രാഷ്ട്രീയ അഴിമതിക്കെതിരെ തുറന്നടിച്ച് വനിതാ ഐപിഎസ് ഓഫീസർ

ചിത്രത്തിന് കടപ്പാട്; യുട്യൂബ്.

ശക്തന്‍മാരും സ്വാധീനശേഷിയുള്ളവരും. വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും മാറിമാറി ഭരിക്കുമ്പോഴും ഇവര്‍ക്കു മാത്രം മാറ്റമില്ല. ഇത്തരക്കാര്‍ക്കുമുന്നില്‍ ഓച്ചാനിച്ചുനില്‍ക്കേണ്ടിവരുന്നു ഉദ്യോഗസ്ഥര്‍ക്ക്.

സത്യം നീതിയുടെ വഴിയിലൂടെയല്ല, സ്വാധീനശേഷിയുള്ളവര്‍ തീരുമാനിക്കുന്ന വഴിയേ പോകുന്നു. പറഞ്ഞുപഴകിയ ആരോപണമല്ല ഇതെന്നും വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ സത്യമാണെന്നും ഉറപ്പിച്ചു പറയുന്നു ഒരു വനിതാ െഎപിഎസ് ഓഫിസര്‍. കന്നഡിഗയായ കര്‍ണാടകയിലെ ആദ്യ വനിതാ ഓഫിസര്‍. ദിവാകര്‍ രൂപ മുദ്ഗില്‍. അടുത്തിടെ നടത്തിയ ഒരു പ്രഭാഷണത്തിലാണ് രാജ്യത്തെ ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു രൂപ മനസ്സുതുറന്നത്. 

തെറ്റു കണ്ടാലും പലപ്പോഴും നടപടിയെടുക്കാന്‍ കഴിയില്ല. അനീതിക്കെതിരെ ചെറുവിരലനക്കാന്‍ പോലും പറ്റില്ല. കാത്തിരിക്കുന്ന ശിക്ഷാനടപടികള്‍ ഉദ്യോഗസ്ഥരുടെ മനസ്സു മടുപ്പിക്കുന്നു. ഇതൊരു യാഥാര്‍ഥ്യം തന്നെയാണെന്നു പറയുന്നു രൂപ. രാഷ്ട്രീയക്കാരുടെ അഴിമതി ഒരു നിയന്ത്രണവുമില്ലാതെ നടമാടുന്നു.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും കൂടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നിസ്സഹായയായ സാക്ഷി മാത്രമായി നില്‍ക്കേണ്ടിവരുന്നു ഉദ്യോഗസ്ഥര്‍. പ്രത്യേകിച്ചും വനിതാ ഉദ്യോഗസ്ഥര്‍.  അഖിലേന്ത്യാ സിവില്‍സര്‍വീസ് പരീക്ഷയില്‍ നാല്‍പത്തിമൂന്നാം റാങ്കുണ്ടായിരുന്ന രൂപയ്ക്ക് െഎഎസ് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ, കുട്ടിക്കാലം മുതലേ കൊണ്ടുനടന്ന ആഗ്രഹപ്രകാരം െഎപിഎസ് തന്നെ തിരഞ്ഞുടുക്കുകയായിരുന്നു. 

അസന്തുഷ്ടകരമായ സാഹചര്യങ്ങള്‍ ഉണ്ടായാലും നിശ്ശബ്ദരായിരിക്കുന്ന ഉദ്യോഗസ്ഥരുടെ പതിവു തിരുത്തിക്കുറിച്ചുകൊണ്ടാണ് രൂപ പല പ്രമുഖരുടെയും പേര് എടുത്തുപറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥവൃന്ദത്തിന്റെ നിസ്സയാവസ്ഥ വെളിപ്പെടുത്തിയത്. എല്ലാ സംസ്ഥാനത്തുമുണ്ട് വിെഎപി കള്‍ച്ചള്‍. രാഷ്ട്രീയ യജമാനന്‍മാര്‍. ഓരോ സ്റ്റേഷനിലെയും കൂടുതല്‍ പൊലീസുകാരും സ്ഥലത്തെ പ്രധാന നേതാവിന്റെ സുരക്ഷാഭടന്‍മാരായും ഗണ്‍മാന്‍മാരായും നിയമിക്കപ്പെടുന്നു. 

പ്രത്യേകിച്ചു ഭീഷണികളൊന്നും നിലവിലില്ലെങ്കിലും ഇതിനു മാറ്റമില്ല. സ്റ്റേഷന്റെ സ്വതന്ത്രചുമതല ആദ്യമായി തനിക്കു ലഭിച്ചപ്പോള്‍ താന്‍ ഇത്തരത്തിലുള്ള പൊലീസുകാരെ തിരിച്ചുവിളിച്ച കാര്യം രൂപ അനുസ്മരിച്ചു. സര്‍ക്കാര്‍ വാഹനങ്ങളും വിെഎപികളുടെ സുരക്ഷയ്ക്കായി വിട്ടുകൊടുക്കുന്നു. ഈ വാഹനങ്ങളും താന്‍ തിരിച്ചുവിളിച്ചു. അപ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് മുന്‍ഗാമികള്‍ ഇതൊന്നും ചെയ്തില്ല. നേതാക്കളുടെ ദേഷ്യം പിടിച്ചുവാങ്ങാന്‍ ആരും തയ്യാറല്ല എന്നതുമാത്രമാണു കാര്യം. ഇന്നത്തെ നേതാവു നാളെ മന്ത്രിയാകുമ്പോള്‍ പ്രതികാര നടപടി ഉണ്ടാകുമോ എന്ന പേടിയുമുണ്ട്. 

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശശികല ജയിലിലായപ്പോള്‍ ചില അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരിലും നടപടി വന്നത് ഉദ്യോഗസ്ഥര്‍ക്കെതിരെ. ഇവരുടെ മനോവീര്യം നശിച്ചാല്‍ ഈ നാട്ടില്‍ നാളെ എങ്ങനെയാണു നീതി പുലരുക. സത്യം പറയാന്‍ ആരു തയ്യാറാകും- രൂപ ചോദിക്കുന്നു. ഏതാനും വര്‍ഷം മുന്‍പ് ഒരു സാമാജികനു നേരെ നിയമപരമായി നടപടിയെടുത്തതിന്റെ പേരില്‍ തനിക്ക് അവകാശ ലംഘന നോട്ടീസ് ലഭിച്ച കാര്യവും രൂപ അനുസ്മരിക്കുന്നു. നിയമം വളരെ വ്യക്തമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എന്തു നടപടിയാണോ കൈക്കൊള്ളേണ്ടത് അതു തന്നെയാണു ചെയ്തത്. പക്ഷേ നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റി നോട്ടീസ് അയച്ചു പലപ്രാവശ്യം വിളിപ്പിച്ചു. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രയാണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ. 

ഏതാനും വര്‍ഷം മുന്‍പ് തനിക്കൊരു സ്ഥലംമാറ്റം കിട്ടിയപ്പോള്‍ എത്തിച്ചേര്‍ന്ന സ്ഥലത്തെക്കുറിച്ചും രൂപ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത സ്ഥലം. ഒരു വനിതയെയാണ് അങ്ങോട്ട് അയച്ചതെന്ന കാര്യം ആരും ആലോചിച്ചില്ല. അല്ലെങ്കില്‍ കണക്കിലെടുത്തില്ല.

സാഹചര്യങ്ങള്‍ ദയനീയമായിരുന്നെങ്കിലും രൂപ പരാതി പറഞ്ഞില്ല. മൂന്നുവര്‍ഷം അവിടെത്തന്നെ ജോലി ചെയ്തു. അപ്പോഴേക്കും ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്ന സൗകര്യങ്ങളുള്ള സ്ഥലമായി അവിടം മാറിയിരുന്നു. ജനപ്രതിനിധികള്‍ക്ക് അവകാശങ്ങളുണ്ട്. പരിഗണനകളുണ്ട്. ഭരണഘടനാപ്രകാരം. ഇതേ ഭരണഘടന െഎഎഎസ്, െഎപിഎസ് ഉദ്യോഗസ്ഥര്‍ക്കും സരക്ഷണം നല്‍കുന്നുണ്ട്. ആരും അതിനെക്കുറിച്ചു പറയാറില്ലെന്നു മാത്രം. 

സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും സത്യസന്ധതയും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥനാണെങ്കില്‍ തീര്‍ച്ചയായും പലതും ചെയ്യാന്‍ കഴിയുമെന്നും രൂപ പറയുന്നു. പക്ഷേ, ശിക്ഷാനടപടികളെ ഭയക്കുന്ന ആളായിരിക്കരുത്. രാഷ്ട്രീയനേതാക്കളില്‍നിന്ന് സൗജന്യം പ്രതീക്ഷിക്കരുത്. സ്വജനക്ഷപാതത്തിനുവേണ്ടി ശ്രമിക്കരുത്. ഏറ്റവുംകൂടുതലായി എപ്പോഴും സ്ഥലം മാറ്റത്തിനും തയ്യാറായിരിക്കണം. ഇങ്ങനെയുള്ള ഓഫിസര്‍മാര്‍ കൂടുതലായി ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും പുതിയൊരു ഭാരതം കെട്ടിപ്പടുക്കാനാകുമെന്ന് പ്രത്യാശിക്കുന്നു രൂപ.