''എന്റെ കല്യാണം കഴിഞ്ഞിട്ടില്ല''; സത്യം തെളിയിക്കാൻ നടി കോടതി കയറിയിറങ്ങിയത് ഏഴു വർഷം

ചിത്രത്തിന് കടപ്പാട്; യുട്യൂബ്.

''നീണ്ട ഏഴുവർഷമായി സത്യം തെളിയിക്കാൻ ഞാൻ കോടതികയറിയിറങ്ങുന്നു. വിവാഹം കഴിഞ്ഞിട്ടില്ല എന്നു തെളിയിക്കുന്നതിനായി ഒരു സ്ത്രീക്ക് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് സഹിക്കേണ്ടി വരുന്നത്. സെലിബ്രിറ്റികളും മനുഷ്യരാണ്. പ്രശസ്തരാകുവാൻ വേണ്ടി ചിലർ ഇങ്ങനെയുള്ള നുണകൾ പ്രചരിക്കുമ്പോൾ അതെങ്ങനെ അനുവദിച്ചുകൊടുക്കാനാകും''. - മീര ചോദിക്കുന്നു.

പാക്കിസ്താന്‍ അഭിനേത്രിയായ മീര(ഇര്‍ട്ടിസ റുബാബ്)യാണ് അതീഖ് ഉര്‍ റഹ്മാന്‍ എന്ന ബിസിനസ്സുകാരൻ മൂലം ഏഴുവർഷമായി ദുരിതമനുഭവിക്കുന്നത്. താൻ മീരയുടെ ഭർത്താവാണെന്ന വാദവുമായി 2009 ൽ ആണ് അതീഖ് രംഗത്തെത്തിയത്. 2007 ൽ ഒരു സ്വകാര്യച്ചടങ്ങിൽ വെച്ചാണ് തങ്ങൾ വിവാഹിതരായതെന്നും ആ സംഭവത്തിന് മീരയുടെ ബന്ധുക്കളും സാക്ഷികളാണെന്നും അദ്ദേഹം വാദിക്കുന്നു. വിവാഹം കഴിഞ്ഞിട്ടും അവിവാഹിതയാണെന്നാണ് മീര ആരാധകരോട് പറയുന്നത്. ഇതിൽ തനിക്കു വിഷമമുണ്ടെന്നും നീതിലഭിക്കാൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മീര വിദേശത്തു പോകുന്നതു തടയണം, കന്യകാത്വ പരിശോധന നടത്തണം, തന്നിൽ നിന്നു വിവാഹമോചനം നേടിയ ശേഷമേ മറ്റൊരു വിവാഹം കഴിക്കാൻ മീരയെ അനുവദിക്കാവൂ എന്നീ ആവശ്യങ്ങളുമായാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. എന്നാൽ കന്യകാത്വ പരിശോധന നടത്തണമെന്ന ആവശ്യം കോടതി അന്നു തന്നെ നിരസിച്ചു. അതീഖ് ഹാജരാക്കിയ വിവാഹ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ട് 2010 ൽ മീര കോടതിയിൽ ഹർജി നൽകിയിരുന്നു.

''അതീഖ് എന്ന വ്യക്തിയെ ഒരു പ്രമോട്ടർ എന്ന നിലയിൽ മാത്രമാണ് തനിക്കു പരിചയമുള്ളതെന്നും രണ്ടു പ്രോഗ്രാമുകളും ചില യാത്രകളും ഉണ്ടായിട്ടുണ്ട് എന്നല്ലാതെ തങ്ങൾ വിവാഹിതരല്ല എന്നുമാണ് മീര പറയുന്നത്. കുറച്ചു ചിത്രങ്ങളും വ്യാജസർട്ടിഫിക്കറ്റുകളും ഹാജാക്കിയെന്നുവെച്ച് ഞാനെങ്ങനെ അയാളുടെ ഭാര്യയാവുമെന്നും'' മീര ചോദിക്കുന്നു. 

''മീര ഒരു സെലിബ്രിറ്റി ആയതിനാൽ ഈ ആരോപണങ്ങളൊക്കെ തുടക്കകാലത്ത് ചൂടൻ ചർച്ചയായിരുന്നു. എന്നാൽ കേസിങ്ങനെ അനന്തമായി നീണ്ടുപോവുകയാണ്. കേസ് മനപൂർവം നീട്ടിക്കൊണ്ടു പോകുവാനായി അയാൾ കോസ് വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകാറില്ലെന്നും'' മീരയുടെ അഭിഭാഷകൻ പറയുന്നു. കേസ് അനന്തമായി നീളുന്ന സാഹചര്യത്തിൽ മീരയ്ക്ക് വേറെ വിവാഹം കഴിക്കുന്നതിൽ നിയമപ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചത്.

മീരയുടെ ഭർത്താവെന്ന് പറയുന്ന ആൾ ഹാജരാക്കിയ വിവാഹരേഖകൾ വ്യാജമാണോ അല്ലയോ എന്നു പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല എന്നും. എന്നെങ്കിലും അയാൾ മീര ഭാര്യയാണെന്നു തെളിയിക്കുകയാണെങ്കിൽ പിന്നീടു വരുന്ന നിയമനടപടികൾ നേരിടാൻ മീര ബാധ്യസ്തയാണെന്നും അദ്ദേഹം പറഞ്ഞു.  ഇരുകൂട്ടരും പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചു തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. 2017 ഡിസംബറോടെ ഇക്കാര്യത്തിൽ അന്തിമ വിധിയുണ്ടാകും.