പെണ്ണുങ്ങൾക്കു വികാരമില്ലെന്ന് ആരാണ് പറഞ്ഞത്? എന്നാൽ അതേക്കുറിച്ച് ഉറക്കെ പറയാനും തുറന്നു പറയാനും മടിക്കുന്നിടത്തേയ്ക്കാണ് സണ്ണി ലിയോൺ എന്ന തരംഗം വീണ്ടും ചർച്ചയാകുന്നത്.
കൊച്ചിയിൽ നടിയുടെ വരവ് സംസാരമായത് അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു. ഒരുകാലത്ത് ആഗോള പോൺ പ്രണയികളെ വൈകാരിക പ്രക്ഷുബ്ധതയിലെത്തിച്ച സണ്ണി ലിയോൺ എന്ന സ്ത്രീ ഇന്ത്യൻ സിനിമയുടെ സ്വാഭാവിക സാന്നിധ്യമായപ്പോൾ പലരും മുൻ നിരയിലുള്ള ബോളിവുഡ് സംവിധായകരെയും സിനിമകളെയും കുറ്റപ്പെടുത്തി.
പോൺ സ്റ്റാറായി മാത്രം കണ്ടുകൊണ്ടിരുന്ന ഒരു സ്ത്രീയെ വസ്ത്രങ്ങളോടെ കാണുമ്പോൾ തോന്നുന്ന സ്വാഭാവികമായ ആർപ്പുവിളികളാണ് അതെന്ന് വലിയ സംശയമില്ലാത്ത കണ്ടെത്തലായിരുന്നു. അതു ശരിയാണെന്നു കൊച്ചിയിലെ സണ്ണി ലിയോണിന്റെ വരവും അതേത്തുടർന്ന് പുറത്തിറങ്ങിയ ട്രോളുകളും തെളിയിച്ചു.
"ഇതാരാ" എന്ന് നിഷ്‌കളങ്കമായി സണ്ണിയുടെ ചിത്രം നോക്കി ചോദിച്ച മലയാളിയോട് ഇതാണ് സണ്ണി ലിയോൺ, ഇത്രയും നാൾ നിങ്ങൾ വസ്ത്രങ്ങളില്ലാതെ കണ്ടിരുന്ന രൂപം എന്ന് പറയുമ്പോൾ മുഖത്തിനും അവരുടെ അതിനു പുറത്തുള്ള പ്രവർത്തനങ്ങൾക്കുമൊന്നും വിലയില്ലാതെയായിപ്പോകുന്നു.
മലയാളിയുടെ ലൈംഗികബോധം ഇപ്പോഴും ഒളിച്ചു വയ്ക്കപ്പെട്ടതു തന്നെയാണ്. സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിലെത്തിയ എല്ലാവരും "ഫ്രസ്ട്രേറ്റഡ് "ആയ ഒരു ജന സമൂഹം ആണെന്ന് തെറ്റിദ്ധരിക്കാനാവില്ല, പക്ഷെ അവരെ കാണാനെത്തിയവർ ഉറപ്പായും സണ്ണി ചെയ്യുന്ന നന്മകൾ കണ്ടുകൊണ്ടോ അറിഞ്ഞുകൊണ്ടോ അവരെക്കാണാൻ വന്നതല്ല എന്നതാണ് സത്യം. ശാരീരികമായി മനോഹരിയായ, പോൺ സ്റ്റാർ എന്ന് പദവിയുണ്ടായിരുന്ന ഒരു സ്ത്രീയുടെ ചങ്കൂറ്റത്തോടെയുള്ള വരവാണ് കൊച്ചി ആഘോഷിച്ചത്.
"ഞാനൊരു പോൺ സ്റ്റാർ ആണ്" എന്ന് ഉറക്കെ പറയാൻ ധൈര്യമുള്ള എത്ര പെൺകുട്ടികൾ ഉണ്ടാകും? സ്വന്തം ജീവിതം സ്വയം "ഡിസൈൻ" ചെയ്യുന്നവരല്ല പെൺകുട്ടികൾ. അച്ഛന്റെയും അമ്മയുടെ സ്വപ്നത്തിനൊപ്പം അവരുടെ കൈപിടിച്ചു നടക്കുന്നവരാണ്. ഇപ്പോഴും ഏറെയൊന്നും പെൺകുട്ടികൾ മാറുന്നില്ല. ഫാഷൻ രംഗത്തേയ്ക്കും സിനിമയിലേക്കും മറ്റു പല "റിസ്കി" രംഗത്തേയ്ക്കും പെൺകുട്ടികൾ എത്തിപ്പെടുന്നുണ്ടെന്നത് അഭിനന്ദനാർഹമായ കാര്യമാകുന്നുണ്ട്. പക്ഷെ എനിക്കൊരു പോൺ സ്റ്റാർ ആകണം എന്നൊരു പെൺകുട്ടിയും ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല.
പക്ഷെ പഴയതു പോലെയല്ല, സ്ത്രീകൾ പലരും അവരുടേതായ പ്രത്യേക വലയത്തിനുള്ളിൽ ആണിനെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ ഉറക്കെ സംസാരിക്കാറുണ്ട്. അതിൽ സണ്ണി ലിയോണുൾപ്പെടെയുള്ള പോൺ സ്റ്റാറുകളും കടന്നു വരുന്നുണ്ട്. പക്ഷെ ഉറക്കെ പറയുക എന്നതുമാത്രമാണ് ഇവിടെ നിരോധിക്കപ്പെട്ട രാഷ്ട്രീയം. പോൺചിത്രങ്ങൾ എങ്ങനെയാണ് ഒരു സമൂഹത്തെ സ്വാധീനിക്കുക എന്നത് ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയല്ലേ? മദ്യമുൾപ്പെടെ എന്തും അടിമത്തത്തിലേയ്ക്ക് എത്തിപ്പെടുമ്പോൾ അപകടമാകുന്നതുപോലെ പോൺ ചിത്രങ്ങൾക്കുമുണ്ട് മാരകമായ ഒരു വേർഷൻ.
ഓരോരുത്തർക്കുമുണ്ട് അവരവരുടേതായ ലൈംഗിക ചിന്തകളും ചിത്രങ്ങളും ആശയങ്ങളും. ഒരു സ്ത്രീ-പുരുഷ ബന്ധം പരസ്പരം നിലനിന്നു പോരുന്നത് അവരുടെ സ്നേഹത്തിന്റെ കെട്ടുറപ്പിന്മേലായതുകൊണ്ടു തന്നെ ലൈംഗികതയും അതിലൂന്നിയിരിക്കുന്നു. പക്ഷെ അന്ധമായ പോൺചിത്ര പ്രണയം നയിക്കുന്ന വികലമായ വിചാരങ്ങൾ പങ്കാളിയിലേയ്ക്ക് പ്രയോഗിക്കാൻ ശ്രമിക്കുമ്പോഴാണ് അത് പങ്കാളിയ്ക്ക്"പ്രകൃതി വിരുദ്ധമായി "തോന്നുന്നത്.
യഥാർത്ഥത്തിൽ പ്രകൃതി വിരുദ്ധം എന്നൊന്നില്ല. പരസ്പരം സ്നേഹിക്കപ്പെട്ടു നിൽക്കുന്ന രണ്ടുപേർക്കിടയിൽ ഇഷ്ടത്തിന്റെ പേരിൽ എന്തു സംഭവിക്കുമ്പോഴും അത് പ്രകൃതിയോട് ചേർന്നിരിക്കുന്നതുതന്നെയാണ്.
പരീക്ഷണങ്ങളിൽക്കൂടിത്തന്നെയാണ് പലപ്പോഴും ലൈംഗികത ആസ്വദിക്കപ്പെടുന്നതും. പക്ഷെ പങ്കാളിയുടെ താൽപ്പര്യം നോക്കാതെ പോൺ ചിത്രങ്ങളിലെ കണ്ടെത്തലുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് സ്ത്രീ വിരുദ്ധവും പ്രകൃതി വിരുദ്ധവുമായി മാറുന്നു.
കേരളലത്തിലെ "മെന്റലി ഫ്രസ്ട്രേറ്റഡ്" ആയ മനുഷ്യരുടെ ഇടയിലേക്ക് സണ്ണിയെ പോലെയൊരു സ്ത്രീയെ കൊണ്ട് വരുമ്പോൾ അതിനു പിന്നിൽ വിപണിയുടെ വലിയ സാധ്യതകളുണ്ട്. കാരണം സണ്ണി ഇപ്പോഴും അറിയപ്പെടുന്നത് അവർ ചെയ്ത എണ്ണം കുറവുള്ള ബോളിവുഡ് സിനിമകളുടെ പേരിലല്ല, മറിച്ച് പലരുടെയും ഹാർഡ് ഡിസ്കുകളിൽ ഭദ്രമായിരിക്കുന്ന ചിത്രങ്ങളുടെ പേരിലാണ്.
അങ്ങനെയുള്ള ഒരു സ്ത്രീയെ പൊതു സമൂഹത്തിലേക്ക് താരമൂല്യത്തോടെ കൊണ്ടു വരുമ്പോൾ ഇതിലും അപ്പുറം ജനസമുദ്രം സംഘാടകർ പ്രതീക്ഷിച്ചിട്ടുണ്ടാകണം. ഇത് വാർത്തയാകുമെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നിരിക്കണം. കാരണം താൻ എന്താണെന്ന് ധൈര്യത്തോടെ തുറന്നു പറയാൻ ധൈര്യം കാണിച്ച സ്ത്രീയാണ് സണ്ണി ലിയോൺ. അവരുടെ ജീവിതം എന്ന പുസ്തകം പലപ്പോഴും പഠനവിഷയമാകുന്നില്ലെങ്കിലും സണ്ണിയുടെ സിനിമയും അതിലെ ജീവിതവും ആവശ്യത്തിലധികം പഠനവിഷയമാകുന്നുണ്ട്.
സണ്ണി ലിയോണിന്റെ സ്വകാര്യ ജീവിതം അവരുടേത് മാത്രമാണ്. ഇന്ത്യക്കാരിയായ ഒരു പെൺകുട്ടിയെ ദത്തെടുത്ത് വളർത്തുന്നതും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതും കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതുമൊക്കെ ഒരു സ്ത്രീയുടെ സ്വകാര്യ വിഷയങ്ങൾ മാത്രം. പക്ഷെ സണ്ണി എന്ന സ്ത്രീയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ തീർച്ചയായതും ഇതൊക്കെ സംസാരിക്കണം. കാരണം വെള്ളിവെളിച്ചത്തിൽ കാണുന്ന കാണിക്കുന്ന വെറും ശരീരം മാത്രമല്ല താൻ എന്ന് ജീവിതത്തിലൂടെ തെളിയിച്ച ഇച്ഛാശക്തിയുള്ള സ്ത്രീയാണ് അവർ. ആ ചങ്കൂറ്റത്തോട് ബഹുമാനം തോന്നുക തന്നെ വേണം.
സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ നിരന്തര സംവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണ്. "നിങ്ങളാരാണ് ഞങ്ങൾക്ക് സ്വാതന്ത്ര്യം ഔദാര്യത്തോടെ നൽകാൻ?" എന്ന് പങ്കാളിയായ ഭർത്താവിന്റെ മുഖത്ത് നോക്കി ചോദിക്കാൻ ഇന്ന് ഭാര്യയ്ക്ക് മടിയില്ല. അതുപോലെ തന്നെ ലൈംഗികമായ വിഷയങ്ങളിൽ തന്റെ ഇഷ്ടങ്ങളും അവൾ തുറന്നു പറയുന്നുണ്ട്, എന്നിട്ടും മലയാളിയുടെ ലൈംഗിക മുരടിപ്പുകളും അസ്വസ്ഥതകളും മാറുന്നതേയില്ല. ഒളിഞ്ഞിരുന്നു സംസാരിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും തന്നെയാണ് നിലപാട് എന്നവർ ഉറപ്പിക്കുന്നു .
അപ്പോൾ സംശയം മാറാത്തത് ഇവിടെയുള്ള പുരുഷന്മാർക്ക് മാത്രമാണോ? നല്ലൊരു ശതമാനം സ്ത്രീകളും "അവർക്കു" വേണ്ടി കൂടി ജീവിക്കാൻ ആരംഭിക്കുമ്പോൾ കൂടുതൽ മുരടിപ്പുകളിലേയ്ക്ക് പുരുഷൻ പരിവർത്തനപ്പെടുന്നുണ്ടോ? സ്ത്രീയെ അംഗീകരിച്ച് അവളുടെ വ്യക്തിത്വത്തെ സ്വന്തം വ്യക്തിത്വത്തോടൊപ്പം ചേർത്തു നിർത്തുന്ന പുരുഷന് സണ്ണി ലിയോണിന്റെ പോൺ വീഡിയോയുടെ ഒപ്പം തന്നെ അവരുടെ സ്വകാര്യ ജീവിതെത്തെയും ആദരിക്കാനാകും.
അതൊരു വെളിപ്പെടലാണ് സ്ത്രീയെ ആദരിക്കുക , അവളെ തിരിച്ചറിയുക എന്ന വെളിപ്പെടൽ. കാലമിനിയുംഉരുളാം... വിഷുവും വർഷവും ഒക്കെ ഇനിയുമെത്തും. മനുഷ്യരിങ്ങനെ മാറിക്കൊണ്ടിരിക്കുകയല്ലേ... നാളെ നമ്മുടെ ഇടയിൽ നിന്നും ഒരു പെൺ ശബ്ദം ഉയർന്നേക്കാം, "എനിക്കും സണ്ണി ലിയോണിനെ പോലെയാകണം", അംഗീകരിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. കാരണം അവളുടെ ജീവിതം അവളുടെ വ്യക്തിത്വം അവളുടേത് മാത്രമാകുന്നു. ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് ജോലിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനത്തിലുമാകട്ടെ.