കത്രീന പങ്കുവെച്ച ചിത്രത്തിലെ ഈ പൊലീസ് ഓഫീസർ ആരാണ്?

കത്രീന കൈഫ് പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം.

ബോളിവുഡ് താരറാണിയായ കത്രീന കൈഫ് റീ പോസ്റ്റ് ചെയ്ത സന്ദേശവും ചിത്രവും കണ്ടവർക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത് ഒന്നു മാത്രം?. ആരാണ് ആ വനിതാ പൊലീസ് ഓഫീസർ?. കത്രീയെന്തിനാണ് അവരുടെ ചിത്രം പങ്കുവെച്ചത്?. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കണമെങ്കിൽ ചിത്രത്തിനൊപ്പമുള്ള സന്ദേശം ഒന്നു മനസ്സിരുത്തി വായിച്ചാൽ മതി. 

മുംബെയിലെ ഒരു പൊലീസ് കോൺസ്റ്റബിളാണ് കക്ഷി. എന്തുകൊണ്ട് താനൊരു പൊലീസ് ആയി എന്നും. പൊലീസ് വിഭാഗത്തെക്കുറിച്ച് ആളുകൾക്കുള്ള മോശം ധാരണകളെ തിരുത്താൻ‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത് എന്നു തുടങ്ങി നിരവധിക്കാര്യങ്ങൾ പങ്കുവെച്ചുകൊണ്ട് അവരെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പാണ് കത്രീന പങ്കുവെച്ചത്.

ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന കുറിപ്പിൽ പൊലീസ് ഓഫീസർ പറയുന്നതിങ്ങനെ '' എന്റെ സഹോദരന്മാരും അമ്മാവന്മാരുമൊക്കെ പൊലീസ് ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്നതു കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടു തന്നെ മുതിർന്നപ്പോഴും ഏതു ജോലി തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. എന്റെ ആഗ്രഹം പോലെ തന്നെ ഞാനൊരു പൊലീസ് കോൺസ്റ്റബിളായി.

മറ്റാരെയും  ആശ്രയിക്കാതെ എന്റെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും എനിക്കു ഉറപ്പുവരുത്താന്‌ കൂടിയാണ് ഞാൻ ഈ ജോലി തിരഞ്ഞെടുത്തത്. പക്ഷെ ജോലിയിൽ പ്രവേശിച്ചപ്പോഴാണ് പൊതുജനങ്ങൾക്കിടയിൽ ഈ ജോലിയെക്കുറിച്ച് ചില മോശം ധാരണകളാണുള്ളതെന്ന് എനിക്കു മനസ്സിലായത്. പൊലീസുകാരൊക്കെ പൊതുവെ അഴിമതിക്കാരും അലസരും ആണെന്ന് ഒരു ധാരണ എല്ലാവർക്കുമുണ്ട്.

അത്യാവശ്യ ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പൊലീസിനെ ബന്ധപ്പെടാനുള്ള എമർജൻസി നമ്പറുകളൊക്കെ ഉപയോഗശൂന്യമാണെന്നും അവർ കരുതുന്നു. അങ്ങനെയുള്ള തെറ്റിദ്ധാരണകൾ മനസ്സിൽ സൂക്ഷിക്കുന്നവരോട് എനിക്കു പറയാനുള്ളതിതാണ് ഈ ജോലിയിൽ പ്രവേശിച്ചതിനുശേഷം നിരവധി എമർജൻസി കോളുകൾ എനിക്ക് അറ്റൻഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്. സഹായമഭ്യർഥിച്ചവരുടെയടുത്ത് നിമിഷനേരം കൊണ്ടെത്തി അവരർഹിക്കുന്ന സേവനങ്ങൾ ചെയ്തിട്ടുമുണ്ട്. 

ജനങ്ങളോട് എനിക്കു പറയാനുള്ളതൊന്നേയുള്ളൂ. എന്താവശ്യം വന്നാലും നിങ്ങൾ എമർജൻസി നമ്പറിൽ വിളിക്കണം. നിങ്ങളെ ആരും നിരാശപ്പെടുത്തില്ല. സേവനസന്നദ്ധരായി നിരവധി ഉദ്യോഗസ്ഥർ പൊലീ,് ഡിപ്പാർട്ട്മെൻറിലുണ്ട്''.