ലോകത്തിലെ ഏറ്റവും സുന്ദരികളായ ഇരട്ടക്കുട്ടികൾ

ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

ഡോക്ടർമാർ പ്രവചിച്ചതിലും അൽപ്പം മുൻപേയാണ് അവർ ഭൂമിയിലേക്ക് പിറന്നു വീണത്. പ്രസവത്തീയതിയ്ക്ക് നാലാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാൽ 2010 ജൂലൈ 7 ന്. ഐഡന്റിക്കൽ ട്വിൻസായ പെൺകുട്ടികളുടെ ജനനം ആ കുടുംബം ആഘോഷമാക്കി. കലിഫോർണിയ സ്വദേശികളായ ദമ്പതികളുടെ ജീവിതം മാറിമറിഞ്ഞത് ആ പെൺകുഞ്ഞുങ്ങളുടെ വരവോടെയായിരുന്നു. നവജാതശിശുക്കളെ കാണാൻ വന്നവർക്കൊക്കെ പറയാനുണ്ടായിരുന്നത് അവരുടെ അഭൗമമായ സൗന്ദര്യത്തെക്കുറിച്ചായിരുന്നു.

അതിഥികളുടെ പ്രശംസ കേട്ട അമ്മ ജാക്വി അങ്ങനെ ഒരു തീരുമാനമെടുത്തു മക്കളായ ലിഹ് റോസിനെയും ആവേ മരിയയെയും മോഡലുകളാക്കണം. കുഞ്ഞുങ്ങൾക്ക് ആറുമാസം പ്രായമുള്ളപ്പോൾ ഒരു ഏജൻസിയുമായി അവർ കരാറൊപ്പിട്ടു. എന്നാൽ അധികം വൈകാതെ ജാക്വി ആ സത്യം മനസ്സിലാക്കി ഇതല്ല കുഞ്ഞുങ്ങളെ മോഡലുകളാക്കാനുള്ള കൃത്യമായ സമയം. തന്റെ രണ്ടു വയസ്സുകാരനായ മകനെയും ഇരട്ടപ്പെൺകുഞ്ഞുങ്ങളെയും നന്നായി വളർത്താനും കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കാനുമാണ് ഈ സമയം വിനിയോഗിക്കേണ്ടത്. അങ്ങനെ ആ അമ്മ തൽക്കാലത്തേക്ക് തന്റെ സ്വപ്നങ്ങളെ അടക്കിവെച്ചു.

ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

അമ്മയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചത് 2017 ജൂലൈ 7 നാണ്. (7.07.2017) ഏഴ് ഭാഗ്യ സംഖ്യയാണെന്നു വിശ്വസിച്ചിരുന്ന ആ അമ്മ പെൺമക്കൾക്ക് ഏഴു വയസ്സായപ്പോൾ അവരോടു ചോദിച്ചു. ഡാൻസ് ക്ലാസിൽ പോകുന്നതുപോലെ നീന്തൽ പരിശീലനത്തിനു സമയം ചിലവഴിക്കുന്നതുപോലെ അൽപ്പസമയം മോഡലിങ്ങിനായി മാറ്റിവച്ചാലോയെന്ന്. തുടർന്ന് അവരുടെ അനുവാദത്തോടെ ഒരു ചിത്രമെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അതിശയിപ്പിക്കുന്ന പ്രതികരണമാണ് അതിനു ലഭിച്ചത്. ലോകമെമ്പാടുമുള്ള ആളുകൾ ഇരട്ടപ്പെൺകുട്ടികളുടെ ചിത്രങ്ങളുടെ സ്ഥിരം സന്ദർശകരായി. ലോകത്തെ ഏറ്റവും സുന്ദരികളായ ഇരട്ടക്കുട്ടികൾ എന്ന് ആരാധകർ അവരെ വിളിച്ചു. നൃത്തത്തെയും നീന്തലിനെയും പോലെ പതിയെപ്പതിയെ പെൺകുട്ടികളും മോഡലിങ്ങിനെ സ്നേഹിച്ചു തുടങ്ങി.

ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

മോഡലിങ്ങിനോടുള്ള സ്നേഹം പതിയെ പാഷനായി മാറിയപ്പോൾ അവരുടെ മുന്നിൽത്തുറന്നത് അവസരങ്ങളുടെ വലിയ വാതിലുകളാണ്. ഇപ്പോൾ രണ്ടു മോഡലിങ് ഏജൻസികളുമായി പെൺകുട്ടികൾ കരാറൊപ്പിട്ടിട്ടുണ്ട്. നിരവധി വസ്ത്രബ്രാൻറുകളും മാഗസീനുകളുമായും ഇവർക്ക് കരാറുകളുണ്ട്. ഇരട്ടപ്പെൺകുട്ടികൾക്കുമാത്രമല്ല അവരുടെ മുതിർന്ന സഹോദരൻ ചെയ്സ് റോബട്ടിനും മോഡലിങ് രംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്.

ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

ജോലിയുടെ ഭാഗമായി ലോകം മുഴുവൻ കറങ്ങുകയാണ് ഇപ്പോൾ ഈ കുടുംബം. ഭൂരിപക്ഷം സമയവും കുട്ടികളെ ഒറ്റയ്ക്കാണ് സ്പോട്ട്ലൈറ്റിലേക്ക് വിടുന്നതെങ്കിലും അപൂർമായി ജാക്വിയും ഇവരുടെയൊപ്പം പ്രത്യക്ഷ്യപ്പെടാറുണ്ട്.