പാമ്പുകടിയേറ്റവരെ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് രക്ഷിച്ച അമ്മ

കാടും നാടും ഇപ്പോൾ ഒരുപോലെ സന്തോഷിക്കുന്നുണ്ട്. കാരണം അവരുടെ ലക്ഷ്മിക്കുട്ടിയമ്മയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ്. കാട്ടറിവിന്റെ സർവകലാശാലയാണ് വനമുത്തശ്ശിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ലക്ഷ്മിക്കുട്ടിയമ്മ.

കല്ലാറും കാട്ടുവഴികളും താണ്ടിയാണ് 73 വയസ്സുകാരിയായ മുത്തശ്ശിയെത്തേടി പുരസ്ക്കാരം എത്തിയിരിക്കുന്നത്. പഴയ എട്ടാംക്ലാസ്സുകാരിയായ മുത്തശ്ശി പേരുകേട്ട വിഷഹാരി മാത്രമല്ല ഒട്ടേറെ ലേഖനങ്ങളും കഥകളും രചിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ ഫോക്‌ലോർ അക്കാദമിയിലെ അധ്യാപികയുമാകാറുണ്ട് ഈ മുത്തശ്ശി.

കാടു നൽകിയ അംഗീകാരം എന്നാണ് പത്മശ്രീ പുരസ്ക്കാരത്തെ മുത്തശ്ശി വിശേഷിപ്പിക്കുന്നത്. അംഗീകാരം ലഭിച്ചതിൽ സന്തോഷിക്കുന്നുണ്ടെങ്കിലും മുത്തശ്ശിയുടെ ആഗ്രഹം മറ്റൊന്നാണ്. ഇതൊക്കെ കണ്ടെങ്കിലും പുതിയ തലമുറയിലെ കുട്ടികൾ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന്.

നാട്ടുവൈദ്യത്തിൽ പ്രഗത്ഭയായ ലക്ഷ്മിക്കുട്ടിയമ്മ നിരവധിയാളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റ് അപകടത്തിലായ ഒരുപാടാളുകളുടെ ജീവൻ കാട്ടുമരുന്നുകളുടെ രസക്കൂട്ടുപയോഗിച്ച് ഈ അമ്മ തിരിച്ചു പിടിച്ചിട്ടുണ്ട്.