രാജ്യം നമിക്കുന്നു ഗീതയെ; ആ കലണ്ടറിൽ അവരുടെ മുഖം വരാനുള്ള കാരണമിതാണ്

ഹിമാചല്‍ പ്രദേശിലെ മഞ്ഞണിഞ്ഞ മലനിരകളിലൂടെ നീണ്ട ബൈക്ക് യാത്ര. കുത്തനെയുള്ള കയറ്റങ്ങളിലൂടെ കിലോമീറ്റര്‍ കാല്‍നടയാത്ര. ഗീത എന്ന യുവതി ഈ സാഹസികദൗത്യങ്ങള്‍ ഏറ്റെടുത്തത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നില്ല. മറിച്ച് മഹത്തായ ഒരു ദൗത്യത്തിനുവേണ്ടി. ഹിമാചല്‍പ്രദേശിലെ വിദൂരഗ്രാമങ്ങളിലെ കുട്ടികള്‍ക്കു മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പു നല്‍കാനായിരുന്നു ഗീത എന്ന ആരോഗ്യപ്രവര്‍ത്തകയുടെ യാത്ര. 

ഏറ്റെടുത്ത വലിയ പ്രവൃത്തിക്ക് ഇപ്പോള്‍ ഗീതയ്ക്ക് അംഗീകാരവും ലഭിച്ചിരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ 2018 ലെ കലണ്ടറില്‍ ഗീതയുമുണ്ട്. രാജ്യം മാത്രമല്ല ലോകവും ഗീതയുടെ നേട്ടം കാണട്ടെ. നിസ്വാര്‍ഥമായ പ്രവൃത്തിയെ അഭിനന്ദിക്കട്ടെ. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലക്കാരിയാണ് ഗീത. ജില്ലയിലെ വിദൂരപ്രദേശത്തായിരുന്നു പോസ്റ്റിങ്. സാധാരണ ഗതിയില്‍ നഗരവാസികള്‍ പോകാന്‍ മടിക്കുന്ന പ്രദേശം. 

സെറാജ് ഗ്രാമത്തിലെ അപകടകരമായ വഴികളിലൂടെ തന്റെ സ്കൂട്ടറില്‍ പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നുമായി പോകുന്ന ഗീതയുടെ ചിത്രം ഫെയ്സ്ബുക്കില്‍ തരംഗമായതിനെത്തുടര്‍ന്നാണ് രാജ്യം ഈ യുവതിയെ ശ്രദ്ധിക്കുന്നത്. വാട്സാപ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലും ഗീതയുടെ ചിത്രം തരംഗമായിരുന്നു. റായ്ഗറിലെ സാധാരണതൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാനായിരുന്നു ഗീതയുടെ യാത്രകള്‍. 

ആടുകളെയും മറ്റും പരിപാലിക്കുന്ന കര്‍ഷകരാണ് ഈ പ്രദേശങ്ങളില്‍ കൂടുതല്‍. താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ വീടുകളിലാണു പലരും താമസിക്കുന്നത്. വാഹനസൗകര്യം ഇല്ല. ആധുനീക ഗതാഗത സംവിധാനങ്ങളും ആരും ഉപയോഗിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ കലണ്ടറില്‍ ഉള്‍പ്പെട്ടത് ഗീതയ്ക്ക് വലിയൊരു നേട്ടമാണ്. ഗീതയ്ക്കു മാത്രമല്ല രാജ്യത്തിന് ആകെത്തന്നെയും.  

ഗീതയുടെ അപൂര്‍വ നേട്ടത്തെ അഭിനന്ദിക്കുകയാണ് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍. ഗീതയുടെ അതേ പ്രതിബദ്ധത രാജ്യത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.