറക്ടർ ചോദിച്ചു. 

 

‘എന്റെ സ്ക്രിപ്റ്റ്. ഞാൻ ഒരാഴ്ച മുൻപ് എഴുതിക്കൊണ്ടുത്തന്നത്. ചിലപ്പതികാരം. അതിങ്ങു തന്നേക്ക്.’

 

 ഡയറക്ടർ കൃഷ്ണമൂർത്തി ചോദിച്ചു. 

 

‘അതെങ്ങനാ?  അത് എടുത്തതാണല്ലോ, പിന്നെങ്ങനെ തരും?’

രമേശൻ പറഞ്ഞു രാധാമണിച്ചേച്ചിക്ക് എപ്പോൾ സമയമുണ്ടോ അഭിനയിക്കാൻ അപ്പോൾ ഇതു തരാം. അതുകൊണ്ട് ഇപ്പോഴിങ്ങു തന്നാൽ മതി എന്നു പറഞ്ഞു. 

‘അത്രേം വിശ്വാസമാണ് സർ. ആ നാടകം ചേച്ചി ചെയ്താൽ മതി.’

‘ശരി, ഞാൻ അനുവദിച്ചിരിക്കുന്നു. പരാതികൾ വരുന്നതു ഞാൻ കേട്ടോളാം. പക്ഷേ, റിഹേഴ്സൽ എന്നെ കേൾപ്പിക്കണം. റിഹേഴ്സൽ എന്നെ കേൾപ്പിച്ച് എനിക്കു തൃപ്തിയായാൽ രാധാമണി തന്നെ അഭിനയിച്ചോട്ടെ’ എന്നു ഡയറക്ടർ പറഞ്ഞു. 

റിഹേഴ്സലിന് ചാനലിട്ടു. ഡയറക്ടർ നേരെ താഴെ വന്നു. ഞങ്ങൾ തറയിൽ വട്ടമിട്ട് ഇരിക്കുകയാണ്. ഞങ്ങളോടു ചോദിച്ചു ‘രാധാമണി ആര്?’ എന്നെ അറിഞ്ഞുകൂടാ. ഞാൻ ചെന്നു. എന്നെ അടുത്തു വിളിച്ചു നിർത്തിയിട്ടു പറഞ്ഞു ‘അത് അന്ത ചോഴൻ’, എന്നു ശൊല്ലക്കൂടാത്. ശോഴൻ എന്നു ശൊല്ലവേണം. തമിഴ് നാടകം തന്നെ ട്രാൻസ‌്ലേറ്റ് ചെയ്തതാണ്. ചോളൻ അല്ല ശോഴൻ. എന്നെക്കൊണ്ടു രണ്ടു പ്രാവശ്യം പറയിപ്പിച്ചു. ‘പാണ്ഡ്യൻ, ശോഴൻ. അത്രേയുള്ളൂ കറക്‌ഷൻ. പണ്ണിക്കോ.’

തെറ്റുകളും അബദ്ധങ്ങളും ഒക്കെ സംഭവിക്കുമല്ലോ? അങ്ങനെയുള്ള സാഹചര്യത്തിൽ എന്തു ചെയ്യും? 

ഈ ചോദ്യം നന്നായി. ഈ തൊഴിലിൽ ഒരൊറ്റ തെറ്റും നിന്റമ്മയ്ക്കു വന്നിട്ടില്ല. എനിക്കു ധൈര്യമായിട്ടു പറയാം. ഒരു തെറ്റുപോലും പറ്റിയിട്ടില്ല. തിക്കുറിശ്ശി ഒരു ദിവസം എന്നെ അടിക്കാൻ വന്നു. നിനക്കൊന്നു തെറ്റിച്ചൂടേ? അദ്ദേഹം ഒരുപാട് തെറ്റു വരുത്തും. ഞാൻ പറയും എന്തോന്നിത്? മുഴുവൻ തെറ്റി. നമ്മുടെ താൽപര്യം മുഴുവനങ്ങു പോകും. പോകും എനിക്കറിയാം, നിന്നെ പ്പോലെ തെറ്റാതെ പറയാൻ ഇവിടാരുമില്ല. തിക്കുറിശ്ശി പറഞ്ഞതാണ്. സിനിമാക്കാരെ കാണണ്ട. എന്നെക്കൂടി കാണണ്ട. രാധാമണിയെ കാണിച്ചുകൊടുക്കുമോ എന്ന് എന്നോടു പലരും ചോദിക്കുന്നു. അന്നു സിനിമാക്കാരെക്കാളും ഡിമാൻഡ് ഞങ്ങൾക്കാണ്. 

മ‍ൃഗങ്ങളുടെയും പക്ഷികളുടെയും രീതിയിൽ ശബ്ദം മാറ്റിപ്പറയുന്ന പരിപാടി ഉണ്ടായിരുന്നല്ലോ? അതേതാണ്?

 പഞ്ചതന്ത്രം.

അതിൽ നിങ്ങളൊക്കെത്തന്നെയല്ലേ അഭിനയിക്കുന്നത്? അതെങ്ങനെയായിരുന്നു? 

ഞങ്ങളാണത് അഭിനയിച്ചത്.  ശബ്ദം മാറ്റും. ദേവകിയമ്മയാണ് എപ്പോഴും പാമ്പിന്റെ റോൾ എടുക്കുന്നത്. ഞാൻ ചോദിച്ചു. ‘നിങ്ങൾക്ക് ഇരുന്നിരുന്ന് പാമ്പേ ഒക്കുവൊള്ളോ?’

 

‘രാധേ, പാമ്പാകുമ്പോൾ മൈക്കിന്റെ അടുത്തേക്കു നീങ്ങിനിന്ന് സ്‌സ്‌സ്...എന്ന ശബ്ദം കേൾപ്പിക്കുകയും പതിഞ്ഞു പറയുകയും ചെയ്താൽ മതി.’ 

കാക്കേടെ റോളാണെങ്കിൽ ‘ടാ... നീയെന്നാ പോകാത്തെ. കാ... കാ...’ ഒടുക്കം ഒരു കാ.. കരച്ചിൽ ഒരു ദിവസം മൈക്കിന്റെ മുൻപിൽ വന്നു നിന്നിട്ട് ‘ടാ നിനക്ക് ചോറൊന്നും വേണ്ടേ സ്ലാ...’ എന്നു പറഞ്ഞു. അപ്പോൾ ഞാൻ ങ്ഹേ...ഇതു പുതിയ കാക്കയായിരിക്കുമല്ലോ. ഇതെന്തു പറ്റി? 

 

‘രാധേ സത്യമായിട്ടും എന്റെ മുറ്റത്തൊരു കാക്ക വന്നിരുന്നു ചോറ് കൊത്തിക്കൊണ്ടിരുന്നപ്പോൾ കാ...കാ... സ്ലാ എന്നാണു കരഞ്ഞത്. എന്തു ചെയ്യാം.’ 

കരടിയും പുലിയും സിംഹവുമൊക്കെ മിക്കവാറും ആണുങ്ങളാണു ചെയ്തിരുന്നത്. ഘനമുള്ള ശബ്ദത്തിനു വേണ്ടിയിട്ടാണ് അങ്ങനെ ചെയ്തിരുന്നത്.

കൂടെ ജോലി ചെയ്തിരുന്നവരുടെ ശ ബ്ദത്തെക്കുറിച്ച്? 

രാമൻകുട്ടിനായരുടെ ശബ്ദം ഒരു പ്രത്യേകതയാണ്. കൂടുതലും വേലക്കാരന്റെ റോളിലൊക്കെയായിരിക്കും. സ്വന്തം ശബ്ദം തന്നെയാണ്. മാറ്റിപ്പറയുന്നതൊന്നുമല്ല. പ്രത്യേക ശബ്ദമായതുകൊണ്ട് അങ്ങനെയുള്ള റോള് വീതിച്ചു കൊടുക്കും. ടി.ആർ. സുകുമാരൻ നായർ അവിടത്തെ നടനായിരുന്നു. എല്ലാവർക്കും പേടിയുമാണ്. സുകുമാരൻ ചേട്ടൻ വന്നു എന്നു പറ‍ഞ്ഞാൽ ഒരുമാതിരിയുള്ളവരൊക്കെ വലിയും. ‘ഞാനില്ല’ എന്നു പറയും. കാരണം, മാർത്താണ്ഡവർമ ആയിട്ടാണ് അഭിനയിക്കുന്നതെങ്കിൽ ആ ഇരിക്കുന്നത് ശരിക്കും മാർത്താണ്ഡവർമയാണെന്നു തോന്നും.

എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അപ്പോൾ തിരുത്തിത്തരില്ല. പിന്നെ വിളിച്ചു പറഞ്ഞുതരും. പുരാണ കഥാപാത്രങ്ങളാണ് കൂടുതലും അഭിനയിക്കുക. പിന്നെ ടി.ആർ. സുകുമാരൻ നായർ, പി.കെ. വിക്രമൻ നായർ, കൈനിക്കര കുമാരപിള്ള, സി.ഐ. പരമേശ്വരൻ പിള്ള. ദ് കിങ്ഓഫ് ദ് ‍‍ഡാർക്ക് ചേംബർ ('The king of the dark chamber')  അതിൽ ഞാനും  സി.ഐ. പരമേശ്വരൻപിള്ളയുമാണ്. എന്റെ കയ്യും കാലും വിറയ്ക്കുന്നു. അദ്ദേഹം ഇംഗ്ലിഷിന്റെ അങ്ങേയറ്റമാണ്. മൊഴിമാറ്റമാണ്. എങ്കിലും ചില ഇംഗ്ലിഷ് വാക്കുകൾ ഒഴിവാക്കാൻ പറ്റാത്തതുണ്ട്. 

സി.ഐ. പരമേശ്വരൻ പിള്ള ബിച്ചു തിരുമലയുടെ അപ്പൂപ്പനാണ്. ലേഡി ക്യാരക്ടർ ഞാൻ ആണ്. അവിടാരോ പറഞ്ഞു രാധാമണിക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല. അതിനെന്ത്? വിദ്യാഭ്യാസം വരുത്താം നമുക്ക്. അഭിനയിക്കാനുള്ള കഴിവുണ്ടായാൽ മതി. ഏതു ഭാഷയും വഴങ്ങും. 

ആകാശവാണിക്ക് ഒരു പ്രതാപകാലം ഉണ്ടായിരുന്നു. അതുകഴിഞ്ഞ് അതിനു ചെറുതായി മങ്ങലേറ്റത് എപ്പോഴാണ്? മറ്റു ദൃശ്യമാധ്യമങ്ങൾ വന്നപ്പോഴാണോ അതോ അവിടെത്തന്നെയുള്ള കലാകാരന്മാർ പിരിഞ്ഞു പോകുകയും ചിലർ മരിച്ചുപോകുകയും ആ ആളുകളുടെ എണ്ണത്തിൽ കുറവു സംഭവിക്കുകയും ചെയ്തപ്പോഴാണോ? അതോ പുതിയതായി വന്നവർക്കു പണ്ടത്തെപ്പോലെ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണോ? എന്തു സംഭവിച്ചപ്പോഴാണ് മങ്ങലേറ്റത്? 

ടെലിവിഷന്റെ വരവ് റേഡിയോയെ ബാധിച്ചു എന്നു പറഞ്ഞാൽ അതു സമ്മതിച്ചുതരില്ല. ഇവർക്കു മുഖംകൊണ്ടു ഗോഷ്ഠിയൊക്കെ  കാണിക്കാം. ഞങ്ങൾക്ക് അതില്ലെന്നേയുള്ളൂ. പക്ഷേ, ശബ്ദംകൊണ്ട് അവരുടെ ഗോഷ്ഠിയുടെ അപ്പുറം ഞങ്ങൾ കാണിക്കും. നാടകം സ്റ്റേജിൽ അഭിനയിക്കാൻ കിട്ടിയാൽ അങ്ങോട്ടു നടക്കാം, ഇങ്ങോട്ടു നടക്കാം, ദേഷ്യം കാണിക്കാം. വേണമെങ്കിൽ പിടിച്ചുവച്ച് രണ്ടെണ്ണം കൊടുക്കാം. അപ്പോഴേക്കും എല്ലാവരും പറയും. ‘അയാളു കൊള്ളാം കേട്ടോ അയാൾ നന്നായി അഭിനയിക്കുന്നു.’ 

നമുക്കതു പോരാ. ഞങ്ങൾക്കു രണ്ടു കൊടുക്കണമെന്നുണ്ടെങ്കിൽ അതു ശബ്ദത്തിൽ വരണം. അടിക്കുകയാണ് എന്നവർക്കു തോന്നണം. ആക്‌ഷൻ ശബ്ദത്തിലാണു വരേണ്ടത്. ഇവർ കരയുകയാണെങ്കിൽ ഭയങ്കര കരച്ചിലാണ്. സാരിയുടെ തുമ്പു പിടിച്ചുവച്ച് കരയുന്നു, പിഴിയുന്നു...ഞങ്ങൾക്ക് അതൊന്നും പറ്റില്ലല്ലോ. ആ ഗദ്ഗദം ശബ്ദത്തിൽ വന്നെങ്കിലേ ശരിയാകൂ. കണ്ണകിക്കു കരഞ്ഞതു കേട്ട് രമേശൻ ബോധം കെട്ടുപോയി. രമേശൻ അകത്തുതന്നെ നിന്നു. തെറ്റുകൾ വന്നാൽ തിരുത്താൻവേണ്ടി. 

ഞാൻ കണ്ണകിയായും ലീല, മാധവിയായും റോള് ചെയ്യുകയാണ്. കണ്ണകി മധുര ഭസ്മമാക്കുകയാണ്. കയ്യിൽ ചിലമ്പും പിടിച്ച്.  ഇതു ചിലമ്പ്. ഇതു തറയിലിട്ടു പൊട്ടിക്ക്. ഇതിനകത്ത് എന്താണെന്നു കാണട്ടെ. എനിക്കു യോഗ്യത ഉണ്ടോ ഇല്ലയോ എന്നറിയാനുള്ളതാണ്. എന്റെ ഭർത്താവ് കൊണ്ടുവന്ന ചിലമ്പ് നിങ്ങൾ മോഷ്ടിച്ചു വിറ്റു. എന്റെ ഭർത്താവിനെ കള്ളനും ആക്കി, കൊന്നു. കഴുത്തുവെട്ടിക്കൊന്നു. തുട്... ഇട്... എന്നു പറയുന്നു. ആ ‘ഇട്’ എന്നു പറയുന്നതിൽത്തന്നെ ഒരു ഗാംഭീര്യമുണ്ട്. അ പ്പോൾ ഒരു ഭടൻ വന്ന് ചിലമ്പ് വാങ്ങിച്ചു. ‘എറിയൂ’ എന്നു പറഞ്ഞ് എറിയിപ്പിക്കുന്നു. ചിലമ്പിനകത്തുനിന്നു മാണിക്യക്കല്ലുകളാണു വരുന്നത്. ‘നോക്കൂ... ഇതു മാണിക്യമാണ്. നിങ്ങളുടേത് വെറും കല്ല്.’ എന്നു പറഞ്ഞിട്ട് ഓരോ ദേവനെയും വിളിക്കും. അഗ്നിേദവനെ വിളിച്ചു ചോദിക്കും. ‘എന്റെ ഭർത്താവ് കള്ളനാണോ? 

‘ഒരിക്കലുമല്ല,’ അഗ്നിദേവൻ പറയും. ‘എന്നാൽ കത്തട്ടെ മധുര.’

അതു കേൾക്കുമ്പോൾത്തന്നെ രാജാവ് ബോധംകെട്ടു വീഴും. റാണി മരിച്ചുപോകും. മധുരയ്ക്കു തീ പിടിക്കും. അതവർക്കു പോരാ. അവരങ്ങനെ ഉറച്ചു വിളിക്കുകയാണ്. ‘കത്തട്ടെ.’ രാജാവിന്റെ സിംഹാസനം ആദ്യം വീഴും. പിന്നെ തൂണുകൾ വീഴും. ഇതിനൊക്കെ നല്ല മുഴക്കമുള്ള ഇഫക്ട് കൊടുക്കും. ഓരോന്നും കത്തി വീഴുമ്പോൾ  പൊട്ടിച്ചിരിക്കണം. ‘േചച്ചീ അവർക്കു പ്രതികാരം തീർന്നിട്ടില്ല, അലറി വിളിക്കണം’ എന്നു രമേശൻ പറയും. ‘എന്റെ ഭർത്താവ് കള്ളനോ’ എന്നു ചോദിക്കുമ്പോൾ ‘ഇല്ല’ എന്ന അശരീരി. ‘മധുര മുഴുവൻ കത്തട്ടെ’ എന്നു പറഞ്ഞവസാനിപ്പിച്ചപ്പോഴും രമേശൻ വന്നെന്റെ കയ്യിൽ പിടിച്ചു. ഞാൻ ചോദിച്ചു. ‘എന്തോന്ന്?’ ‘ചായ, ചായ’ ചേച്ചീടെ തൊണ്ട പൊട്ടിയിട്ടുണ്ടാകും. ചായ..ചായ’ എന്നെ കൊണ്ടുപോയി അപ്പോൾത്തന്നെ ചായ വാങ്ങിച്ചുതന്നു. 

നാടകാഭിനയത്തിൽ ബുദ്ധിമുട്ട് ഏതിനാണ്? കരയാനാണോ ചിരിക്കാനാണോ? 

കരയാനാണ് എളുപ്പം. ചിരിക്കാനത്ര എളുപ്പമല്ല. ചിരിയുടെ ശബ്ദം വരുത്താൻ എളുപ്പമല്ല. കരഞ്ഞാൽ ഏങ്ങിയേങ്ങി കരയാം. ഗദ്ഗദം വരുത്താം. ചിരി അങ്ങനെയല്ല. 

ചിരിക്കേണ്ടത് ഇത്രയാണ്. കുറച്ചു ചിരിച്ചാൽ മതി, ഇത്തിരി കൂടി ചിരിക്കണം എന്നു ഡയറക്ടർമാർ പറഞ്ഞുതരുമോ?

പത്മരാജൻ പറയില്ല. സ്ക്രിപ്റ്റ് തരികയേയുള്ളൂ. 

പത്മരാജനെക്കുറിച്ച്? 

അനൗൺസറായിരുന്നു. പിറ്റേന്നത്തെ പരിപാടികൾ മുഴുവൻ എഴുതുകയാവും എപ്പോഴും. കണ്ടാൽ ആ എന്നൊന്നു മൂളും. അത്രതന്നെ. ഡ്യൂട്ടിക്കു വന്നുകഴിഞ്ഞാൽ കൃത്യമായിട്ട് ജോലി ചെയ്യും. ഇടയ്ക്കു വരാതിരിക്കും. വന്നാൽ പെർഫെക്ട് ആയിരുന്നു. ദിവസവും അനൗൺസ് ചെയ്യുന്ന ആകാശവാണി, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ എന്നതാണെങ്കിൽപോലും എഴുതിവച്ചേ അദ്ദേഹം വായിക്കൂ. മനഃപാഠം പറയാം. എങ്കിലും അദ്ദേഹം അതു ചെയ്യില്ല. 

സ്റ്റാഫ് ആർട്ടിസ്റ്റ് (ഡ്രാമാ വോയ്സ്) എന്ന പോസ്റ്റ് ഇപ്പോഴുമുണ്ടോ? 

എന്നോടെ തീർന്നു. ഞാനാണവസാനം. മള്ളൂർ രാമകൃഷ്ണൻവരെയാണ് നാടകത്തിനു പ്രത്യേകമായ ആളുകളുണ്ടായിരുന്നത്. പിന്നീടു പലരും മാറിമാറി ഡ്രാമാ സെക്‌ഷൻ കൈകാര്യം ചെയ്യുകയായിരുന്നു. മള്ളൂർ രാമകൃഷ്ണൻവരെയാണ് ഡ്രാമാ പ്രൊഡ്യൂസർ എന്നു പറഞ്ഞ് ഡ്രാമാ മാത്രം ചെയ്തിരുന്നവർ. 

ശബ്ദത്തിന്റെ പ്രത്യേകതകൊണ്ട് (മാധുര്യമോ മാധുര്യമില്ലായ്മയോ എന്തും) തിരിച്ചറിയുക എന്നു പറയാൻ പറ്റിയതായി ആരെങ്കിലും ഉണ്ടോ? അമ്മയെ ആകർഷിച്ചിട്ടുള്ളവർ ആരെങ്കിലുമുണ്ടോ? 

സതീഷ് ചന്ദ്രന്റെ ശബ്ദം നല്ലതാണ്. നാടകോത്സവത്തിൽ പത്തെണ്ണം കാണും. അതിൽ ഒരു ഹാസ്യനാടകമുണ്ട്. ആ ഹാസ്യനാടകം എഴുതുന്നത് സതീഷ് ആയിരിക്കും. നല്ല തമാശക്കാരനാണ്. 

നെടുമുടി വേണുവിനെക്കുറിച്ച്. അദ്ദേഹം വരാറുണ്ടോ? 

സിനിമയിൽ വരുന്നതിനു മുൻപ് നാടൻപാട്ടൊക്കെ വന്നു പാടുമായിരുന്നു. പാടിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ അതിലൂടെങ്ങാനും പോയാൽ കൈകാട്ടി വിളിക്കും. കൂടെ പാടാൻ. അവർ മൂന്നുപേരേ ഉള്ളൂ. അഞ്ചുപേർ വേണം. അങ്ങനെയെങ്കിൽ നമ്മളതിലെക്കൂടി കടന്നുപോയാൽ പോകുന്നതിന്റെ ഇടയ്ക്ക് എത്തിനോക്കിയാൽ വാ... എന്നു കൈകൊണ്ട്  ആക്‌ഷൻ കാണിക്കും.

ഭരത്ഗോപിയുമായുള്ള നിമിഷങ്ങൾ? 

 

നാടകം, നാടകീയം എന്നേ പറയാവൂ

 

വയലാറിനെ കണ്ടിട്ടില്ലേ? 

വയലാറിനെ മദ്രാസിൽ വച്ചാണു കാണുന്നത്. ഏതോ സിനിമയുടെ ഡബ്ബിങ് ആണ്. ഞാനും കുട്ടികളുടെ അച്ഛനും റൂം എടുത്തു. പരിചയമില്ലാത്ത ഹോട്ടലായിരുന്നു. മാമ്പലത്താണ്. പ്രിയമുള്ള സോഫിയ എന്ന സിനിമയ്ക്കായിരുന്നു. ഞങ്ങൾക്ക് ആരും കൂട്ടില്ല. അല്ലെങ്കിൽ ആരെങ്കിലുമൊക്കെ പരിചയമുള്ളവർ കൂട്ടുണ്ടാകും. ബോറടിച്ച ഒരു യാത്രയായിരുന്നു. അച്ഛന് ഒരു സിനിമ കാണുന്നതോ വേറെവിടെങ്കിലും പോകുന്നതോ ഇഷ്ടമല്ല. ഒരിക്കൽ ഇവിടെനിന്ന് ഏണിപ്പടികൾ എന്ന സിനിമയുടെ ഡബ്ബിങ്ങിനു പോയി. പ്ലെയിനിലാണു പോയത്. ചെന്നപ്പോഴേ കേറിക്കിടന്നു. തോപ്പിൽഭാസി പറഞ്ഞിട്ടു പോയി, ‘ഇപ്പോ വരാം. ഡ്രസ് മാറി നിൽക്കണേ.’

ഞാൻ സമ്മതിച്ചു. നമ്മൾ മദ്രാസിൽനിന്ന് ഇപ്പോ ഇങ്ങോട്ടു വന്നല്ലേയുള്ളൂ. ഇനി എന്തോന്ന് ഡ്രസ് മാറിനിൽക്കാൻ ഇന്നില്ല എന്നദ്ദേഹം. ഞാൻ ചോദിച്ചു, ‘എന്തേ നമ്മൾ മദ്രാസിൽ നിന്നു നടന്നാണോ വന്നത്?’ ഒരു മണിക്കൂറല്ലേ എടുത്തുള്ളൂ. അദ്ദേഹത്തിനു യാത്ര ഇഷ്ടമല്ല. 

പ്രിയമുള്ള സോഫിയയുടെ കുറെ ഭാഗങ്ങൾ എടുത്തു. കുറെ എടുക്കാനുണ്ട്. അവിടെ ചെന്നപ്പോൾ കുറെപേർ അങ്ങോട്ടോട്ടം, ഇങ്ങോട്ടോട്ടം. അച്ഛൻ ചോദിച്ചു 

‘എന്താ?’ വയലാർ വരുന്നു. അച്ഛന്റെ കൂടെ പഠിച്ചതാണു ‘വയലാർ. ‘വയലാർ വരാൻ ഇത്രേം കോലാഹലം വേണോ?’ 

ആ സ്ഥലം ഒരു പ്രത്യേക രീതിയിലാണ്. നേരെ കുറച്ചു സ്ഥലം, പിന്നെ ഒരു പ്ലാറ്റ്ഫോം പോലെ. അവിടുന്ന് മുകളിലത്തെ നിലയിലേക്ക് ആറുപടി. അവിടെയും ഒരു പ്ലാറ്റ്ഫോം. അവിടുന്നു പിന്നെയും പടികൾ. പിന്നെയും കുറച്ചു സ്ഥലം.  അവിടാണ് വയലാർ താമസിക്കുന്നത്. വയലാർ വന്നപ്പോൾ വെള്ളമുണ്ട് ആ പടികളിലെല്ലാം വിരിച്ചു. പൂ കിട്ടിയില്ലെന്നു പറഞ്ഞു. ഇരിക്കാനുള്ള ടൗവലൊക്കെ വച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു, ‘അതൊന്നു കാണണമല്ലോ. വയലാർ വരുന്നതിന് ഇത്രേം ആഘോഷമെന്താണെന്നു നമുക്കൊന്നു നോക്കണമല്ലോ.’ വയലാർ വന്നു മണിയടീം ശബ്ദോം. ഞാൻ എ ത്തിനോക്കിയപ്പോൾ പ്ലാറ്റ്ഫോമിൽ ഒരാൾ സന്യാസി മട്ടിൽ ഇരിക്കുന്നു. ഇടയ്ക്കിടയ്ക്കു കണ്ണു തുറന്നു നോക്കുന്നുമുണ്ട്. ഞാൻ വേഗം വന്നു പറഞ്ഞു. ‘അയ്യോ വയലാർ സന്യാസിമട്ടിൽ ഇരിപ്പുണ്ട്. ഷൂട്ടിങ്ങുണ്ടാകുമോ അയാൾക്ക്.’ 

‘ഷൂട്ടിങ്ങുമില്ല ഒന്നുമില്ല കള്ളൻ’ എന്നു പറഞ്ഞിട്ട് അദ്ദേഹം മുന്നിൽ നിന്നു. വയലാർ ഇടയ്ക്കിടയ്ക്ക് കണ്ണു തുറക്കുമല്ലോ. തുറന്നപ്പോൾ കണ്ടത് കുട്ടികളുടെ അച്ഛനെയാണ്. 

ഹാ.. താനെന്തിനാടോ ഇവിടെ വന്നത്?’

 

‘ഒരു ഡബ്ബിങ് ഉണ്ടായിരുന്നു.’

 

‘ഡബ്ബിങ്ങേ ഉള്ളല്ലോ? പ്രൊഡ്യൂസർമാർ കാശൊന്നും തരാനില്ലല്ലോ.’

 

തൽക്കാലമില്ല. 

‘അയ്യോ സൂക്ഷിക്കണം. ഇവന്മാരെ സൂക്ഷിക്കണം’ എന്നു പറഞ്ഞ് അവിടെനിന്ന് എണീറ്റു. ‘യ്യേ...തനിക്കിങ്ങനെ അബദ്ധം പറ്റിയല്ലോ’ എന്ന് അച്ഛനോട്. അപ്പോ ‘ഞാനല്ല എന്റെ ഭാര്യയാണു ഡബ്ബിങ് ചെയ്യുന്നത്. 

‘എവിടെ’ എന്നു ചോദിച്ചു. അപ്പോ ഞാനും പോയി തല കാണിച്ചു. 

 

‘അപ്പോ സഹോദരി...ഞാനേ...’

 

ഞാനപ്പോൾ ‘ഉം’ എന്നുവച്ചു. 

 

‘ഉം എന്നു വയ്ക്കണ്ട. ഞാൻ ശകലം...ഒരിത്തിരി ശകലം.’

 

ഓ...ഞാനിങ്ങോട്ടു വലിഞ്ഞു. 

 

കുറേ കഴി‍ഞ്ഞപ്പോൾ അതു മാറീട്ടൊന്നുമില്ല, ശകലത്തിൽ നിൽക്കുന്നതേയുള്ളൂ. ഞാൻ പറഞ്ഞു. 

 

‘ശകലം’ എന്നു പറയുന്നതു കേട്ടല്ലോ.

‘ങ്ഹാ,... ശകലം. ‘ദേ ഇവന്റടുത്തു ചോദിച്ചുനോക്കൂ.’

‘ഇവൻ കുടിക്കൂല. കൊള്ളൂല. ഞാനിത്തിരി ഒന്ന് നോക്കി. അത്രേയുള്ളൂ. അവരെനിക്ക് പൈസ തന്നില്ല. അതുകൊണ്ടാ ഞാനിങ്ങനെ സന്യാസി ആയിപ്പോയത്. 

അല്ലാതെ വേറെ നിവൃത്തിയില്ലെന്ന്. പ്രൊഡ്യൂസർ വരുമ്പോൾ കാണട്ടെ. എന്റെ അവസ്ഥ ഇതാണെന്ന്. അങ്ങനെങ്കിലും കാശ് കിട്ടട്ടെ. 

അച്ഛനെക്കുറിച്ച്? 

ചിരിച്ചുകൊണ്ട്... ‘അച്ഛനെക്കുറിച്ച് എന്തോന്നഭിപ്രായം പറയാൻ.’ എന്റെ ജോലിക്കാരനായിട്ട് നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. എടോ...എന്നു വിളിക്കണം. എനിക്കു പേടിയുമുണ്ട്. അദ്ദേഹത്തിനത് ഇഷ്ടവുമല്ല. 

സെർവന്റ് ആണെങ്കിലും ‘ടേയ്... അതിങ്ങ് എടുത്തുകൊണ്ടുവാ’ എന്നു പറഞ്ഞുകൂടാ. 

‘ഒരു പേരു കൊടുത്തിട്ടുണ്ടല്ലോ നാടകത്തില്. രാമൻകുട്ടീ അതിങ്ങോട്ട് എടുത്തോണ്ടു വാ’ എന്നു പറയാമല്ലോ. എന്തിനേ ടേയ്... ടായ് എന്നൊക്കെ വിളിക്കുന്നു? 

ഇഷ്ടമല്ലത്. പിന്നെ ഒരക്ഷരം െതറ്റിയാൽ ആ ആണ്ട് പോയതുതന്നെ. അതു തിരുത്തിയിട്ടേ ഉള്ളൂ ബാക്കി. എനിക്കു തെറ്റാറില്ല.  

ഇത്രേം കർക്കശക്കാരനായ ഒരാൾ എങ്ങനാണ് ബാലലോകം പരിപാടിയൊക്കെ ചെയ്യുന്നത്? 

കുട്ടികളെ പണ്ടേ വളരെ ഇഷ്ടമാണ്. വീരൻ (വീരരാഘവൻ നായർ) പിണങ്ങിപ്പോയി. ബാലലോകം ചെയ്തിരുന്നതു വീരനായിരുന്നു. അതു കഴിഞ്ഞാണ് അച്ഛനത് ഏറ്റെടുക്കുന്നത്. കുട്ടികൾ തെറ്റു പറഞ്ഞു പഠിക്കരുത് എന്ന് അച്ഛനു നിർബന്ധമുണ്ടായിരുന്നു. കുട്ടികൾ വ്യക്തമായും കൃത്യമായും വേണം സംസാരിക്കാൻ. മഹോപാധ്യായ ആണ്. ഒരു തെറ്റു വന്നാൽ കൊന്നുകളയും. അ ത്ര കണിശക്കാരൻ.

മലയാളഭാഷയ്ക്ക് ആകാശവാണിയുടെ ഒരു സംഭാവന എന്തായിരുന്നു? ഭാഷയെ ശുദ്ധിയുള്ളതാക്കിയതാണോ? 

ആകാശവാണിയുടെ ഏറ്റവും വലിയ സംഭാവന മലയാള ഭാഷ വ്യക്തമായും കൃത്യമായും ഉച്ചരിക്കാൻ ശീലിപ്പിച്ചു എന്നുള്ളതായിരുന്നു. ഏതു പരിപാടിയിലൂടെയാണെങ്കിലും. നാടകത്തിൽ ചിലപ്പോൾ ശബ്ദം മാറുമായിരിക്കും. പക്ഷേ, ഉച്ചാരണശുദ്ധി കൃത്യമായിരിക്കും. 

അതെങ്ങനെ സാധിച്ചു?

എല്ലാവരും സ്വയം മനസ്സിലാക്കി ചെയ്യുകയായിരുന്നു. പറഞ്ഞുകൊടുക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. 

എങ്ങനെയാണ് അടൂരുമായുള്ള ബന്ധം?

ഒരു അമച്വർ നാടകസമിതി ഇവിടെ ഉണ്ടായിരുന്നു. ഗോപിയും വൈക്കം മണിസാറും കൂടി തുടങ്ങിയത്. അവർ എല്ലാ മാസവും നാടകം അവതരിപ്പിക്കും. ഇവരെയൊക്കെ അസിസ്റ്റ് ചെയ്യാൻ അടൂർ പോകുമായിരുന്നു. സ്റ്റേജിന്റെ പിന്നിൽനിന്നുള്ള ചില അറേഞ്ച്മെന്റ്സ് ചെയ്തുകൊടുക്കുക. അങ്ങനെ അച്ഛനെ പണ്ടേ പരിചയമാണ്. അച്ഛൻ 1982 ലെ ഫെബ്രുവരിയിൽ റിട്ടയർ ചെയ്തു. അതിനു മുൻപ് അടൂര് വന്നിട്ട് ഒരു പടത്തിന്റെ സംഗതി മനസ്സിലുണ്ട് എന്നു പറഞ്ഞു. അച്ഛൻ പറഞ്ഞു. ‘82 ഫെബ്രുവരിക്കുശേഷം ഗോപാലകൃഷ്ണൻ വാ. അതുവരെ ഞാനില്ല.’ അച്ഛൻ റിട്ടയർ ചെയ്തതിന്റെ കൃത്യം മൂന്നു ദിവസം കഴിഞ്ഞപ്പോൾ അടൂരിന്റെ ഫിയറ്റ് കാർ വീട്ടിൽ വന്നു. ഇനി ഞാൻ വിടില്ല എന്നു പറഞ്ഞു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. 

എൻ. കൃഷ്ണപിള്ള സാർ വരാറുണ്ടായിരുന്നോ? 

അച്ഛന്റെ അധ്യാപകനായിരുന്നു. വിദ്യാഭ്യാസ പരിപാടിയിൽ പ്രഭാഷണങ്ങൾ എഴുതിക്കൊണ്ടുവന്നു വായിക്കും. സാറിന്റെ നാടകങ്ങൾ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 

കൊട്ടാരത്തിൽ നാടകം അവതരിപ്പിച്ചിരുന്നതിന്റെ അനുഭവം? 

കൊട്ടാരത്തിൽ നാടകം അഭിനയിക്കുന്നത് അമ്മ മഹാറാണിയുടെ പിറന്നാളിനാണ്. മഹാരാജാവിന്റെ പിറന്നാളിന് വി ജെടി ഹാളിലാണ്. കൊട്ടാരത്തിൽ ഹാളും തിയറ്ററുമൊക്കെയുണ്ട്. നാടകമൊക്കെ കഴിഞ്ഞാൽ ഞങ്ങൾ ആ വേഷത്തോടുകൂടി ചെയ്തത് എങ്ങനുണ്ടായിരുന്നു എന്നറിയാൻവേണ്ടി ഇറങ്ങിവരും. മഹാരാജാവായിരിക്കും മുൻപിൽ. തൊട്ടു പിന്നിൽ കാർത്തിക തിരുനാൾ അമ്മ, പിന്നെ പലരും കാണും. നേരെ മുൻപേ നിന്നിട്ടു പറയും, ‘ഞാൻ കണ്ടിട്ടുണ്ട്, ഇതിലും മുൻപേ. വളരെ നന്നായിരുന്നു.’

പുടവ കൊണ്ടുവന്നു തരും. വലിയ കസവുള്ളത്. കയ്യിൽ വാങ്ങിച്ചുകൂടാ. അതിനൊരു ചിട്ടയുണ്ട്. സാരി മടക്കി അതിലേക്കേ വാങ്ങാവൂ. അതിലിട്ടു തരും. അങ്ങനെ പുറകോട്ടു പുറകോട്ടു നടന്നു പോണം. അവിടെ നിന്നു പറയും. ‘നാടകം നന്നായിരുന്നു. രാധാമണിയുെട റോള് നന്നായിരുന്നു.’ എത്ര മോശമായാലും പറയും. 

അദ്ദേഹത്തിന് എന്ത് വിനയമാണെന്നറിയാമോ? തൊഴുതു നിൽക്കുന്നില്ല എന്നേയുള്ളൂ.

റേഡിയോയിൽനിന്നു പഠിച്ചതെന്ത്? 

റേഡിയോയിൽ പോയി പേരും പ്രശസ്തിയുമൊക്കെ ആയപ്പോൾ എന്റെ വണ്ണത്തെയൊക്കെ ആളുകൾ കളിയാക്കിപ്പറയും. ഞാനെന്തെങ്കിലുമൊക്കെ തിരിച്ചു പറയും. ചില മുക്കലും മൂളലുമൊക്കെ നടത്തും. 

‘റേഡിയോയിൽ ചെന്നു കയറിയപ്പോൾ പഠിച്ചതാണ് ഈ മുക്കലും മൂളലും,’ ചിലർ പറഞ്ഞു. അവിടുന്നു കിട്ടിയതല്ല, ഞങ്ങൾ അവിടെ കൊണ്ടുപോയി കൊടുത്തതാണ് ഈ മുക്കലും മൂളലുമൊക്കെ. 

റിട്ടയർ ചെയ്തപ്പോൾ വലിയ യാത്രയയപ്പു തന്നു കരഞ്ഞവരുണ്ട്. എനിക്കു സങ്കടമൊന്നുമില്ല. പോകാൻ തുടങ്ങുമ്പോൾ ശ്രീകണ്ഠൻ നായർ പറഞ്ഞു, ‘ചേച്ചീ, നാളെ രാവിലെ 9.30 നു വരണം. തുടർനാടകത്തിന്റെ റിക്കോർഡിങ് ഉണ്ട്.’ ഞാൻ കര‍ഞ്ഞില്ല. 

തുടർനാടകം അവസാനിക്കുന്നില്ലല്ലോ.