ഏഴുകോടി നൽകി കുടുംബശ്രീ പ്രവർത്തകർ

നാലുപെണ്ണുങ്ങൾ കൂടിയാൽ പരദൂഷണവും തമ്മിലടിയുമല്ലാതെ എന്തുണ്ടാവാനാ? ഇത്തരം ഏറെ പരിഹാസങ്ങളും ആക്ഷേപങ്ങളും കേട്ടിട്ടുള്ള ആളുകളാണ് കുടുംബശ്രീ അംഗങ്ങൾ. ഉപദ്രവകരവും നിരുപദ്രവകരവുമായ ഏറെ ട്രോളുകളും ഇവരെക്കുറിച്ചുണ്ടായിട്ടുണ്ട്. മാറിനിന്ന് പരിഹസിച്ചവർ ഇവരെ ഹൃദയത്തോട് ചേർത്ത് അഭിനന്ദിക്കുകയാണിപ്പോൾ. പെണ്ണുങ്ങളുടെ കൂട്ടായ്മയുടെ ശക്തി അറിയിച്ചുകൊണ്ട് അവരെല്ലാവരും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത് ഏഴുകോടി രൂപയാണ്.

പെൺമനസ്സുകളുടെ നൻ‌മയുടെ മറ്റൊരുകഥയും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്. പ്രളയക്കെടുതിയിൽ വീടുവിട്ട് ദുരിതാശ്വാസക്യാമ്പിലേക്ക് പോയ വീട്ടമ്മമാർ പോലും ക്യാംപിൽ നിന്ന് വീട്ടിലെത്തിയപ്പോൾ തങ്ങളുടെ പങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഒരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ നല്ലവാർത്തയെക്കുറിച്ച് കേരളമറിഞ്ഞത്. ദുരിതാശ്വാസ ക്യാംപിലേക്ക് പോകുന്നതിനു മുൻപ് തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ടാംഗമായ വീട്ടമ്മ സിഡിഎസ് പ്രസിഡന്റിനോട് വിളിച്ചു പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപമിങ്ങനെ:- 

"ക്യാംപീന്ന് തിരിച്ചെത്തീട്ട് റിലീഫ് ഫണ്ട് തരാട്ടോ,എട്ത്ത് വച്ചിട്ടുണ്ട് ഞാൻ"

വെള്ളം നിറഞ്ഞ വീട്ടിൽ നിന്നും വള്ളത്തിലേക്കു പിടിച്ചു കയറി ദുരിതാശ്വാസക്യാമ്പിലേക്കു പോകുന്നതിനു മുൻപേ തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ടാംഗം അവിടെ നിന്നിരുന്ന സിഡിഎസ്സ് അംഗത്തോട് വിളിച്ചു പറഞ്ഞ വാചകങ്ങളാണ്.. ഞാനും ദുരിതത്തിനു ഇരയായി എന്നല്ല അവരോർക്കുന്നത്,തന്നേക്കാൾ ദുരിതം വന്നവർക്ക് ആവുംവിധം സഹായം എന്ന വലിയ മനസ്സ്.. എത്രയെത്ര ആളുകളുണ്ടാകും ഇതുപോലെയല്ലേ?

അതെ, ഇതുപോലെ അയൽക്കൂട്ടത്തിലുള്ള ആയിരക്കണക്കിന് അമ്മമാരും ചേച്ചിമാരുമാണ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നതുപോലെ ഒരാഴ്ചത്തെ തങ്ങളുടെ ചെറിയ സമ്പാദ്യം മാറ്റി വച്ചു ഏഴുകോടി രൂപ പിരിച്ചു നൽകിയത്.. ആ വലിയ അക്കങ്ങൾക്കുമൊക്കെയപ്പുറമുള്ള നന്മയുടെ തുകയാണത്..ചെറിയ ചെറിയ അധ്വാനങ്ങളുടെ തുക..

വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടവർ ശേഖരിച്ചു നൽകിയ കോടികളുടെ തുക കണ്ടു ഞെട്ടണ്ട, പല രീതിയിൽ നിങ്ങൾ കളിയാക്കുന്ന,നിങ്ങളുടെ ഭാഷയിൽ 'നാട്ടു വർത്താനം പറയാൻ മീറ്റിംഗ് കൂടുന്ന' അതേ ആളുകളുടെ സമ്പാദ്യം തന്നെയാണിത്.പക്ഷേ ആ നാട്ടുവർത്താനത്തിൽ എല്ലാമുൾപ്പെടുമെന്നു മാത്രം.എല്ലാം.. അതിലേറ്റവും മുൻപന്തിയിൽ അനുകമ്പ എന്ന ഒന്നാണെന്ന് ഇനി സോ കോൾഡ് കളിയാക്കലുകൾ പറയുന്നതിന് മുൻപേ വിസ്മരിക്കരുത്.. ..

സന്തോഷമാണ് , അഭിമാനമാണ് അതിനേക്കാളേറെ നിറഞ്ഞ അഹങ്കാരമാണ് അവരുടെ കൂടെ പ്രവർത്തിക്കുന്നതിൽ..