ഇതുവരെ അവർ ഭയപ്പെട്ടതു പുറത്തുനിന്നുവരാവുന്ന അപകടങ്ങളെ, പരിചയമില്ലാത്ത അക്രമികളെ, കാവൽക്കാരുടെ കാവലിലും ജാഗ്രതയിലും ഫ്ലാറ്റുകൾക്കുള്ളിൽ തങ്ങൾ സുരക്ഷിതരെന്ന് അവർ ഉറച്ചു വിശ്വസിച്ചു. ആത്മവിശ്വാസത്തിന്റെ ധൈര്യത്തിൽ അവർ സന്തോഷിച്ചു. പക്ഷേ, ഇക്കഴിഞ്ഞദിവസം പുറത്തുവന്ന ക്രൂര സംഭവത്തോടെ ഇനി തങ്ങൾക്ക് ആരു കാവൽ നിൽക്കും എന്ന ആശങ്കയിലാണവർ.
ചെന്നൈയിൽ അയനാവരത്ത് താമസിക്കുന്ന ഇരുന്നൂറ്റമ്പതോളം കുടുംബൾ കടുത്ത ആശങ്കയിലാണ്. ഇത്രയും നാൾ ആരുടെ സംരക്ഷണയിലാണോ തങ്ങൾ ആത്മവിശ്വാസം ആർജിച്ചത്, അവർതന്നെ അക്രമികളായതോടെ ഇനി തങ്ങളെ സംരക്ഷിക്കാൻ തങ്ങൾ തന്നെ വേണ്ടിവരുമെന്നും അവർ തിരിച്ചറിയുന്നു. കഴിഞ്ഞദിവസം വരെ കാവൽക്കാരുടെ സംരക്ഷണം ഉണ്ടായിരുന്ന അയനാവരത്തെ വൻകിട ഫ്ലാറ്റ് സമുച്ചയത്തിന് ഇപ്പോൾ കാവൽ നിൽക്കുന്നത് ഫ്ലാറ്റുകളിൽ താമസിക്കുന്ന വീട്ടമ്മമാർ തന്നെയാണ്. എട്ടോളം സ്ത്രീകൾ പ്രവേശനകവാടത്തിൽ നിലയുറപ്പിച്ചിരിക്കുന്നു. അവരുടെ അനുവാദത്തോടെയേ അപരിചിതർക്ക് ഇനി ആ ഫ്ലാറ്റിലേക്ക് പ്രവേശനമുള്ളൂ. തങ്ങൾ തന്നെ തങ്ങളുടെ കാവൽക്കാർ എന്ന തിരിച്ചറിവിൽ എത്തിയിരിക്കുന്ന അയനാവരത്തെ വീട്ടമ്മമാരുടെ ദയനീയത രാജ്യത്തു കാവൽക്കാരുടെ സംരക്ഷണയിൽ അന്തിയുറങ്ങുന്ന ലക്ഷക്കണക്കിനുപേരെയും ഭീതിയിലാഴ്ത്തിയിരിക്കുന്നു.
കേൾവിത്തകരാറും സംസാരിക്കാൻ പ്രയാസവുമുള്ള പന്ത്രണ്ടുകാരിയെ തുടർച്ചയായി ആറു മാസത്തോളം ഫ്ലാറ്റിലെ 17 ജീവനക്കാർ പീഡിപ്പിച്ച സംഭവം കഴിഞ്ഞദിവസമാണു പുറത്തുവന്നത്. ലഹരിമരുന്നു കുത്തിവച്ചും ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയും ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിഞ്ഞു കിടക്കുന്ന അപാർട്ട്മെന്റുകളിലെത്തിച്ച് പീഡിപ്പിച്ചത് സെക്യൂരിറ്റി ജീവനക്കാർ, ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഗാർഡനർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയവർ. പ്രതികളെ കോടതി വളപ്പിൽ എത്തിച്ചപ്പോൾ വക്കാലത്ത് എടുക്കേണ്ട അഭിഭാഷകർ തന്നെ സംഘം ചേർന്ന് മർദിച്ചു. അഭിഭാഷക സംഘടനകളിൽ ഉൾപ്പെട്ട ആരും പ്രതികൾക്കുവേണ്ടി ഹാജരാകില്ലെന്നും അവർ അറിയിച്ചു.
വയറുവേദനയെ തുടർന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആദ്യം പീഡിപ്പിച്ചത് ഫ്ലാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായ അറുപത്തിയാറുകാരൻ രവികുമാർ. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഇയാൾ ഇവ കാണിച്ചു ഭീഷണിപ്പെടുത്തി മറ്റുള്ളവർക്കും കുട്ടിയെ എത്തിച്ചുകൊടുത്തു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുട്ടിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു വിവരം പുറത്തറിഞ്ഞതോടെ ഫ്ലാറ്റിലെ പത്തോളം ജീവനക്കാർ ഒളിവിലാണ്. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനം.
പീഡനത്തിനിരയായ പന്ത്രണ്ടു വയസ്സുകാരിയെ ഉടൻ കൗൺസലിങ്ങിനു വിധേയയാക്കാൻ ഇന്നലെ ഹൈക്കോടതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ആവശ്യപ്പെട്ടു. സംഭവം ദൗർഭാഗ്യകരമായെന്നും പൊലീസ് അന്വേഷണം നടക്കുന്നതിനാൽ കോടതിക്കു മറ്റു നടപടികളിലേക്കു കടക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് പി.ടി.ആശ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജി പരിഗണിച്ചാണു കോടതി പരാമർശം. എന്നാൽ, സംഭവം നടന്നു നാലു ദിവസമായിട്ടും കുട്ടി എവിടെയാണെന്നതിനെക്കുറിച്ചോ മറ്റു വിവരങ്ങളോ പൊലീസ് സമിതിക്കു കൈമാറിയിട്ടില്ല. കഴിഞ്ഞ മൂന്നു വർഷമായി ജില്ലകളിലെ ശിശുസംരക്ഷണ സമിതികളിലേക്കു സർക്കാർ നിയമനം നടത്തിയിട്ടില്ലെന്നും പലേടത്തും ഇവ പ്രവർത്തനരഹിതമാണെന്നും അഭിഭാഷകൻ ആരോപിച്ചു. തുടർന്ന്, സമിതിയിലെ ഒഴിവുകൾ ഉടൻ നികത്താൻ കോടതി സർക്കാരിനു നിർദേശം നൽകി.
അവർ ഞങ്ങളെ നോക്കി മധുരമായി ചിരിച്ചു. സല്യൂട്ടടിച്ചു ബഹുമാനിച്ചു. പകരം ഞങ്ങളവരെ വിശ്വസിച്ചു. അവർ ഒളിപ്പിച്ചുവച്ച ക്രൂരമുഖം ഇപ്പോഴാണു ഞങ്ങൾ തിരിച്ചറിയുന്നത്. പ്ലംബർമാർക്ക് എപ്പോൾ വേണമെങ്കിലും ഏതു ഫ്ളാറ്റിലും കയറിവരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ പേടി മാത്രമാണു ഞങ്ങളുടെ മനസ്സിൽ. ആരെ വിശ്വസിക്കുമെന്ന് മനസ്സിലാകുന്നില്ല. ആർക്കും ഞങ്ങളെ എപ്പോൾ വേണമെങ്കിലും ഉപദ്രവിക്കാമല്ലോ. ഇതുവരെ പുറത്തുനിന്നുള്ള അപകടങ്ങളെയാണു പേടിച്ചതെങ്കിൽ ഇനി ജാഗ്രത പാലിക്കേണ്ടത് ഇവിടെ ഈ സമൂച്ചയത്തിലുള്ള കാവൽക്കാരെയും ജോലിക്കാരെയും– അയനാവരത്തെ പീഡനം നടന്ന സമൂച്ചയത്തിലെ ഫ്ലാറ്റുകളിലൊന്നിൽ ജീവിക്കുന്ന സ്ത്രീയുടെ വാക്കുകളിലുണ്ട് പ്രദേശത്ത് നിലനിൽക്കുന്ന ഭീതിയും ആശങ്കയും.
ഭാവിയെക്കുറിച്ചും ആശങ്കകളുണ്ട് വീട്ടമ്മമാർക്ക്. വീട്ടിലുള്ളവരോ അയൽക്കാരോ കൂട്ടില്ലാത്തപ്പോൾ ഇനി തങ്ങൾ നീന്തൽക്കുളത്തിൽ ഇറങ്ങില്ലെന്നു പറയുന്നു പലരും. ജിമ്മിലും പോകില്ല. ആരാണ് എപ്പോഴാണ് ആക്രമിക്കുക എന്നാർക്കറിയാം. പൊതുഇടങ്ങളിലെല്ലാം സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇനി ഒരു ഫ്ലാറ്റിലും കുട്ടികളെയോ പെൺകുട്ടികളെയോ തനിച്ചാക്കില്ലെന്നും ഫ്ലാറ്റിൽ താമസിക്കുന്നവർ തീരുമാനിച്ചുകഴിഞ്ഞു. പരിചയമുള്ള കാവൽക്കാർ ഉൾപ്പെടെയുള്ളവർ ഏർപ്പെട്ട പൈശാചികതയെക്കുറിച്ച് അറിഞ്ഞപ്പോഴുള്ള ഞെട്ടലിൽനിന്നു വിമുക്തരായിട്ടില്ല വയോധികർ ഉൾപ്പെടെയുള്ളവർ.