തീയാളിപ്പടരുന്ന അഗ്നികുണ്ഡത്തിൽ ജീവനോടെ എരിയുന്നതുപോലെ തോന്നിയാൽ എന്തു ചെയ്യും? ഒരു ഫ്രീസറിനടുത്ത് ഉറങ്ങുക തന്നെ. 23 വയസ്സുകാരി പെയ്ഗ് ഹൊവിറ്റിനാണ് യഥാർഥ ജീവിതത്തിൽ അപൂർവരോഗത്തെത്തുടർന്ന് ഫ്രീസറിനടുത്ത് ഉറങ്ങേണ്ടിവന്നത്.
കോംപ്ലക്സ് റീജിയണൽ പെയ്ൻ സിൻഡ്രോം എന്നാണു ഹൊവിറ്റിന്റെ അസുഖത്തിനു ഡോക്ടർമാർ കൊടുത്തിരിക്കുന്ന പേര്. ശരീരത്തിന്റെ ഒരു ഭാഗം മുറിഞ്ഞുപോകുന്നതുപോലെ അസഹനീയ വേദനയാണു രോഗത്തിന്റെ പ്രത്യേകതയെന്നും ഡോക്ടർമാർ പറയുന്നു. ബിർമിങ്ങാം സ്വദേശിയായ യുവതിയുടെ രോഗത്തിനു ചികിൽസയുമില്ല. അവരുടെ ഇടതുകാലിലാണു വേദന. നിരന്തരമായ മസിൽവേദനയും നീരും ബോധം പോകുന്നുപോലുള്ള അവസ്ഥയും.
ഒരു സ്പെഷ്യൽ ഓക്സിജൻ ചേംബറിൽ ഹൊവിറ്റിന് ചികിൽസ നൽകിവരികയായിരുന്നു. ശുദ്ധവായു ശരീരത്തിലേക്കു കടത്തിവിട്ട് രോഗം ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന ചികിൽസാരീതിയാണിത്. ഒപ്പം വേദന കുറയ്ക്കാനുമാകും. പക്ഷേ ഉയർന്ന ചികിൽസാച്ചെലവ് താങ്ങാനാകാത്തതിനാൽ ഹൊവിറ്റിന് ചികിൽസ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. ഓക്സിജൻ ചേംബർ സൗകര്യമുള്ളത് വോവർഹാംപ്റ്റണിൽ.
ബിർമിങ്ങാമിൽനിന്നു വോവർഹാംപ്റ്റണിലേക്കുള്ള യാത്രയും ബുദ്ധിമുട്ടേറിയതായിരുന്നു ഹൊവിറ്റിന്. ഇനി ഒരു മാർഗമേയുള്ളൂ. വീട്ടിൽതന്നെ ഒരു ഓക്സിജൻ ചേംബർ സ്ഥാപിക്കുക. അതിനുവേണ്ടിവരുന്ന ചെലവാകട്ടെ 25000 പൗണ്ടും. അത്രയും തുക സ്വരൂപിക്കുന്നതുവരെ ഒരു കാൽ തലയണയിൽ ഉയർത്തിവച്ച് ഐസ് പാക്കുകളാൽ മൂടി കഴിയേണ്ടിവരും.
ദിവസം മുഴുവൻ സമയവും ഇങ്ങനെതന്നെ കഴിയേണ്ടിവരും ഹൊവിറ്റിന്. അങ്ങനെ ചെയ്യുമ്പോൾ ചെറിയൊരു ആശ്വാസം ലഭിക്കുന്നുണ്ടെന്നും ഹൊവിറ്റ് പറയുന്നു. നിരന്തരമായി തണുപ്പിന്റെ സാന്നിധ്യം കിട്ടാൻ കിടക്കയ്ക്ക് അരികിൽ ഹൊവിറ്റ് ഒരു ഫ്രീസറും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ നിരന്തരമായി ഐസ് പാക്കുകൾ വച്ചതോടെ ഹൊവിറ്റിന്റെ ശരീരത്തിലെ രക്തയോട്ടം കുറഞ്ഞു. പുറമെ, മറ്റ് ആരോഗ്യപ്രശ്നങ്ങളും.
രണ്ടുവർഷം മുമ്പ് ഇടതുകാൽമുട്ടിലെ ഒരു ശസ്ത്രക്രിയ നടത്തുമ്പോഴാണ് അപൂർവരോഗത്തിന്റെ പിടിയിലാണു താൻ എന്നു ഹൊവിറ്റ് തിരിച്ചറിയുന്നത്. അന്നുമുതൽ ഇടതുകാലിൽ വേദന വർധിച്ചുവന്നു. കോംപ്ലക്സ് റീജിയൺ പെയ്ൻ സിൻഡ്രോം ടൈപ് 2 – എന്ന അപൂർവ രോഗമാണു ഹൊവിറ്റിനെന്ന് ശസ്ത്രക്രിയാ വിദഗ്ധരും മറ്റു ഡോക്ടർമാരും ഒരേ സ്വരത്തിൽ വിധിയെഴുതി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ആൻഡ് സ്ട്രോക്ക് പറയുന്നത് ജീവനോടെ കത്തിയെരിയുന്നതുപോലുള്ള അവസ്ഥ രോഗം സൃഷ്ടിക്കുന്നുവെന്നാണ്. അനേകം സൂചികൾ കൊണ്ട് ഒരുമിച്ചു കുത്തുന്നതുപോലെയും തോന്നും. രോഗത്തെത്തുടർന്നു ഹൊവിറ്റിന് നഴ്സിങ് പഠനം ഉപേക്ഷിക്കേണ്ടിവന്നു. വീടു വിട്ടു പുറത്തേക്ക് പോകാനുമാവില്ല.
രോഗം എന്നെ തളർത്തിയിരിക്കുന്നു; എന്റെ സ്വപ്നങ്ങളെയും. കടുത്ത നിരാശയുടെ ദിനങ്ങളിലൂടെ ഞാൻ കടന്നുപോകുന്നു. ആകാംക്ഷയും ഉൽകണ്ഠയുമുണ്ട് – ഹൊവിറ്റ് പറയുന്നു.
രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിനുമാത്രമേ കഴിയൂ. അതിനുവേണ്ടതാകട്ടെ ശുദ്ധമായ വായു. ഓക്സിജൻ ചേംബറിൽ ഈ ചികിൽസയാണു ഹൊവിറ്റിനു നൽകിക്കൊണ്ടിരിക്കുന്നത്. പക്ഷേ ചെലവു വളരെ കൂടുതലാണ്.
തന്റെ മുറിയിൽതന്നെ ഓക്സിജൻ ചേംബർ സ്ഥാപിക്കാൻ ഹൊവിറ്റിനുവേണ്ടത് 25,000 പൗണ്ട്. ചികിൽസയ്ക്കുള്ള തുക സമാഹരിക്കുന്ന വെബ്സൈറ്റിലൂടെ ഇതുവരെ 2000 പൗണ്ട് അവർ സമാഹരിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ബാക്കി തുക കൂടി സമാഹരിക്കാനാണ് ഹൊവിറ്റിന്റെ പദ്ധതി. രോഗം പൂർണമായി മാറുകയില്ല. കുറച്ച് ആശ്വാസവും സമാധാനവും ലഭിക്കുക: അതുമാത്രമാണു ലക്ഷ്യമെന്നും ഹൊവിറ്റ് പറയുന്നു.