ആർത്തു ചിരിച്ച് മതിമറന്നു കൈയടിച്ച് ആരാധകർ പറയുന്നു; ട്വിങ്കിൾ സൂപ്പറല്ലേ

ട്വിങ്കിൾഖന്ന.

ട്വിങ്കിൾ ഖന്ന ഇപ്പഴും സൂപ്പർഹിറ്റ് –  എന്നു കേട്ടാൽ നെറ്റി ചുളിക്കേണ്ട. സ്ക്രീനിലെ സാന്നിധ്യത്തെക്കുറിച്ചല്ല പറയുന്നത്. യുക്തിപരമായ സമീപനത്തിലൂടെയും ബുദ്ധി പ്രകടമാക്കുന്ന പ്രതികരണങ്ങളിലൂടെയും നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതിനെക്കുറിച്ച്.

സംഭവം എന്തുമായിക്കോട്ടെ. ട്വിങ്കിളിന്റെ പ്രതികരണത്തിനു മൂർച്ചയുണ്ട്. ചൂടുണ്ട്. പലരും പുറത്തുപറയാൻ മടിക്കുന്നതും അവർ പറയും, കേട്ടാൽ ദേഷ്യം തോന്നുകയുമില്ല. വെറുതെ പറയുകയല്ല  മനോഹരമായ ഭാഷയിൽ, കൃത്യതയോടെ അവതരിപ്പിക്കുകയാണ്. സാമൂഹിക പ്രശ്നമോ സിനിമയോ എന്തുമായ്ക്കോട്ടെ ട്വിങ്കിളിനു പറയാനുണ്ട്. വ്യക്തമായും ശക്തമായും ട്വിങ്കിൾ പറയുമ്പോൾ അവ ശരിയാണല്ലോ എന്നു സമ്മതിക്കേണ്ടിയും വരും. ഒരുപക്ഷേ ബോളിവുഡിൽ ഇക്കാര്യത്തിൽ ട്വിങ്കിൾ മുന്നിൽതന്നെ. ഒന്നാമതെന്നുതന്നെ പറയാം.

പ്രശസ്ത ഫാഷൻ മാഗസിൻ വോഗിന്റെ ഈ വർഷത്തെ ‘ഒപീനിയൻ മേക്കർ’ പുരസ്കാരം കഴിഞ്ഞദിവസം ട്വിങ്കിളിനു സമ്മാനിച്ചു. വേദിയിൽ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം കൊണ്ടോ വസ്ത്രാലങ്കാരത്തിന്റെ പുതുമകൊണ്ടോ അല്ല ട്വിങ്കിൾ ശ്രദ്ധ പിടിച്ചുപറ്റിയത്;പകരം നിശിതമായ നിരീക്ഷണങ്ങളാൽ. 

കഴിഞ്ഞ ഒരു ദശകത്തിനിടെ ജീവിതം എന്തു പഠിപ്പിച്ചു എന്നാണു ട്വിങ്കിൾ പറഞ്ഞത്. കണിശതയോടെ, കൃത്യമായി അക്കമിട്ടു 10 കാര്യങ്ങൾ. 

1.പ്രായമേറുംതോറും സ്വന്തം ശരീരവുമായി നാം കൂടുതൽ പൊരുത്തപ്പെടും.സൗമ്യമായും മൃദുലമായും ശരീരത്തോട് ഇടപെടാനാകും. കാരണം ഒരിക്കലുണ്ടായിരുന്ന ദൃഡത അതിനു നഷ്ടപ്പെട്ടിരിക്കും. 

2. സാനിറ്ററി പാഡുകൾക്കു ജിഎസ്ടി വേണമെന്ന് എനിക്കഭിപ്രായമില്ല. പക്ഷേ പാഡുകൾക്കുള്ളിൽ ആലാറം വേണമെന്നാണ് എന്റെ ആവശ്യം. വൈബ്രേറ്റ് ചെയ്യുന്ന അലാറം വേണ്ട. അതു നമ്മെ അസ്വസ്ഥരാക്കും. പകരം ഒരുദിവസം തന്നെ അനേകപ്രാവശ്യം ശുചിമുറിലേക്ക് പരിഭ്രാന്തിയോടെ ഓടുന്നതു നിയന്ത്രിക്കാൻ മുന്നറിയിപ്പു തരുന്ന അലാറമാണു വേണ്ടത്. അതിന്റെ പേരിൽ ജിഎസ്ടിയും വന്നോട്ടെ. എനിക്കെതിർപ്പില്ല. 

3.ദശലക്ഷക്കണക്കിന് ഇന്ത്യൻ സ്ത്രീകൾ ഭർത്താവിന്റെ ആയുസ്സിനുവേണ്ടി ഉപവാസം അനുഷ്ഠിച്ചു പ്രർഥിക്കാറുണ്ട്. പക്ഷേ നമ്മുടെ ദൈവങ്ങൾ ആ പ്രാർഥനകൾ കേൾക്കുണ്ടെന്ന് എനിക്കു തോന്നുന്നില്ല.കാരണം പുരുഷൻമാർക്ക് സ്ത്രീകളേക്കാൾ ആയുർദൈർഘ്യമുള്ള 147 രാജ്യങ്ങൾ നമുക്കു മുന്നിലുണ്ട്. അതുകൊണ്ടു പ്രിയ സുഹൃത്തുക്കളേ ഉപവാസം നിർത്തിക്കോളൂ. നിങ്ങളുടെ പ്രാർഥനകൾ ഫലിക്കുന്നില്ല. 

4.ഞാൻ കഷ്ടപ്പെട്ടു പഠിച്ച പാഠം. എപ്പോഴും പഴയ കാര്യങ്ങളോർത്തു വിഷമിച്ചിരുന്നാൽ സന്തോഷത്തോടെ ജീവിക്കാനാവില്ല. 

5.ദൈവത്തിന് എപ്പോഴും എല്ലായിടത്തും എത്താനാകില്ല.ആ കുറവു നികത്താൻ ദൈവം അമ്മമാരെ സൃഷ്ടിച്ചു. പിശാചിനും എപ്പോഴും എല്ലായിടത്തുമെത്താനാവില്ല. അതുകൊണ്ട് അമ്മായിയമ്മമാരെ സൃഷ്ടിച്ചു. എനിക്കു തോന്നുന്നു ഞാനും ഒരു ഭീകരി ആകാൻപോകുന്നുവെന്ന് !

6. കുറേ പറഞ്ഞകാര്യമാണ്. സൗജന്യമായിക്കിട്ടുന്ന ഒരേയൊരു കാര്യം ചീത്ത ഉപദേശങ്ങൾ മാത്രം.

7.ചുളിവുകൾ മായ്ച്ചു ചർമ്മം മൃദുലമാക്കുന്ന മരുന്നുകൾ നിങ്ങളെ ചെറുപ്പമാക്കില്ല. പകരം പുറത്തുനിന്നുള്ള ഒരു ആക്രമണത്തിനു വിധേയയായി ചെറുപ്പമാകാൻ വൃഥാ ശ്രമിക്കുന്ന ദയനീയ ജീവികളായി മാറ്റുകയേയുള്ളൂ. 

8.നമ്മുടെ ചൊവ്വാദൗത്യം വിജയിക്കാൻ കാരണം അതിന് അമ്മ എന്നു പേരിട്ടതുകൊണ്ടുമാത്രമാണ്. (Mars Orbitor Mission-MOM ) അച്ഛൻ എന്നായിരുന്നു പേരിട്ടതെങ്കിൽ ഉപഗ്രഹം ഇപ്പോഴും കൃത്യമായ വഴി ആരോടും ചോദിക്കാതെ, ഭൂമിയെ ചുറ്റിക്കൊണ്ടേയിരുന്നേനേം. 

9.ഒമ്പതാമത്തെ പാഠം.ഞാൻ ഇവിടെ നിൽക്കാനുള്ള കാരണം: തിരഞ്ഞെടുക്കലുകളുടെ കളിയിൽ ലഭിക്കുന്ന സുന്ദരമായ ഒരു അവസരമാണ് ജീവിതം. 

10. ജീവിതത്തിൽ ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം. നൂറ്റാണ്ടുകളായി സ്ത്രീകൾ പ്രാർഥിച്ചതു കയ്യില്ലാത്ത ഉടുപ്പുകൾക്കുവേണ്ടി.അവർക്കു കിട്ടിയതോ ഏപ്രണുകൾ. ശരീരം ചുറ്റി ഏപ്രണുകൾ വയ്ക്കാൻ നാം പഠിക്കുന്നത് ഈയടുത്തകാലത്ത്. ഉയരങ്ങളിലേക്കു കുതിക്കാൻ കഴിയുന്ന ചിറുകുകൾ മുളയ്ക്കട്ടെ ഏപ്രണുകൾക്ക്. 

ഇതുപോലെയുള്ള പുരസ്കാരങ്ങൾ നമ്മുടെ ജോലിയെ നീതീകരിക്കുന്നു. വീണ്ടും ഉയരാൻ പ്രചോദിപ്പിക്കുന്നു. നന്ദിയോടെ ഈ പുരസ്കാരവുമായി ഞാൻ വീട്ടിലേക്കു പോകട്ടെ!