ഇന്ത്യൻ യുവത്വം പറയുന്നു 'ഈ ലേഡി സേവാഗ് ഞങ്ങളുടെ പുതിയ ക്രഷ്’

സ്മൃതി മന്ഥാന.

സേവാഗ് ഒന്നേയുള്ളൂ, അതു സാക്ഷാൽ വീരേന്ദർ സേവാഗ് തന്നെ! പക്ഷേ, ലേഡി സേവാഗ് എന്ന വിശേഷണവുമായി ഒരു ബാറ്റ്സ്‌വുമൺ ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിൽ തകർത്തടിച്ചതു കണ്ട് വാ പൊളിച്ചു നിൽക്കുകയാണ് ക്രിക്കറ്റ് ആരാധകരും സോഷ്യൽ മീഡിയയും. സ്മൃതി മന്ഥാന; പക്ഷേ, ആ പേരിലാരും കക്ഷിയെ വിളിക്കാറില്ല.  

ഇംഗ്ലണ്ടിനെതിരെ 72 ബോളിൽനിന്ന് 90 റൺസ്, വെസ്റ്റ് ഇൻ‍ഡീസിനെതിരെ 108 ബോളിൽ സെഞ്ചുറി (106). അതോടെ, മന്ഥാനയുടെ ബാറ്റിൽനിന്നു പോയ ബൗണ്ടറികളും സിക്സറുകളും ചെന്നു തറച്ചത് ക്രിക്കറ്റ് ആരാധകരായ ചെറുപ്പക്കാരുടെ നെഞ്ചിലാണ്!  ഇന്ത്യൻ യുവത്വം ഒന്നാകെ ‘ഇവൾ ഞങ്ങളുടെ പുതിയ ക്രഷ്’ എന്നുവിളിച്ച് ബാറ്റേന്തിയ സുന്ദരിയെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

അനായാസം റൺമല കയറുന്ന മന്ഥാന ‘ലേഡി സേവാഗ്’ എന്നും സമൂഹമാധ്യമങ്ങൾ പ്രഖ്യാപിച്ചു. പിന്നാലെ, ഈ വിശേഷണത്തിനു മറുപടിയുമായി സാക്ഷാൽ വീരേന്ദർ സേവാഗ് തന്നെ രംഗത്തെത്തി. ‘ഇവൾ ലേഡി സേവാഗ് അല്ല, സ്മൃതി മന്ഥാനയുടെ ആദ്യ വേർഷൻ’ എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്. സ്പോർട്സ് ഇഷ്ടപ്പെടുന്ന ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണു മന്ഥാന എന്നും സേവാഗ് കുറിച്ചു.

വനിതാ ലോകകപ്പിന്റെ സെമിഫൈനലിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിന്റെ നെടുംതൂണാണിപ്പോൾ സ്മൃതി.  ഓസ്ട്രേലിയൻ താരം ആഡം ഗിൽക്രിസ്റ്റിനോടും ആരാധകരിൽ ചിലർ ഈ ഇടംകൈ ബാറ്റിങ് പ്രതിഭയെ വിശേഷിപ്പിക്കുന്നുണ്ട്. എന്തായാലും, ‘ക്രഷ് ഓഫ് ദ് നേഷൻ’ ആയി വിശേഷിക്കപ്പെടുന്ന ബോളിവുഡ് താരം ദിഷ പഠാനിയുടെ സ്ഥാനത്ത് ഇപ്പോൾ ഈ മഹാരാഷ്ട്രക്കാരിയെ പ്രതിഷ്ഠിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

2014ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു മന്ഥാനയുടെ  രാജ്യാന്തര അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ 22, രണ്ടാം ഇന്നിങ്സിൽ 51 റൺസ് വീതം നേടി ടീമിനെ വിജയത്തിലേക്കു നയിച്ച തുടക്കം. രണ്ടു വർഷങ്ങൾക്കിപ്പുറം 2016ൽ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ ആദ്യ രാജ്യാന്തര സെഞ്ചുറിയും നേടി; 109 ബോളിൽ 102 റൺസ്. കഴിഞ്ഞ വർഷത്തെ ഐസിസി ലോക വനിതാ ക്രിക്കറ്റ് ടീം പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരിയുമായിരുന്നു മന്ഥാന. ജനുവരിയിൽ ഇടതു കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് അഞ്ചുമാസം വിശ്രമത്തിനു ശേഷമാണു ലോകകപ്പ് ടീമിലേക്കെത്തിയത്. ഒരു പരുക്കിനും തളർത്താനാവാത്ത ആത്മവീര്യം കഴിഞ്ഞ കളികളിലുടനീളം നമ്മൾ കണ്ടു; ഇനി കാണാനിരിക്കുന്നു!

റൺസ് വാരിക്കൂട്ടി സ്വന്തം റെക്കോഡ് ലിസ്റ്റ് വലുതാക്കുകയല്ല, ടീം ഇന്ത്യ ലോകകപ്പ് ഉയർത്തുന്നതിൽ കഴിവിനൊത്തു പങ്കാളിയാവുകയാണു ലക്ഷ്യമെന്നു മന്ഥാന പ്രഖ്യാപിച്ചുകഴിഞ്ഞു. കിരീടവുമായി വരൂ മന്ഥാന, ഹൃദയംതുറന്ന് ഇന്ത്യ കാത്തിരിക്കുന്നു!