മഴവെള്ളത്തിൽ നിന്ന് വൈദ്യുതി; കണ്ടുപിടുത്തവുമായി 15വയസ്സുകാരി

രാജ്യതലസ്ഥാനമായ മുംബൈയിലുള്‍പ്പെടെ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടു കോരിച്ചൊരിയുകയാണു മഴ. സ്കൂളുകളും കോളജുകളും അടയ്ക്കുകയും ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും ചെയ്യുന്നു.

മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവയ്ക്കേണ്ട അവസ്ഥ. വേനല്‍ക്കാലത്തു മഴയ്ക്കുവേണ്ടി കാത്തിരിക്കുകയും മഴക്കാലത്തു മഴയെ ശപിക്കുകയും ചെയ്യുന്നതാണു രാജ്യത്തെ പൊതുരീതി. കനത്ത മഴ എന്നു തീരും എന്നാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്. പക്ഷേ, മഴ പ്രകൃതിയുടെ അനുഗ്രഹം കൂടിയാണ് എന്നതാണു വസ്തുത. മഴവെള്ളത്തിലുമുണ്ട് ശക്തി; വേണമെങ്കില്‍ വൈദ്യുതി പോലും സൃഷ്ടിക്കാവുന്ന ശക്തി. സംശയമുള്ളവര്‍ അസര്‍ബെയ്ജാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ കണ്ടുപിടുത്തത്തെപ്പറ്റി അറിയുക. റെയ്ഹാന്‍ ജമലോവ എന്നാണു പെണ്‍കുട്ടിയുടെ പേര്. 

കാറ്റില്‍നിന്നു വൈദ്യുതിയുണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് മഴയില്‍നിന്നും ആയിക്കൂടാ. പിതാവിന്റെ ഈ സാധാരണ ചോദ്യത്തില്‍നിന്നുമാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ റെയ്ഹാന ജീവിതത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തം നടത്തുന്നത്. സഹ്റ ഗാസിംസേദ് എന്ന കൂട്ടുകാരിയുടെ സഹായ സഹകരണവുമുണ്ട് റെയ്ഹാന്. രണ്ടു കുട്ടികളുടെയും ആവേശവും ഉത്സാഹവും കണ്ടപ്പോള്‍ സ്കൂളിലെ ഫിസിക്സ് ട്യൂട്ടര്‍മാര്‍ സഹായത്തിനെത്തി. മഴവെള്ളത്തില്‍നിന്നു വൈദ്യുതിയുണ്ടാക്കാനുള്ള ഉപകരണം നിര്‍മിക്കാനുള്ള ധനസഹായം അസര്‍ബെയ്ജാന്‍ സര്‍ക്കാര്‍ തന്നെ നല്‍കി. 

റെയ്നര്‍ജി- റെയ്ഹാന്റെ കണ്ടുപിടിച്ച ഉപകരണത്തിന്റെ പേര്. 9 മീറ്റര്‍ മാത്രം ഉയരമുള്ള ഈ ഉപകരണത്തിനു പ്രധാനമായും നാലു ഭാഗങ്ങളാണുള്ളത്. മഴവെള്ളം ശേഖരിക്കാനുള്ള പൈപ്പ്, വാട്ടര്‍ ടാങ്ക്, ഇലക്ട്രിക് ജനറേറ്റര്‍, ഒരു ബാറ്ററിയും. വാട്ടര്‍ ടാങ്കില്‍ മഴവെള്ളം നിറഞ്ഞുകഴിഞ്ഞാല്‍ ജനറേറ്ററിന്റെ സഹായത്തോടെ വെള്ളം ശക്തമായി ഒഴുക്കുന്നു. ഉത്പാദിക്കപ്പെടുന്ന വൈദ്യുതി ബാറ്ററിയില്‍ ശേഖരിക്കുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുവേണ്ടി ഈ വൈദ്യുതി ഉപയോഗിക്കാം. 

ഏഴു ലിറ്റര്‍ മഴവെള്ളം മാത്രം ആവശ്യമുള്ള രണ്ട് ഉപകരണങ്ങള്‍ റെയ്ഹാനയും കൂട്ടുകാരിയും നിർമ്മിച്ചു. മൂന്നു എല്‍ഇഡി ലൈറ്റുകള്‍ പ്രകാശിപ്പിക്കാവുന്ന ചെറിയ ഉപകരണവും 22 എല്‍ഇഡി പ്രകാശിപ്പിക്കാവുന്ന വലിയ ഉപകരണവും. പ്രദേശിക വൈദ്യുത നിലയത്തില്‍ ഇപ്പോഴുള്ള സമ്മര്‍ദം കുറച്ച് വീടുകളെ പ്രകാശപൂരിതമാക്കാന്‍ ഈ രണ്ട് ഉപകരണങ്ങള്‍ക്കും കഴിയും. ബാറ്ററി സ്റ്റോറേജ് ഉള്ളതിനാല്‍ മഴയില്ലാത്തപ്പോഴും ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകും  എന്ന നേട്ടവുമുണ്ട്. 

ചെലവു കുറവാണ് റെയ്ഹാന കണ്ടുപിടിച്ച ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. വലിയ തുക മുതല്‍മുടക്കില്ലാതെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് ഇതു ഫലപ്രദമാണ്. വലിയ ചെലവില്ലാതെ ഊർജ്ജപ്രതിസന്ധി പരിഹരിക്കുക  എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ചെറിയ ഒരു ഉപകരണത്തിന്റെ സഹായത്തോടെ ഒരു വീട്ടിലെങ്കിലും വെളിച്ചമെത്തിക്കുക. തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് റെയ്ഹാന പറയുന്നു. 

ഇന്ത്യയ്ക്കു പുറമെ ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്കും പ്രയോജനകരമാണ് ഈ ഒമ്പതാം ക്ലാസുകാരിയുടെ കണ്ടുപിടിത്തം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.