''രാജകീയ പദവിയേക്കാൾ വലുത് എന്റെ പ്രണയമാണ്; '' രാജകുമാരിക്കു വരൻ സാധാരണക്കാരൻ

രാജകുമാരിയും വരനും.

ഒന്നുകിൽ ഇന്നോളം പ്രാണൻ കൊടുത്ത് പ്രണയിച്ച പുരുഷൻ അല്ലെങ്കിൽ സകല ആഡംബരത്തോടെയുമുള്ള രാജകീയ ജീവിതം. ഇതിൽ നിന്നും ഒന്നു തിരഞ്ഞെടുക്കാൻ ജപ്പാൻ രാജകുമാരി മാക്കോയ്ക്ക് നിമിഷങ്ങൾ മതിയായിരുന്നു. ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാൻ അവർ തീരുമാനിച്ചപ്പോൾ ജനിച്ച ദിവസം മുതൽ അങ്ങനെയൊരു തീരുമാനമെടുക്കാൻ മനസ്സുകാണിച്ച ദിവസംവരെ അനുഭവിച്ച സകല ആഡംബരത്തോടും രാജകീയ ജീവിതത്തോടും രാജകുമാരിക്ക് എന്നെന്നേക്കുമായി വിടപറയേണ്ടി വന്നു.

സുഖസൗകര്യങ്ങളേക്കാൾ പ്രണയത്തിന്റെ വിശുദ്ധിയിൽ വിശ്വസിക്കുന്ന രാജകുമാരിക്ക് ഇനി പ്രണയ സാഫല്യത്തിന്റെ നിമിഷങ്ങൾ. മൂന്നുവർഷം മുൻപ് ടോക്കിയോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽവെച്ചാണ് രാജകുമാരി മാക്കോയും സാധാരണക്കാരനായ കെയ് കുമേറോയും തമ്മിൽ കണ്ടുമുട്ടിയത്. പരിചയം പിന്നീട് സൗഹൃദമായും പ്രണയമായും വളർന്നപ്പോൾ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു.

രാജകുടുംബത്തിൽ ആർക്കും ഈ വിവാഹത്തിന് എതിർപ്പൊന്നുമുണ്ടായിരുന്നില്ല. പുരുഷകേന്ദ്രീകൃതമാണ് ഇവിടുത്തെ ഭരണം. രാജകുടുംബത്തിലെ സ്ത്രീകൾക്ക് രാജകീയ പദവിയുണ്ടെങ്കിലും അധികാരം പുരുഷന്മാരുടെ കൈയിലാണ്. എന്നാൽ രാജകുടുംബത്തിനു പുറത്തുള്ള ആളെയാണ് രാജകുടുംബത്തിലെ സ്ത്രീകൾ വിവാഹം കഴിക്കുന്നതെങ്കിൽ അവർക്ക് സ്വന്തമായിരുന്ന രാജകീയ പദവികളെല്ലാം നഷ്ടപ്പെടുകയും ചെയ്യും.

ജപ്പാന്‍ ചക്രവര്‍ത്തിയായ അകിഹിതോയുടെ രണ്ടാമത്തെ മകന്‍ അക്കിഷിനോയുടെ മൂത്തമകളാണ് മാക്കോ. വിവാഹത്തിന് രണ്ടു കുടുംബത്തിനും എതിർപ്പില്ലാത്തതിനാൽ നേരത്തെ തന്നെ വിവാഹക്കാര്യം തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് അന്ന് ആ വാർത്ത പുറത്തുവിട്ടിരുന്നില്ല. അടുത്ത വർഷം വിവാഹമുണ്ടാവുമെന്നും എല്ലാ അധികാരങ്ങളും നഷ്ടപ്പെടുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് വിവാഹത്തിനൊരുങ്ങിയതെന്നും തന്റെ തെരഞ്ഞെടുപ്പിൽ താൻ സന്തുഷ്ടയാണെന്നുമാണ് രാജകുമാരി പറയുന്നത്.