Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്യൂട്ട് ടീച്ചർ ; സർക്കാർ സ്കൂളിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്വർണ്ണം വിറ്റ അധ്യാപിക

annapoorna-with-students അന്നപൂർണ്ണ വിദ്യാർഥികളോടൊപ്പം.

ജോലി സർക്കാർ സ്കൂളിലാണെങ്കിലും സ്വന്തം മക്കളെ ഏറ്റവും മുന്തിയ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകർ ഈ അധ്യാപികയുടെ കഥയറിയണം. പഠിപ്പിക്കുന്ന സ്കൂളിലെ കുറവുകൾ തിരിച്ചറിഞ്ഞ് അവിടെ പഠിക്കുന്ന കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കുവേണ്ടി സ്വന്തം സ്വർണ്ണം വിറ്റാണ് ഈ അധ്യാപിക പണം കണ്ടെത്തിയത്. തമിഴ്നാട്ടിലെ വില്ലുപുരത്തെ സർക്കാർ സ്കൂളിലാണ് ഹൈടെക് ക്ലാസ്മുറിയൊരുക്കി അധ്യാപിക മാതൃകയായത്.

അന്നപൂർണ്ണ മോഹൻ എന്ന അധ്യാപികയാണ് തന്റെ സ്കൂളിലെ കുഞ്ഞുങ്ങളെ മിടുക്കരാക്കാൻ അവർക്കുവേണ്ടി ഹൈടെക് ക്ലാസ്മുറിയൊരുക്കിയത്. സർക്കാർ‍ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിൽ സർക്കാർ ഫണ്ട് അനുവദിക്കുന്നതുവരെ കാത്തിരിക്കുകയാണ് എല്ലാവരുടെയും പതിവ്. എന്നാൽ സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരുന്നാൽ കുട്ടികളുടെ ഭാവി അവതാളത്തിലാകും എന്നു മനസ്സിലാക്കിയ അന്നപൂർണ്ണ തന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണം വിറ്റ് സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ്മുറി പണിതു.

smart-classroom-2 അന്നപൂർണ്ണ വിദ്യാർഥികൾക്കായി തയാറാക്കിയ സ്മാർട്ട് ക്ലാസ്റൂം.

മൂന്നാംക്ലാസിലെ ഇംഗ്ലീഷ് അധ്യാപികയായാണ് അന്നപൂർണ്ണ ഇവിടെയെത്തിയത്. എന്നാൽ കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ വളരെ പിറകോട്ടാണെന്നു മനസ്സിലാക്കിയ അന്നപൂർണ്ണ പാഠഭാഗങ്ങൾ ചെറിയ ചെറിയ സ്കിറ്റുകളുടെ രൂപത്തിലാക്കി കുഞ്ഞുങ്ങളെക്കൊണ്ട് അവതരിപ്പിച്ചു. ക്ലാസ് തുടങ്ങുമ്പോൾ മുതൽ അവസാനിക്കുന്നതുവരെ കുഞ്ഞുങ്ങളോട് ഇംഗ്ലീഷിൽ മാത്രം സംസാരിച്ചു. ആദ്യമൊക്കെ ടീച്ചറിനെ പിന്തുടരാൻ കുഞ്ഞുങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീടവർ ശുദ്ധമായ ഉച്ചാരണത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു. തന്റെ വിദ്യാർഥികൾ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റിന്റെ വിഡിയോ അധ്യാപിക തന്റെ ഫേയ്ബുക്ക് പോസ്റ്റിൽ അപ്‌ലോഡ് ചെയ്തതോടെ സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടി സാമ്പത്തീക സഹായം ചെയ്യാമെന്ന വാഗ്ദാനവുമായി നിരവധിയാളുകൾ രംഗത്തു വന്നിട്ടുണ്ട്.

കുട്ടികൾക്കായി സ്വന്തം സ്വർണ്ണം വിറ്റതെന്തിനാണെന്നു ചോദിച്ചാൽ അതിനുമുണ്ട് ടീച്ചർക്കുത്തരം. ''സർക്കാർ സ്കൂളിൽ പഠിച്ചതുകൊണ്ടാണ് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയാത്തത് എന്ന് വിദ്യാർഥികൾക്ക് ഭാവിയിൽ തോന്നാൻ പാടില്ല. പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികളും സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കും ഒരേ നിലവാരമുളള വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദ്ദേശവും ഇതിനുപിന്നിലുണ്ട്. ഈ ആവശ്യവുമായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ എനിക്കു താൽപര്യമില്ലായിരുന്നു അതുകൊണ്ടാണ് സ്വർണ്ണം വിൽക്കാൻ തീരുമാനിച്ചതും വളരേവേഗത്തിൽ സ്മാർട്ട്ക്ലാസ് റൂമിന്റെ നിർമ്മാണം പൂർത്തിയാക്കിയതും''.

smart-classroom അന്നപൂർണ്ണ വിദ്യാർഥികൾക്കായി തയാറാക്കിയ സ്മാർട്ട് ക്ലാസ്റൂം.

സമൂഹമാധ്യമങ്ങളിലൂടെ അധ്യാപികയുടെ നന്മയുടെ കഥയറിഞ്ഞ് ലോകമെമ്പാടുമുള്ള അധ്യാപകരും മനുഷ്യസ്നേഹികളും സ്കൂളിൻറെ വികസനപ്രവർത്തനങ്ങൾക്കു വേണ്ടി എത്ര തുക ചിലവാക്കാനും തയാറാണെന്നു പറഞ്ഞു മുന്നോട്ടു വന്നിട്ടുണ്ട്.