കൊല്ലം തുളസിയുടെ പ്രസംഗം വിവാദത്തിൽ; വനിതാ കമ്മിഷൻ കേസെടുത്തു

കൊല്ലം തുളസി

കൊല്ലം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയിൽ നടൻ കൊല്ലം തുളസിയുടെ പ്രസംഗം വിവാദമായി. സ്ത്രീകൾക്കെതിരായ പരാമർശത്തിന്റെ പേരിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പരാമർശത്തിൽ കൊല്ലം തുളസി പിന്നീട് ഖേദം പ്രകടിപ്പിച്ചു.

‘അമ്മമാർ ശബരിമലയിൽ പോകണം. ചില ‘ലവളു’ മാർ അവിടെ എത്തും. അങ്ങനെ ആരെയെങ്കിലും കണ്ടാൽ അവരെ രണ്ടായി വലിച്ചുകീറണം. എന്നിട്ടു ഡൽഹിയിലേക്കും കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും വലിച്ചെറിയണം. കേരളത്തിൽ അമ്മമാർ നടത്തുന്ന പ്രതിഷേധത്തിന്റെ സ്വരം സുപ്രീംകോടതിയിൽ ഇരിക്കുന്ന ശുംഭന്മാർ കേൾക്കണം. പ്രതിഷേധത്തിന്റെ സ്വരം മുഖ്യമന്ത്രിയുടെ കാതിൽ എത്തണം. അതിനു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മനസ്സ് മാറാൻ വെടിവഴിപാട് അടക്കമുള്ള നേർച്ചകൾ നടത്തണം’- എന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം. 

തുടർന്നാണ് വനിതാ കമ്മിഷൻ കേസെടുത്തത്. പ്രസംഗത്തിന്റെ ആവേശത്തിൽ പറഞ്ഞുപോയതാണെന്നും എന്നിരുന്നാലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും കൊല്ലം തുളസി പിന്നീട് പറഞ്ഞു.വിവാദ പരാമർശത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നതായും മനോരമ ന്യൂസ് ചാനൽ ചർച്ചയിൽ അദ്ദേഹം പറ‍ഞ്ഞു. എന്നാൽ സുപ്രീംകോടതി ജ‍ഡ്ജിമാരെ താൻ ശുംഭൻ എന്നു വിളിച്ചിട്ടില്ലെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.