13–ാം വയസ്സിൽ 30,000 രൂപയ്ക്ക് വിറ്റു; ഇപ്പോൾ നാലാമത്തെ ഭർത്താവിനൊപ്പം

ഹരിയാന മനോഹരമായ സ്ഥലമാണോ ? 

അവിടെയുള്ളവര്‍ എന്തു ഭക്ഷണമാണു കഴിക്കുന്നത് ? 

അവിടെ മഴ പെയ്യാറുണ്ടോ ? 

ഷബ്നം എന്ന 13 വയസ്സുകാരി പെണ്‍കുട്ടിയുടെ സംശയങ്ങള്‍. ആസ്സാമിലെ നഗോണ്‍ ജില്ലയിലാണവള്‍  താമസം. ഒരിക്കല്‍ വീട്ടില്‍ വന്ന ദീദി ഹരിയാനയിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് നിഷ്കളങ്കതയോടെ ഷബ്നം സംശയങ്ങള്‍ ചോദിച്ചത്. അതേ, ഹരിയാന സ്വപ്നം പോലെയൊരു സ്ഥലമാണ്. അവിടെപ്പോയാല്‍ താജ് മഹല്‍ കാണാം. കുത്തബ് മിനാറും ചുവപ്പുകോട്ടയുമൊക്കെ കാണാം- ഹരിയാനയുടെ ഭംഗിയെക്കുറിച്ചു ദീദി വാചാലയായപ്പോള്‍ ഷബ്നത്തിന്റെ മുഖം സന്തോഷത്താല്‍ തുടുത്തു. വീട്ടിലെ ദാരിദ്ര്യത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും ഷബ്ദം എന്ന പെണ്‍കുട്ടി ഹരിയാന എന്ന അദ്ഭുതഭൂമിയിലേക്ക്. 

അന്നു ദീദിയോടൊപ്പം യാത്ര പുറപ്പെട്ടിട്ട് 12 വര്‍ഷമാകുന്നു. ഇക്കാലത്തിനിടെ ഷബ്നത്തിനു ലഭിച്ചതു നാലു ഭര്‍ത്താക്കന്‍മാരെ. ഒരിക്കല്‍പോലും വിവാഹം കഴിച്ചിട്ടില്ല. ഇപ്പോള്‍ ഒമ്പതാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്നു.  നാലാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസം. അധികനാള്‍ ഇവിടെ താമസിക്കാമെന്ന പ്രതീക്ഷ എനിക്കില്ല. പ്രസവം കഴിഞ്ഞാലുടന്‍ ഇപ്പോഴത്തെ ഭര്‍ത്താവ് എന്നെ വില്‍ക്കും- ഭാവിയെക്കുറിച്ചു ഷബ്നം പറയുന്നു.  

ഒറ്റപ്പെട്ട കഥയല്ല ഷബ്നത്തിന്റേത്. ഹരിയാനയില്‍ കൈമറിഞ്ഞു വില്‍പനച്ചരക്കാകുന്ന നൂറുകണക്കിനു പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണവള്‍. ആയിരം പുരുഷന്‍മാര്‍ക്ക് 834 സ്ത്രീകള്‍ എന്നതാണു ഹരിയാനയിലെ സ്ത്രീ-പുരുഷ അനുപാതം. ഇതിനൊപ്പം പുരുഷ മേല്‍ക്കോയ്മ കൂടി നിലനില്‍ക്കുന്നതിനാല്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നതും വാങ്ങുന്നതുമൊക്കെ വളരെ സാധാരണം. ബംഗാള്‍, ബിഹാര്‍, ആസ്സാം, ഓഡിഷ എന്നിവടങ്ങളില്‍നിന്നൊക്കെ പെണ്‍കുട്ടികളെ വാങ്ങിക്കൊണ്ടുവരുന്നതു പതിവ്. ചിലപ്പോള്‍ അതിര്‍ക്കപ്പുറത്തുനിന്നുപോലും വാങ്ങലും വില്‍പനയും നടക്കുന്നു. 

13-ാം വയസ്സില്‍ ഷബ്നത്തിന്റെ കച്ചവടം ഉറപ്പിക്കുന്നതു 30,000 രൂപയ്ക്ക്. 40 വയസ്സുകാരനായ റഹിം എന്നയാളുടെ കുടുംബത്തിന് പിന്തുടര്‍ച്ച  ഇല്ലാതാകുമെന്ന ഘട്ടത്തിലാണ് ഷബ്നത്തെ ആസ്സാമില്‍നിന്നു വാങ്ങിക്കൊണ്ടുവരുന്നത്. പ്രസവം കഴിഞ്ഞയുടന്‍ ഷബ്നത്തിന്റെ ആവശ്യം റഹീമിന് ഇല്ലാതായി. ഗ്രാമത്തിലെ മറ്റൊരാള്‍ക്ക് ആ പെണ്‍കുട്ടിയെ വില്‍ക്കുന്നു. അങ്ങനെ നാലുതവണ. ഇതുവരെയും ഷബ്നം താജ് മഹല്‍ കണ്ടിട്ടില്ല. പ്രലോഭിപ്പിച്ചു വിളിച്ചുകൊണ്ടുവന്നപ്പോള്‍ കാണിക്കാമെന്ന പറഞ്ഞ സ്ഥലങ്ങളെല്ലാം ഇപ്പോഴുമവള്‍ക്കു സ്വപ്നം മാത്രം. 

ഹരിയാനയില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ കച്ചവടത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സ് അടുത്തിടെ സ്ത്രീകള്‍ക്കു ജീവിക്കാന്‍ ഏറ്റവും അപകടകരമായ സ്ഥലമായി ഇന്ത്യയെ തിര‍ഞ്ഞെടുത്തത്. മനുഷ്യക്കടത്ത് നിര്‍ബാധം നടക്കുന്ന സ്ഥലം. പെണ്‍കുട്ടികള്‍ വില്‍പ്പനച്ചരക്കാകുന്ന സ്ഥലം. ലൈംഗിക സുഖത്തിനുവേണ്ടി പെണ്‍കുട്ടികളെയും യുവതികളെയും അടിമകളാക്കി ചൂഷണം ചെയ്യുന്ന സ്ഥലം.

ഹരിയാനയിലേക്കു മറ്റു സംസ്ഥാനങ്ങളില്‍നിന്നു പെണ്‍കുട്ടികളെ കടത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍ക്കാരുകളുടെ പക്കല്‍ ഔദ്യോഗികമായ രേഖകള്‍ ഒന്നുമില്ല. എല്ലാവരുടെയും മൗനാനുവാദത്തോടെ മനുഷ്യക്കടത്ത് വീണ്ടും തുടരുന്നു. പാരോസ് എന്നാണ് വില്‍ക്കപ്പെടുന്ന പെണ്‍കുട്ടികളെ ഹരിയാനയില്‍ വിളിക്കുന്നത്. എല്ലാവീട്ടിലുമുണ്ടാകും പാരോസ്. ഒരു കുടുംബത്തില്‍ സഹോദരന്‍മാര്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുന്ന പെണ്‍കുട്ടികളുമുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് അവര്‍ ഒരു കാഴ്ചയാണ്. ഹരിയാനയിലുള്ളവര്‍ക്ക് എല്ലാം വെറും പതിവുകാഴ്ചകള്‍ മാത്രം. എട്ടും ഒമ്പതും തവണ വില്‍ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പോലുമുണ്ട്. 

ഗോസിയ ഖാന്‍ എന്ന സ്ത്രീക്ക് 59 വയസ്സ്. ഹൈദരാബാദില്‍നിന്നാണവര്‍. ഒരു പാരോ എന്നവര്‍  സ്വയം വിശേഷിപ്പിക്കുന്നില്ല. തന്നെ പലതവണ വില്‍ക്കാന്‍ ശ്രമമുണ്ടായി എന്നവര്‍ പറയുന്നു. പക്ഷേ, അത്തരം ശ്രമങ്ങളെയെല്ലാം അവര്‍ ചെറുത്തു. ഇവിടെ സ്ത്രീകള്‍ക്ക് നല്ല കരുത്ത് വേണം. ഇല്ലെങ്കില്‍ ഒരു വിലയുമില്ല- അനുഭവപാഠം പോലെ ഖാന്‍ പറയുന്നു. ഹരിയാനയില്‍ എത്തിയ ഉടന്‍ പ്രാദേശിക ഭാഷ പഠിച്ച ഖാന്‍ കരുത്തുള്ള സ്ത്രീയാണ്. ജില്ലാ ലീഗല്‍ അതോറിറ്റി അംഗവുമാണവര്‍. തന്റെ പ്രദേശത്ത് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. മനുഷ്യക്കടത്തിനെതിരെ ഉറച്ച നിലപാടു സ്വീകരിക്കുന്നു. 

എനിക്കു തോന്നുന്നത് ഞാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ്- പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഖാന്‍ തന്നെത്തന്നെ വിലയിരുത്തുന്നു.

ഖാന്റെ വീട് ഇന്ന് സ്ത്രീകളുടെ ഒരു അഭയകേന്ദ്രം കൂടിയാണ്. മര്‍ദനവും ഭീഷണിയും സഹിക്കാതെ വരുമ്പോള്‍,  മാനഭംഗശ്രമങ്ങളുണ്ടാകുമ്പോള്‍ പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട് ഓടിയെത്തുന്ന സ്ഥലം. തന്നെ തേടിവരുന്ന എല്ലാവരെയും ഖാന്‍ സംരക്ഷിക്കുന്നു. അവര്‍ക്കുവേണ്ട സഹായം കൊടുക്കുന്നു. മനുഷ്യക്കടത്ത് തടയാന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തിയതാണെന്നു ഖാന്‍ പറയുന്നു-ദയനീയമായി പരാജയപ്പെട്ടു. 

ത്രിപുര സ്വദേശിനിയാണ് റീന. കൗമാരത്തില്‍ ഹരിയാനയിലേക്കു കൊണ്ടുവരപ്പെട്ട ഒരു പെണ്‍കുട്ടി. ഇന്നു റീന ഒരു പെണ്‍കുട്ടിയുടെ അമ്മയാണ്. 

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അടിമകളാക്കി കൊണ്ടുവരപ്പെട്ട പെണ്‍കുട്ടികള്‍ ഇന്നു യുവതികളാണ്. സ്വന്തം വീട് എവിടെയാണെന്നുപോലും അവര്‍ക്ക് അറിയില്ല. മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട ഓര്‍മ പോലുമില്ല. വിധിയുമായി പൊരുത്തപ്പെട്ട് അവര്‍ അടിമജീവിതം തുടരുന്നു. 

പാരോസ് എന്ന പേരില്‍ അറിയപ്പെടുന്ന യുവതികളെ കണ്ട് അവരുടെ കഥകള്‍ ചോദിച്ചു മടങ്ങുന്ന പത്രപ്രവര്‍ത്തകയോട് ഷബ്നം ചോദിക്കുന്നു- നിങ്ങള്‍ താജ്മഹല്‍ കണ്ടിട്ടുണ്ടോ ? മനോഹരമാണോ ആ കാഴ്ച ? 13-ാം വയസ്സില്‍ മനസ്സില്‍ വളര്‍ന്ന മോഹം. ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, ഷബ്നം പ്രതീക്ഷ പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. ഒരുപക്ഷേ, ഇനിയെങ്കിലും ഒരുദിവസം തനിക്കു താജ് മഹല്‍ കാണാന്‍ കഴിഞ്ഞേക്കാം...ഷബ്നത്തിന്റെ കണ്ണുകളില്‍ പ്രണയത്തിന്റെ വെണ്ണക്കല്‍കുടീരത്തില്‍നിന്നു പ്രതിഫലിക്കുന്ന പ്രതീക്ഷയുടെ വെളിച്ചം.