ഇങ്ങനെയാകണം ഒരു ഐഎഎസ് ഓഫീസർ; ഇത് ഗരിമയുടെ കഥ

സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച് െഎഎഎസ് ഓഫിസറായി ആദ്യത്തെ പോസ്റ്റിങ് ഗരിമ സിങ്ങിനു ലഭിക്കുന്നതു 2016-ല്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍. ജില്ലയിലെ സാമൂഹിക സുരക്ഷയുടെ അധികച്ചുമതലയും വഹിക്കണ്ടിവന്നു ആദ്യാവസരത്തില്‍തന്നെ ഗരിമയ്ക്ക്. ഹസാരിബാഗില്‍ എത്തിയ ഗരിമ ആദ്യം ശ്രദ്ധിച്ചതു പ്രദേശത്തെ അങ്കണവാടികളുടെ ദുരവസ്ഥ. കുട്ടികള്‍  ആദ്യപാഠങ്ങള്‍ പഠിക്കുന്നത് അങ്കണവാടിയില്‍നിന്ന്. ആദ്യത്തെ വിദ്യാഭ്യാസകേന്ദ്രം. വ‍ൃത്തിയുള്ളതും മനസ്സിനെ സന്തോഷിപ്പിക്കുന്നതുമായ സ്ഥലമായിരിക്കണം അങ്കണവാടി.

പക്ഷേ ഹസാരിബാഗിലെ കാഴ്ചകള്‍ ഗരിമയെ ദുഃഖിപ്പിച്ചു. ഉടന്‍തന്നെ മത്‍വാരി മസ്ജിഡ് റോഡിലെ അങ്കണവാടി ഏറ്റെടുക്കാന്‍ തീരുമാനിച്ചു അവര്‍. ജില്ലയിലെ ആദ്യത്തെ മാതൃകാ അങ്കണവാടി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കെട്ടിടത്തിനു പുതിയ പെയിന്റ് അടിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തി. ഭിത്തികളില്‍ അക്ഷരമാലകള്‍ നിരന്നു. ഗംഭീമായ ഒരു പ്രവേശനകവാടവും സ്ഥാപിച്ചു. ഇതിനെല്ലാമായി സ്വന്തം സമ്പാദ്യത്തില്‍നിന്നു ഗരിമ ചെലവാക്കിയത് 50,000 രൂപ. കുട്ടികള്‍ക്കു പഠനത്തില്‍ താല്‍പര്യമുണ്ടാക്കാന്‍ ചാർട്ടുകള്‍, പേപ്പറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും ലഭ്യമാക്കി. 

ഗരിമയുടെ പ്രവൃത്തി ജില്ലാ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിച്ചു. പ്രദേശത്തെ 50 അങ്കണവാടികള്‍ മാതൃകാ സ്കൂളുകളായി പരിവര്‍ത്തനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികാരികള്‍. നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് 31-നകം ഹസാരിബാഗിലെ കുട്ടികള്‍ക്കെല്ലാവര്‍ക്കും ശുചിത്വമുള്ള, പഠനസാമഗ്രികളുള്ള , നല്ല അന്തരീക്ഷത്തില്‍ പഠിക്കാന്‍ കഴിയും. സാമ്പത്തിക ശേഷിയുള്ള വ്യവസായികളും മറ്റു മനുഷ്യസ്നേഹികളും കൂടുതലായി മുന്നോട്ടുവന്ന് കൂടുതല്‍ അങ്കണവാടികള്‍ ഏറ്റെടുത്ത് നാളത്തെ പൗരന്‍മാരുടെ ജീവിതം മെച്ചപ്പെടുത്തണമെന്ന ഒരു അഭ്യര്‍ഥന കൂടിയുണ്ട് ഗരിമയ്ക്ക്. 

ഗരിമ സിവില്‍ സര്‍വീസ് വിജയിക്കുന്നതു 2015-ല്‍.  അപ്പോള്‍ത്തന്നെ അവര്‍ സര്‍വീസിലുണ്ടായിരുന്നു. െഎപിഎസ് ഓഫിസറായി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരാതി അറിയിക്കാനുള്ള ഹെല്‍പ്‍ലൈന്‍ നമ്പര്‍ 1090 അവതരിപ്പിച്ചിതിനുപിന്നില്‍ ഗരിമയുടെ അശ്രാന്തപരിശ്രമങ്ങളുണ്ട്. കുപ്രസിദ്ധമായ മോഹന്‍ലാല്‍ഗഞ്ജ് പീഡനക്കസ് അന്വഷണ സംഘത്തിലും ഗരിമ പ്രവര്‍ചത്തിച്ചു. പൊലീസ് ഓഫിസറായിരുന്നപ്പോള്‍ സത്യസന്ധതയും ആത്മാര്‍ഥതയും അവരുടെ മുഖമുദ്രയായിരുന്നു; സിവില്‍ സര്‍വീസിലെത്തിയപ്പോഴും സമൂഹത്തോടുള്ള ഉത്തരവാദിത്തം അവരെ മുന്നോട്ടു നയിച്ചു. എങ്ങനെയാകണം ഒരു െഎഎഎസുകാരി എന്നതിന്റെ ഉദാഹരണം പോലുമായിരിക്കുന്നു ഇന്ന് ഗരിമ. 

ഹസാസിബാഗില്‍ ഗരിമ മാതൃകാ സ്കൂളാക്കി ഉയര്‍ത്തിയ അങ്കണവാടിയുടെ ഔപചാരിക ഉദ്ഘാടനം ഉടന്‍ നടക്കും. കലക്ടര്‍ രവി ശങ്കര്‍ ശുക്ലയാണ് ഉദ്ഘാടകന്‍.