പതിനാലു വയസ്സുള്ളപ്പോഴായിരുന്നു സെല്‍വിയുടെ വിവാഹം; കര്‍ണാടകക്കാരിയാണ്‍. നാലു വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം സഹിച്ചു കഴിഞ്ഞു. പതിനെട്ടാം വയസ്സില്‍ അവിടെ നിന്നിറങ്ങിപ്പോന്നു. ജീവിതത്തില്‍ ഇനി എന്തു ചെയ്യണമെന്നറിയില്ല. എന്നിട്ടും എങ്ങനെയൊക്കെയോ മുന്നോട്ടു പോയി. ചെറിയ പ്രായത്തില്‍ത്തന്നെ വലിയ പ്രശ്‌നങ്ങളെ നേരിട്ടു പരിചയമായതിനാല്‍ അതിന്റേതായ മനസ്സുറപ്പു മാത്രമായിരുന്നു കൈമുതല്‍.
അങ്ങനെയിരിക്കെയാണ് ബെംഗളൂരുവില്‍ വച്ച് ഡ്രൈവിങ് പഠിക്കാന്‍ തീരുമാനിക്കുന്നത്. 2004ലായിരുന്നു അത്. അവിടെനിന്നാണ് ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവര്‍ എന്ന പദവിയിലേക്ക് സെല്‍വിയുടെ ജീവിതം ഉയരുന്നതും.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഇന്ത്യയിലെ വനിതകള്‍ക്കിടയില്‍ ചങ്കൂറ്റം കൊണ്ടു ജീവിതത്തെ തിരിച്ചുപിടിച്ച സെല്‍വിയുടെ കഥ ഒരു പ്രചോദനമാണ്. സെല്‍വിയുടെ 2004 മുതല്‍ 2014 വരെയുള്ള ജീവിതകഥ ഉള്‍പ്പെടുത്തി ‘ഡ്രൈവിങ് വിത്ത് സെല്‍വി’ എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിക്കഴിഞ്ഞു. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രചോദനാത്മകമായ തന്റെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് സെല്‍വി ഇന്ന്.
2004ല്‍ ഡ്രൈവിങ് പഠനത്തിനിടെയാണ് കനേഡിയന്‍ ഡോക്യുമെന്ററി സംവിധായിക എലീസ പലോഷിയെ സെല്‍വി പരിചയപ്പെടുന്നത്. സെല്‍വിയുടെ ജീവിതത്തെപ്പറ്റി കേട്ട് ആ കഥ ക്യാമറയില്‍ പകര്‍ത്താന്‍ തീരുമാനിച്ചു എലീസ. എന്നാല്‍ തുടക്കത്തില്‍ സെല്‍വിക്കു സംശയമായിരുന്നു, ഇതിനു മാത്രം എന്താണു തന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്? പിന്നീട് തന്നെപ്പോലെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നവരുടെ കഥകള്‍ അറിഞ്ഞപ്പോഴാണ് താന്‍ ചെയ്തത് എത്രമാത്രം ധീരമായ കാര്യമാണെന്ന് സെല്‍വിക്കു മനസ്സിലായത്.
സ്ത്രീയായതു കൊണ്ടു മാത്രം പല കാര്യങ്ങളും ചെയ്യാനാകില്ലെന്ന തോന്നല്‍ തനിക്കില്ലെന്നു പറയുന്നു സെല്‍വി. ‘ആണു പാകം ചെയ്താലും അരി വേവും. അല്ലാതെ അത് വേവില്ലെന്ന് ബലം പിടിച്ചിരിക്കുകയൊന്നുമില്ല. അതുപോലെത്തന്നെ ഒരു പെണ്‍കുട്ടി വന്ന് ഡ്രൈവ് ചെയ്താലും ഏതു വാഹനമാണെങ്കിലും ഓടും. സ്ത്രീയാണെന്നു കരുതി ഓടാതിരിക്കുകയൊന്നുമില്ല...’ വളയം പിടിച്ച കൈകള്‍ സമ്മാനിച്ച തഴക്കം വന്ന വാക്കുകള്‍.
പെണ്‍കുട്ടികള്‍ കൈവയ്ക്കാന്‍ മടിക്കുന്ന ഒരു തൊഴില്‍ തിരഞ്ഞെടുക്കുക, അതില്‍ വിജയിച്ചു കാണിക്കുക, അതായിരുന്നു തന്റെ ലക്ഷ്യമെന്നു പറയുന്നു സെല്‍വി. ഒരു ദശാബ്ദക്കാലത്തോളം സെല്‍വി നയിച്ച ജീവിതമാണ് ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഡോക്യുമെന്ററിയിലുളളത്. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ തനിക്കു പോലും വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളാണു സംഭവിച്ചിരിക്കുന്നതെന്നും സെല്‍വി പറയുന്നു.
മനക്കരുത്തോടെയും ധൈര്യത്തോടെയും ജീവിതത്തിലെ വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും നേരിട്ട ആ ജീവിതമാണ് പലര്‍ക്കും പ്രചോദനമാകുന്നതെന്നും സെല്‍വിയുടെ വാക്കുകള്‍. മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും അവര്‍ നേരിട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ്. ഡോക്യുമെന്ററി സംഘത്തിനൊപ്പം ഇന്ത്യയൊട്ടുക്ക് ‘സെല്‍വിസ് ബസ് ടൂര്‍’ എന്നു പേരിട്ട യാത്രയിലാണിപ്പോള്‍ ഇവര്‍.
നാലു സംസ്ഥാനങ്ങളില്‍ ഇതിനോടകം മുപ്പതോളം സ്‌ക്രീനിങ് നടത്തിക്കഴിഞ്ഞു. അതില്‍ ഉത്തര്‍പ്രദേശിലെ വിദൂരഗ്രാമങ്ങളുണ്ട്. ഡല്‍ഹിയിലെ ചേരിപ്രദേശമുണ്ട്, ഉത്തരകര്‍ണാടകയിലെ ദേവദാസി ഗ്രാമങ്ങളുമുണ്ട്. ആയിരക്കണക്കിനു പെണ്‍കുട്ടികളുമായി സംസാരിക്കാനും ഈ യാത്രയ്ക്കിടെ സെല്‍വി സമയം കണ്ടെത്തുന്നുണ്ട്. മിക്ക പെണ്‍കുട്ടികളും പറഞ്ഞത് അവരുടെ മാതാപിതാക്കള്‍ക്കും ഈ ഡോക്യുമെന്റി കാണിച്ചു കൊടുക്കണമെന്നാണ്.
സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ തന്റെ ജീവിതം കൊണ്ടുതന്നെ പങ്കാളിയാകാനാണു സെല്‍വിയുടെ തീരുമാനം. അതിനെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ: ‘ഞാന്‍ വളര്‍ന്നു വന്നപ്പോള്‍ എനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നെനിക്കറിയാം എന്റെ ജീവിതം കണ്ട് ഒട്ടേറെ പേര്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നുണ്ട്. അതുതന്നെയാണ് ആണുങ്ങള്‍ മാത്രം ചെയ്യുന്ന ജോലി തിരഞ്ഞെടുത്തതിനെപ്പറ്റി ആശങ്കപ്പെടുന്നവര്‍ക്കായുള്ള എന്റെ ഉത്തരവും...’