ഫോണിലൂടെ തലാഖ്; വീട്ടിൽ അടച്ചിട്ട യുവതി പട്ടിണി കിടന്നു മരിച്ചു

ഫോണിലൂടെ മൂന്നുതവണ തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ ആഹാരവും വെള്ളവും ലഭിക്കാതെ മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം. തലാഖ് ചൊല്ലിയതിനുശേഷം യുവതിയെ ഒരു മുറിയിൽ അടച്ചിടുകയായിരുന്നു. ആഹാരം കൊടുത്തില്ലെന്നു മാത്രമല്ല വെള്ളം പോലും കൊടുത്തതുമില്ല. ഒരു സന്നദ്ധസംഘടന ഇടപെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയ്ക്കിടെ യുവതി മരിച്ചു. 

റസിയ എന്നാണു യുവതിയുടെ പേര്. ആറു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമാണ്. സ്ത്രീധനം ചോദിച്ചു ഭർത്താവ് റസിയയെ സ്ഥിരമായി മർദിച്ചിരുന്നെന്നു പറയുന്നു സഹോദരി. ഒടുവിൽ തലാഖും ചൊല്ലി ഉപേക്ഷിച്ചു. വീട്ടിലെ ഒരു മുറിയിൽ റസിയയെ അടച്ചിട്ടതിനുശേഷം ഭർത്താവ് ബന്ധുവിന്റെ വീട്ടിലേക്കു പോയി. ഒരുമാസത്തോളം തടവുശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയെപ്പോലോയായിരുന്നു റസിയയുടെ ജീവിതം. സംഭവം അറിഞ്ഞയുടൻ പൊലീസിൽ പരാതിപ്പെട്ടെങ്കിലും അവർ കേസ് എടുക്കാൻ വിസമ്മതിച്ചു. 

നഹിം എന്നാണു റസിയയുടെ ഭർത്താവിന്റെ പേര്. ആദ്യവിവാഹത്തിനുശേഷമാണ് അയാൾ റസിയയെ വിവാഹം കഴിച്ചത്. ആദ്യഭാര്യയെയും നഹീം മർദിച്ചിരുന്നത്രേ. 

ജില്ലാ ആശുപത്രിയിലാണ് ആദ്യം റസിയയെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ലക്നൗവിലേക്കു മാറ്റി. പക്ഷേ രക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നു ഡോക്ടർമാർ പറഞ്ഞതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്കു മടക്കിക്കൊണ്ടുവരികയും അവിടെവച്ച് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. മേരാ ഹഖ് എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക ഫർഹത് നഖ്‍വിയും പ്രശ്നത്തിൽ ഇടപെട്ടു. 

കഴിഞ്ഞയാഴ്ച മഹോബയിലും സമാന സംഭവം നടന്നിരുന്നു. ചപ്പാത്തി കരിഞ്ഞുപോയെന്ന് ആരോപിച്ച് മൂന്നു തവണ തലാഖ് ചൊല്ലി ഒരു യുവതിയെ ഭർത്താവ് ഉപേക്ഷിച്ചു. സ്കൈപ്, വാട്സാപ് എന്നിയിലൂടെയെല്ലാം തലാഖ് ചൊല്ലുന്നതും പതിവാണ്. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു.

നിയമത്തിനു മുന്നിൽ എല്ലാ പൗരൻമാർക്കും തുല്യത അനുശാസിക്കുന്ന ഭരണഘടനയിലെ 14–ാം വകുപ്പിന്റെ ലംഖനമാണു മുത്തലാഖ് എന്നും കോടതി പറഞ്ഞിരുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമായി കാണുന്ന ബിൽ ഡിസംബറിൽ ലോക്സഭയും പാസ്സാക്കി. ഇനി ബിൽ രാജ്യസഭയിൽ കൂടി പാസ്സാകേണ്ടതുണ്ട്.