അതിക്രൂരമായ പീഡനത്തിന് വിധേയായ എട്ടുവയസ്സുകാരിയെക്കുറിച്ചുള്ള വാർത്തകൾ സമൂഹത്തിന്റെ ഉള്ളുപൊള്ളിക്കുമ്പോൾ മധ്യപ്രദേശിലെ ആശുപത്രിയിൽ മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് പിച്ചവെയ്ക്കുകയാണ് അവൾ. അവളുടെ അച്ഛനാകട്ടെ ഇനിയൊരച്ഛനും ഇങ്ങനെയൊരു അനുഭവമുണ്ടാകരുതേ എന്ന പ്രാർഥനയോടെ ലോകത്തോട് അതുറക്കെ വിളിച്ചു പറഞ്ഞു.
'എന്റെ കുഞ്ഞിനു സംഭവിച്ച അപകടത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരം എനിക്കുവേണ്ട. അവളെ ക്രൂരതയ്ക്കിരയാക്കിയ പ്രതികൾക്ക് വധശിക്ഷ നൽകുകയാണ് വേണ്ടത്'. അതേസമയം പ്രതികളിലൊരാളുടെ അച്ഛനും പറയാനുണ്ടായിരുന്നത് അതേകാര്യം തന്നെയായിരുന്നു. 'മകൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവൻ ശിക്ഷിക്കപ്പെടുക തന്നെ വേണം. അവൻ നിഷ്കളങ്കനാണെന്ന് ഞാനൊരിക്കലും പറയില്ല. മദ്യപാനവും ചീത്തക്കൂട്ടുകെട്ടും മൂലം അവൻ ദുഷിച്ചിരുന്നു. ആ കുറ്റം ചെയ്തത് അവനാണെങ്കിൽ അവന് വധശിക്ഷ തന്നെ നൽകണം'.
ജൂൺ 26 നാണ് എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായത്. മുത്തശ്ശൻ വേഗം കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞുവെന്ന് കുട്ടിയെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് പ്രതികൾ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയെ എന്നും സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വരുന്നത് അവളുടെ മുത്തശ്ശിയാണ്. എന്നാൽ സംഭവദിവസം മുത്തശ്ശി സ്കൂളിലെത്താൻ വൈകി. കുട്ടി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് പോയിക്കാണുമെന്ന ധാരണയാൽ മുത്തശ്ശി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ കുട്ടിയെത്തിയിട്ടില്ല എന്നു മനസ്സിലാക്കിയപ്പോൾ മുത്തശ്ശി ബന്ധുക്കളെ വിവരമറിയിച്ചു.
പിന്നീട് നടന്ന തിരച്ചിലിലാണ് സ്കൂളിൽ നിന്ന് 700 മീറ്റർ അകലെയുള്ള വനപ്രദേശത്തിന് സമീപം ബോധമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 20 വയസ്സുകാരനായ ഇർഫാനും 24 വയസ്സുകാരനായ ആസിഫും അറസ്റ്റിലായി. ഇർഫാനിൽ നിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അഞ്ചുസഹോദരിമാരുടെ ഏകസഹോദരനാണ് ഇർഫാൻ. ആസിഫാകട്ടെ വിവാഹിതനും നാലും രണ്ടും വയസ്സുള്ള രണ്ടുകുട്ടികളുടെ അച്ഛനുമാണ്.
കുട്ടിയെ കണ്ടെത്തുമ്പോൾ അവളുടെ ശരീരത്തിൽ ആയുധങ്ങളുപയോഗിച്ച് ഉപദ്രവിച്ചതിന്റെ മുറിവുകളുണ്ടായിരുന്നുവെന്നും ഇപ്പോൾ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പീഡനത്തിനിരയായ കുട്ടിയുടെ വീട്ടുകാർക്ക് മധ്യപ്രദേശ് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തിലാണ് തന്റെ കുഞ്ഞിന് നീതിയാണ് ലഭിക്കേണ്ടതെന്നും നഷ്ടപരിഹാരമല്ല വേണ്ടതെന്നും ആ അച്ഛൻ പറഞ്ഞത്. മകളെ ഉപദ്രവിച്ചവർക്ക് എത്രയും വേഗം തൂക്കുകയർ നൽകണമെന്നും നെഞ്ചുരുകി ആ അച്ഛൻ പറഞ്ഞു.
പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിനെതിരെയും ചിലർ വിമർശനം ഉന്നയിച്ചിരുന്നു. അപരിചിതരോടൊപ്പം കുട്ടി പുറത്തു പോകുന്നത് എന്തുകൊണ്ടാണ് അധ്യാപകരും സെക്യൂരിറ്റി ജീവനക്കാരും ശ്രദ്ധിക്കാതിരുന്നത് എന്നാണ് അവരുടെ ചോദ്യം. കുട്ടിയെ കാണാതായ ദിവസം ഉച്ചയ്ക്കു ശേഷം സ്കൂളിലെ സിസിടിവി പ്രവർത്തികാതിരുന്നതും അവരിൽ സംശയമുണർത്തിയിരുന്നു. കറന്റ് പോയതുകൊണ്ടാണ് സിസിടിവി പ്രവർത്തിക്കാതിരുന്നതെന്നാണ് ഇതു സംബന്ധിച്ച് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം.