ശരീരത്തില്‍ 64 ശതമാനത്തിലേറെ പൊള്ളലേറ്റ ഒരു വ്യക്തി. അതും ഒരു സ്ത്രീ. അതിക്രൂരമായ ഒരു ആക്രമണത്തെ അതിജീവിച്ചവര്‍. ജീവിതവും സ്വപ്നങ്ങളും പൂര്‍ണമായും ഉരുകിയൊലിച്ച ഭീതിദമായ ഒരു അസ്ഥയില്‍നിന്ന് അതിജീവനത്തിന്റെ ജീവശ്വാസത്തിലേക്ക് അവര്‍ തിരിച്ചെത്തിയിരിക്കുന്നു. അവിശ്വസനീയമായ ഒരു ജീവിതാനുഭവം. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നാണ് ഈ ജീവിതകഥ. അഞ്ചര വര്‍ഷമെടുത്ത ആ അതിജീവനപ്പോരാട്ടത്തിലേക്ക്.
ആക്രമണത്തിനിരയായത് ഡാനാ വുളിന്‍ എന്ന ആസ്ട്രേലിയന്‍ യുവതി. 2012 ഫെബ്രുവരിയില്‍. തന്റെ അകന്നുപോയ ഭര്‍ത്താവിനോട് ഒരു പാര്‍ട്ടിക്കിടെ സംസാരിച്ചതിന് നതാലി ദിമിത്രോവ്സ്ക എന്ന യുവതിയാണ് ഡാനയെ ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറി മാരക ശേഷിയുള്ള ആസിഡ് ഒഴിച്ചതിനുശേഷം തീ കൊളുത്തുകയായിരുന്നു. വേദന കൊണ്ടു ഡാന പുളഞ്ഞപ്പോള്‍, ജീവശ്വാസത്തിനുവേണ്ടി നിലവിളിച്ചപ്പോള്‍ ചിരിക്കുകയായിരുന്നു ദിമിത്രോവ്സ്ക.
ഡാനയുടെ ശരീരത്തിന്റെ മുക്കാല്‍ഭാഗവും പൊള്ളലേറ്റു. മുഖമുള്‍പ്പെടെ. പിന്നീടുള്ള വര്‍ഷങ്ങളില്‍ അവര്‍ കടന്നുപോയത് എണ്ണമറ്റ ശസ്ത്രക്രിയകള്‍. വര്‍ഷങ്ങള്‍ നീണ്ട ആശുപത്രിവാസം. ആക്രമണം കഴിഞ്ഞു നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഡാനയുടെ ശരീരം നിശ്ചലമായി. ആന്തരികാവയവങ്ങള്‍ക്കുപോലും പരുക്കേറ്റു. മരിച്ചു എന്നുതന്നെ തീര്‍ച്ചയാക്കി എന്നാണ് അന്നത്തെ നിമിഷത്തെക്കുറിച്ച് ഡാനാ വുളിന്‍ പിന്നീട് എഴുതിയത്.
ചികില്‍സയ്ക്കിടെ 2015-ല്‍ ഡാന ട്വിറ്ററില്‍ എഴുതിയ ഒരു പോസ്റ്റ്: എന്നെ പിന്തുടരുന്ന എല്ലാവര്‍ക്കും വേണ്ടി. നിങ്ങളുടെയെല്ലാം അകമഴിഞ്ഞ പിന്തുണയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്നെക്കുറിച്ച് അറിയണമെന്നും എന്റെ ചികില്‍സാപുരോഗതിയുടെ ചിത്രങ്ങള്‍ കാണണമെന്നും ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഈ പേജ്. എന്നെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന വൈദ്യശാസ്ത്രവിദഗ്ധരുടെ പേരുവിവരങ്ങളും നിങ്ങള്‍ക്കിവിടെ കാണാം. എനിക്കു നേരിടേണ്ടിവരുന്ന പരുക്കുകളുടെ ചിത്രങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നു.
സ്നേഹത്തോടെ, അതിലേറെ നന്ദിയോടെ ഡാന....
ആദ്യത്തെ രണ്ടുവര്‍ഷവും ഡാനയുടെ മുഖത്ത് മാസ്ക് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മുഖാവരണം എടുത്തപ്പോഴാകട്ടെ മറ്റൊരു ദുരന്തം അവരെ കാത്തിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍. ആളിക്കത്തുന്ന പ്രതികാരത്തിന്റെ അഗ്നിയില്‍ ജീവനോടെ ഇല്ലാതാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എനിക്കു ജീവിക്കണം.
കുടുംബത്തിനുവേണ്ടി...സുഹൃത്തുക്കള്‍ക്കുവേണ്ടി. എനിക്കു ജീവനുണ്ട് ഇപ്പോഴും എന്നല്ല പറയേണ്ടത്. ഞാന്‍ ജീവിച്ചിരിക്കുന്നു എന്നുതന്നെ പറയണം: ഡാന ഒരിക്കല്‍ പറഞ്ഞു.
ഭാഗ്യമെന്നേ പറയേണ്ടൂ. ഒരു ശസ്ത്രക്രിയയുടെ അവസാനം അവര്‍ കാന്‍സറിനെ അതിജീവിച്ചു. അഞ്ചുവര്‍ഷം നീണ്ട ചികില്‍സയ്ക്കുശേഷം താന്‍ മറികടന്ന അഗ്നിപരീക്ഷയെക്കുറിച്ച് ഡാന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു: പോരാടേണ്ടതുതന്നെ... ആ പുസ്തകത്തില്‍ അവര്‍ താന്‍ കടന്നുപോയ ദുരന്തങ്ങള്‍ ഒന്നൊന്നായി വിവരിക്കുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഒരുദിവസം മുഴുവന്‍ അബോധാവസ്ഥയിലായിരുന്നു ഡാന. ജീവിതത്തിനും മരണത്തിനുമിടയിലെ നേരിയ ഇടവേളയില്‍. ആ ഉറക്കത്തില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു. ദുസ്വപ്നങ്ങള്‍. അവ്യക്തമായ ഓര്‍മകള്‍. വിചിത്ര ഭാവനകള്‍. ഓര്‍മകള്‍ വന്നുംപോയും കൊണ്ടിരുന്നു. എല്ലാ സ്വപ്നങ്ങളിലും ഉണ്ടായിരുന്നു സ്വെറ്റ്ലാന (ഡാനയുടെ സഹോദരി) -- പുസ്തകത്തില്‍ ഡാന എഴുതുന്നു. ഒരു സഹോദരി എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു സ്വെറ്റ്ലാന എന്നാണ് ഡാന ഓര്‍മിക്കുന്നത്. സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളും ഡാന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശസ്ത്രക്രിയയുടെ ഇടവേളകളില്‍ ഡാന ട്വിറ്ററില്‍ സജീവമായി, അടുത്ത ദിവസങ്ങളില്‍ താന്‍ വലിയ ഒരു ശസ്ത്രക്രിയയ്ക്കുവേണ്ടി ഒരുങ്ങുകയാണെന്ന് പേടിയില്ലാതെ കുറിച്ചു. എന്നെ കാണാത്തപ്പോള്‍ പേടിക്കേണ്ട. വേഗം തിരിച്ചുവരാം എന്നു സുഹൃത്തുക്കളെ ആശ്വസിപ്പിച്ചു. ആക്രമണത്തിനുശേഷമുള്ള അബോധാവസ്ഥയില്‍നിന്ന് ഡാന ഉണരുമ്പോള്‍ കേട്ടത് ഒരു പാട്ട്. വിറ്റ്നി ഹൂസ്റ്റന്‍ എഴുതിയത്. പതുക്കെ..പതുക്കെ...എന്നുതുടങ്ങുന്ന പാട്ട്.
ശക്തമായ വിശ്വാസമുണ്ടെങ്കില്‍. കഠിനാധ്വാനം ചെയ്യാന്‍ തയാറാണെങ്കില്‍ ജീവിതത്തില്‍ എന്തും സാധ്യമാണ്- ഡാന ഒരിക്കല്‍ എഴുതി. ഞാന്‍ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് ഒരാളും കരുതിയില്ല. ഒളിംപിക്സില്‍ സ്വര്‍ണം നേടിയതുപോലെയാണ് എനിക്കു തോന്നിയത്. അഞ്ചര വര്‍ഷം. അത്യധ്വാനത്തിന്റെ ദിവസങ്ങള്‍: നൂറു മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തിയ ആളെപ്പോലെ ഡാന ഇതാ ലോകത്തെ നോക്കി അഭിവാദ്യം ചെയ്യുന്നു. തന്റെ അവിശ്വസീയ ജീവിത കഥ പറയുന്നു. എഴുതുന്നു. പങ്കുവയ്ക്കുന്നു.
ചികില്‍സാക്കാലത്തെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇപ്പോള്‍ ഡാനയ്ക്കു തന്നെ അവിശ്വാസം. താന്‍ തന്നെയായിരുന്നുവോ അന്ന് ആശുപത്രിക്കിടക്കയില്‍ ജീവിതത്തെ ശപിച്ചുകൊണ്ടു മുറുമുറുത്തത്. ടെലിവിഷന്‍ ഷോകളിലെ അതിഥിയായി ഡാന ഇന്ന് പങ്കെടുക്കുന്നു. വിദ്യാര്‍ഥികളും യുവജനങ്ങളും അടങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയുടെ ജീവിക്കുന്ന നാളമായി അതിജീവിക്കുന്നു. ഇങ്ങനെയും ജീവിക്കാം. അതേ ഇതാണു ജീവിതമെന്ന പോരാട്ടം.