കോട്ടയം ∙ വനിത വുമൺ ഓഫ് ദി ഇയർ പുരസ്കാരം ‘മാഹേർ’ സ്ഥാപക സിസ്റ്റർ ലൂസി കുര്യന്. കണ്ണൂർ കോളയാട് സ്വദേശിയായ സിസ്റ്റർ ലൂസി കുര്യൻ 1997ൽ പുണെയിൽ സ്ഥാപിച്ച മാഹേർ എന്ന സന്നദ്ധസംഘടന, ആലംബമറ്റ ജീവിതങ്ങളുടെ ആശ്രയമാണ്.
തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾക്കും സ്ത്രീകൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും മാഹേർ അഭയം നൽകുന്നു. സാമൂഹികസേവന രംഗത്തു 19 വർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളാണു സിസ്റ്റർ ലൂസി കുര്യനെ ഒരു ലക്ഷം രൂപയുടെ വനിത വുമൺ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയാക്കിയത്.
മഹാരാഷ്്ട്ര, ജാർഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി 39 മാഹേർ വീടുകളുണ്ട്. കൊച്ചി മുളന്തുരുത്തിക്കടുത്തു പെരുമ്പിള്ളിയിലാണു കേരളത്തിലെ മാഹേർ സ്നേഹഭവൻ. ‘സിസ്റ്റേഴ്സ് ഓഫ് ദ് ക്രോസ് ഓഫ് ഷവനോഡ്’ കന്യാസ്ത്രീ സമൂഹത്തിലെ അംഗമായ സിസ്റ്റർ ലൂസി കുര്യൻ പിന്നീടു സേവനവഴി തിരഞ്ഞെടുക്കുകയായിരുന്നു.
കിഷോർ ധാം എന്ന വീടുകളിൽ വസിക്കുന്ന കുട്ടികൾക്കു മികച്ച വിദ്യാഭ്യാസവും സൗകര്യങ്ങളും മാഹേർ നൽകുന്നുണ്ട്. ചേരികളിൽ താമസിക്കുന്ന ദരിദ്രരുടെ ഉന്നമനത്തിനുള്ള പദ്ധതികളും മാഹേർ നടപ്പാക്കുന്നു.
തെരുവിൽനിന്നു നാലായിരത്തോളം സ്ത്രീകളെയും രണ്ടായിരത്തിലധികം കുട്ടികളെയുമാണു മാഹേർ പുനരധിവസിപ്പിച്ചത്. കിഷോർ ധാമുകളിൽ 860 കുട്ടികൾക്കും മംമ്താ ധാമിൽ 320 സ്ത്രീകൾക്കും അഭയം നൽകുന്നു. മാനസികവെല്ലുവിളി നേരിടുന്ന പുരുഷൻമാർക്കുള്ള കരുണാലയയിൽ 52 പേരുണ്ട്.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഈ വർഷത്തെ സ്ത്രീ ശക്തി അവാർഡ് ഗ്ലോബൽ വിമൻസ് സമ്മിറ്റിന്റെ ലീഡർഷിപ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ സിസ്റ്റർ ലൂസി കുര്യനു ലഭിച്ചിട്ടുണ്ട്.
സിസ്റ്റർ ലൂസി കുര്യനെക്കുറിച്ചും മാഹേറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ഫീച്ചർ മാർച്ച് രണ്ടാം ലക്കം വനിതയിൽ.