കോട്ടയത്തെ ഇരുട്ടിനെ ആർക്കാണു പേടി ?

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

സ്വാതന്ത്ര്യം എന്നത് എല്ലാവരുടെയും അവകാശമാണ്; നീതി സ്വാഭാവികമായി ലഭിക്കേണ്ടതും. എന്നിട്ടും സാമൂഹിക വികസന സൂചികയിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽനിൽക്കുന്ന ഒരു സംസ്ഥാനത്ത് സ്വാഭാവിക നീതിക്കുവേണ്ടി സമരം ചെയ്യേണ്ടിവരുന്നു. അവകാശങ്ങൾക്കുവേണ്ടി കൂട്ടംകൂടിനിന്ന് ശബ്ദം ഉയർത്തേണ്ടിവരുന്നു. മെഴുകുതിരികൾ കത്തിച്ചുപിടിച്ച് ചുറ്റുമുള്ള ഇരുട്ടിനെ വകഞ്ഞുമാറ്റി വെളിച്ചം കാണിക്കേണ്ടിവരുന്നു. അന്ധകാരയുഗത്തിൽത്തന്നെയാണ് ഇപ്പോഴും എന്നു പ്രവൃത്തികളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നവരെ വെളിച്ചത്തിലേക്കു വരാൻ ആഹ്വാനം ചെയ്യേണ്ടിവരുന്നു. വിദൂരമായ ഏതെങ്കിലും സ്ഥലത്തല്ല, കേരളത്തിൽ കോട്ടയത്താണ് ഇരുട്ടിൽകഴിയുന്നവരെ വെളിച്ചത്തിലേക്കു കൊണ്ടുവരാൻ വിദ്യാർഥിനികൾക്കു സമരം ചെയ്യേണ്ടിവന്നത്. കോട്ടയം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കാണ് പഠനത്തിനൊപ്പം സമരത്തിന്റെ മുറകളും അഭ്യസിക്കേണ്ടിവന്നത്. രാത്രി 7.30 നു മുമ്പ് ഹോസ്റ്റലിൽ എത്തണമെന്ന നിബന്ധനയ്ക്കെതിരെയായിരുന്നു സമരവും ഒടുവിൽ അധികൃതരുടെ കീഴടങ്ങലും. 

കോട്ടയം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ രാത്രിയിലെ പ്രവേശന സമയമാണു വിവാദമായത്. ദിവസവും രാത്രി 7.30 നു മുമ്പ് വിദ്യാർഥിനികൾ ഹോസ്റ്റലിൽ പ്രവേശിച്ചിരിക്കണം എന്നായിരുന്നു നിബന്ധന. കാലത്തിനു നിരക്കുന്നതല്ലെങ്കിലും വർഷങ്ങളായി ഈ നിബന്ധന വിദ്യാർഥിനികൾ അംഗീകരിച്ചിരുന്നു. കോളജിനു തൊട്ടടുത്തുള്ള സ്വകാര്യ പരിശീലന സെന്ററിൽ ബിരുദാനന്തര ബിരുദത്തിന് ആഴ്ചയിൽ രണ്ടുദിവസം 9 മണി വരെ പരിശീലനം ഏർപ്പെടുത്തിയതോടെ രാത്രി വൈകിയെത്തിയ വിദ്യാർഥിനികൾക്കു ഹോസ്റ്റൽ അധികൃതർ പ്രവേശനം നിഷേധിച്ചു. ന്യായമായ അവകാശമായിട്ടും അധികൃതർ വഴങ്ങാതെവന്നതോടെ പ്രത്യക്ഷ സമരരംഗത്ത് ഇറങ്ങേണ്ടിവന്നു വിദ്യാർഥിനികൾക്ക്. രാത്രി വൈകിയും സമരം നീണ്ടതോടെ സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായി. മാറ്റം സംബന്ധിച്ച് പിടിഎയുമായി ചർച്ച ചെയ്ത് അന്തിമതീരുമാനം എടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സമരം രൂക്ഷമായതോടെ പ്രിൻസിപ്പൽ ഫോണിലൂടെ വിദ്യാർഥികളുടെ ആവശ്യം അംഗീകരിച്ചു സന്ദേശം അയച്ചു. 

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനികളുടെ പ്രവേശന സമയം നിലവിൽ 9.30 ആണ്. കോഴിക്കോട്ട് രാത്രി 10 വരെ സമയമുണ്ട്. തൃശൂരിൽ സമയപരിധിയേ ഇല്ല. കോട്ടയത്തു മാത്രം സമയപരിധി കർശനമാക്കുകയും 7.30 എന്നു നിജപ്പെടുത്തുകയും ചെയ്തതാണ് പ്രശ്നമായത്. കേവലം സമയത്തിലുപരി ഇപ്പോഴും ഇരുട്ടിൽ തുടരുന്ന അധികൃതരുടെ പിന്തിരിപ്പൻ നയം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. 

ലിംഗസമത്വം എന്നതു ലോകമാകെ അംഗീകരിച്ച സ്വാഭാവിക നീതിയാണ്. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പുറത്തിറങ്ങി നടക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യവുമുണ്ട്. വിദ്യാർഥിനികളും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുമൊക്കെ രാത്രി വൈകിയും പുറത്തിറങ്ങിനടക്കേണ്ടിവരുന്നവരാണ്. അവരുടെ മനസ്സിൽക്കൂടി ഇരുട്ടിനോടുള്ള ഭയം കുത്തിവയ്ക്കാനാണോ അധികൃതർ ശ്രമിക്കുന്നതെന്ന സംശയവും വിദ്യാർഥികൾ ഉന്നയിക്കുന്നു. വിദ്യാർഥിനികളെന്നോ ഉദ്യോഗസ്ഥരെന്നോ സ്ത്രീകളെന്നോ പുരുഷൻമാരെന്നോ ഭേദമില്ലാതെ എല്ലാവരും എപ്പോഴും സ്വതന്ത്രരായി നടക്കുന്ന ഒരു ലോകമാണ് എല്ലാവരുടെയും സ്വപ്നം; ആഗ്രഹവും. ആശയം പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം പ്രവൃത്തിപഥത്തിൽ എത്തിക്കുകയും വേണം. അതിനുവേണ്ടി പരിശ്രമിക്കുന്നവരെക്കൂടി നിരുത്സാഹപ്പെടുത്താൻ ശ്രമം ഉണ്ടായാൽ എവിടെ, എങ്ങനെ സ്വാഭാവിക നീതി പുലരും എന്നതാണു ചോദ്യം. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടുമെല്ലാം നിലവിലുള്ള സ്വാതന്ത്ര്യം കോട്ടയത്തുമാത്രം നിഷേധിക്കുന്നതിന്റെ ഇരട്ടത്താപ്പും ചർച്ചയായിരിക്കുന്നു. ഇരുട്ടിനും സ്ഥലഭേദങ്ങളുണ്ടോ? പ്രത്യേകിച്ചും കോട്ടയത്തെ രാത്രിക്കും ഇരുട്ടിലും കൂടുതൽ പേടിക്കാൻ എന്താണുള്ളത് ?