നിർഭയ: ഇന്ത്യയുടെ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ മുറിവ്. രാജ്യതലസ്ഥാനത്തുവച്ച് ഒരു യുവതിയെ പൈശാചികമായ മാനഭംഗത്തിനു വിധേയമാക്കിയ കൊടുംക്രൂരത. അഞ്ചുവർഷത്തിനുശേഷവും വേദനിപ്പിക്കുന്ന, നാണക്കേടിന്റെയും അപമാനത്തിന്റെയും ചോരയൊലിക്കുന്ന മുറിവ്. നിർഭയ രാജ്യത്തിന്റെ മനസാക്ഷിയിൽ ഏൽപ്പിച്ച മുറിവിന്റെ ആഴം കൂട്ടിയിരിക്കുകയാണ് തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ കണ്ടെത്തലുകൾ. അതേ, ഒരിക്കൽക്കൂടി രാജ്യം തലകുനിക്കുകയാണ്. സത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യ തന്നെ. യുദ്ധം തകർത്തെറിഞ്ഞ രാജ്യങ്ങളും ആഭ്യന്തര യുദ്ധം മൂർഛിച്ച രാജ്യങ്ങളും പോലും സ്ത്രീസുരക്ഷയിൽ ഇന്ത്യയേക്കാളും മുന്നിൽ
ആൺകുഞ്ഞ് ജനിക്കാത്തതിന്റെ നിരാശയിൽ ഗുജറാത്തിൽ ആറാമത്തെ മകളെ അച്ഛൻ കുത്തിക്കൊന്ന വാർത്ത മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതു കഴിഞ്ഞിദിവസം. അന്നുതന്നെയാണ് ഉത്തർപ്രദേശിലെ ബൽറാംപൂർ എന്ന സ്ഥലത്തുനിന്ന് ജോലി തേടി ഗോരഖ്പുർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ബാലികയെ നാലുപേർ ചേർന്നു പീഡിപ്പിക്കാൻ ശ്രമിച്ചത്. ലാത്വിയയിൽനിന്ന് ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല ഇപ്പോഴും മലയാളികൾക്ക്.
ഒരു കോളജ് വിദ്യാർഥിനിയെ കാണാതായിട്ട് 50 ദിവസത്തിലേറെയായിട്ടും സൂചന പോലും ലഭിക്കാതെ അന്വേഷണം തുടരുന്ന സാഹചര്യവുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഓരോദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത് സ്ത്രീത്വത്തിനുനേരെയുള്ള ഭീഷണി. സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന അവഗണിക്കാനോ ഒളിച്ചുവയ്ക്കാനോ കഴിയാത്ത സവിശേഷ സാഹചര്യം. ഈ വസ്തുത ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ സർവേ.
ലൈംഗിക അതിക്രമവും അപകടകരമായ ജീവിതസാഹചര്യവും മൂലം സ്ത്രീകൾക്കു ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യം എന്ന അപമാനകരമായ പദവി ഇന്ത്യയെ തേടിയെത്തിയിരിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലോകത്തെ 550 വിദഗ്ധൻമാരുമായി ചർച്ച ചെയ്തു തയാറാക്കിയ റിപോർട്ടിലാണ് കണ്ടെത്തൽ. നിരന്തര യുദ്ധങ്ങളെത്തുടർന്നു സാധാരണജീവിതം അസാധ്യമായ അഫ്ഗാനിസ്ഥാൻ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം സിറിയയ്ക്കും. നാലും അഞ്ചും സ്ഥാനങ്ങളിൽ സൊമാലിയയും സൗദി അറേബ്യയും. പാക്കിസ്ഥാൻ, കോംഗോ, യെമൻ, നൈജീരിയ. യുഎസ് എന്നിങ്ങനെയണ് ആദ്യ പത്തിലെ രാജ്യങ്ങളുടെ പട്ടിക.
ആദ്യ പത്തുരാജ്യങ്ങളുടെ പട്ടികയിൽ ഒരു പശ്ചാത്യ രാജ്യം മാത്രമേയുള്ളൂ. അമേരിക്ക. ലൈംഗിക പീഡനങ്ങളും ബലം പ്രയോഗിച്ച് ലൈംഗിക വൃത്തിക്കു വിധേയമാക്കുന്നതുമാണ് അമേരിക്കയിൽ സ്ത്രീകളുടെ ജീവിതം കുഴപ്പത്തിലാക്കുന്നത്. സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകാൻ കൂടുതൽ സാധ്യതയുള്ള മൂന്നാമത്തെ രാജ്യം അമേരിക്ക ആണെന്നും സർവേ പറയുന്നു.
2011– ൽ പുറത്തുവന്ന തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ റിപോർട്ടിന്റെ തുടർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ. അന്ന് അഞ്ചാം സ്ഥാനത്തിയിരുന്നു ഇന്ത്യ. അഞ്ചു വർഷം മുമ്പ് രാജ്യതലസ്ഥാനത്തു നടന്ന നിര്‍ഭയ സംഭവത്തിനുശേഷവും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനോ അവരുടെ ജീവിതം മെച്ചപ്പെടുത്താനോ കൃത്യമായ നടപടികള്‍ എടുക്കാതിരുന്നതാണ് സര്‍വേയില്‍ ഇന്ത്യയെ അപമാനകരമായ പദവിയിൽ എത്തിച്ചത്.
സ്ത്രീകളെ ബഹുമാനിക്കുന്ന നടപടികൾ അധികാരികളിൽനിന്ന് ഉണ്ടാകുന്നില്ല. മാനഭംഗം, ഗാർഹിക പീഡനം, പെൺകുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയിൽവച്ചുപോലും നശിപ്പിക്കുന്ന ക്രൂരത എന്നിവ നിയന്ത്രിക്കാൻ ഇപ്പോഴും കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരുകൾക്കോ കഴിയുന്നില്ല. ലോകത്തുതന്നെ ഏറ്റവും വേഗം വളരുന്ന സമ്പദ്‍രംഗമാണ് ഇന്ത്യയുടേത്. ശാസ്ത്ര–സാങ്കേതിക രംഗത്തെ നേതൃസ്ഥാനവുമുണ്ട്. എന്നിട്ടും സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ അപരിഷ്കൃതർ തന്നെ നമ്മൾ ഇന്ത്യക്കാർ.
രാജ്യത്ത് ഓരോ മണിക്കൂറിലും നാലു മാനഭംഗക്കേസുകളെങ്കിലും റിപോർട്ട് ചെയ്യുന്നു. 2007–16 കാലത്ത് രാജ്യത്തു സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 83 ശതമാനം വർധനയാണുണ്ടായത്. ഐക്യരാഷ്ട്രസംഘടനയിൽ അംഗങ്ങളായ 193 രാജ്യങ്ങളിൽ ഏവിടെയാണ് സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ ജീവിതസാഹചര്യം നിലനിൽക്കുന്നത് എന്നാണു സർവേയിൽ പങ്കെടുത്തവരോടു ചോദിച്ച ചോദ്യങ്ങളിലൊന്ന്. ലൈംഗിക സംതൃപ്തിക്കുവേണ്ടി സ്ത്രീകളെ അടിമകളാക്കുന്നതുൾപ്പെടെ മനുഷ്യക്കടത്തിലും ഇന്ത്യ മുന്നിലാണെന്നു സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിച്ചു. നാണക്കേടിന്റെ റിപോർട്ട് പുറത്തുവന്നെങ്കിലും വനിതാ–ശിശു ക്ഷേമ മന്ത്രാലയം കണ്ടെത്തലുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.