അപ്സ്കർട്ടിങ് ഇര ജിന പറയുന്നു; നിയമം മാറും വരെ പോരാട്ടം തുടരും

പ്രതീകാത്മക ചിത്രം.

ജിന മാര്‍ട്ടിനെ പോരാളിയാക്കിയത് പൊതുസ്ഥലത്തുവച്ചു നടന്ന സംഭവം. ഇംഗ്ലണ്ടില്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ലെങ്കിലും സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അങ്ങേയറ്റം അപമാനകരവുമായ സംഭവം. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രം ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുക.

അപ്സ്കര്‍ട്ടിങ്. മൊബൈല്‍ ഫോണ്‍ കാലുകള്‍ക്കടിയിലേക്കു നീട്ടിവച്ചും ഷൂസില്‍ ഘടിപ്പിച്ച ക്യമറ ഉപയോഗിച്ചുമൊക്കെയായിരിക്കും ഇത്തരം ചിത്രങ്ങളെടുക്കുന്നത്. അശ്ലീല വെബ്സൈറ്റുകളിള്‍ ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യുന്നരുണ്ട്. സുഹൃദ്സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചും ആവര്‍ത്തിച്ചു കണ്ടും ദുരുപയോഗിക്കുന്നവരുണ്ട്. ഇറക്കം കുറഞ്ഞ സ്കര്‍ട്ട് ധരിക്കുന്നവരാണ് ഇത്തരക്കാരുടെ ഇരകള്‍. സ്കോട്ടലന്‍ഡില്‍ ഇങ്ങനെ ചിത്രങ്ങളെടുക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകകൃത്യമാക്കാന്‍ നീണ്ട പോരാട്ടം തന്നെ നടത്തേണ്ടിവന്നു ജിന മാർട്ടിന്. 

അപ്സ്കര്‍ടിങ് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു എംപി എതിര്‍ത്തു. സ്കർട്ട് മാറ്റി ചിത്രമെടുക്കുന്നത് കുറ്റകൃത്യമാക്കാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മറ്റ് എംപിമാര്‍ ഷെയിം വിളിച്ച് ആരവമുണ്ടാക്കുന്നതിനിടെയായിരുന്നു എംപി യുടെ വിചിത്രമായ വാദമുഖങ്ങള്‍. 

അപ്സ്കർട്ടിങ്ങിന്റെ ഇരയായി അപമാനിക്കപ്പെടുകുയും ഇംഗ്ലണ്ടിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പോരാട്ടം ഏറ്റെടുക്കുകയും ചെയ്ത ജിന മാര്‍ട്ടിന്റെ സമരത്തിന്റെ നാള്‍വഴികളിലേക്ക്.  

ഞാനുമൊരു ഇരയാണ് - അപ്സ്കർട്ടിങ്ങിന്റെ. അതും പൊതുസ്ഥലത്തുവച്ച്. ജിന മാര്‍ടിന്‍ ഇരയാക്കപ്പെട്ടതിന്റെ അനുഭവ കഥ പറയുന്നു. 2017 ജൂലൈ 8. ലണ്ടനിലെ ഹൈഡ് പാർക്കിൽ ബ്രിട്ടിഷ് സമ്മര്‍ ടൈം മ്യൂസിക് ഫെസ്റ്റിവല്‍. സ്റ്റേജിലേക്ക് ദ് കില്ലേഴ്സ് വരാന്‍പോകുന്നതേയുള്ളൂ. സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുകയാണ്  ജിന മാര്‍ട്ടിൻ‍. ആള്‍ക്കുട്ടത്തിലൊരാളായി. അടുത്തുതന്നെ രണ്ടു ചെറുപ്പക്കാര്‍ നില്‍ക്കുന്നു. കൊറിച്ചുകൊണ്ടിരുന്ന ചിപ്സ് കുറച്ച് അവര്‍ ജിനയ്ക്കും കൊടുത്തു.രണ്ടുപേരില്‍ കറുത്ത മുടിയുള്ള ചെറുപ്പക്കാരന്റെ പെരുമാറ്റത്തില്‍ ജിനയ്ക്ക് അസ്വസ്ഥത തോന്നി. അയാള്‍ ഇടവിട്ട് ജിനയെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ശരീരത്തില്‍ അടിമുതല്‍ മുടി വരെ. 

ജിനയെക്കുറിച്ച് അയാള്‍ കുടെയുള്ളവരോട് അശ്ലീലതമാശകളും പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് അയാള്‍ ജിനയുടെ ശരീരത്തില്‍ മുട്ടി. അതിനിടയ്ക്കാണ് അതു സംഭവിച്ചതെന്നാണ് ജിന മനസ്സിലാക്കുന്നത്. ഫോണ്‍ ജിനയുടെ കാലുകള്‍ക്കടിയിലേക്കു നീട്ടിവച്ചിട്ട് സ്വകാര്യഭാഗത്തിന്റെ ചിത്രം പകര്‍ത്തി. എന്താണു സംഭവിച്ചതെന്നു ജിന മനസ്സിലാക്കുന്നതിനുമുമ്പുതന്നെ അയാള്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം സുഹൃത്തുക്കളെ കാണിച്ചു ചിരിക്കുന്നതു കണ്ടു. തീര്‍ത്തും അപമാനകരമായ ചിത്രം. 

അനുവാദമില്ലാതെ ചിത്രമെടുത്തു എന്ന് അലറിവിളിച്ചുകൊണ്ട് ജിന ഫോണ്‍ അയാളില്‍നിന്നു തട്ടിയെടുത്തു. സ്റ്റേജിന്റെ ചിത്രമാണെന്നായിരുന്നു അയാളുടെ പ്രതികരണം. അയാള്‍ ജിനയുടെ തോളില്‍പിടിച്ചു വലിച്ചു -ഫോണിനുവേണ്ടി. പക്ഷേ ഫോണില്‍നിന്നു പിടിവിടാതെ ജിന അലറിക്കൊണ്ടോടി. ഫോണ്‍ കയ്യിലുണ്ടായിരുന്നു. ഫോണ്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പിന്നാലെ അയാളും. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമീപമെത്തിയാണ് അവര്‍ നിന്നത്. ഒടുവില്‍ പൊലീസുകാര്‍ വന്നു. സംഭവം അവരോടു പറഞ്ഞു. പൊലീസുകാരന്‍ ഫോണ്‍ വാങ്ങി പരിശോധിച്ചു. ചിത്രം അത്രയൊന്നും വ്യക്തമല്ലെന്നും തങ്ങള്‍ക്ക് ഇതില്‍ കൂടുതലായി ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞു. 

ചിത്രം ഫോണില്‍നിന്ന് മായ്ച്ചുകളഞ്ഞെന്നും പൊലീസുകാര്‍ ആശ്വസിപ്പിച്ചു. പിന്നീട് സക്ര്‍ട്ട് ധരിക്കേണ്ടിവരുമ്പോഴെല്ലാം ജിന ഒന്നുകൂടി ചിന്തിക്കാന്‍ തുടങ്ങി. വേണോ വേണ്ടയോ ? അഞ്ചുദിവസത്തിനുശേഷം പൊലീസുകാര്‍ ഒരിക്കല്‍ക്കൂടി ജിനയെ വിളിച്ചു: കേസ് അവസാനിപ്പിച്ചതായി പറഞ്ഞു.  ഏതാനും ദിവസത്തിനുശേഷം ജിന ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. അപ്സ്കര്‍ടിങ്ങിന്റെ ഇരയായി താന്‍ മാറിയ സംഭവം വിശദീകരിച്ചുകൊണ്ട്. പോസ്റ്റ് വൈറലായി. ഫെയ്സബുക്കിലും ട്വിറ്ററിലും ആയിരക്കണക്കിനുപേര്‍ സമാനഅനുഭവങ്ങള്‍ പങ്കുവച്ചു. ചിലര്‍ മാത്രം നീളമുള്ള സ്കർട്ട് ഇടാന്‍ ജിനയെ ഉപദേശിച്ചു. 

പിന്തുണ കൂടിയതോടെ തന്റെ കേസ് വീണ്ടും തുറക്കാനും പ്രശ്നം സമൂഹത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരാനും ജിന ശ്രമം തുടങ്ങി. അരലക്ഷത്തോളം ഒപ്പുകളും ശേഖരിച്ചു. അപ്സ്കര്‍ട്ടിങ്ങിന് എതിരെ പോരാടിയതിന്റെ പേരില്‍ ഫെയ്സ്ബുക്കിലുള്‍പ്പെടെ പുരുഷന്‍മാരില്‍നിന്ന് കളിയാക്കലുകളും പരിഹാസവും ഏറ്റുവാങ്ങേണ്ടിവന്നു. നിയവിദഗ്ധരുമായി ജിന ചര്‍ച്ചകള്‍ നടത്തി. നിലവിലിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെ അപ്സ്കര്‍ട്ടിങ് കുറ്റകരമാക്കാം എന്നതായിരുന്നു ചര്‍ച്ചാവിഷയം. ഒരു വസ്തുത ജിന ഉറപ്പിച്ചു. നിയമം മാറിയേ പറ്റൂ. അതിനു വേണ്ടി ഏതറ്റം വരെയുംപോകാനും തയ്യാറായി. അപ്സ്കര്‍ട്ടിങ് നടത്തുന്ന പുരുഷന്‍മാര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നുവരാണ്. അവരെ പ്രോസിക്യൂട്ട് ചെയ്യുകതന്നെ വേണം.  

അപ്സ്കര്‍ട്ടിങ് സ്കോട്‍ലന്‍ഡില്‍ കുറ്റകൃത്യമാക്കുന്നതു 2009 ല്‍. എന്തുകൊണ്ട് ഇംഗ്ലണ്ടിനും ആ വഴി പിന്തുടര്‍ന്നുകൂടാ. അപ്സ്കര്‍ട്ടിങ് കുറ്റംതന്നെയാണ്. ആ ചിത്രങ്ങള്‍ മറ്റുള്ളവര്‍ കണ്ടാലും ഇല്ലെങ്കിലും. പോരാട്ടം ഇരയുടെ അഭിമാനത്തിനുവേണ്ടിയാണ്. ജിന മാര്‍ട്ടിന്‍ ഇരയാണ്. നിയമം മാറുന്നതുവരെ തുടരും ഈ പോരാട്ടം- ജിന ഉറപ്പിക്കുന്നു.