ലൈംഗികപീഡനത്തിനു വിധേയയാകുന്ന സ്ത്രീ എന്തുകൊണ്ട് പേരു വെളിപ്പെടുത്താൻ മടിക്കുന്നു ? ചിലരെങ്കിലും ഉന്നയിച്ചുകാണുന്ന ഒരു ചോദ്യമാണിത്. നേരിട്ട ആക്രമണം തുറന്നുപറഞ്ഞുകൊണ്ടു പുറത്തുവരൂ. എല്ലാവരും എല്ലാം അറിയട്ടെ. ഈ ചോദ്യത്തിന് ശക്തമായി ഉത്തരം പറയുന്നു ഗായിക സോന മഹാപത്ര.
ഒരു സ്ഥാപനത്തിൽ ബോസിൽനിന്ന് ഒരു സ്ത്രീക്ക് ആക്രമണം നേരിട്ടുവെന്നിരിക്കട്ടെ. അവരതു തുറന്നുപറയുന്നു. നല്ലതുതന്നെ. പക്ഷേ, ആ സ്ത്രീക്ക് നിങ്ങളെന്നെങ്കിലും ഒരു ജോലി കൊടുക്കുമോ? അവരെ സാധാരണ സ്ത്രീയായി അംഗീകരിക്കുമോ ?
ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട് നമ്മുടെ സമൂഹം. ഉത്തരം പറയാതിരിക്കുന്നിടത്തോളം പേരു വെളിപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും പറയുന്നു സോന. നിലപാടുകൾ തുറന്നുപറയാൻ ഇതിനുമുമ്പും മടികാണിക്കാതിരുന്നിട്ടുള്ള വ്യക്തിയാണു സോന. സോന ഇപ്പോൾ നിലപാടുകൾ തുറന്നുപറയാൻ കാരണമായത് ദ് വൈറൽ ഫീവർ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണ ങ്ങൾ.
സ്ഥാപനത്തിൽ ജോലി ചെയ്യവേ തനിക്കു നേരിട്ട പീഡനങ്ങൾ ഒരു യുവതി തുറന്നുപറഞ്ഞതോടെയാണ് ഒച്ചപ്പാടുകൾ ഉണ്ടായത്. ടിവിഎഫ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അരുണാഭ് കുമാറിനെതിരെ പേരു വെളിപ്പെടുത്താതെ ബ്ലോഗിൽ ലൈംഗിക പീഡന ആരോപണങ്ങൾ ഒരു ജീവനക്കാരി എഴുതി ലോകത്തെ അറിയിച്ചു. അപ്പോഴാണു ചോദ്യം വന്നത്.
എന്തുകൊണ്ടു യുവതി പേരു വെളിപ്പെടുത്താതെ ആരോപണങ്ങൾ ഉന്നയിക്കുന്നു. ആരോപണങ്ങളിൽ സത്യമില്ലാത്താതുകൊണ്ടാണോ. അതോ സമൂഹത്തെ നേരിടാൻ ധൈര്യമില്ലാത്തതിനാലോ.
വിവാദം ഉയരുകയും സ്ഥാപനം പ്രത്യേകിച്ചൊരു ഉത്തരവാദി ത്തവുമേൽക്കാതെ പ്രതികരിക്കുകയും ചെയ്തതോടെ സാമൂഹ മാധ്യമങ്ങൾ ചർച്ച തുടങ്ങി.ഈ പരിഷ്കൃത കാലത്തും ഇന്ത്യയിൽ എന്തുകൊണ്ടു സ്ത്രീകൾ വിവേചനം അനുഭവിക്കുന്നു.
ആക്രമണം നേരിട്ടാലും അതേക്കുറിച്ചു തുറന്നുപറയാനുള്ള അവസരം പോലും പലർക്കുമില്ല.ഇതാണോ രാജ്യം കാലങ്ങളിലൂടെ നേടിയ പുരോഗതിയും വളർച്ചയും. ഈ സാഹചര്യത്തിലാണു സോന സമൂഹം ഉത്തരം പറയേണ്ട ചോദ്യവുമായി എത്തിയത്. ക്രൂരമായ അനുഭവത്തിലൂടെ കടന്നുപോകുന്നു എന്നു മാത്രമല്ല അതിനുശേഷവും ഇരയെ സമൂഹം വേർതിരിച്ചു കാണുന്നു. മറ്റുള്ളവർക്കു നൽകുന്ന എല്ലാ പരിഗണനകളും അവർക്കു നൽകുന്നില്ല. പിന്നെങ്ങനെ ഇരകൾ പേരു വെളിപ്പെടുത്തും എന്നാണു സോനയുടെ സംശയം.
സോനയുടെ പ്രതികരണത്തോടു ചേർത്തുവായിക്കണം നടി ട്വിങ്കിൾ ഖന്ന ബ്ലോഗിൽ എഴുതിയ കുറിപ്പ്. ജോലിസ്ഥലത്തു സ്ത്രീകൾ നേരിടുന്ന പലവിധ പീഡനങ്ങളെക്കുറിച്ചാണു ട്വിങ്കിൾ എഴുതുന്നത്. ഓരോ ഒഫിസ് മുറിയിലും നാക്കു പുറത്തേക്കുനീട്ടി ഇരിക്കുന്നുണ്ട് വൈകൃതകാഴ്ചയായി ഒരു തവള.
പറന്നുനടക്കുന്ന എല്ലാ ജീവികളിലും അവന്റെ കണ്ണെത്തുന്നുണ്ട്. അവരെല്ലാം അവന്റെ ഇരകൾ, ഓരോന്നിനെയായി അവൻ നാക്കുനീട്ടി അകത്താക്കുന്നു. അടുത്തകാലത്തായി ഇത്തരം തവളകളുടെ എണ്ണം കൂടിയിട്ടുണ്ട്. പേരുകൾ എല്ലാവർക്കുമറിയാം. ഇൻഫോസിസിൽനിന്നു രാജിവയ്ക്കേണ്ടിവന്ന ഫനീഷ് മൂർത്തി. സ്വന്തം ഓഫിസിലെ ജീവനക്കാരിയാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
തെഹൽകയിലെ തരുൺ തേജ്പാലിന്റെ കഥ മറക്കാറായിട്ടില്ല. രാജ്യം ഞെട്ടലോടെ കേട്ടു ധീരനായ ഒരു പത്രപ്രവർത്തകന്റെ കേട്ടാലറയ്ക്കുന്ന ലൈംഗിക വൈകൃതങ്ങൾ. എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആർ.കെ.പച്ചൗരി. ഒന്നിലധികം ജീവനക്കാർ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായെത്തി. ഈ നിരയിലേക്ക് അവസാനം കടന്നുവന്നയാളാണ് ദ് വൈറൽ ഫീവർ തലവൻ അരുണാഭ് കുമാർ.
സംഭവം ജനങ്ങളെ ഞെട്ടിച്ചു, അതിൽക്കൂടുതൽ ഞെട്ടൽ ഉളവാക്കുന്നുണ്ട് അദ്ദേഹം നടത്തിയ ചില പ്രതികരണങ്ങൾ.തന്റെ ഓഫിസിലെ ഒരു വനിതാ ജീവനക്കാരി ലൈംഗികാർഷകത്വമു ള്ളവളായി (സെക്സി) കണ്ടാൽ താനതു മുഖത്തുനോക്കി പറയുമെന്നു പറയുന്നു അരുണാഭ്.
അതു തെറ്റാണോ എന്നും അദ്ദേഹം നിഷ്കളങ്കനായി ചോദിക്കുന്നു. തിരക്കുപിടിച്ച റോഡിലൂടെ ചുവന്ന ബീക്കൺ ലൈറ്റ് തെളിപ്പിച്ച് കടന്നുപോകുന്ന ചില രാഷ്ട്രീയക്കാരെപ്പോലെ ചില പുരുഷൻമാരും തങ്ങൾക്കു പ്രത്യേക അവകാശമുള്ള വരായി ധരിച്ചുവച്ചിരിക്കുന്നു.
തവളകൾ എല്ലായിടത്തുമുണ്ട്. തനിക്കു നേരിട്ട ഒരു ദുരനുഭവവും ട്വിങ്കിൾ വിവരിക്കുന്നു. ഒരു പ്രോജക്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനിടെ ഒരു പ്രമുഖൻ തനിക്കു സ്ഥിരമായി ഫോണിൽ മെസേജ് അയച്ചുകൊണ്ടിരുന്നു. ഒരിക്കൽ ആ മെസേജുകൾ കണ്ട് താൻ കരഞ്ഞുപോയി.
മുഷ്ടി ചുരുട്ടി ഇടിച്ചു ഭിത്തികൾ തകർക്കുന്നതായി സ്ക്രീനിൽ അഭിനിയിച്ചു തകർത്ത ഒരു ഭർത്താവുള്ള തന്റെ അവസ്ഥ ഇതാണെങ്കിൽ രാജ്യത്തെ ലക്ഷോപലക്ഷം സാധാരണക്കാരുടെ അവസ്ഥ എത്ര ദയനീയമാണെന്നും ചോദിക്കുന്നു ട്വിങ്കിൾ. ജോലിസ്ഥലത്തു പുരുഷൻമാരാൽ അപമാനിക്കപ്പെടുന്ന 30 ശതമാനം സ്ത്രീകളിൽ ഒരാളായിരുന്നു ട്വിങ്കിൾ ഖന്നയും.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഭൂരിപക്ഷം വനിതകളും അപമാനം സഹിച്ചും നിശ്ശബ്ദമായി ജോലി തുടരുന്നു. ഉള്ളിൽ കരയുമ്പോഴും പുറമെ ചിരിച്ചുസംസാരിക്കുന്നു. വലിയൊരു പ്രശ്നമായി സംഭവം ഉയർത്തി ഭാവി തുലച്ചുകളയാൻ ആരും അഗ്രഹിക്കുന്നില്ല. പീഡനങ്ങൾ നിലയ്ക്കാതെ തുടരുകയും ചെയ്യുന്നു.
തവളകളെപ്പോലെ പെരുമാറുകയും ഏതു സ്ത്രീക്കുമെതിരെ എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്നു കരുതുകയും ചെയ്യുന്നവർ ക്ക് ട്വിങ്കിൾ ഒരു ഉപദേശം കൊടുക്കുന്നു. സുഹൃത്തിന്റെ വീട്ടിൽ ചെല്ലുമ്പോഴോ പാർട്ടിയിൽ പങ്കെടുക്കുമ്പോഴോ എപ്പോഴെങ്കിലും അസഹ്യമായ ലൈംഗികാർഷകത്വമുള്ളയാളായി ഒരു സ്ത്രീയെ കണ്ടാൽ അവരെ സെക്സിയെന്നു വിളിച്ച് ആക്ഷേപിക്കുന്നതിനു പകരം തന്നോടൊപ്പം പുറത്തേക്കുവരാൻ താൽപര്യമുണ്ടോ എന്നു ചോദിക്കുക.
ഇല്ലെങ്കിൽ അവരെ മറന്നേക്കുക. അനുവാദമില്ലാതെ ഒരു സ്ത്രീയെ സ്പർശിക്കാനോ മോശം കമന്റുകൾ പറയാനോ ആർക്കും അധികാരമില്ലെന്ന് അറിയുക. കിടപ്പുമുറിയിൽ തന്നോടൊപ്പമുള്ള സ്ത്രീയെ ഒരു പുരുഷൻ സെക്സി എന്നു വിളിക്കുന്നതു മനസ്സിലാക്കാം. ഓഫിസിലോ പൊതുസ്ഥലത്തുവച്ചോ അങ്ങനെ വിളിച്ച് ആക്ഷേപിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനു മാവില്ലെന്നു കുറിക്കുന്നു ട്വിങ്കിൾ.