അഭയകേന്ദ്രത്തിൽ പീഡനപരമ്പര; മൃതദേഹത്തിനായി ഭൂമി കുഴിച്ച് പൊലീസ്

ആരുമില്ലാത്തവർക്ക് അഭയകേന്ദ്രമാകേണ്ട ആ ഷെൽട്ടർ ഹോം ഭീതിയുടെയും ക്രൂരതയുടെയും കൂടായിരുന്നു എന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് രാജ്യം. ബിഹാർ മുസാഫിർപുരിലെ ഷെൽട്ടർഹോമിൽ പ്രായപൂർത്തിയാകാത്ത നാൽപതോളം പെൺകുട്ടികളെ രാഷ്ട്രീയക്കാരും അധികൃതരും ചേർന്ന് വർഷങ്ങളായി നിരന്തരം മാനഭംഗപ്പെടുത്തിയിരുന്നെന്നും അതിനെപ്പറ്റി കഴിഞ്ഞ മാർച്ചിൽത്തന്നെ സർക്കാരിന് അറിയാമായിരുന്നെന്നുമുള്ള വിവരം പുറത്തുവന്നതോടെ കോളിളക്കം ശക്തമായി. പീഡനത്തിൽ എതിർപ്പു പ്രകടിപ്പിച്ച ഒരു പെൺകുട്ടിയെ നടത്തിപ്പുകാർ മർദിച്ചുകൊന്ന് കുഴിച്ചിട്ടെന്ന് മറ്റൊരു പെൺകുട്ടിയാണ് പൊലീസിനോടു പറഞ്ഞത്. കെട്ടിടത്തിനുള്ളിലുൾപ്പെടെ നിലം കുഴിച്ചു പരിശോധന നടക്കുകയാണ്. 

പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കിയ ഡോക്ടർമാർ നൽകിയ റിപ്പോർട്ടിൽ പെൺകുട്ടികളിൽ 16 പേർ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. പീഡനത്തെത്തുടർന്ന് ഗർഭിണികളായ പെൺകുട്ടികളെ നിർബന്ധിച്ച് ഗർഭച്ഛിദ്രവും നടത്തിയിരുന്നു. 

ഷെൽട്ടർ ഹോമിലെ പെൺകുട്ടികളുമായി സംസാരിച്ച് ഒരു സന്നദ്ധസംഘടന പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിഹാർ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് പരാതി നൽകിയിരുന്നു. തുടർന്ന്, കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

കേസ് അന്വേഷിച്ച പൊലീസ് പെൺകുട്ടികളുടെ മൊഴിയെടുക്കുകയും പത്തുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റകൃത്യത്തിൽ കൂടുതൽ പേരുടെ പങ്ക് പരിശോധിക്കുകയാണെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന മുതിർന്ന പൊലീസ് ഓഫിസർ ഹർപീത് കൗർ പറയുന്നു. 

കേസ് ബിഹാർ രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടത്തുന്ന സംരക്ഷണകേന്ദ്രത്തിൽ നടന്ന ക്രൂരതയെപ്പറ്റി ആർജെഡി നേതാവ് തേജസ്വി യാദവിന്റെ ട്വീറ്റ് നിതീഷ് കുമാർ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

‘മുസാഫർപുർ ഷെൽട്ടർ ഹോമിൽ പ്രായപൂർത്തിയാകാത്ത നാൽപതോളം പെൺകുട്ടികളെ രാഷ്ട്രീയക്കാരും അധികൃതരും ചേർന്ന് വർഷങ്ങളായി നിരന്തരം മാനഭംഗം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞ മാർച്ച് മുതൽ ബിഹാർ ഗവൺമെന്റിന് അറിയാമായിരുന്നു. ഒരുപാട് പെൺകുട്ടികൾ ഗർഭച്ഛിദ്രത്തിനു നിർബന്ധിതമായി വിധേയരായിട്ടുണ്ട്. എന്നിട്ടും ഇതിനെതിരെ നടപടിയെടുക്കാൻ ആരും തയാറായിട്ടില്ല'' - തേജസ്വി പറയുന്നു.