എല്ലാവർക്കും പറയാനുള്ളത് പ്രിയങ്ക ചോപ്രയുടെ അസാധ്യമായ പ്രസംഗത്തെക്കുറിച്ചാണ്. കേൾക്കുന്തോറും സിരകളിൽ ഊർജ്ജംനിറയ്ക്കുന്ന, വീണ്ടും വീണ്ടു കേൾക്കാൻ തോന്നുന്ന വാക്കുകൾ എന്നാണ് പ്രിയങ്കയുടെ പ്രസംഗത്തെക്കുറിച്ച് ആരാധകർ പറയുന്നത്. ഡൽഹിയിൽ നടന്ന പെൻഗ്വിൻ ആനുവൽ ലെക്ച്ചർ 2017 ൽ ആണ് പ്രിയങ്ക പ്രചോദനാത്മകമായ നിരവധി കാര്യങ്ങൾ പങ്കുവെച്ചത്.
''നമ്മുടെ കഴിവിനെ തടയുന്ന ഗ്ലാസ് സീലിങ്ങുകളെ തകർത്തെറിയണമെന്ന് കുട്ടിക്കാലത്ത് അച്ഛനെപ്പോഴുമെന്നോടു പറയാറുണ്ടായിരുന്നു. പക്ഷേ അങ്ങനെ ചില്ലു കൂടാരാങ്ങളെ തകർത്തെറിഞ്ഞല്ല ഞാൻ പ്രശ്നങ്ങളെ അതിജീവിച്ചത്. മറിച്ച് എന്റെ സ്വപ്നങ്ങളെ ചെയ്സ് ചെയ്തുകൊണ്ടാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിൽ പല പ്രശ്നങ്ങളുടെ രൂപത്തിൽ ഗ്ലാസ് സീലിങ്ങുകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെയിരിക്കുന്ന ഓരോരുത്തരുടെയും ജീവിതത്തിൽ അത്തരം തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടാവും. പാട്രിയാർക്കൽ സമൂഹം സൃഷ്ടിച്ച ചില ഗ്ലാസ് സീലിങ്ങുകളെ അതിജീവിക്കാനുള്ള പന്ത്രണ്ട് മാർഗ്ഗങ്ങൾ ഞാൻ നിങ്ങൾക്കു പറഞ്ഞു തരാം''.( പ്രിയങ്ക ചോപ്രയാവാൻ 12 വഴികൾ എന്നു ഹാസ്യരൂപേണ പറഞ്ഞുകൊണ്ട് പ്രിയങ്ക പറഞ്ഞു തുടങ്ങി.
1. നിങ്ങളിലെ നന്മയെ കണ്ടെത്തുക.
നിങ്ങളുടെ കഴിവുകളെ കണ്ടെത്തി മുന്നോട്ടു പോകുവാനുള്ള ബ്രഹ്മാസ്ത്രം നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലാണുള്ളത്. സങ്കൽപ്പത്തിനതീതമായി സഞ്ചരിച്ചുകൊണ്ട് നിങ്ങളിലെ നന്മയെ, കഴിവുകളെ, സാധ്യതകളെ നിങ്ങൾ സ്വയം കണ്ടെത്തണം. പുറത്തുനിന്നാർക്കും ഈ കാര്യത്തിൽ നിങ്ങളെ സഹായിക്കാനാവില്ല. ''എന്റെ കാര്യമെടുക്കുകയാണെങ്കിൽ എയറോനോട്ടിക്കൽ എഞ്ചിനീയർ ആവേണ്ട വ്യക്തിയായിരുന്നു ഞാൻ. പക്ഷേ ഞാനിന്ന് നടി,ഗായിക,എഴുത്തുകാരി, നിർമ്മാതാവ്, കലാകാരി ഇതൊക്കെയാണ്. ഞാനിങ്ങനെയൊക്കെ ആയതിനുള്ള കാരണം എന്റെ തിരഞ്ഞെടുപ്പുകളാണ്''.
2. സ്വപ്നങ്ങളെ പറക്കാനനുവദിക്കുക, സ്വപ്നങ്ങൾക്ക് ചിറകു നൽകുക
മാറ്റങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ സ്വപ്നങ്ങൾ കാണുക. ഓർക്കുക നിരന്തരമായ മാറ്റങ്ങളിലൂടെയല്ലാതെ ആരും പുതിയ കാര്യങ്ങളൊന്നും പഠിച്ചിട്ടില്ല. പേടിച്ചു നിൽക്കാതെ മുന്നിൽ വരുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക. എപ്പോഴും മികച്ച അവസരങ്ങൾ ലഭിച്ചൂവെന്നുവരില്ല. ലഭിക്കുന്ന അവസരങ്ങളെ തിരിച്ചറിയുക അതിനെ പ്രയോജനപ്പെടുത്തുക. എന്റെ ജീവിതത്തിൽ അങ്ങനെ ലഭിച്ച അവസരങ്ങളെയൊക്കെ ഞാൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മിസ് ഇന്ത്യ, മിസ് വേൾഡ് അങ്ങനെയുള്ള തിരഞ്ഞെടുപ്പുകളൊക്കെ അങ്ങനെ നടത്തിയതാണ്. ബറേലിയിലെ സൈനിക സ്കൂളിൽ പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കാൻ ആദ്യമായി അവസരം ലഭിക്കുന്നത്, പാട്ടുപാടുന്നത്, പിന്നെ പടം പ്രൊഡ്യൂസർ ചെയ്യുന്നത്. ഇതൊന്നും തന്നെ ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തതല്ല.
3. ജീവിതത്തിൽ എവിടെയാണെങ്കിലും അവസരങ്ങളെ പ്രയോജനപ്പെടുത്തുക
ജീവിതത്തിൽ എല്ലാത്തിനെയും ആഗ്രഹിക്കുക. എനിക്കെല്ലാം വേണം എന്ന ചിന്ത വേണം. പ്രത്യേകിച്ച് സ്ത്രീകളോടാണ് ഇതെടുത്തു പറയുന്നത്. ഡോൺ 2 എന്ന ചിത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടുകാണും. അത് ബർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ടു. ക്രൂ മുഴുവൻ അങ്ങോട്ടു പോവാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. അതിനടുത്ത ദിവസം എലെയ്നിൽ നടക്കുന്ന ഗ്രാമി അവാർഡിൽ പങ്കെടുക്കാനും എനിക്ക് ആദ്യമായി അവസരം ലഭിച്ചു. നിന്റെ പ്രയോറിറ്റി അനുസരിച്ച് ഒരു തീരുമാനമെടുക്കൂവെന്നാണ് അന്ന് എല്ലാവരും എന്നെ ഉപദേശിച്ചത്. എനിക്ക് പക്ഷേ ഒന്നും വിട്ടുകളയാൻ മനസ്സില്ലായിരുന്നു. മുംബെയിൽ നിന്നും ലണ്ടനിലേക്കും ലണ്ടനിൽ നിന്ന് ബർലിനിലേക്കും ബർലിനിൽ നിന്ന് ആംസ്റ്റർഡാമിലേക്കും ആംസ്റ്റർഡാമിൽ നിന്നും എലെയ്നിലേക്കും അവിടെ നിന്നും മുംബൈയിലേക്കും മൂന്നു ദിവസം കൊണ്ടു യാത്ര ചെയ്തു. ആ രണ്ടു ചടങ്ങുകളിലും ഞാൻ പങ്കെടുത്തു. ഉറക്കക്ഷീണം മുഖത്തറിയാതിരിക്കാൻ അൽപ്പം മേക്കപ്പ് കൂടുതൽ ഉപയോഗിക്കേണ്ടി വന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമെനിക്കുണ്ടായില്ല. അന്നൊരു ദിവസം മാത്രമല്ല. പലപ്പോഴും ഇത്തരം കാര്യങ്ങൾ എന്റെ ജീവിതത്തിൽ ആവർത്തിച്ചുകൊണ്ടിരുന്നു. കാരണം ഞാൻ ആഗ്രഹിച്ചതൊന്നും എനിക്കു നഷ്ടപ്പെടുത്തുവാൻ ആവില്ലായിരുന്നു.
4. ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കാനുള്ള തൃഷ്ണയുണ്ടാവണം
മറ്റുള്ളവരുടെ വാക്കുകളെ ഒരിക്കലും നിങ്ങളുടെ കഴിവിന്റെ അളവുകോൽ ആക്കാതിരിക്കുക. നിങ്ങളെങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്. നിങ്ങളെങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ മറ്റുള്ളരെ അനുവദിക്കരുത്. നിങ്ങളുടെ സ്വപ്നങ്ങൾ സ്വന്തമാക്കാൻ നിങ്ങളെക്കൊണ്ടു മാത്രമേ കഴിയൂ. ഓരോ പ്രായത്തിലും എനിക്കു ശരിയെന്നു തോന്നിയത് ഞാൻ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ചില വീഴ്ചകൾ സംഭവിച്ചിട്ടുമുണ്ട്. പക്ഷേ ഞാൻ തെളിച്ച പാതകൾ എന്റേതു മാത്രമാണ്. എന്റെ വിജയങ്ങളും തോൽവികളുമെല്ലാം എന്റേതു മാത്രമാണ്.
5. സ്വപ്നങ്ങൾക്കു വേണ്ടി കോംപ്രമൈസ് ചെയ്യരുത്
നിങ്ങളിൽ ആർക്കെക്കെ തോൽക്കാനിഷ്ടമുണ്ട്. അങ്ങനെയുള്ളവരോട് എനിക്കൊന്നും പറയാനില്ല. തോൽവിയെ വെറുക്കുന്നവരോടാണ് ഞാൻ സംസാരിക്കാനാഗ്രഹിക്കുന്നത്. തോൽവിക്കു ശേഷമെടുക്കുന്ന തീരുമാനങ്ങളാണ് നിങ്ങളുടെ ജീവിതം എങ്ങോട്ടുകൊണ്ടു പോകുമെന്ന് നിങ്ങളെ പഠിപ്പിക്കുന്നത്. തോൽവികൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. സദസ്സിലിരിക്കുന്ന എന്റെ അമ്മയുടെ മുന്നിൽ ഒരുപാട് വിഷമിച്ചിട്ടുണ്ട്. പക്ഷേ ആ തോൽവിയിൽ നിന്ന് ഞാൻ ഉയർത്തെഴുന്നേറ്റിട്ടുമുണ്ട്. തോൽവിയെ പിന്നിലാക്കി മുൻപോട്ടു നടന്നിട്ടുണ്ട്. തോൽവിയെ അവഗണിച്ചിട്ടില്ല, അതിനെ വിശകലനം ചെയ്തിട്ടുണ്ട്, അതിൽ നിന്നും പഠിച്ചിട്ടുണ്ട്.
6. തോൽക്കുക, തോൽക്കുക, ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ ഉയരുക
റിസ്ക്കില്ലെങ്കിൽപ്പിന്നെ ജീവിതത്തിൽ എന്താ ഒരു രസമുള്ളത്. കരിയറിലായാലും ജീവിതത്തിലായാലും ചില വെല്ലുവിളികൾ ഏറ്റെടുക്കുക. ഞാനും ജീവിതത്തിൽ നിറയെ വെല്ലുവിളികൾ ഏറ്റെടുത്തിട്ടുണ്ട്. നെഗറ്റീവ് റോൾ ചെയ്യുമ്പോൾ, സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ചെയ്യുമ്പോൾ യുഎസ് ടിവി ഷോ ചെയ്യുമ്പോഴൊക്കെയുള്ള റിസ്ക്ക് ഭയങ്കരമായിരുന്നു.
7 പക്വതയോടെ വെല്ലുവിളികളെ ഏറ്റെടുക്കുക
സുഹൃത്തുക്കൾ, കുടുംബം, നിങ്ങളുടെ ഒപ്പം ജോലിചെയ്യുന്നവർ എന്നിവർക്ക് നിങ്ങളെ എളുപ്പം സ്വാധീനിക്കാൻ സാധിക്കും. ചിലപ്പോൾ നിങ്ങൾക്ക് പ്രചേദനമേകാനും അവർക്കാകും. ചുറ്റുമുള്ളവരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. കാരണം ആരൊക്കെ പിന്നിൽ നിന്ന് കുത്തുമെന്ന് നമുക്കു പറയാനാവില്ല.
8. ശരിയായ ആളുകളെ തിരഞ്ഞെടുക്കുക.
നിങ്ങളിൽ എത്രപേർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഞാനും ഉപയോഗിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം പ്രതികരണങ്ങൾ നിങ്ങളെ ബാധിക്കാറുണ്ടോ? അങ്ങനെയുള്ളവരോട് ഞാനൊരു കാര്യം പറയട്ടെ. അതൊക്കെ വിട്ടുകളയൂ. കാരണം നിങ്ങൾ എന്തു നല്ലകാര്യം ചെയ്താലും അതിലും അസന്തുഷ്ടരാകാൻ കുറച്ചുപേരെങ്കിലും ഉണ്ടാവും.
സമൂഹമാധ്യമങ്ങളിലെ മുഖമില്ലാത്തവരുടെ അഭിപ്രായങ്ങളെ നമ്മളെന്തിന് മുഖവിലയ്ക്കെടുക്കണം?
9. എല്ലാവരെയും എപ്പോഴും സന്തോഷിക്കാനാവില്ല
നിങ്ങൾക്ക് നിങ്ങളോടു തന്നെ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചിരിക്കുക എന്നതാണ്. ഓരോ ചെറിയ കാര്യങ്ങളിലും സാഹചര്യങ്ങളിലും സന്തോഷം കണ്ടെത്തുക. ജീവിതത്തിൽ ചെറിയ ചെറിയതമാശകളൊപ്പിക്കുക.
10. ജീവിതത്തിൽ വല്ലാതെ സീരിയസ് ആവണ്ട
നമ്മൾ റോക്കറ്റൊന്നും ഉണ്ടാക്കാൻ പോവല്ലല്ലോ. അതുകൊണ്ട്ജീവിതത്തിന് അത്രകണ്ട് ഗൗരവം വേണ്ട. ചിരിച്ചു കളിച്ച് തമാശ പറഞ്ഞ് സന്തോഷത്തോടെ ജീവിക്കുക.
11. ദയകാട്ടുക, ആർദ്രത കാട്ടുക, മനുഷത്വത്തോടെ പെരുമാറുക
ഇതൊന്നും ജീവിതത്തിലെ പ്രയാസപ്പെട്ട സംഗതികളല്ല. അമ്മ എപ്പോഴും പറയാറുണ്ട്. നമ്മളെക്കാളും ഭാഗ്യം കുറഞ്ഞ വ്യക്തികൾ ഈ ഭൂമിയിലുണ്ട്. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ നിന്നെക്കൊണ്ടു കഴിയുന്ന കാര്യങ്ങൾ നീ ചെയ്തുകൊടുക്കണം. ആ ഒരു കാരണം കൊണ്ടാണ് ഞാൻ ഫൗണ്ടേഷൻ തുടങ്ങിയത്. യുണിസെഫിനു വേണ്ടി പ്രവർത്തിക്കുന്നത്. നമ്മളൊക്കെ ജീവിക്കുന്നത് ഒരേ ലോകത്താണ്. നമ്മളെക്കൊണ്ടു കഴിയുന്ന നന്മ മറ്റുള്ളവർക്ക് ചെയ്തുകൊടുക്കണം.
12. വന്ന വഴി മറക്കാതിരിക്കുക
അഭിമാനത്തോടെ പറയട്ടെ ഞാൻ ഇന്ത്യക്കാരിയാണ്, ആർമി സ്കൂൾ ഗേളായിരുന്നു. ഡോക്ടർമാരായ അച്്ഛനമ്മമാർക്കൊപ്പം മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ചു വളർന്നു. കുടുംബത്തിലുണ്ടായ സന്തോഷവും സങ്കടങ്ങളുമെല്ലാമാണ് എന്നെ ഇന്നു കാണുന്ന ഞാനാക്കിയത്.
പുതുവർഷത്തിലേക്കു കടക്കുമ്പോൾ ഞാൻ പങ്കുവെച്ച ഏതെങ്കിലുമൊരുകാര്യമെങ്കിലും നിങ്ങളുടെ മനസ്സിൽ നിറയുമെന്നാണ് പ്രതീക്ഷ. എന്നു പറഞ്ഞുകൊണ്ടും എങ്ങനെയുള്ള ജീവിതമാണ് പുതുവർഷത്തിൽ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.