ഓഹരിവിപണിയിൽ കൈപൊള്ളാതെ പെൺപുലികൾ

അഞ്ജലിക്കു തിങ്കള്‍ മുതല്‍ വെള്ളി വരെ കൃത്യമായ ഒരു ഷെഡ്യൂള്‍ ഉണ്ട്. രാവിലെ അഞ്ചരയ്ക്ക് ഉണരും. പ്രഭാതഭക്ഷണം ഉണ്ടാക്കുന്നു. കുട്ടികളെ സ്കൂളില്‍ അയക്കുന്നു. വീട് വൃത്തിയാക്കുന്നു.

ജോലികളില്‍ വ്യാപൃതയായിരിക്കുമ്പോഴും ഒരു കണ്ണ് സ്വീകരണമുറിയിലെ ക്ലോക്കില്‍. സമയം ഒമ്പത് ആകുമ്പോള്‍ അഞ്ജലി ടെലിവിഷന്റെ മുന്നില്‍ എത്തിയിരിക്കും. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചാനലുകള്‍ കാണുന്നു. ചാര്‍ജ് ചെയ്ത ഫോണ്‍ അടുത്തുതന്നെയുണ്ട്. ഒരു കുപ്പി നിറയെ വെള്ളവും. ഉച്ചഭക്ഷണം ഡൈനിങ് ടബിളില്‍ തയാറാക്കിവച്ചിട്ടുണ്ട്. വൈകിട്ടു മൂന്നര വരെ അഞ്ജലി ടെലിവിഷന്റെ മുന്നില്‍ തന്നെയായിരിക്കും. കണ്ണ് മാറിമറിയുന്ന അക്കങ്ങളില്‍. ഫോണില്‍ ഇടയ്ക്കിടെ വിളിച്ച് വില്‍പനയും വാങ്ങലും. 

എത്രവഗമാണെന്നോ ഒരു പകല്‍ കടന്നുപോകുന്നത്. ഒരു ഡയറിയുണ്ട് അഞ്ജലിയുടെ കൈയില്‍. വാങ്ങുന്നതിന്റെയും വില്‍ക്കുന്നതിന്റെയും വിവരങ്ങളെല്ലാം രഖപ്പെടുത്തിവയ്ക്കുന്നത് ആ ഡയറിയില്‍. രാത്രി കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കിക്കഴിഞ്ഞാല്‍ അഞ്ജലി ഡയറി നോക്കും. അന്നു പകല്‍ നേട്ടമാണോ നഷ്ടമാണോ സംഭവിച്ചതെന്ന കൃത്യമായ കണക്കെടുപ്പ്. 

പിറ്റേന്നും ദിനചര്യ മാറ്റമില്ലാതെ തുടരുന്നു. അഞ്ജലി ഒറ്റപ്പെട്ട ഒരു വനിതയല്ല. ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളില്‍നിന്നു ജീവിക്കാനുള്ള വരുമാനം നേടുന്ന ആയിരക്കണക്കിനു വീട്ടമ്മമാരില്‍ ഒരാള്‍. ഓഹരിയും ലാഭനഷ്ടങ്ങളും തനിക്കു പറ്റിയ പണിയല്ലെന്നു പറഞ്ഞു മാറിനില്‍ക്കുകയോ ജീവിതം വിരസമാണെന്നു പരാതി പറയുകയോ ചെയ്യുന്നവരുടെ കാലം കഴിഞ്ഞിരിക്കുന്നു. കുറച്ചു സാമാന്യബോധവും സാഹസികതയുമുണ്ടെങ്കില്‍ വീട്ടിലിരുന്നും വരുമാനമുണ്ടാക്കാമെന്നു തെളിയിക്കുകയാണിവര്‍.

അഞ്ജലിയെപ്പോലെ മറ്റൊരു വീട്ടമ്മയെ പരിചയപ്പെടാം. അനു റായ് പ്രമോദ്. കമ്പനി സെക്രട്ടറിയായി ജോലി ചെയ്തിരുന്ന അനു ഇന്ന് വീട്ടുകാര്യങ്ങള്‍ നോക്കുന്നു. കുടുംബത്തെ നോക്കുന്നു. ഒപ്പം വരുമാനവും ഉണ്ടാക്കുന്നു. വീട്ടിലിരുന്ന് ഓഹരിവിപണിയില്‍ അനു നിക്ഷേപിക്കാന്‍ തുടങ്ങുന്നത് കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്. സൗകര്യപ്രദമായതോടെ ഇനി മറ്റൊരു ജോലി വേണ്ടെന്ന നിലപാടിലാണവര്‍. ഓഹരിവിപണിയില്‍ രണ്ടുതരക്കാരുണ്ട്. ദൈനംദിന വ്യാപാരികളും നിക്ഷേപകരും. അനു നിക്ഷേപകയാണ്. ഓരോ കമ്പനിയെക്കുറിച്ചും കൃത്യമായി പഠിച്ചാണു ഞാന്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ടു ലാഭമെടുക്കുന്ന രീതി എനിക്കില്ല. ദീര്‍ഘനാളത്തക്കാണു നിക്ഷേപങ്ങള്‍. ദിവസവും നല്ല വരുമാനമുണ്ടാക്കാനുള്ള അവസരങ്ങളുണ്ട്. പക്ഷേ എനിക്കിഷ്ടം ദീര്‍ഘകാല നിക്ഷേപം. ഞാന്‍ തിരഞ്ഞെടുക്കുന്നതു വ്യത്യസ്ത മഖലയിലുള്ള കമ്പനികള്‍: അനു പറയുന്നു. 

നിക്ഷേപകരോട് അനുവിനു പറയാനുള്ളത്: ഓഹരിവിപണിയിലക്കിറങ്ങുന്നതിനു മുമ്പു തീരുമാനമെടുക്കുക. ദീര്‍ഘകാല നിക്ഷേപമാണോ ഹ്രസ്വകാല നിക്ഷപമാണോ വേണ്ടതെന്ന്. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക.

പൂനം ശര്‍മ

ഒരു മാധ്യമ സ്ഥാപനത്തിലായിരുന്നു തുടക്കത്തില്‍ പൂനം ജോലി ചെയ്തിരുന്നത്. പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങി.  കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അതും മടുത്തു. ജോലി ചെയ്തു സമ്പാദിച്ച തുക കൊണ്ട് നിക്ഷേപം നടത്താന്‍ തീരുമാനിച്ചു പൂനം. അതും വീട്ടിലിരുന്നുകൊണ്ട്. ഹര്‍ഷദ് മേത്തയുടെ കുംഭകോണം ഓഹരിവിപണിയെ പിടിച്ചുലച്ച കാലത്ത് എന്റെ കൈയും പൊള്ളിയിട്ടുണ്ട്. കുറച്ചുനാള്‍ മാറിനിന്നു. ഇപ്പോള്‍ അന്തരീക്ഷം പൂര്‍ണമായും മാറിയിരിക്കുന്നു. ബ്രോക്കറെ മാത്രം ആശ്രയിച്ചായിരുന്നു ഒരു കാലത്തു വ്യാപാരം. ഇന്ന് വിവരങ്ങള്‍ ലഭിക്കാന്‍ അനേകം മാര്‍ഗങ്ങളുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനും ഇപ്പോള്‍ എളുപ്പമാണ്. തുടക്കത്തില്‍ സംഭവിച്ച അബദ്ധങ്ങളില്‍നിന്ന് പൂനം പാഠം പഠിച്ചിരിക്കുന്നു. 

പൂനത്തിനു പറയാനുള്ളത്: 

ആദ്യം ഒരു ഓണ്‍ലൈന്‍ ട്രേഡിങ് അക്കൗണ്ട് തുടങ്ങുക. സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ നോക്കുക. വിശ്വസിക്കാവുന്ന ഒരെണ്ണം തിരഞ്ഞെടുക്കുക. ബാങ്ക് പലിശയില്‍നിന്നും ഫിക്സഡ് ഡിപ്പോസിറ്റില്‍നിന്നും കിട്ടുന്ന ലാഭത്തേക്കാള്‍ കൂടുതലാണ് ഓഹരിവിപണിയില്‍നിന്നു ലഭിക്കുന്നത്. 

പാരുള്‍ ഭാര്‍ഗവ ശര്‍മ 

എംബിഎ വിദ്യാര്‍ഥിനിയായിരുന്നു പാരുള്‍. കുടുംബത്തിന്റെ അവസ്ഥ മോശമായപ്പോള്‍ പഠനം നിർത്തേണ്ടിവന്നു. സംശയിച്ചും പരിഭ്രമിച്ചുമാണ് പാരുള്‍ ഓഹരിവിപണിയിലക്കു കടന്നത്. പഠനകാലത്ത് ഇഷ്ടമില്ലാത്ത വിഷയമായിരുന്നു ഗണിതശാസ്ത്രം. ഇപ്പോഴാകട്ടെ സദാസമയവും കണ്ണ് അക്കങ്ങളില്‍. മനസ്സില്‍ കണക്കുകൂട്ടലുകളും. അഞ്ചാം വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുമ്പോഴും പാരുളിന്റെ കൈയിൽ ലാപ് ടോപ് ഉണ്ടായിരുന്നു. അന്ന് എത്തിയ കുടുംബസുഹൃത്തുക്കളില്‍ പലരും തുറിച്ചുനോക്കിയത് പാരുള്‍ ഇപ്പോഴും ഓര്‍മിക്കുന്നു. ഇന്ന് അടുക്കളയില്‍ നില്‍ക്കുമ്പോഴും ലാപ് ടോപ് പാരുളിന്റെ അടുത്തുതന്നെയുണ്ട്. 

പാരുളിന്റെ നിര്‍ദശങ്ങള്‍: 

നിക്ഷേപം എങ്ങനെ വേണമെന്നു സ്വയം തീരുമാനിക്കുക. നിക്ഷേപിക്കുന്ന വ്യക്തി തന്നെയാണ് ബോസ്. അതിന്റെ സ്വാതന്ത്ര്യവും അപകടവുമുണ്ട്. നിക്ഷേപം ചില മേഖലകളില്‍ വേണ്ടെന്നാണു തീരുമാനമെങ്കില്‍ അവ ഒഴിവാക്കുക. താല്‍പര്യമുള്ള മേഖലകള്‍ മാത്രം തിരഞ്ഞെടുക്കുക. ലാഭം പോലെതന്നെ നഷ്ടവും സ്വീകരിക്കുക. 

നിയമപരമായ മുന്നറിയിപ്പ്: 

ജീവിതകഥകളില്‍നിന്നു പ്രചോദനം നേടി ഓഹരിവിപണിയിലക്ക് ഇറങ്ങാന്‍ എളുപ്പമാണ്. ലാഭത്തിനും നഷ്ടത്തിനും സാധ്യതയുണ്ടെന്നു മറക്കരുത്. വലിയ മാറ്റംമറിച്ചിലുകള്‍ നിമിഷങ്ങള്‍ക്കകം സംഭവിക്കാം. അച്ചടക്കത്തോടെ ഭാവിയിലക്കു നോക്കി നിക്ഷേപിക്കുക. ഓഹരിവിപണിയില്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രം നിക്ഷേപത്തിനിറങ്ങുക.