''അഭിനയരംഗത്ത് തിരക്കേറിയപ്പോഴാണ് അവനെ കൊല്ലാൻ തീരുമാനിച്ചത്''; പക്ഷേ

ഗ്വിലിയ.

പത്തൊന്‍പതാം വയസ്സില്‍ ആഗ്രഹിക്കാതെ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ഊഹിക്കാനാവുമോ? അതും അഭിനയരംഗത്ത് കൂടുതല്‍ ഉയര്‍ച്ചകളും നല്ലവേഷങ്ങളും പ്രതീക്ഷിച്ചിരിക്കുന്ന ഒരു നടികൂടിയാകുമ്പോള്‍.. ഇറ്റാലിയന്‍ നടിയും സ്വഭാവികസൗന്ദര്യത്താല്‍ ആരാധകരുടെ മനം കവര്‍ന്നവളുമായ ഗ്വിലിയ മിച്ചെലിനിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. 

2002 ല്‍ അഭിനയരംഗത്തേക്ക് കടന്നുവരുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. മാഫിയ ബോസായിട്ടുള്ള അവളുടെ അഭിനയം ഏറെ പ്രശസ്തിയും ആരാധനയും നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന കാലത്തായിരുന്നു കാമുകനില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിച്ചത്. 

ഗർഭമലസിപ്പിക്കാനായിരുന്നു  മാതാപിതാക്കളുൾപ്പടെയുള്ളവ രുടെ  നിർദേശം. പത്തൊന്‍പതാം വയസില്‍ ഗര്‍ഭിണിയായി കരിയര്‍ നശിപ്പിക്കുന്നത് അത്ര നല്ല കാര്യമായി ആര്‍ക്കും തോന്നിയതുമില്ല. ഒടുവില്‍ ഗ്വിലിയായും അതിന് സമ്മതം മൂളി. അങ്ങനെ ഗർഭമലസിപ്പിക്കുന്നതിനു വേണ്ടി അവള്‍ ക്ലിനിക്കിലെത്തി. അപ്പോയ്ന്‍മെന്റ് എടുത്ത ഓരോ പെണ്‍കുട്ടികളും അകത്തേക്ക് പോകുമ്പോഴെല്ലാം എന്തോ ഗ്വിലിയ വല്ലാതെ മാനസികസമ്മര്‍ദ്ദത്തിലായി. താന്‍ ചെയ്യാന്‍ പോകുന്നതിലെ ശരിയും തെറ്റും തമ്മിലുള്ള സംഘട്ടനം അവളുടെ ഉള്ളില്‍ നടക്കുകയായിരുന്നു. അതിന്റെ ഒടുവില്‍ അവളൊരു തീരുമാനമെടുത്തു..

ഗ്വിലിയായുടെ പേര് വിളിക്കുമ്പോള്‍ അവള്‍ വാതില്‍ തുറന്ന് പുറത്തേയ്ക്കിറങ്ങിയിരുന്നു. പബ്ലിക്ക് ബൂത്തില്‍ നിന്ന് അമ്മയെ വിളിച്ച് അവള്‍ പറഞ്ഞത് ഇതായിരുന്നു. അമ്മേ എനിക്ക് ഭയം തോന്നുന്നു..ഞാന്‍ ചെയ്യുന്നത് ശരിയല്ലെന്ന തോന്നല്‍. ശരിയായ കാര്യം ചെയ്യാന്‍ ഞാന്‍ പോകുന്നു. എവിടെ നിന്നോ ഉള്ളില്‍ ധൈര്യം നിറയുന്നത് ഗ്വിലിയ അറിഞ്ഞു. 

ഗ്വിലിയ.

കാമുകനുമായി അതിനിടയില്‍ അസ്വസ്ഥകള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. ഗ്വിലിയയെക്കാള്‍ എട്ടുവയസ്സ് മുതിര്‍ന്ന ആളായിരുന്നു അവളുടെ ഉദരത്തിലെ  കുഞ്ഞിന്റെ അച്ഛന്‍. എന്തായാലും അയാള്‍ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഗ്വിലിയായ്ക്ക് അറിയാമായിരുന്നു. ഇനിയുള്ള കാലം താനും കുഞ്ഞുമായിട്ടുള്ള ജീവിതം തുടങ്ങാന്‍ പോവുകയാണെന്നും അവള്‍ അറിഞ്ഞു. എങ്കിലും ഉള്ളിലെ പലതരം ആകുലതകളും ഭയങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് ഗ്വിലിയ മനസ്സിലാക്കി.

ആ പ്രായത്തില്‍ എനിക്ക് ഒരു കുഞ്ഞിനെ ആവശ്യമുണ്ടായിരുന്നില്ല എന്നത് സത്യം. എനിക്ക് സ്വാതന്ത്ര്യമായിരുന്നു വേണ്ടത്. ഒരു ട്രെയിന്‍ പോലെ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കാനാണ് ആ സമയം ഞാന്‍ ആഗ്രഹിച്ചതും. പക്ഷേ എന്നിട്ടും ഞാന്‍ തീരുമാനിച്ചു ഞാന്‍ എന്റെ കുഞ്ഞിനെ നശിപ്പിക്കുകയില്ലെന്ന്... പിന്നീട്  വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ ആ നടി വ്യക്തമാക്കി.

''കുടുംബത്തില്‍ നിന്ന് ഇങ്ങനെയൊരു തീരുമാനത്തിന് യാതൊരു പിന്‍ബലവും ഉണ്ടായില്ലെന്ന് മാത്രമല്ല ശക്തമായ വിയോജിപ്പുകളും ഉണ്ടായി. എന്റെ ആ തീരുമാനം ഞാനെന്ന വ്യക്തിയെ വ്യക്തമായി അവതരിപ്പിക്കുകയാണെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഗ്വിലിയ പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഞാനെടുക്കുകയായിരുന്നു. ഞാനെന്റെ വീടു വിട്ടു. എന്റെ ഗര്‍ഭത്തെക്കുറിച്ച് ഞാന്‍ ആരോടും അടുത്ത ആറുമാസത്തേക്ക് പറഞ്ഞില്ല.

ഗ്വിലിയ പ്രസവിച്ചു. ആണ്‍കുട്ടിയായിരുന്നു അത്. വര്‍ഷങ്ങള്‍ പലതു കടന്നുപോയി. ഇന്ന് തന്റെ മാതാപിതാക്കള്‍ക്ക് തന്റെ മകന്‍ പൊന്നോമനയാണെന്ന് ഗ്വിലിയ പറയുന്നു. കോസിമോ എന്നാണ് മകന്റെ പേര്. ഷൂട്ടിംങും ചാനല്‍ പ്രോഗ്രാമുകളുമായി പോകുമ്പോള്‍ അവന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.  അബോര്‍ഷന്‍ ചെയ്യാതിരിക്കുമ്പോള്‍ കുഞ്ഞിനെ മാത്രമല്ല ഒരമ്മ രക്ഷിക്കുന്നത് തന്റെ തന്നെ ജീവിതത്തെക്കൂടിയാണ് എന്നാണ് ഗ്വിലിയ വിശ്വസിക്കുന്നത്. മകന്‍ കൂടെയുള്ളതുകൊണ്ട് ഞാന്‍ കൂടുതല്‍ സന്തോഷം അനുഭവിക്കുന്നു.. അവന്‍ എന്റെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥം നൽകുന്നു ഗ്വിലിയ പറയുന്നു.