ആലപ്പുഴയിൽനിന്നു ജില്ലാ കലക്ടർ ടി.വി.അനുപമ സ്ഥലം മാറിപ്പോകുകയാണ്; അപരിചിതമായ സ്ഥലത്തേക്കു തല കുനിച്ചല്ല, സുപരിചിതമായ സ്ഥലത്തേക്ക് തല ഉയർത്തിത്തന്നെ. മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനു മുന്നിൽ വയൽ നികത്തി നിർമിച്ച അപ്രോച്ച് റോഡും പാർക്കിങ് സ്ഥലവും പൊളിക്കണമെന്ന നോട്ടീസിൽ ഒപ്പു വച്ചതിനുശേഷമാണ് അനുപമയുടെ സ്ഥലംമാറ്റം.
നേരത്തെ വയൽനികത്തൽ ആരോപിച്ചു കലക്ടർ നൽകിയ രണ്ടു നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെറ്റായ സർവേ നമ്പർ ചേർത്തതാണു കാരണം. ഇതിനു കലക്ടറെ വാദത്തിനിടെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. പിന്നീടു നോട്ടീസ് തിരുത്തി നൽകിയ കലക്ടർ പിഴവുകളില്ലാതെ പുതിയൊരു ഉത്തരവു കൂടി നൽകി തന്നെ ഏൽപിച്ച ജോലി ഭംഗിയായി പൂർത്തിയാക്കി പൂരത്തിന്റെ നാട്ടിലേക്കു പോകുന്നു.
വെറുമൊരു യാത്രയല്ല; മടക്കയാത്ര എന്നുതന്നെ പറയാം. 2002–ൽ പൊന്നാനി വിജയമാതാ കോൺവന്റ് ഹൈസ്കൂളിൽനിന്നു പത്താം ക്ലാസിൽ 13–ാം റാങ്ക് നേടി അനുപമ തൃശൂരിൽ എത്തിയിരുന്നു. ഹയർ സെക്കൻഡറി പഠനത്തിനായി. സെന്റ് ക്ലെയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പ്ലസ് ടു വിദ്യാർഥിനിയായി പഠിച്ച അനുപമ വിജയിച്ചതു മൂന്നാം റാങ്കോടു കൂടി. 2009–ൽ സിവിൽ സർവീസിൽ നാലാം റാങ്കും നേടിയ അനുപമ സമർഥയായ ഉദ്യോഗസ്ഥയെന്നും കഴിവുറ്റ ജില്ലാ ഭരണാധികാരിയെന്നും പേരു നേടിയാണ് ഇപ്പോൾ തൃശൂരിലേക്ക് മടങ്ങുന്നത്. അവിടെ പുതിയ കലക്ടറെ കാത്തിരിക്കുന്നതാകട്ടെ വലിയൊരു ‘പെൺപട’.
തൃശൂരിന്റെ സബ് കലക്ടറും വനിതയാണ്– രേണു രാജ്. എംബിബിഎസ് ബിരുദധാരിയായ ഡോ. രേണുരാജ് 2015ൽ രണ്ടാം റാങ്കോടെയാണ് സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. കോട്ടയം ജില്ലയിൽ ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം.കെ. രാജശേഖരൻ നായരുടെയും വി.എൻ. ലതയുടെയും മകളാണ്.
ഐഎഎസ് പ്രൊബേഷണർമാരുടെ ജില്ലാ പരിശീലനത്തിൽ അന്ന് അസി. കലക്ടറായിരുന്ന ഡോ. രേണു രാജിനു ദേശീയതലത്തിൽ ഒന്നാം റാങ്കും ലഭിച്ചിരുന്നു. രേണുരാജ് വർഷങ്ങളോളം കോട്ടയം ജില്ലാ സ്കൂൾ യുവജനോത്സവ വേദിയിൽ തിളങ്ങിയ താരമാണ്.ചങ്ങനാശേരി സെന്റ് തെരേസാസ് സ്കൂളിലെ താരമായിരുന്ന രേണുരാജ് നൃത്തത്തിനു പുറമെ പ്രസംഗത്തിലും വിജയിച്ചിട്ടുണ്ട്. ഇനി അനുപമയ്ക്കൊപ്പം രേണു രാജും കൂടി ചേരുന്നതോടെ തൃശൂരിന്റെ ജില്ലാ ഭരണനേതൃത്വത്തിൽ വനിതകളുടെ അധിപത്യം.
തൃശൂർ കോർപറേഷന്റെ തലപ്പത്തും രണ്ടു വനിതകൾ തന്നെയാണ്. മേയർ അജിതാ ജയരാജനും ഡപ്യൂട്ടി മേയർ ബീന മുരളിയും. നീണ്ട 33 വർഷത്തെ ആതുരസേവനം. പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ സന്നദ്ധ പ്രവർത്തക. വീട്ടമ്മ, അമ്മ, അമ്മൂമ്മ പദവികളുടെ ഉത്തരവാദിത്തങ്ങൾ. ഇടവേളകളും വിശ്രമമില്ലാത്ത സേവനസന്നദ്ധതയ്ക്ക് ഉടമയാണ് ഇപ്പോൾ മേയർ കസേരയിൽ ഇരിക്കുന്ന അജിത.
സാംസ്കാരികനഗരത്തിന്റെ ‘നഗരമാതാവ്’. തൃശൂരിന്റെ ആറാമത്തെ മേയറും രണ്ടാമത്തെ വനിതാ മേയറുമാണ് അവർ. കൗൺസിലർ അകാൻ ആഗ്രഹിച്ച അജിതയ്ത്ത് അപ്രതീക്ഷിതമായാണ് മേയർ പദവി ലഭിക്കുന്നത്. അതാകട്ടെ അർഹതയ്ക്കുള്ള അംഗീകാരവും. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് മൂത്തകുന്ന് സ്വദേശിയായ അജിത തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ ജയരാജനെ വിവാഹം ചെയ്ത് 1977 ൽ തൃശൂരിന്റെ മരുമകളായെത്തുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിത തന്നെ–മേരി തോമസ്. കഴിഞ്ഞവർഷം ഡിസംബറിലാണ് സിപിഎം പ്രതിനിധിയായി മേരി ചുമതല ഏറ്റെടുക്കുന്നത്. ഇവിടംകൊണ്ടു തീർന്നിട്ടില്ല തൃശൂരിന്റെ പെൺപെരുമ. പൊലീസ് അക്കാദമി ഡയറക്ടർ സ്ഥാനത്ത് എഡിജിപി ബി.സന്ധ്യ. ഒന്നിലേറെ നഗരസഭകളിലും പഞ്ചായത്തുകളും നേതൃനിരയിലും സ്ത്രീകളുണ്ട്. ലോകപ്രശസ്തമായ പൂരത്തിന്റെ നാട്ടിൽ ഇനി പെൺപൂരം.