കോഹ്‌ലിയോ രോഹിത്തോ അല്ല ആ നേട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത് മിതാലി

മിതാലി രാജ്.

വിപ്ലവം ഒരിക്കൽക്കൂടി റഷ്യയെ കീഴടക്കുകയാണ്. ഇത്തവണ റഷ്യയെ മാത്രമല്ല ലോകത്തെയാകെത്തന്നെ. കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല, ഫുട്ബോൾ വിപ്ലവം. ലോകകപ്പ് ഫുട്ബോളിനു പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ക്രിക്കറ്റിൽനിന്നുള്ള രണ്ടു രണ്ടു ശ്രദ്ധേയ വാർത്തകളെത്തി. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലെ മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരമായി വിരാട് കോഹ്‍ലിയെ  തിരഞ്ഞെടുത്തതാണ് ഒരു വാർത്ത. ടെസ്റ്റ്, ഏകദിന ക്രിക്കറ്റുകളിലെ സമാനതകളില്ലാത്ത നേട്ടത്തിന്റെ പേരിലാണ് കോഹ്‍ലി ഒരിക്കൽക്കൂടി ഇന്ത്യൻ ക്രിക്കറ്റിലെ മഹാൻമാരായ ക്രിക്കറ്റർമാരുടെ തൊപ്പി അണിയുന്നത്. 

ഒരാൾക്കും അത്ഭുതമോ അവിശ്വാസമോ തോന്നാത്ത വാർത്ത. സ്വഭാവികവും വിശ്വസനീയവും. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നിൽനിന്നു നയിക്കുക മാത്രമല്ല, റെക്കോർഡുകൾ ഒന്നൊന്നായി കൈപ്പിടിയിൽ ഒതുക്കുക കൂടിയാണു കോലി. ബാറ്റു കൊണ്ടു നേടാവുന്ന മിക്ക റെക്കോർഡുകളും അദ്ദേഹം കീഴടക്കിക്കഴിഞ്ഞു. ഒന്നാമൻ തന്നെ. ബാറ്റ്സ്മാൻ എന്ന നിലയിൽ ഏതെങ്കിലും രംഗത്ത് കോലി ഒന്നാമതല്ലാതാകുന്നുണ്ടോ എന്നു ചോദിച്ചാൽ ആരാധകരും ഒന്നു സംശയിക്കും. ഇല്ല, കോഹ്‌ലി രണ്ടാമതല്ല എവിടെയും ഒന്നാമതുതന്നെ എന്നായിരിക്കും അവരുടെ മറുപടി. 

പക്ഷേ, ഇനി അങ്ങനെയങ്ങു പറഞ്ഞുപോകാൻ പറ്റില്ല. രാജ്യാന്തര ട്വന്റി 20 മൽസരങ്ങളിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം വിരാട് കോലി അല്ല. രോഹിത് ശർമയും ധോണിയുമല്ല. അതൊരു വനിതയാണ്. ക്രിക്കറ്റിൽ പുരുഷതാരങ്ങൾക്കു ലഭിക്കുന്ന അതേ പ്രതിഫലം വനിതാ താരങ്ങൾക്കും ലഭിക്കണം എന്നാവശ്യപ്പെട്ട, വിമർശനങ്ങളെ ബാറ്റ് കൊണ്ട് ബൗണ്ടറി കടത്തുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപണർ മിതാലി രാജ്. മലേഷ്യയിൽ നടക്കുന്ന ട്വന്റി 20 ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മൽസരത്തിൽ 2000 റൺസ് കടന്നു കുതിക്കുകയാണു മിതാലി. 75 കളികളിൽനിന്ന് 2015 റൺസാണ് ഈ വനിതാ താരത്തിന്റെ സമ്പാദ്യം. ലങ്കയ്ക്കെതിരെ ഇന്ത്യ ഏഴുവിക്കറ്റ് വിജയം സ്വന്തമാക്കിയ കളിയിൽ 23 റൺസ് നേടിയപ്പോഴാണ് മിതാലി നേട്ടം പിന്നിട്ടത്. 

1983 റൺസാണ് ട്വന്റി 20 ക്രിക്കറ്റിൽ കോഹ്‍ലി നേടിയത്. 1852 റൺസ് നേടിയിട്ടുണ്ട് രോഹിത് ശർമ. ഇവരോ പുതിയ താരങ്ങളോ ഇനിയും റെക്കോർഡുകൾ ഭേദിച്ചേക്കാം. പക്ഷേ, അപ്പോഴും മങ്ങാതെ മായാതെ നിൽക്കും ട്വന്റി 20 യിൽ ആദ്യമായി 2000 റൺസ് നേടിയ താരമെന്ന നിലയിൽ മിതാലി രാജിന്റെ അപൂർവനേട്ടം. ക്രിക്കറ്റ് ആരാധകർക്കൊപ്പം സാധാരണക്കാരും അഭിനന്ദനങ്ങൾ ചൊരിയുകയാണ് മിതാലിയിൽ. അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ സമൂഹ മാധ്യമങ്ങളിലെ മിതാലിയെ തേടുന്നു. 

വർഷങ്ങളായി ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഏറ്റവും സുന്ദര രൂപങ്ങളിലൊന്നാണു മിതാലി രാജ്. എല്ലാ ഫോർമാറ്റുകളിലും രാജ്യത്തിനുവേണ്ടി സ്ഥിരതയോടെ റൺസ് കണ്ടെത്തുന്ന താരം. ലോകത്താകെ നോക്കിയാൽ 2000 റൺസ് എന്ന നഴികക്കല്ലു പിന്നിടുന്ന ഏഴാമത്തെ താരമാണു മിതാലി. ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്സ് ആണു മുന്നിൽ – 2605 റൺസ്. 

മിതാലി..നിങ്ങളെക്കുറിച്ചു രാജ്യം അഭിമാനിക്കുന്നു....

വാർത്തയറിഞ്ഞയുടൻ മുൻ‌ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അനിൽ കുംബ്ലൈ ട്വിറ്ററിൽ കുറിച്ചു. 

മിതാലി രാജ് എന്നതൊരു പേരു മാത്രമല്ല. ഒരു ക്രിക്കറ്റ് രാജ്യത്തിന്റെ തന്നെ പേരാണ് എന്നാണ് ഒരു ആരാധകൻ എഴുതിയത്. 

വനിതാ ഏകദിന ക്രിക്കറ്റ് താരങ്ങളിൽ ആദ്യമായി 6000 റൺസ് എന്ന കടമ്പ പിന്നിട്ടതും മിതാലി തന്നെ. തുടർച്ചയായി ഏഴ് അർധസെഞ്ച്വറികൾ നേടിയ മറ്റൊരു താരവും ഇന്നു വനിതാ ക്രിക്കറ്റിലില്ല. ഇനിയെങ്കിലും ക്രിക്കറ്റ് എന്നു കേൾക്കുമ്പോൾ കോഹ്‍ലിയുടെയോ ധോണിയുടെയോ രൂപം മാത്രമല്ല ആരാധകരുടെ മനസ്സിൽ വരുന്നത്. മിതാലിയുമുണ്ടാകും. നേട്ടങ്ങൾ ഒന്നൊന്നായി സ്വന്തമാക്കുന്ന വനിതാ താരങ്ങൾ പിന്നാലെയും.