കൂട്ടുകാരന്റെ ഭാര്യയുടെ മനോരോഗം മാറ്റാനുള്ള വഴികൾ തേടി ഒരു ഭ്രാന്തനെപ്പോലെ അലയും എന്നു പറഞ്ഞ ഡോക്ടർ സണ്ണിയെ ആരും മറന്നു കാണാനിടയില്ല. സിനിമയിൽ മാത്രമല്ല ജീവിതത്തിലുെ അത്തരം ഡോക്ടർമാരുണ്ടെന്നു തെളിയിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ. പ്രസവമുറിയിൽ പൂർണ്ണ ഗർഭിണിക്കൊപ്പം നൃത്തച്ചുടവടുകൾ വയ്ക്കുന്ന ഡോക്ടറാണ് വിഡിയോയിലെ ഹീറോ.
ബ്രസീലിയൻ ഡോക്ടറായ ഡോ.ഫെർനാൻഡോ ഗ്യൂഡസ് ആണ് പൂർണ്ണഗർഭിണിയ്്ക്കൊപ്പം നൃത്തം ചെയ്തത്. ഗർഭകാലവും പ്രസവവുമൊക്കെ സന്തോഷമുള്ള കാര്യമാണെങ്കിലും അതിനൊപ്പം മാനസീക സമ്മർദ്ദവും വേദനയുംകൂടി സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. ഗർഭിണികളുടെ മാനസീകസമ്മർദ്ദമകറ്റാനും കുഞ്ഞിന്റെ അനക്കത്തിനും നൃത്തച്ചുവടുകൾ സഹായിക്കുമെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് ഡോക്ടർ ഗർഭിണിയ്്ക്കൊപ്പം ചുവടുകൾ വെച്ചത്.
ഡോക്ടറുടെ വ്യത്യസ്തമായ ചികിത്സാരീതികൾ ഇഷ്ടപ്പെടുന്നവരൊക്കെ അദ്ദേഹത്തെ ഡാൻസിങ് ഡോക്ടർ എന്നാണ് വിളിക്കുന്നത്. പൂർണ്ണഗർഭിണിയെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്ന ആശങ്ക പങ്കുവെയ്ക്കുന്നവരോട് അദ്ദേഹത്തിന് പറയാനുള്ളതിതാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രാചീനകാലത്തു തൊട്ടേ പ്രസവത്തിനു മുമ്പ് ഗർഭിണികളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കാറുണ്ട്. പ്രസവം സുഗമമായി നടക്കാനും കുഞ്ഞിന്റെ ചലനത്തെ സഹായിക്കാനും നൃത്തച്ചുവടുകൾക്കാവും. ആഫ്രിക്കയിലെ ചില ഗോത്രങ്ങൾ ഇന്നും ഈ രീതി പിന്തുടരുന്നുണ്ട്.