ജോലിയോ? കുടുംബമോ?; ഇനിയും ആശയക്കുഴപ്പം തീരാത്തവർ ഈ സ്ത്രീകളെ വായിക്കണം

ജോലിയും വ്യക്തിജീവിതവും ഒരുമിപ്പിച്ചുകൊണ്ടുപോകുക: സ്ത്രീകള്‍ പുതിയകാലത്തു നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. സമ്മര്‍ദങ്ങളില്ലാത്ത ജോലിയില്ല. മുകളിലെത്തുംതോറും  സമ്മര്‍ദങ്ങൾ കൂടിവരും‍.

ഔദ്യോഗികജീവിതം മൂന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കേണ്ടതുണ്ട്. ഈ രണ്ടു ചുമതലകളും നിറവേറ്റിക്കൊണ്ടുതന്നെ സമൂഹത്തില്‍ സ്വാധീനം ചെലുത്താൻ കഴിയുകയെന്നാൽ അത് അസാധാരണ പ്രതിഭാശേഷിയുടെ അളവുകോല്‍ തന്നെയാണ്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ ഉന്നതങ്ങളില്‍  ജോലി ചെയ്യുന്ന ഏതാനും പേരെ പരിചയപ്പെടാം. ജീവിതമെന്ന മല്‍സരത്തില്‍ എങ്ങനെയാണവര്‍ മുന്നിലെത്തിയതെന്നു തിരിച്ചറിയാം.

ഇപ്സിത ദാസ്ഗുപ്ത

സ്ട്രാറ്റജി ആന്‍ഡ് ഇന്‍ക്യുബഷന്‍ പ്രസിഡന്റ് സ്റ്റാര്‍ ഇന്ത്യ 

ജോലിയില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്: പതിവുരീതികളില്‍നിന്നു മാറി  കാര്യശേഷിയോടെ ജോലി ചെയ്യുന്ന മികച്ചയാളുകളില്‍ നിന്നു പുതിയ കാര്യങ്ങള്‍ പഠിച്ചും മനസ്സിലാക്കിയും അവര്‍ക്കൊപ്പം ജോലി ചെയ്യുക.  

ജോലിയും ജീവിതവും ഒരുമിച്ചുകൊണ്ടുപോകുന്നത്:  അങ്ങനെയൊരു സമ്മര്‍ദം എന്റെ ജീവിതത്തിലില്ല. പകരം ഞാന്‍ ഉണര്‍ന്നെഴുന്നല്‍ക്കുന്നത് ആവേശത്തോടെ. കഴിയുന്നത്ര നന്നായി ജോലി ചെയ്തെന്ന ആത്മവിശ്വാസത്തോടെ ദിവസം അവസാനിപ്പിക്കുന്നു. 

ഇപ്സിത ദാസ്ഗുപ്ത, കവിത അയ്യര്‍,മാലിനി അഗര്‍വാള്‍

സ്ഥാപനങ്ങളുടെ ഉന്നതങ്ങളിലെ ലിംഗവിവേചനം എങ്ങനെ അവസാനിപ്പിക്കാം: മാതൃകാവ്യക്തിത്വങ്ങള്‍ യഥാര്‍ഥ ജീവിതത്തിലുണ്ട്. അവരെ ഉള്‍ക്കൊള്ളുക. ലിംഗവിവേചനത്തിന്റെ പ്രശ്നം വരുമ്പോള്‍ കാര്യങ്ങള്‍ തുറന്നു ചര്‍ച്ചചെയ്യുക. എല്ലാ ചര്‍ച്ചകളിലും പുരുഷന്‍മാരെയും ഉള്‍പ്പെടുത്തുക. 

ജോലി ചെയ്യുന്ന സ്ത്രീകളോടു പറയാനുള്ളത്: വൈകാരികമായും ബുദ്ധിപരമായും ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്നു കണ്ടെത്തുക. മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിച്ച് ഓരോന്നായി പൂര്‍ത്തിയാക്കുക. 

കവിത അയ്യര്‍ റോഡ്രിഗസ് സിഇഒ: സുമുടോര്‍ ബയോളജിക്സ് 

ജോലിയില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്:–  മറ്റു ജോലികളില്‍നിന്നു വ്യത്യസ്തമാണ് എന്റെ ജോലി. ഞാനത് ആസ്വദിക്കുന്നു. എന്നും വ്യത്യസ്തയായിരിക്കുന്നതില്‍ ആഹ്ലാദിക്കുന്നു. 

ജോലിയും ജീവിതവും ഒരുമിച്ചുകൊണ്ടുപോകുന്നത്:–  രണ്ടു മേഖലകളും തമ്മില്‍ ബാലന്‍സ് എന്നൊന്നില്ല. ഓരോ സമയത്തും മുന്‍ഗണനാക്രമം മാറിക്കൊണ്ടിരിക്കും. അതല്ലേ ജീവിതം. 

സ്ഥാപനങ്ങളുടെ ഉന്നതങ്ങളിലെ ലിംഗവിവേചനം എങ്ങനെ അവസാനിപ്പിക്കാം: പുതിയ ആളുകളെ ജോലിക്കെടുക്കുമ്പോഴും നിലനിര്‍ത്തുമ്പോഴും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴുമെല്ലാം ഈ പ്രശ്നമുണ്ട്. ഇതു തുടക്കം മുതലേ മാറണം. 

ജോലി ചെയ്യുന്ന സ്ത്രീകളോടു പറയാനുള്ളത്: ഇളവുകള്‍ കിട്ടാനുള്ള ആനുകൂല്യമായി മാറരുത് സ്ത്രീ എന്ന പദവി. കഠിനമായി അധ്വാനിക്കുക. യഥാര്‍ഥ ഫലം തേടിവരും.

റീബ ചാക്കോ പാര്‍ട്നര്‍: സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ആന്‍ഡ് കമ്പനി 

ജോലിയില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്: വളര്‍ച്ചയുടെയും മാറ്റത്തിന്റെയും ഉത്പാദനശേഷിയുടെയും ഭാഗമായിരിക്കുന്നത്. 

ജോലിയും ജീവിതവും ഒരുമിച്ചുകൊണ്ടുപോകുന്നത്:  വ്യക്തിജീവിതത്തില്‍നിന്നു വേറിട്ടതല്ല ഔദ്യോഗികജീവിതം. രണ്ടു മേഖലകളും ഒന്നായിത്തോന്നുന്ന അവസ്ഥയാണു വേണ്ടത്.  

സ്ഥാപനങ്ങളുടെ ഉന്നതങ്ങളിലെ ലിംഗവിവേചനം എങ്ങനെ അവസാനിപ്പിക്കാം: ഉന്നതസ്ഥാനങ്ങളില്‍ വിവേചനത്തിന്റെ പേരില്‍ മാറ്റിനിര്‍ത്താതെ സ്ത്രീകള്‍ക്കും കഴിവുകളുടെ അടിസ്ഥാനത്തില്‍ തുല്യപരിഗണന കൊടുക്കുക. പിന്തുണ വേണ്ട അവസരങ്ങളില്‍ അതു കൊടുക്കുക. പുരുഷന്‍മാര്‍ക്കു കൊടുക്കുന്ന അതേ അനൂകൂല്യങ്ങള്‍ സ്ത്രീകള്‍ക്കും ലഭ്യമാക്കുക.  

ജോലി ചെയ്യുന്ന സ്ത്രീകളോടു പറയാനുള്ളത്: വിജയത്തിനുവേണ്ട ഒരേയൊരു കാര്യം മുന്‍ഗണനകള്‍ നിശ്ചയിച്ചു പ്രവര്‍ത്തിക്കുക എന്നതുമാത്രമാണ്. മുന്‍ഗണനകള്‍ ഓരോരുത്തര്‍ക്കും ഓരോ സമയത്തും ഓരോന്നായിരിക്കും. 

അഞ്ജലി എ പാണ്ഡെ. കുമിണ്‍സ് ഇന്ത്യ- കോര്‍പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് 

ജോലിയില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്: എന്റെ സംഭാവനകളിലൂടെ സമൂഹജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കുക. 

ജോലിയും ജീവിതവും ഒരുമിച്ചുകൊണ്ടുപോകുന്നത്: സമയം മാനേജ് ചെയ്യാന്‍ കഴിയണം. ഒപ്പം മുന്‍ഗണനകളും. 

സ്ഥാപനങ്ങളുടെ ഉന്നതങ്ങളിലെ ലിംഗവിവേചനം എങ്ങനെ അവസാനിപ്പിക്കാം: ശരിയായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക. വിവേചനമില്ലാതെ എല്ലാവരുടെയും കഴിവുകള്‍ വളര്‍ത്തിയെടുക്കുക.   

ജോലി ചെയ്യുന്ന സ്ത്രീകളോടു പറയാനുള്ളത്: മനസ്സില്‍ കൃത്യമായ ലക്ഷ്യം വേണം. എപ്പോഴും പഠിക്കാന്‍ തയ്യാറാകുക. ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കുക. 

മാലിനി അഗര്‍വാള്‍ മിസ് മാലിനി എന്റര്‍ടെയ്ന്‍ മെന്റ് ഫൗണ്ടര്‍ ആന്‍ഡ് ക്രിയറ്റീവ് ഡയറക്ടര്‍ 

ജോലിയില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്: എല്ലാ മേഖലകളില്‍നിന്നുമുള്ള ആകര്‍ഷക വ്യക്തിത്വങ്ങളെ പരിചയപ്പെടുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതും. 

ജോലിയും ജീവിതവും ഒരുമിച്ചുകൊണ്ടുപോകുന്നത്:  നന്നായി ആഗ്രഹിക്കുന്ന ജോലി സ്വന്തമാക്കുക. ജീവിതവും ജോലിയും തമ്മിലുള്ള സംഘര്‍ഷം അതോടെ ഇല്ലാതാകും. 

സ്ഥാപനങ്ങളുടെ ഉന്നതങ്ങളിലെ ലിംഗവിവേചനം എങ്ങനെ അവസാനിപ്പിക്കാം: വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ പെട്ടികളിലാക്കി മാറ്റിയിരുത്തരുത്. ജോലിസ്ഥലത്തെ വൈകാരിക സംതൃപ്തിയും വളരെ പ്രധാനമാണ്. ജീവിതം ഹ്രസ്വമാണ്. ലഭിക്കുന്ന കാലം സന്തോഷത്തോടെ ജീവിക്കേണ്ടതുണ്ട്.  

ജോലി ചെയ്യുന്ന സ്ത്രീകളോടു പറയാനുള്ളത്: ഇപ്പോഴാണു നമ്മുടെ അവസരം. അനുകൂല സമയം വിനിയോഗിക്കുക. ഇഷ്ടപ്പെട്ട ജോലി നന്നായി വിശ്വസിച്ചുതന്നെ ചെയ്യുക. ഫലം തീര്‍ച്ചയായും ഉണ്ടാകും.