ജീവിതത്തിലെ അമൂല്യമായ ചില നിമിഷങ്ങളുണ്ട്. പകരം വയ്ക്കാനാവാത്ത ആഹ്ലാദങ്ങൾ. ജീവിക്കാൻ പ്രേരിപ്പിക്കുന്ന നിമിഷങ്ങൾ. ഒരു കുട്ടിയുടെ പിതാവായി എന്നറിയുന്ന നിമിഷം അത്തരത്തിലൊന്നാണ്. ഒരു സാധാരണ വ്യക്തിയിൽനിന്ന് ഉത്തരവാദിത്തമുള്ള പുരുഷനിലേക്കും അച്ഛൻ എന്ന ബഹുമാനിക്കപ്പെടുന്ന പദവിയിലേക്കും മാറുന്ന നിമിഷം.
രാജ്യത്തെ ഭൂരിപക്ഷം പുരുഷൻമാരും അച്ഛനാകുന്ന നിമിഷത്തെ അപൂർവാനുഭവമായി കാത്തുവയ്ക്കുന്നവരാണെങ്കിൽ അങ്ങനെയല്ലാത്തവരുമുണ്ട്. അന്ധവിശ്വാസം കൊണ്ടോ തെറ്റിദ്ധാരണകളാലോ ആനാരോഗ്യകരമായ വിശ്വാസങ്ങൾ പുലർത്തുന്നവർ. ഒരു നിമിഷം മതി അത്തരക്കാർ സമൂഹത്തിനു ഭീഷണിയാകാനും ജീവിത്തിലുടനീളം ദുഃഖത്തിന്റെ വിത്തുകൾ വിതയ്ക്കാനും.
ഒന്നിലധികം പേർ തെറ്റിദ്ധാരണയുടെ അടിമകളാകുമ്പോൾ സമൂഹം നേരിടുന്ന ഗുരുതര ഭവിഷ്യത്തായി മാറുന്നു. ആൺകുട്ടിക്കുവേണ്ടിയുള്ള ആഗ്രഹവും പെൺകുട്ടികളോടുള്ള വെറുപ്പും ഇത്തരത്തിൽ സാമൂഹിക വിപത്താണ്. ജനിച്ചതു പെൺകുഞ്ഞാണെന്നതിന്റെ പേരിൽ മാത്രം എല്ലാവർഷവും മരണം ഏറ്റുവാങ്ങേണ്ടിവരുന്ന കുഞ്ഞുങ്ങളുണ്ട് ഇന്നും രാജ്യത്ത്. ഗുജറാത്തിൽ ഗാന്ധിനഗറിനു സമീപത്തെ ഗ്രാമത്തിൽ കഴിഞ്ഞ ദിവസവും നടന്നു ഒരു കൊലപാതകം. കൊല്ലപ്പെട്ടത് പെൺകുട്ടി. കൊന്നതു സ്വന്തം അച്ഛൻ തന്നെ.
ഗാന്ധിനഗറിനു സമീപം മോത്തിമസാങ് ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം. ആൺകുഞ്ഞ് ജനിക്കാത്തതിന്റെ നിരാശയിൽ ആറാമത്തെ മകളെ അച്ഛൻ കുത്തിക്കൊന്നു. വിഷ്ണു റാത്തോഡും വിമലയും വിവാഹിതരാകുന്നതു 10 വർഷം മുമ്പ്. ഇക്കാലത്തിനിടെ ഇവർക്ക് അഞ്ചു കുട്ടികളുണ്ടായി. അഞ്ചും പെൺമക്കൾ. ആറാമതു ഭാര്യ ഗർഭിണിയായപ്പോൾ റാത്തോഡ് പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും ആൺകുട്ടിയെ.
ബുധനാഴ്ചയായിരുന്നു പ്രസവം. ഇത്തവണയും വിമല ജന്മം കൊടുത്തത് ഒരു പെൺകുഞ്ഞിന്. പ്രസവം നടന്നയുടൻതന്നെ വീട്ടുകാർ വിവരം റാത്തോഡിനെ അറിയിച്ചു. ആഹ്ലാദം പ്രകടിപ്പിക്കാതിരുന്ന അയാൾ ഉടൻ തന്നെ ഭാര്യയെയും കുട്ടിയെയും കാണാൻ എത്തിയുമില്ല. നാലു ദിവസത്തിനു ശേഷം വിമലയുടെ വീട്ടിലെത്തിയ വിഷ്ണു മുറിയിൽ കയറി കുഞ്ഞിനെ മൂന്നുവട്ടം കുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. വിമലയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.തന്റേതായ ഒരു തെറ്റും ചെയ്യാതെ ആ കുട്ടിക്ക് അകാലമരണം. പെൺകുഞ്ഞായതിന്റെ പേരിൽ മാത്രം.
പെൺകുട്ടികൾക്കുവേണ്ടി ഒരു ദിവസം തന്നെ ആചരിക്കുന്നുണ്ട് രാജ്യത്ത് – ജനുവരി 24. എല്ലാവർഷവും ആ ദിവസം സർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ ഭാവി സംരക്ഷിക്കാനുമൊക്കെയായി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ഉൾപ്പെടെ സർക്കാർതലത്തിലും ജില്ലാതലത്തിലുമെല്ലാം വിവിധ ക്ഷേമപദ്ധതികൾ. പക്ഷേ, കുറച്ചുപേരുടെയെങ്കിലും തെറ്റിധാരണകളെ ഒഴിവാക്കാനും പെൺകുട്ടിയുടെ പ്രാധാന്യം മനസ്സിലാക്കിപ്പിക്കാനും കഴിഞ്ഞിട്ടില്ല എന്നതാണു യാഥാർഥ്യം.
പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി ബോധവൽക്കരണ ശ്രമങ്ങളും നടത്തുന്നു. പക്ഷേ, ഇന്നും പെൺകുട്ടികൾ ക്രൂരമായി ബലിയാക്കപ്പെടുന്നു. ഭ്രൂണഹത്യ മുതൽ തുടങ്ങുന്നു പെൺകുട്ടികളോടുള്ള വിവേചനം. പെൺകുഞ്ഞാണെന്ന് അറിയുന്ന നിമിഷം കൊലപ്പെടുത്തുന്ന കേസുകൾ. വിദ്യാഭ്യാസം കൊടുക്കാതെ ജോലിയെടുപ്പിക്കുന്ന ക്രൂരതകൾ. ശൈശവ വിവാഹവും അവസരങ്ങളിലെ വിവേചനവും. പെണ്ണായി ജനിച്ചാൽ നേരിടേണ്ടിവരുന്ന ക്രൂരതകളിലെ ചിലതു മാത്രം.