''ആ തെറ്റിദ്ധാരണ വിദ്യാഭ്യാസം കൊണ്ടു മാത്രം മാറ്റിയെടുക്കാൻ പറ്റില്ല''; മാനുഷി ഛില്ലർ

മാനുഷി ഛില്ലർ.

തന്റെ മെഡിക്കൽ പഠനത്തിനിടയ്ക്ക് മനസ്സിലാക്കിയ കാര്യത്തെക്കുറിച്ചാണ് മാനുഷി തുറന്നു പറഞ്ഞത്. സമൂഹത്തിന്റെ ചില തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും വിദ്യാഭ്യാസം കൊണ്ടു മാത്രം മാറ്റിയെടുക്കുവാൻ കഴിയില്ലെന്നും അതിനു ബോധവത്കരണം കൂടിയേ തീരൂവെന്നും ലോകസുന്ദരി മാനുഷി ഛില്ലർ പറയുന്നു. ആർത്തവ ശുചിത്വത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാൻ തന്റെ പ്രഫഷണൽ പശ്ചാത്തലം ഉപയോഗിക്കാനാണ് മാനുഷിയുടെ പദ്ധതി.

''ബ്യൂട്ടി വിത്ത് എ പർപ്പസ്'' എന്ന ലക്ഷ്യവുമായി മറ്റു സുന്ദരിമാരോടൊപ്പം നാലുഭൂഖണ്ഡങ്ങളിൽ സന്ദർശനം  നടത്താനൊരുങ്ങുകയാണ് മാനുഷി. ആർത്തവ ശുചിത്വത്തെപ്പറ്റിയുള്ള പ്രാഥമിക അറിവുകൾ പോലും ആളുകൾക്കില്ലെന്നും തന്റെ മെഡിക്കൽ പഠനകാലത്താണ് തനിക്കിതു പൂർണ്ണമായും ബോധ്യപ്പെട്ടതെന്നും മാനുഷി പറയുന്നു. വിദ്യാഭ്യാസത്തേക്കാൾ ബോധവത്കരണമാണ് ഇതിനാവശ്യമെന്നും ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനുവേണ്ടി നാലു ഭൂഖണ്ഡങ്ങൾ സന്ദർശിക്കാൻകഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും അവർ പറയുന്നു.

സാനിറ്ററി പാഡുകൾക്ക് നികുതി ഏർപ്പെടുത്തിയതുമായി വിഷയത്തിൽ പ്രതിഷേധിച്ചവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്നും ആർത്തവം സ്വാഭാവിക ജൈവിക പ്രക്രിയ ആയതിനാലും നാപ്കിനുകൾ അത്യാവശ്യ വസ്തു ആയതിനാലും കുറഞ്ഞനിരക്കിൽ നാപ്കിനുകൾ ലഭ്യമാക്കേണ്ടതാണെന്നും മാനുഷി പറഞ്ഞു.