സ്വപ്നങ്ങളുണ്ടായിരിക്കുക പ്രധാനമാണെങ്കിലും സ്വപ്നങ്ങളെ പിന്തുടരാൻ പ്രദർശിപ്പിക്കുന്ന ഇഛാശക്തിയാണ് അതിലും പ്രാധാന്യമേറിയത്. ഇത്തവണ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ സ്വപ്നങ്ങളെ പിന്തുടർന്ന, പരാജയപ്പെടാൻ തയാറാകാത്ത ഒരുകൂട്ടം പെൺകുട്ടികളുമുണ്ട്.
തെരുവിൽ റൊട്ടി വിറ്റ് ഉപജീവനമാർഗം കണ്ടെത്തിയ അമ്മയുടെ മകൾ മുതൽ പ്രത്യേക സുരക്ഷാ സേനാ അംഗത്തിന്റെ മകൾ വരെയുള്ളവർ. ആദ്യ 25 സ്ഥാനക്കാരിൽ ഇത്തവണ എത്തിയത് എട്ടു പെൺകുട്ടികൾ. വലിയൊരു മാറ്റം. ഇന്ത്യൻ ഭരണവ്യവസ്ഥയുടെ ഉയരങ്ങളിലേക്ക് വനിതകൾ കൂടുതലായി കടന്നുവരുന്നതിന്റെ തെളിവ്.
നാലു വയസ്സുള്ള കുട്ടിയുടെ അമ്മയാണ് രണ്ടാം റാങ്കുകാരി. ലണ്ടനിൽനിന്നു ലഭിച്ച അതിസമ്പന്നമായ ജോലിവാഗ്ദാനം നിരസിച്ച് യുപിഎസ്‍സി പരീക്ഷക്കു ശ്രമിച്ച ബാങ്കുദ്യോഗസ്ഥയുമുണ്ട് കൂട്ടത്തിൽ. ഈ വനിതകളിൽ ഓരോരുത്തരുടെ കഥകളിൽനിന്നും പഠിക്കാനേറെയുണ്ട്. പകർത്താനും. പ്രതിബന്ധങ്ങൾ തടസ്സമല്ലെന്നും മുന്നോട്ടുള്ള യാത്രയിലെ ഊർജമാണെന്നും തെളിയിച്ച വനിതാ ശക്തിയുടെ കഥകളിലേക്ക്.
1.അനുകുമാരി ( റാങ്ക് 2 )
ഇത്തവണ യുപിഎസ്‍സി ഫലം വന്നപ്പോൾ മാധ്യമപ്രവർത്തകർ ആദ്യം തേടിയത് ഒരു ഹരിയാനക്കാരിയെ. നാലുവയസ്സുകാരൻ വിയാന്റെ അമ്മയെ. അനുകുമാരിയുടെ കഥ എത്രതവണ പറഞ്ഞിട്ടും മതിയാകുന്നില്ല ഇപ്പോഴും ദേശീയമാധ്യമങ്ങൾക്ക്. മകനെ അമ്മയുടെ സംരക്ഷണയിലാക്കി അമ്മായിയുടെ വീട്ടിൽനിന്നായിരുന്നു അനുവിന്റെ പഠനവും പരിശീലവും. മകനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന മറന്ന് കഠിനമായ പഠനം. ഒടുവിൽ ഫലം പ്രഖ്യാപിച്ചപ്പോൾ കരച്ചിൽ മാറി ചിരിയായി അനുവിന്റെ മുഖത്ത്; മകന്റെ മുഖത്തും.
2. സൗമ്യ ശർമ ( റാങ്ക് 9 )
കേന്ദ്രപരീക്ഷയിൽ ആദ്യപത്തിൽ. അതും ആദ്യ ശ്രമത്തിൽ. നാലുമാസം മാത്രമാണ് സൗമ്യ അവിശ്വസനീയ നേട്ടത്തിലേക്ക് എത്താൻ ചെലവിട്ടത്. നിയമവിദ്യാർഥിനിയായ ഈ പെൺകുട്ടി മെയിൻ പരീക്ഷയെഴുതുമ്പോൾ കടുത്ത പനിയുടെ പിടിയിലായിരുന്നു. ഉച്ചഭക്ഷണത്തിന്റെ സമയത്ത് ഉൾപ്പെടെ ദിവസേന മൂന്നു ഡ്രിപ്പുകൾ എടുത്താണ് പരീക്ഷാഹാളിൽ എത്തിയതുതന്നെ. പരീക്ഷാക്കാലത്ത് ആരോഗ്യം മോശമായിരുന്നെങ്കിലും ഡോക്ടർമാരായ മാതാപിതാക്കൾ ശ്രദ്ധയും പരിചരണവുമായി അടുത്തുതന്നെയുണ്ടായിരുന്നു. സ്വപ്നനേട്ടത്തിലേക്കുള്ള വഴിയിൽ പനിയേയും കീഴടക്കി അവസാനകടമ്പയും കടന്നു സൗമ്യ എന്ന മിടുക്കി.
3. അഷിമ മിത്തൽ (റാങ്ക് 12)
അധ്യാപനമാണ് അഷിമയുടെ ഇഷ്ടമേഖല. വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങളിലൂടെ രാജ്യത്തു മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് വിശ്വാസവും. നാഗ്പൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ട്രെയിനി ആയി ജോലി ചെയ്യുന്ന അഷിമ പരീക്ഷയ്ക്കുള്ള പഠനത്തിനിടെ പിന്നാക്കമേഖലയിലെ കുട്ടികളെ പഠിപ്പിക്കാനും സമയം കണ്ടെത്തി. വിദ്യാഭ്യാസ രംഗത്ത് ഉന്നതനേട്ടങ്ങൾ സ്വന്തമാക്കിയവരാണു മാതാപിതാക്കൾ എന്നതും അഷിമയ്ക്ക് അനുഗ്രഹമായി.
4. ഡോ.നേഹ ജെയിൻ (റാങ്ക് 14 )
ഡെന്റിസ്റ്റായി ജോലി ചെയ്യുന്ന നേഹ ഒരു ബഹുമുഖ പ്രതിഭ കൂടിയാണ്. നല്ലൊരു വായനക്കാരി. ദേശീയ തലത്തിൽ അംഗീകാരം നേടിയ ജിംനാസ്റ്റിക് താരം. ഭരതനാട്യം നർത്തകി. ഏറ്റവുമൊടുവിലായി ഈ വർഷത്തെ സിവിൽ സർവീസ് ജേതാക്കളുടെ പട്ടികയിലും നേഹയുടെ പേരുണ്ട്. പഠനകാലത്തുടനീളം ശരാശരി വിദ്യാർഥി മാത്രമായിരുന്ന നേഹ ജീവിതത്തിലെ ഉയർച്ചയ്ക്കു കടപ്പെട്ടിരിക്കുന്നത് അമ്മയോട്. അക്കാദമിക് രംഗത്തെ നേട്ടങ്ങളേക്കാളേറെ ഹോബികൾ വളർത്തിയെടുക്കാനും പിന്തുടരാനുമാണ് ശ്രമിക്കേണ്ടതെന്ന് നേഹയെ പഠിപ്പിച്ചത് അമ്മ. അവസാന അഭിമുഖത്തിൽ തനിക്കു നേട്ടമായത് ജിംനാസ്റ്റിക്സിലും ഭരതനാട്യത്തിലുമുള്ള താൽപര്യമാണെന്നും നേഹ സമ്മതിക്കുന്നു.
5.ശിവാനി ഗോയൽ (റാങ്ക് 15 )
ഡൽഹി ശ്രീറാം കോളജിൽനിന്ന് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവാനിയെ സിവിൽസർവീസ് വരെയെത്തിച്ചത് നാഷനൽ സ്റ്റോക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച പിതാവ്. പഠനത്തിൽ എല്ലാ ക്ലാസുകളിലും മുൻപന്തിയിലായിരുന്നു എന്നും ശിവാനി. ബിരുദം കഴിഞ്ഞ് ഒരു വർഷം കൂടി കാത്തിരുന്നതിനുശേഷമാണ് ശിവാനിക്ക് കേന്ദ്ര പരീക്ഷയെഴുതാൻ കഴിഞ്ഞത്. യുപിഎസ്‍സി നിബന്ധനയ്ക്കനുസരിച്ചുള്ള പ്രായം തികയാത്തതുകൊണ്ടാണ് ഒരുവർഷം കാത്തിരുന്ന് പരീക്ഷയെഴുതിയതും 15–ാം സ്ഥാനത്ത് എത്തിയതും. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർക്കണമെന്ന ആഗ്രഹമുണ്ട് ശിവാനിക്ക്. പുരോഗതിയിലേക്കുള്ള വഴി വിദ്യഭ്യാസത്തിലൂടെയാണെന്നും ശിവാനി ഉറച്ചുവിശ്വസിക്കുന്നു.
6.ശിഖ സുരേന്ദ്രൻ (റാങ്ക് 16)
രാജ്യത്തെ ഉന്നതപരീക്ഷയിൽ കേരളത്തിൽനിന്ന് ആദ്യസ്ഥാനത്ത് എത്തിയ ശിഖ എറണാകുളത്തെ ഒരു ചെറിയ ഗ്രാമത്തിൽനിന്നുമാണ് വരുന്നത്. ദാരിദ്ര്യത്തിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും കരകയറാനുള്ള ഏകമാർഗം വിദ്യാഭ്യാസം മാത്രമാണെന്നു വിശ്വസിച്ച അച്ഛനാണ് ശിഖയുടെ കരുത്ത്. സിവിൽ സർവീസ് പരീശീലനത്തിനു ഡൽഹിയിൽ പോയെങ്കിലും കാലാവസ്ഥയോടും വീട്ടിൽനിന്നു മാറിനിൽക്കുന്നതിനോടും പൊരുത്തപ്പെടാനാകാത്തതിനാൽ ഗ്രാമത്തിലേക്കു തന്നെ മടങ്ങിവരേണ്ടിവന്നു ശിഖയ്ക്ക്. ഇന്റർനെറ്റിൽനിന്നുമാണ് പഠനത്തിനുള്ള പുസ്തകങ്ങളും രേഖകളുമൊക്കെ തപ്പിയെടുത്തത്. പദവിയിൽ എത്തുന്നതോടെ സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ശിഖയുടെ പദ്ധതി.
7. അഭിലാഷ അഭിനവ് (റാങ്ക് 18 )
ലണ്ടനിൽ മികച്ച ശമ്പളത്തിൽ ലഭിച്ച ജോലി വാഗ്ദാനം നിരസിച്ചാണ് അഭിലാഷ യുപിഎസ്‍സി പരീക്ഷയ്ക്കു പഠിക്കുന്നതും ഇന്ത്യയുടെ ഭരണ വ്യവസ്ഥയുടെ ചരിത്രത്തിൽ തന്റെ കയ്യൊപ്പ് ചാർത്താൻ ഒരുങ്ങുന്നതും. തുടക്കത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി. പിന്നീടു പൊതുമേഖലാ ബാങ്കിലേക്കു മാറി. അക്കാലത്താണ് ഉന്നതപരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങുന്നത്. ഐപിഎസിൽ നിന്നു വിരമിച്ചയാളാണ് അഭിലാഷയുടെ പിതാവ്.
ആദ്യപരിശ്രമത്തിൽ ഇന്ത്യൻ റവന്യൂ സർവീസാണ് ലഭിച്ചത്. തളരാതെ പഠിച്ച അഭിലാഷ രണ്ടാം ശ്രമത്തിൽ ഐഎഎസ് തന്നെ നേടി. ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കാൻ ഒരു ബന്ധു പ്രേരിപ്പിച്ചപ്പോഴാണ് ഒരിക്കൽ താനും ഐഎഎസ് നേടുമെന്ന് അഭിലാഷ അമ്മയ്ക്കു വാക്കുകൊടുക്കുന്നതും ഈ വർഷം വാക്ക് പാലിക്കുന്നതും.
8. തപസ്യ പരിഹാർ ( റാങ്ക് 23 )
മധ്യപ്രദേശിൽനിന്നുള്ള തപസ്യ രണ്ടാമത്തെ പരിശ്രമത്തിലാണ് ഐഎഎസ് എന്ന കടമ്പ കടന്നുകൂടുന്നത്. കാർഷിക പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നുവരുന്ന തപസ്യയിൽ ഐഎഎസ് മോഹം മുളപ്പിക്കുന്നത് സാമൂഹിക പ്രവർത്തകനായ ഒരു അമ്മാവൻ.
നിയമപഠനത്തിനിടെയാണ് ഐഎഎസ് മോഹം മനസ്സിൽ കടന്നുകൂടുന്നതും ഉന്നതവിജയത്തിനുവേണ്ടി പരിശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നതും. ക്യാംപസ് റിക്രൂട്മെന്റിൽ മികച്ച ജോലി വാഗ്ദാനം ലഭിച്ചെങ്കിലും നിരസിച്ച് ഡൽഹിയിൽ പോയി യുപിഎസ്‍സി പരീക്ഷയ്ക്കുവേണ്ടി തയാറെടുത്തു തപസ്യ. പരിശ്രമം ഇപ്പോൾ ഫലം കണ്ടിരിക്കുന്നു. ആദ്യ 25–പേരിൽ ഒരാൾ. ചെറുതല്ലാത്ത നേട്ടം.