സൈബർ റേപ്പിന് ഇരയായവരിൽ ബേബി മീനാക്ഷിയും

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്... പാടി മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ കൊച്ചു മിടുക്കിയാണ് മീനാക്ഷി. ’ഒപ്പ’ത്തിലൂടെ ആ സ്നേഹം അവൾ ഊട്ടിയുറപ്പിച്ചു. രാമച്ചന്റെ മീനുട്ടിയായി തകർത്തഭിനയിച്ചു. ബാലതാരമായി തിരക്കിൽ നിന്ന് തിരക്കിലേക്ക് പറക്കുമ്പോഴും മീനാക്ഷിക്ക് ഒരു സങ്കടമുണ്ട്. തന്റെ പേരിൽ ആരോ ഉണ്ടാക്കിയ ഫെയ്സ്ബുക് പേജിൽ വന്നുനിറയുന്ന അശ്ലീല കമന്റുകൾ. ’മീനാക്ഷി–മീനു–ഒപ്’ എന്നു പേരിലുള്ള ഫെയ്സ്ബുക് പേജിൽ നിറയെ മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളാണ്. അതിനു ചുവട്ടിൽ വന്നുനിറയുന്ന കമന്റുകൾ കണ്ടാൽ അറയ്ക്കും. 

വെറും 11 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ ചിത്രങ്ങൾക്കാണ് ഇത്തരം കമന്റുകൾ എന്നു വിശ്വസിക്കാൻ പോലും കഴിയില്ല. കൂടുതൽ അന്വേഷിച്ചു പോകുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ അറിഞ്ഞാൽ ഞെട്ടും. മീനാക്ഷി മാത്രമല്ല ഇവിടെ സൈബർ റേപ്പിന്റെ ഇരകൾ. ബേബി അനഘ, ബേബി എസ്തർ, ബേബി നയൻതാര തുടങ്ങി സിനിമയിൽ പ്രശസ്തരായ ഒട്ടുമിക്ക ബാലതാരങ്ങളുടെയും പേരുകളിൽ ഇത്തരം വ്യാജ പ്രൊഫൈലുകൾ നിരവധി. ഇവയിൽ വരുന്ന കമന്റുകൾ വായിച്ചാൽ തോന്നും ഈ ഞരമ്പു രോഗികൾ മനുഷ്യരല്ലേ എന്ന്. ഹനാനെ സോഷ്യൽ മീഡിയയിൽ അപമാനിച്ച വ്യക്തിയെ അറസ്റ്റ് ചെയ്ത നടപടി ഏറെ പ്രതീക്ഷ നൽകുന്നതാണ്. അതേസമയം കുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ നിയമം കണ്ണുകെട്ടി നിൽക്കുന്നു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ല. പേജ് പൂട്ടാതെ ഈ തെമ്മാടികൾ സ്വതന്ത്രമായി വിലസുന്നത് നമുക്ക് കാണേണ്ടിവരുന്നു. ഇതേക്കുറിച്ച് അറിയാൻ മീനാക്ഷിയുടെ അച്ഛൻ അനൂപുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് നമ്മുടെ നിയമ സംവിധാനങ്ങൾ എത്രമാത്രം ദുർബലമാണെന്ന് വ്യക്തമായത്. 

മാസങ്ങൾക്കു മുൻപ് അനൂപ് ഈ ഫെയ്‌ക്ക് പേജിനെക്കുറിച്ച് കോട്ടയം അയർക്കുന്നം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. നടപടിയൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ സർക്കിൾ ഇൻസ്പെക്ടറെ നേരിൽക്കണ്ടു വീണ്ടും പരാതി ബോധിപ്പിച്ചു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇതോടെ കോട്ടയം എസ്പി ഓഫിസിൽ പരാതി നൽകി. അവിടെനിന്ന് അന്വേഷണം ഉണ്ടായെങ്കിലും പേജിന് ഒന്നും സംഭവിച്ചില്ല. ഇതിനിടെ ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്തു. എന്നിട്ടും പേജ് ഡിലീറ്റ് ചെയ്യാൻ ഫെയ്സ്ബുക്ക് അധികൃതർ തയ്യാറായില്ല. 

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം