നൂറ്റിയിരുപതോളം സ്ത്രീകളെ മാനഭംഗപ്പെടുത്തി; താന്ത്രികാചാര്യന്‍ അറസ്റ്റിൽ

നൂറിലധികം സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്ത അറുപതുകാരനായ താന്ത്രികാചാര്യന്‍ അറസ്റ്റില്‍. ഹരിയാനയില്‍ ഫത്തേബാദില്‍ ടൊഹാന പട്ടണത്തിലാണു സംഭവം. നൂറ്റിഇരുപതോളം സ്ത്രീകളെ ബില്ലു എന്നും അറിയപ്പെടുന്ന ബാബ അമര്‍പുരി മാനഭംഗപ്പെടുത്തിയെന്നു പൊലീസ് പറയുന്നു.

മാനഭംഗങ്ങളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിനുശേഷം അവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിക്കുകയായിരുന്നു ബാബ അമര്‍പുരിയുടെ തന്ത്രമെന്നാണു  പൊലീസ് വെളിപ്പെടുത്തുന്നത്. അശ്ലീല ദൃശ്യങ്ങളടങ്ങിയ നൂറ്റിയിരുപതോളം വീഡിയോ ക്ലിപ്പുകള്‍ പൊലിസ് പിടിച്ചെടുത്തു. ഓരോ ദ്യശ്യങ്ങളിലും ഉള്ളതു വ്യത്യസ്ത ഇരകള്‍. തന്റെ മൊബൈല്‍ ഫോണില്‍ ബാബ അമര്‍പുതി തന്നെയാണത്രേ ദൃശ്യങ്ങളും ചിത്രീകരിച്ചത്. 

പീഡനത്തിനിരയായ ഒരു സ്ത്രീയുടെ ബന്ധുവാണ് വീഡിയോ ക്ളിപുകള്‍ പൊലീസിനു നല്‍കിയത്. താന്ത്രികാചാര്യന്‍ എന്നു പ്രശസ്തനായ ബാബ പീഡിപ്പിച്ച ഇരകളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. അവരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പറയുന്നു ഫത്തേബാദ് വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ബിമല ദേവി. അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലാണ്  ഇപ്പോള്‍ ബാബ. ഇരകള്‍ നൂറില്‍ക്കൂടുതല്‍ പേരുണ്ടെങ്കിലും രണ്ടു സ്ത്രീകള്‍ മാത്രമാണ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായി ഇതുവരെ പൊലീസിനെ സമീപിച്ചിട്ടുള്ളത്.  

മാനഭംഗപ്പെടുത്തിയ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ വീണ്ടും തന്റെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി പീഡനം ആവര്‍ത്തിക്കുന്ന രീതിയായിരുന്നു അമര്‍പുരി വിജയകരമായി പരീക്ഷിച്ചതെന്നു പറയുന്നു ബിമല ദേവി. 

ഒമ്പതു മാസം മുമ്പ് അമര്‍പുരിക്കെതിരെ പരാതി വരികയും കേസ് എടുക്കുകയും ചെയിതിരുന്നതായി പൊലീസ് പറഞ്ഞു. അമര്‍പുരിയെ പരിചയമുണ്ടായിരുന്ന ഒരാളാണ് അന്ന് ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തി എന്നായിരുന്നു ആരോപണം. അന്നു ജാമ്യം കിട്ടി പുറത്തുവന്നശേഷവും ഉപദ്രവം തുടരുകയായിരുന്നു അമര്‍പുരി. 

പൊലീസിനു കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ തന്നെ ഇരയാക്കുകയാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് അമര്‍പുരി പറയുന്നത്. അമര്‍വീര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.