200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയത് 102–ാം വയസ്സിൽ; അദ്ഭുതവനിതയുടെ കഥ

Man Kaur : Photo Credit : Twitter

100 വയസ്സിനുശേഷം ജീവിച്ചിരിക്കുക; അതും പൂർണാരോഗ്യത്തോടെ. റെക്കോർഡുകൾ തിരുത്തിയും പുതിയവ സ്ഥാപിച്ചും. മൻ കൗറിനെ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്നല്ല വിളിക്കേണ്ടത്, ജീവിതത്തെ അതിശയിപ്പിക്കുന്ന ഇതിഹാസം എന്നുതന്നെ. അതിശയിപ്പിക്കുന്ന നേട്ടങ്ങൾക്കുടമയായ പഞ്ചാബിലെ പട്യാലയിൽനിന്നുള്ള 102 വയസ്സുകാരി മൻ കൗർ അദ്ഭുതങ്ങൾക്ക് അവസാനമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. സ്പെയിനിലെ മലാഗയിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മെഡൽ നേടിക്കൊണ്ടാണ് മൻ കൗർ വീണ്ടും വാർത്തകളിൽ നിറയുന്നത്. 

ലോക മാസ്റ്റേഴ്സ് മീറ്റിൽ 100 – 104 വയസ്സിനുമിടയിലുള്ള താരങ്ങളുടെ വിഭാഗത്തിലാണ് ഇത്തവണ മൻകൗർ മൽസരിച്ചത്. 200 മീറ്റർ ഓട്ടത്തിൽ. മൂന്നു മിനിറ്റും 14.65 സെക്കൻഡും മാത്രമെടുത്ത് അവർ ഒന്നാമതെത്തി സുവർണനേട്ടത്തിന് ഉടമയായി. മാസ്റ്റേഴ്സ് മീറ്റിൽ സ്വർണം നേടുന്ന പ്രായമേറിയ ഇന്ത്യൻ വനിതാ താരം എന്ന റെക്കോർഡും കൗർ സ്വന്തമാക്കി. 

സജീവമായ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് വിശ്രമജീവിതത്തിലേക്കു പലരും തിരിയുന്ന പ്രായത്തിലാണ് മൻ കൗർ കായികരംഗത്ത് എത്തുന്നത് 93–ാം വയസ്സിൽ. എട്ടുവർഷത്തിനുശേഷം ‘ചണ്ടിഗഡിൽനിന്നുള്ള അദ്ഭുതവനിത’ എന്നറിയപ്പെടുന്ന മൻകൗർ ആദ്യത്തെ സ്വർണം നേടി. ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നടന്ന മാസ്റ്റേഴ്സ് മീറ്റീൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിക്കൊണ്ട്. 2016–ൽ 100 വയസ്സുള്ളവരിൽ ലോകത്തെ ഏറ്റവും വേഗം കൂടിയ താരം എന്ന ബഹുമതിയും നേടി– വാൻകൂറിൽ നടന്ന അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിലായിരുന്നു ചരിത്രനേട്ടം.

മൽസരിക്കുന്നതിനുമുമ്പുതന്നെ അന്നവർ വിജയിച്ചിരുന്നു. 100 വയസ്സുകാർ മറ്റാരും ഉണ്ടായിരുന്നില്ല അന്നവർക്കൊപ്പം മൽസരിക്കാൻ. പക്ഷേ കൗർ അതൊന്നും കാര്യമാക്കിയില്ല. 1 മിനിറ്റും 14 സെക്കൻഡും മാത്രമെടുത്ത് കൗർ 100 മീറ്റർ പൂർത്തിയാക്കി. കയ്യടിച്ച ആൾക്കുട്ടത്തിനുമുന്നിൽ വിജയസ്മിതവുമായെത്തിയ കൗർ അന്ന് ആനന്ദനൃത്തവും ചവിട്ടിയാണ് മൽസരയിനം പൂർത്തിയാക്കിയത്. 

മകൻ ഗുരുദേവ് സിങ്ങിന്റെ പ്രേരണയിലാണ് കൗർ കായികരംഗത്ത് വൈകിയാണെങ്കിലും എത്തുന്നത്. പിന്നീട് അമ്മയും മകനും കൂടിയാണ് എല്ലാ മൽസരയിനങ്ങളിലും പങ്കെടുക്കുന്നതും. ഒരോ മൽസരവും ഞാൻ അങ്ങേയറ്റം ആസ്വദിക്കുന്നു. വളരെ സന്തോഷവതിയാണ്. ഉടനെയൊന്നും മൽസരരംഗം വിടാനും ഞാൻ ഉദ്ദേശിക്കുന്നില്ല. ഇല്ല, പൂർണവിരാമം എന്നൊന്നില്ല. ഓട്ടം തുടരാൻ തന്നെയാണ് പദ്ധതി – ക്ഷീണമോ തളർച്ചയോ ഇല്ലാതെ മൻകൗർ പറയുന്നു.