ബി ടൗണിലെ ഈ സുന്ദരിക്ക് ഒരിക്കലും വയസ്സാവില്ലേ? തെല്ലസൂയയോടെയാണ് ഇക്കുറി ആരാധകരുടെ ചോദ്യം. ഗണേശ ദർശനത്തിനെത്തിയ ഐശ്വര്യ റായിയുടെ ഗെറ്റപ്പ് കണ്ടപ്പോഴാണ് ആരാധകർക്ക് അങ്ങനെയൊരു സംശയം തോന്നിയത്. ഗണപതി ദർശനത്തിനായി മുംബെയിലെ ലാൽബവുച്ച രാജയിൽ ഐശ്വര്യയെത്തിയത് ചുവപ്പ് സാരിയണിഞ്ഞാണ്. ജനമഹാസമുദ്രത്തിലും പതിവുപോലെ അവിടെയും ശ്രദ്ധാകേന്ദ്രമായത് ഐശ്വര്യ തന്നെയാണ്.
ഐശ്വര്യയെക്കണ്ടതും നാലുപാടു നിന്നും ആരാധകർ സെൽഫിയെടുക്കാൻ പാഞ്ഞടത്തു. എന്നാൽ യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും കാട്ടാതെ വളരെ ശാന്തയായി സന്തോഷത്തോടെ ഐശ്വര്യ ആരാധകർക്കൊപ്പം സെൽഫിയ്ക്കായി പോസ് ചെയ്തു. സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത കടും ചുവപ്പു നിറത്തിലുളള സാരിയണിഞ്ഞ ഐശ്വര്യയുടെ മേക്കപ്പും ചുവപ്പിൽ തിളങ്ങി നിന്നു. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കും പൊട്ടും തലയിൽ മുല്ലപ്പൂവുമൊക്കെയായി നാടൻ സുന്ദരിയായാണ് ഐശ്വര്യയെത്തിയത്. ഐശ്വര്യയുടെ അപാര ലുക്കും ആറ്റിറ്റ്യൂഡും കാരണം കാൻഡിഡ് ചിത്രങ്ങളിൽപ്പോലും സുന്ദരിയായാണ് കാണപ്പെട്ടത്.
ഗണേശഭക്തയായ ഐശ്വര്യ എല്ലാവർഷവും ഇവിടെയത്താറുണ്ട്. കുടംബത്തോടൊപ്പമെത്തുന്ന പതിവു തെറ്റിച്ച് ഇക്കുറി ഒറ്റയ്ക്കാണ് താരമെത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ ഗണേശദർശനത്തിനെത്തിയത്. ഗണേശ ചതുർഥി ദിനം അംബാനിക്കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന ഐശ്വര്യയുടെയും മകൾ ആരാധ്യയുടെയും ചിത്രങ്ങൾ വൈറലായതിനു പിന്നാലെയാണ് ചുവപ്പ് സാരിയിൽ ഒരു ദോവതയെപ്പോലെ സുന്ദരിയായ ഐശ്വര്യയുടെ ചിത്രങ്ങളും പ്രചരിക്കുന്നത്.