സൗഹൃദത്തെയും ബന്ധങ്ങളെയും ശക്തിപ്പെടുത്തുന്ന ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ കുറ്റവാളികളെ പിടികൂടാന്‍ തെളിവു നല്‍കുന്ന സ്ഥലം കൂടിയാകുമോ ? കാനഡയിലെ ഒട്ടാവയില്‍ നടന്ന ഒരു സംഭവം അങ്ങനെ തെളിയിക്കുന്നു. ഒരു നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍നിന്ന് കൊലപാതകത്തിനുപയോഗിച്ച ഉപകരണത്തെക്കുറിച്ചു സൂചന ലഭിച്ച പൊലീസ് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു കാനേഡിയന്‍ യുവതിയെ അറസ്റ്റ് ചെയ്തു.
രണ്ടുവര്‍ഷം മുമ്പായിരുന്നു കൊലപാതകം. പതിനെട്ടുകാരി ബ്രിട്ട്നി ഗാര്‍ഗോള്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ഇരുപത്തിയൊന്നുകാരി ചെയ്ന്‍ റോസ് അന്റോണി എന്ന യുവതിയാണ് അറസ്റ്റിലായത്. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച നിലയില്‍ ബ്രിട്ട്നിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടുത്തുതന്നെയുണ്ടായിരുന്നു റോസ് അന്റോണിയുടെ ബെല്‍റ്റ്.
ബ്രിട്ട്നി മരിക്കുന്നതിനു തൊട്ടുമ്പ് അന്റോണി എടുത്ത ഒരു സെല്‍ഫിയാണ് തെളിവായി മാറിയത്. ഈ സെല്‍ഫിയില്‍ അന്റോണി ധരിച്ചിരുന്ന ബെല്‍റ്റാണ് ബ്രിട്ട്നി ഗാര്‍ഗോളിന്റെ മൃതദേഹത്തിനടുത്തുനിന്നു ലഭിച്ചത്. കൊലപാതകക്കുറ്റത്തിന് ഏഴുവര്‍ഷത്തെ തടവാണ് അന്റോണിയോയ്ക്കു ലഭിച്ചിരിക്കുന്നത്. കൊലപാതകം നടന്ന രാത്രിയില്‍ പരിഭ്രാന്തയായ നിലയില്‍ അന്റോണി ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നിരുന്നു. താന്‍ ഗാര്‍ഗോളിനെ ഇടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും അന്ന് അവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. രണ്ടു സുഹൃത്തുക്കളും കൂടി മദ്യപിച്ച് വഴക്കുകൂടുകയായിരുന്നു. വഴക്ക് കൊലപാതകത്തിലും എത്തി.
പൊലീസ് തെളിവു ശേഖരിച്ചതിനെത്തുടര്‍ന്ന് അന്റോണി കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും താന്‍ ഗാര്‍ഗോളിനെ കൊന്നതായി ഓര്‍മിക്കുന്നില്ലെന്നാണു പറയുന്നത്.
മാപ്പില്ലാത്ത പ്രവൃത്തിയാണ് എന്റെ ഭാഗത്തുനിന്നുണ്ടായത്. ഇനി ഞാന്‍ എന്തു ചെയ്താലും പറഞ്ഞാലും ഗാര്‍ഗോള്‍ തിരിച്ചുവരില്ല. അങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാകരുതായിരുന്നു. എനിക്കു വളരെയേറെ ദുഃഖമുണ്ട്: വക്കീല്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ അന്റോണി പറയുന്നു.