''പുരുഷന്മാർക്ക് ഇത്രയും ഡീസന്റ് ആവാൻ പറ്റുമോ?''; സ്ക്രീൻഷോട്ട് ഉൾപ്പടെയുള്ള യുവതിയുടെ ട്വീറ്റ് വൈറൽ

പ്രതീകാത്മക ചിത്രം.

ഹായ് ഹോളി, ഞാൻ നിങ്ങളോട് അപമര്യാദയായി പെരുമാറുകയല്ല എന്നു പ്രതീക്ഷിക്കട്ടെ. അങ്ങനെ തോന്നുകയാണെങ്കിൽ ദയവായി ഇതു മറന്നേക്കുക. നിങ്ങളുടെ വ്യക്തിത്വം ഞാൻ ഇഷ്ടപ്പെടുന്നു. ഒരിക്കൽ ഒരു കാപ്പി കുടിക്കാൻ എന്നോടൊപ്പം വരുമോ?

ട്വിറ്ററിൽ തികച്ചും അപരിചിതനായ ഒരാൾ ഇങ്ങനെയൊരു സന്ദേശം അയയ്ക്കുയാണെങ്കിൽ എന്തായിരിക്കും പ്രതികരണം? പലരും പല തരത്തിൽ പ്രതികരിക്കാമെങ്കിലും ഹോളി ബ്രോക്ക് വെൽ എന്ന യുവതിക്ക് ഈ സന്ദേശം നന്നായി ഇഷ്ടപ്പെട്ടു. ആദ്യമായി പരിചയപ്പെടുമ്പോൾ തന്നെ ഒരു മര്യാദയുമില്ലാതെ പെരുമാറുന്നവരിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഈ സന്ദേശമെന്നു കരുതുന്നു ഹോളി. അവർ അയച്ച മറുപടി:

ക്ഷണം നന്നായിരിക്കുന്നു നന്ദി. പക്ഷേ, ഇപ്പോൾ ഞാൻ മറ്റൊരാളുമായി സൗഹൃദത്തിലാണ്. എല്ലാ പുരുഷൻമാരും നിങ്ങളെപ്പോലെ മര്യാദയുള്ളവരും അന്തസ്സുള്ളവരുമായിരുന്നെങ്കിൽ ഇത്രയും നാൾ എനിക്ക് ഒറ്റയ്ക്കു ജീവിക്കേണ്ടി വരില്ലായിരുന്നു. അന്തസ്സോടെ പെരുമാറിയ നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ. ഈ സമീപനം താങ്കൾ ഒരിക്കലും മാറ്റരുത്. 

ഇങ്ങനെ മറുപടി അയക്കുക മാത്രമല്ല തങ്ങളുടെ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് ഹോളി എഴുതി: ട്വിറ്റർ ഉപയോഗിക്കുന്ന പ്രിയ പുരുഷൻമാരേ, ഇങ്ങനെ വേണം സ്ത്രീകളെ സമീപിക്കാൻ!

മറ്റൊരു സൗഹൃദത്തിലായതിനാൽ ക്ഷണം നിരസിച്ചെങ്കിലും അയാളെ പൂർണമായി ഉപേക്ഷിക്കാൻ തയ്യാറായില്ല ഹോളി. തന്റെ സുഹൃത്തുക്കളിലൊരാളുമായി ആ യുവാവിന് ഒരു ബന്ധം സ്ഥാപിക്കാനും അവസരമൊരുക്കി ഹോളി. സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയുള്ള ഹോളിയുടെ പോസ്റ്റിന് ട്വിറ്ററിൽ ലഭിച്ചത് വമ്പിച്ച വരവേൽപ്പ്. മണിക്കൂറുകൾക്കുള്ളിൽ ആയിരത്തോളം പേർ ട്വീറ്റ് പങ്കുവച്ചു. അയ്യായിരത്തോളം പേർ ഇഷ്ടം പ്രകടിപ്പിച്ചു. 

ഹോളിയുടെ ട്വീറ്റിനെ ഇഷ്ടപ്പെട്ടവരും അല്ലാത്തവരുമുണ്ട് ട്വിറ്റർ ലോകത്ത്. സ്ത്രീകളെ സമീപിക്കുമ്പോൾ പ്രദർശിപ്പിക്കേണ്ട മര്യാദയെക്കുറിച്ചുള്ള ഹോളിയുടെ സമീപനത്തെ മിക്കവരും പിന്തുണയ്ക്കുന്നു.  പുരുഷൻമാരുടെ ക്ഷണം നിരസിച്ചിട്ടും തെറിവിളി കിട്ടിയില്ലെങ്കിൽ അതു തന്നെ വലിയ കാര്യം എന്നായിരുന്നു ഒരാളുടെ പ്രതികരണം. ആദ്യ സന്ദേശങ്ങളിൽ തന്നെ സൗന്ദര്യത്തെ പുകഴ്ത്തിയും മറ്റും തെറ്റായി സമീപിക്കുകയാണ് പല പുരുഷൻമാരുടെയും രീതി. ഇവിടെ അങ്ങനെ ഉണ്ടായില്ലല്ലോ എന്നു പലരും ആശ്വസിച്ചു. 

സ്ത്രീ ശരീരത്തെക്കുറിച്ചു മോശമായി പറയാതെ സൗഹൃദം കൊതിക്കുന്നവരും ഇക്കാലത്തുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ അത്ഭുത പ്രകടനം. ഹോളി ട്വിറ്റർ ഉപയോക്താക്കളെ വഴി തെറ്റിക്കുകയാണ് എന്ന് ആരോപിച്ചവരും ഉണ്ട്. മര്യാദയുടെ കവചത്തിനുള്ളിലും തെറ്റായ ഉദ്ദേശ്യങ്ങൾ വച്ചു പുലർത്തുന്നവരുണ്ട്. അവരെ ഒരൊറ്റ സംഭാഷണത്തിലൂടെ എങ്ങനെ തിരിച്ചറിയും. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഹോളിയുടെ പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഒപ്പം മര്യാദയും അന്തസ്സും എങ്ങനെ പ്രകടിപ്പിക്കാമെന്ന ഒരു പുനർ ചിന്തയും.