പ്രണയബന്ധങ്ങൾ സങ്കീർണമാകാൻ കാരണം; ദീപിക പറയുന്നു

ദീപിക പദുക്കോൺ.

കരിയറിൽ വിജയക്കൊടി പാറിച്ചു മുന്നേറുമ്പോഴും ദീപിക നഷ്ടമാകാതെ സൂക്ഷിക്കുന്ന ഒന്നുണ്ട് നിഷ്കളങ്കമായ പെരുമാറ്റവും ഹൃദ്യമായ പുഞ്ചിരിയും. തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഒന്നും ഒളിക്കാതെ ദീപിക എപ്പോഴും തുറന്നു പറയാൻ ശ്രദ്ധിക്കാറുമുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണ് ആരാധകർ ദീപികയെ എപ്പോഴും ഹൃദയത്തോടു ചേർത്തുപിടിക്കാൻ ശ്രമിക്കുന്നതും. ബോളിവുഡിലെ ഡ്രീം ഗേൾ ഹേമമാലിനിയുടെ പിറന്നാളാഘോഷത്തോടുബന്ധിച്ച് നടന്ന പുസ്തകപ്രകാശനച്ചടങ്ങിലാണ് ദീപിക സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്.

തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രണയം എന്തുകൊണ്ട് സങ്കീർണ്ണമാകുന്നു എന്നതിനെക്കുറിച്ചുമൊക്കെയാണ് ദീപിക മനസ്സുതുറന്നത്. വളരെച്ചെറുപ്പത്തിലേ സിനിമാമേഖലയിലേക്കു വന്നയാളാണെന്നും അതുകൊണ്ടു തന്നെ 12–ാം ക്ലാസ് വരെയേ ഔപചാരിക വിദ്യാഭ്യാസം തേടാൻ സാധിച്ചിട്ടുള്ളൂവെന്നും ആദ്യമൊക്കെ ഈ കാര്യത്തിൽ മാതാപിതാക്കൾക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും സിനിമയ്ക്കുവേണ്ടിയുള്ള തന്റെ കഠിനാധ്വാനവും അർപ്പണബോധവും മനസ്സിലാക്കിയ അവർ തന്റെ തീരുമാനത്തിനൊപ്പം നിൽക്കാൻ തയാറായിയെന്നും ദീപിക പറയുന്നു.

സിനിമ എന്ന ജോലി എല്ലാക്കാലത്തും ഒപ്പമുണ്ടാവില്ലെന്നു ഭയന്നിട്ടാവണം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാൻ മാതാപിതാക്കൾ തന്നോട് ആവശ്യപ്പെട്ടതെന്നും എന്നാൽ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് സിനിമയിൽത്തന്നെ ഉറച്ചു നിന്നപ്പോൾ അവർക്ക് തന്നെ മനസ്സിലായെന്നും ദീപിക പറയുന്നു. ഒരുപാടു നെഗറ്റീവ് ചിന്തകളോട് പടവെട്ടിയാണ് താൻ ഇൻഡസ്ട്രിയിൽ നിൽക്കുന്നതെന്നും ദീപിക പറഞ്ഞു.

പ്രണയത്തെക്കുറിച്ച് ചോദിച്ചാൽ ദീപികയുടെ മറുപടിയിതാണ്. നമ്മുടെ വിജയങ്ങളിൽ സന്തോഷിക്കാൻ കഴിയുന്ന നമ്മൾ ആത്മാർഥമായി ചെയ്യുന്ന കാര്യങ്ങളോടുള്ള നമ്മുടെ വികാരം മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്താൻ കഴിയുന്നത് അൽപ്പം പ്രയാസമേറിയ സംഗതിയാണ് അതുകൊണ്ടാണ് പ്രണയബന്ധങ്ങൾ സങ്കീർണ്ണമാകുന്നത്.