ആ ചോദ്യങ്ങളോട് വിറയലോ പതർച്ചയോ ഇല്ലാതെ മലാല പ്രതികരിച്ചതിങ്ങനെ; വൈറൽ വിഡിയോ

ഇനി വൈകരുത്. ഉച്ചത്തില്‍ കേള്‍ക്കട്ടെ ആ വാക്കുകള്‍. ഉറച്ച ശബ്ദത്തില്‍. ആരു കേള്‍ക്കണമെന്നാണോ ആഗ്രഹിക്കുന്നത് ആ കാതുകളില്‍ത്തന്നെ അവ ചെന്നെത്തട്ടെ: പറയുന്നതു മലാല. 

പഠിക്കാനും അറിവു നടാനും ആഗ്രഹിച്ചതിന്റെ പേരില്‍ ജീവനുവണ്ടി പോരാടേണ്ടിവന്ന പെണ്‍കുട്ടി. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മുഴക്കമുള്ള ശബ്ദം. സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തുകൊണ്ടാണു മലാല അനീതിക്കെതിരെ ലോകമെങ്ങും മുഴങ്ങുന്ന പെണ്‍ശബ്ദത്തിനു പിന്തുണ പ്രഖ്യാപിച്ചത്. 

മീ ടൂ എന്ന ബാനറിനു കീഴില്‍ അണിനിരന്ന് പീഡനങ്ങള്‍ തുറന്നുപറഞ്ഞും അക്രമികളുടെ മൂഖംമൂടി പിച്ചിച്ചീന്തിയും മുന്നോട്ടുവരുന്നവര്‍ക്കൊപ്പം െഎക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയാണു മലാലയും. സ്ത്രീശാക്തീകരണമഖലയില്‍ വലിയ നിക്ഷേപം നടത്തി  വ്യവസായ സമൂഹം മൂന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട മലാല സര്‍ക്കാരുകളും ഈ മേഖലയില്‍ ശ്രദ്ധിക്കണമെന്ന് ഊന്നിപ്പറഞ്ഞു. 

ഓക്സ്ഫോഡിലെ പഠനത്തിന്റെ ഇടവളയിലാണു മലാല ദാവോസില്‍ എത്തി ഓപണ്‍ ഫോറത്തില്‍ പങ്കെടുത്ത് തന്റെ അഭിപ്രായങ്ങള്‍ ശക്തമായി ഉന്നയിച്ചത്. പൗലോ കൊയ്‍ലോയുടെ ആല്‍ക്കെമിസ്റ്റ് ഉള്‍പ്പെടെയുള്ള തന്റെ ഇഷ്ടപുസ്തകങ്ങളെക്കുറിച്ചും മുന്നോട്ടുള്ള വഴി തടസ്സപ്പെടുമ്പോള്‍ മികച്ച പുസ്തകങ്ങളാണു തനിക്കു വഴികാട്ടുന്നതെന്നും മലാല പറഞ്ഞു. 

നാണംകെട്ട പ്രവൃത്തികള്‍ നടത്തുന്നവര്‍ എല്ലായിടത്തുമുണ്ട്. ഒരു നിമിഷമെങ്കിലും അവര്‍ സ്വന്തം അമ്മമാരെക്കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണം. ബന്ധത്തിലുള്ള ആര്‍ക്കെങ്കിലും ദുരനുഭവം ഉണ്ടാകാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ. സ്വന്തം കുടുംബത്തില്‍ കണ്ണീരു വീഴാന്‍ അവര്‍ അനുവദിക്കുമോ. ഇല്ലെന്നാണ് എനിക്കുതോന്നുന്നത്. അങ്ങനെയുള്ളവര്‍ മറ്റുള്ളവരോട് എങ്ങനെ ക്രൂരമായി പെരുമാറുന്നു: മലാല അത്ഭുതപ്പെടുന്നു. 

ഓപണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളോടുള്ള മലാലയുടെ പ്രതികരണങ്ങള്‍ ഫെയ്സ്ബുക് ലൈവില്‍ ആയിരങ്ങള്‍ കണ്ടു. കേട്ടു. മലാലയുമായുള്ള സംഭാഷണം നവമാധ്യമങ്ങളില്‍ തരംഗമായി. ലോകത്ത് ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്ന, സ്വന്തം അഭിപ്രായങ്ങളുള്ള ഒരു പെണ്‍കുട്ടിയുടെ വിറയലോ പതർച്ചയോ ഇല്ലാത്ത വാക്കുകള്‍. സ്ത്രീ സമൂഹം ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ ഓരോന്നായി വ്യക്തതയോടെ, സ്പഷ്ടമായി പറയുന്നു മലാല. 

സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം കൃത്യസമയത്ത് അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതും പഠന പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നതും വളരെ പ്രധാനമാണ്. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അത്തരം ആശങ്കകള്‍ തനിക്കുമുണ്ടെന്നു സമ്മതിക്കാന്‍ മടി കാട്ടുന്നില്ല മാലാല. പഠനം ഗൗരവത്തോടെ മൂന്നോട്ടുപോകുമ്പോള്‍തന്നെ ലോകത്തിന്റെ പ്രശ്നങ്ങളും മലാലയുടെ മനസ്സിലുണ്ട്. 

സങ്കടപ്പെടുന്നവര്‍ക്കും അവശര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമൊപ്പമാണ് ഞാന്‍. ഇന്നലെ വരെ നാം നിശ്ശബ്ദരായിരുന്നു. ഇനി നമുക്കു മൗനം വെടിയാം. ലോകം കേള്‍ക്കട്ടെ നമ്മുടെ വാക്കുകള്‍. ഒരിക്കലെങ്കിലും ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയോ അങ്ങനെ ആഗ്രഹിക്കുകയോ ചെയ്തവര്‍ പോലും  വെറുതെ പോകരുത്. അരികുകളിലക്കു തള്ളിമാറ്റപ്പെട്ടവര്‍ക്കുമുണ്ട് പറയാന്‍ വാക്കുകള്‍. ഇനി പ്രതികള്‍ നിരപരാധികളുടെ വാക്കുകള്‍ കേള്‍ക്കട്ടെ. അക്രമികള്‍ നിഷ്കളങ്കരുടെ സങ്കടങ്ങള്‍ അറിയട്ടെ....മലാല പറഞ്ഞു. 

പീഡനങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞുകൊണ്ടു സ്ത്രീകള്‍ മുന്നോട്ടുവരുന്നതിനെ സ്വാഗതം ചെയ്ത മലാല ഇതാണ് ശബ്ദമുയര്‍ത്താനുള്ള യഥാര്‍ഥ സമയമെന്നും ആവര്‍ത്തിച്ചു പറഞ്ഞു.