'എന്റെ സെറ്റിൽ വച്ച് ആരും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല': ഷാരൂഖ് ഖാൻ

വളരെപ്പെട്ടന്നാണ് ഷാരൂഖ് ഖാനുനേരെ ആ ചോദ്യം ഉയർന്നു വന്നത്. ഹിന്ദിഫിലിം ഇൻഡസ്ട്രിയിൽ സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നതിന് എന്നെങ്കിലും താങ്കൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടോ?. പ്രശസ്ത ഹോളിവുഡ് താരങ്ങൾക്കൊപ്പം വേൾഡ് ഇക്കണോമിക് ഫോറം സമ്മിറ്റിൽ പങ്കെടുത്തശേഷം ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേയാണ് കിങ്ഖാന് നേരെ ഇത്തരമൊരു ചോദ്യം ഉയർന്നുവന്നത്.

''എന്റെ ചിത്രത്തിലും ഞാൻ ജോലി ചെയ്ത മറ്റുചിത്രങ്ങളിലുമൊക്കെയുള്ളവർക്ക് എങ്ങനെയാണ് സ്ത്രീകളോട് പെരുമാറേണ്ടത് എന്നതിനെക്കുറിച്ച് നല്ല ധാരണയുണ്ട്. ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കിൽ ടൈറ്റിലിൽ സ്ത്രീകളുടെ പേര് ആദ്യം നൽകുന്നതിലൂടെ അവരോടുള്ള ബഹുമാനമാണ് ഞങ്ങൾ പ്രകടമാക്കുന്നത്. അവരെ ഞങ്ങളോടൊപ്പം തുല്യമായിത്തന്നെയാണ് ഞങ്ങൾ പരിഗണിക്കുന്നത്. ഇങ്ങനെയൊരു ക്രിയേറ്റീവ് ഫീൽഡിൽ ആൺപെൺ വ്യത്യാസമൊന്നുമില്ല. ഇവിടെ എല്ലാജോലികളും ചെയ്യുന്നത് സ്ത്രീ പുരുഷന്മാർ ഒരുമിച്ചാണ്.

എന്റെ സെറ്റിൽവച്ച് ആരും സ്ത്രീകളോട് മോശമായിപ്പെരുമാറിയതായി ഞാൻ കണ്ടിട്ടില്ല. ആരും അങ്ങനെയൊരു പരാതി ഉന്നയിച്ചതായി കേട്ടിട്ടുമില്ല. സ്ത്രീകളോടു മോശമായി പെരുമാറാൻ ആരും ധൈര്യം കാണിച്ചിട്ടില്ല എന്ന് എനിക്ക് വ്യക്തമായിത്തന്നെ പറയാൻ കഴിയും''– ഷാരൂഖ് പറഞ്ഞു നിർത്തി.