മെലാനിയയിലെ അമ്മ ഉണർന്നു; ക്രൂരത വേണ്ടെന്ന് ട്രംപിനോടു പറഞ്ഞു

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രൂരമായ കുടിയേറ്റ നിയമത്തിനെതിരെ ഒടുവിൽ കുടുംബത്തിൽനിന്നും എതിർപ്പുയർന്നു. ട്രംപിന്റെ ഭാര്യ മെലാനിയയാണ് അനധികൃത കുടിയേറ്റക്കാരിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളെ അടർത്തിയെടുത്തു മാറ്റിപ്പാർപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയത്. സീറോ ടോളറൻസ് എന്ന ക്രൂരനിയമം അവസാനിപ്പിക്കണമെന്നാണ് ഭർത്താവിനോട് പ്രഥമവനിതയുടെ ആവശ്യം. ‘നിയമങ്ങൾ പാലിക്കുമ്പോഴും അമേരിക്ക ഹൃദയംകൊണ്ടു ഭരിക്കുന്ന രാജ്യമാകണമെന്നാണ് ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങൾ അമൂല്യനിധികളാണെന്നും അവരെ സങ്കടത്തിലാക്കരുത്’ - മെലാനിയ പറയുന്നു. 

പിഞ്ചു കുഞ്ഞുങ്ങൾ മാതാപിതാക്കളിൽനിന്നു ബലമായി മാറ്റപ്പെടുന്നതിനെ മെലാനിയ വെറുക്കുന്നെന്നും കുടിയേറ്റ കുടുംബങ്ങൾ പിരിയാതിരിക്കാൻ വേണ്ടതു ചെയ്യണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടെന്നും പ്രഥമവനിതയുടെ ഓഫിസ് അറിയിച്ചു. 

യുഎസിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരെ പിടികൂടി ജയിലിലേക്ക് അയയ്ക്കുമ്പോൾ ഒപ്പമുള്ള കുട്ടികളെ പ്രത്യേകം കേന്ദ്രങ്ങളിലേക്കു മാറ്റുന്ന ട്രംപിന്റെ നയം ലോകമെമ്പാടുനിന്നും ശക്തമായ വിമർശനം നേരിട്ടിരുന്നു. തുടർന്ന് വിവാദനയം പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

മുൻ പ്രഥമവനിതകളും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. അമേരിക്ക നേരിടുന്ന വലിയ ധാർമിക പ്രതിസന്ധിയാണിതെന്നും അൽപമെങ്കിലും കനിവും മാന്യതയും ബാക്കിയുള്ളവരെ ഇതു രോഷാകുലരാക്കുമെന്നും മുൻ സ്റ്റേറ്റ് സെക്രട്ടറിയും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യയുമായ ഹിലറി ക്ലിന്റൻ പറഞ്ഞു. ക്രൂരവും അധാർമികവുമായ നടപടിയാണു ട്രംപിന്റേതെന്നു ജോർജ് ഡബ്ല്യു ബുഷിന്റെ ഭാര്യ ലോറ ബുഷ് പറഞ്ഞു. ബറാക് ഒബാമയുടെ ഭാര്യ മിഷേൽ, ജിമ്മി കാർട്ടറുടെ ഭാര്യ റോസലിൻ എന്നിവരും രംഗത്തെത്തി.